വി. മാക്‌സിമില്യന്‍ മേരി കോള്‍ബെ (1894-1941) : ആഗസ്റ്റ് 14

വി. മാക്‌സിമില്യന്‍ മേരി കോള്‍ബെ (1894-1941) : ആഗസ്റ്റ് 14
"സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല" (യോഹ. 15:13).

ക്രിസ്തു അവതരിപ്പിച്ച ഈ സ്‌നേഹ സങ്കല്പത്തിന് പ്രപഞ്ചത്തോളം വലുപ്പമുണ്ട്. ക്രിസ്തു സ്വമാതൃകകൊണ്ട് നമ്മെ പഠിപ്പിച്ച ഈ പാഠത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ പ്രണാമമാണ് മഹാനായ മാക്‌സിമില്യന്‍ കോള്‍ബെ എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍.
1894 ജനുവരി 8-ന് പോളണ്ടില്‍ ജൂലിയസിന്റെയും മരിയ കോള്‍ബെയുടെയും മകനായി ജനിച്ച വി. മാക്‌സിമില്യന്‍ കോള്‍ബെയുടെ മാമ്മോദീസാപ്പേര് റെയ്മണ്ട് എന്നായിരുന്നു. യുവാവായ കോള്‍ബെ "Order of Friars Minor Conventuals" എന്ന സന്ന്യാസസഭയില്‍ ചേര്‍ന്ന് 1918-ല്‍ റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. കന്യകാ മാതാവിനോടുണ്ടായിരുന്ന ജ്വലിക്കുന്ന ഭക്തി മൂലമാണ് അദ്ദേഹം "അമലോത്ഭവമാതാവിന്റെ സൈന്യം" എന്ന സംഘടനയ്ക്കു രൂപം കൊടുത്തത്. പിന്നീട് "Knight of the Immaculate" എന്ന മതപരമായ ഒരു മാഗസിനും അദ്ദേഹം മാതാവിന്റെ സഹായത്താല്‍ ആരംഭിച്ചു. രണ്ടു പ്രസ്ഥാനങ്ങള്‍ക്കും സ്വന്തം നാട്ടിലും വിദേശത്തും പ്രചാരം ലഭിച്ചുകൊണ്ടിരുന്നു. 1930-ല്‍ ഒരു മിഷണറിയായി കോള്‍ബെ ജപ്പാനിലെത്തി. പരിശുദ്ധ മാതാവിന്റെ സംരക്ഷണയില്‍ പ്രിന്റിംഗ് പ്രസ്സുകള്‍ ആരംഭിക്കുന്നതിലായിരുന്നു കോള്‍ബെയുടെ ശ്രദ്ധ. അച്ചടിച്ച വാക്കുകളിലൂടെ തന്റെ മിഷന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തിക്കൊണ്ടു പോകുവാന്‍ ഒരു സംഘത്തിനു രൂപം കൊടുത്ത് പരിശീലനവും അദ്ദേഹം നല്‍കിയിരുന്നു.
1934-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ അദ്ദേഹം, പോളണ്ടിലെ പ്രധാന കാത്തലിക് പബ്ലിഷിംഗ് കോംപ്ലക്‌സിന്റെ ഡയറക്ടറായി ചാര്‍ജെടുത്തു. അങ്ങനെ ഗസ്റ്റപ്പോയുടെ നോട്ടപ്പുള്ളിയായി. നാസിവിരുദ്ധ പ്രചരണം നടത്തിയതിന് 1939 ല്‍ കോള്‍ബെ തടവറയിലായി. പിന്നീട് സ്വതന്ത്രനാക്കിയെങ്കിലും 1941 ഫെബ്രുവരിയില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരായ അഭയാര്‍ത്ഥികളെ സഹായിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയ കുറ്റം. അങ്ങനെ കോള്‍ബെ ഓഷ്‌വിറ്റ്‌സിലെ തടവുകാരനായി. ലോകത്തിനു മുഴുവന്‍ മാതൃകയായിത്തീര്‍ന്ന ആ അസാധാരണ സംഭവം അവിടെ അരങ്ങേറി.
1941 ജൂലൈ 24 ന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ഒരു തടവുകാരന്‍ രക്ഷപ്പെട്ടു. ഇങ്ങനെ ആരെങ്കിലും തടവില്‍നിന്നു രക്ഷപ്പെട്ടാല്‍ പകരം പത്തുപേരെ പട്ടിണിക്കിട്ടു കൊല്ലുക എന്നതായിരുന്നു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ നടപടി ക്രമം. അവിടെയും ഇവിടെയും നിന്ന് പത്തുപേരെ പിടിച്ചെടുക്കും അങ്ങനെ പിടികൂടിയവരില്‍ ഒരാളായിരുന്നു ഫ്രാന്‍സിസെക് ഗജോവ്‌നിസെക്. ഒമ്പതു മക്കളുടെ പിതാവായ അദ്ദേഹം ഹൃദയം പൊട്ടി നിലവിളിച്ചു: "ദൈവമേ, അരുതേ! പ്ലീസ് എന്നെ വിടൂ. എന്റെ പാവം കുഞ്ഞുങ്ങളെയും ഭാര്യയെയും ഓര്‍ത്ത് അവരിനി എന്തുചെയ്യും? ദൈവമേ…"
ഈ രംഗം നിരീക്ഷിച്ചുകൊണ്ടു നിന്ന കോള്‍ബേ പെട്ടെന്ന് മുമ്പോട്ടു വന്ന് പട്ടാളമേധാവിയോടു പറഞ്ഞു: "ഞാന്‍ പോളണ്ടുകാരനായ ഒരു കത്തോലിക്കാ പുരോഹിതനാണ്. വൃദ്ധനുമാണ്. ആ ചെറുപ്പക്കാരനു പകരമായി ഞാന്‍ വരാം. അയാള്‍ക്കു ഭാര്യയും കുട്ടികളുമുണ്ടല്ലോ…" അത്രയും പറഞ്ഞിട്ട്, സ്‌നേഹിതനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പറഞ്ഞ ക്രിസ്തുനാഥനെ മനസ്സില്‍ ധ്യാനിച്ച് അദ്ദേഹം അങ്ങനെ നിന്നു.
മരണത്തിനു വിധിക്കപ്പെട്ടവരുടെ ക്യാമ്പില്‍ ഫാ. കോള്‍ബെ നിരാശനായിരുന്നില്ല. സഹതടവുകാര്‍ക്ക് ധൈര്യവും ആശ്വാസവും പകര്‍ന്നു കൊടുത്തുകൊണ്ട് അവര്‍ക്കെല്ലാം അദ്ദേഹം സാന്ത്വനമായി. ധൈര്യപൂര്‍വ്വം മരണത്തെ സമീപിക്കാന്‍ അവരെ ഒരുക്കുകയായിരുന്നു അദ്ദേഹം. നിരാശരായി കണ്ണുനീര്‍ വാര്‍ക്കുന്നതിനു പകരം, കര്‍ത്താവായ ദൈവത്തില്‍ ശരണംവച്ചുകൊണ്ട് പ്രാര്‍ത്ഥനയും സ്തുതിഗീതങ്ങളുമായി അവര്‍ സമയം തള്ളിനീക്കി. മരണമണി മുഴങ്ങി. ആ ശരീരങ്ങള്‍ നിശ്ചല മാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഫാ. കോള്‍ബെ മാത്രം ശേഷിച്ചു. മരണം അദ്ദേഹത്തെ കൈവിട്ടതു പോലെ 1941 ആഗസ്റ്റുമാസമായിരുന്നു അത്. അടുത്ത ബാച്ചിനെ ഇതേ സെല്ലില്‍ അടയ്‌ക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഫാ. കോള്‍ബെയുടെ കഥ പെട്ടെന്നു കഴിയാന്‍ കാര്‍ബോളിക് ആസിഡ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കുത്തിക്കയറ്റി. അതുകൊണ്ടായിരിക്കാം, മരണത്തിനു കീഴ്‌വഴങ്ങിയ കോള്‍ബെയുടെ മൃതശരീരം ഇരുട്ടുനിറഞ്ഞ സെല്ലില്‍ നിന്നെടുത്തപ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു.
സ്വയം ബലിയാകാന്‍ ഫാ. കോള്‍ബെ ചെറുപ്പം മുതല്‍ തയ്യാറെടുക്കുകയായിരുന്നു. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിന്റെ അടയാളമായിരുന്നു ആ ബലി. ക്രിസ്തുവിന്റെ കാലടികളെ ക്ഷമാപൂര്‍വ്വം പിന്തുടര്‍ന്ന ഫാ. കോള്‍ബെയുടെ കാല്‍വരിയായിരുന്നു നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്. ചെറുപ്പത്തില്‍ രണ്ടു കിരീടങ്ങള്‍ അദ്ദേഹം സ്വപ്നത്തില്‍ കണ്ടിരുന്നു. അവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സഫലമായി. ഒന്ന്, വിശുദ്ധിയുടെ അടയാളമായ വെള്ളനിറമുള്ള കിരീടം. പോപ്പ് പോള്‍ ആറാമന്‍ 1971 ഒക്‌ടോബര്‍ 17-ന് വാഴ്ത്തപ്പെട്ടവന്‍ എന്നു പ്രഖ്യാപിച്ചപ്പോള്‍ ആ വെളുത്ത കിരീടം അണിയിക്കപ്പെട്ടു. രണ്ട്, രക്തസാക്ഷിത്വത്തിന്റെ അടയാളമായ ചുവന്ന കിരീടം. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1982 ഒക്‌ടോബര്‍ 10-ന് ഫാ. കോള്‍ബെയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയപ്പോള്‍ ആ ചുവന്ന കിരീടവും അണിയിക്കപ്പെട്ടു.

"മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ" (മത്താ. 5:16).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org