ക്ലൂണിയിലെ ബെനഡിക്‌ടൈന്‍ ആബി 909-ല്‍ സ്ഥാപിച്ചതാണ്. പൗരോഹിത്യജീവിതത്തിന്റെയും ആശ്രമജീവിതത്തിന്റെയും പരിവര്‍ത്തനത്തിലെ നിര്‍ണ്ണായകശക്തി എന്നും ഈ ആശ്രമമായിരുന്നു. യൂറോപ്പില്‍ത്തന്നെ രണ്ടായിരത്തോളം ആശ്രിതരുണ്ടായിരുന്ന ഈ ആശ്രമം ഒരു വലിയ ആശ്രമസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.
വിശുദ്ധരായ ആറ് ആശ്രമാധിപന്മാരില്‍ അഞ്ചാമത്തവനായിരുന്നു, മെര്‍ക്കോര്‍ കുടുംബത്തില്‍ ജനിച്ച ഓഡിലോ. സെന്റ് മജോലസിനുശേഷം, മുപ്പതാമത്തെ വയസ്സില്‍, 999-ല്‍ ആശ്രമാധിപനായിത്തീര്‍ന്ന ഓഡിലോ ക്ലൂണിയെ 50 വര്‍ഷം നയിച്ചു. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും ആദ്ധ്യാത്മികതയും ആശ്രമജീവിതത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന നിര്‍ണ്ണായകശക്തിയായി.
ദരിദ്രരോടുള്ള സ്‌നേഹവും പരേതാത്മാക്കളോടുള്ള ബഹുമാനവും ഓഡിലോയുടെ സ്വഭാവത്തിന്റെ പ്രത്യേകതകളായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്ന ഒരു സംഭവമായിരുന്നു, ഒരു പഞ്ഞകാലത്ത്, ആശ്രമത്തിലെ വിലപിടിപ്പുള്ള സാധനങ്ങള്‍പോലും വിറ്റ് സാധുക്കളെ സഹായിച്ചത്. പരേതാത്മാക്കളോടുള്ള ബഹുമാനത്താല്‍ ആശ്രമങ്ങളില്‍ "സകല മരിച്ചവരുടെയും ആത്മാക്കളുടെ ദിനം" ആചരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് കത്തോലിക്കാസഭ "സകല മരിച്ചവരുടെയും ഓര്‍മ്മയ്ക്ക്" ഒരു ദിവസം നീക്കിവച്ചത്.
1049 ജനുവരി 1-ന് ഓഡിലോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സുദീര്‍ഘമായ ഒരു ഇറ്റാലിയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം സുബോധത്തോടെ കൂദാശകള്‍ സ്വീകരിച്ച് നിത്യസമ്മാനത്തിനു യാത്രയായി. എന്നാല്‍, മരണത്തിനുമുമ്പ് ആശ്രമത്തിലെ ചാപ്പലില്‍ ചാരം നിരത്തിയ ചാക്കുതുണിയില്‍ കിടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
1063-ല്‍ അദ്ദേഹം വിശുദ്ധനെന്നു നാമകരണം ചെയ്യപ്പെട്ടു.
കത്തോലിക്കാസഭ എന്നും ദരിദ്രരുടെ പക്ഷത്താണ്. തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്‌നേഹിക്കുന്നതാണ് യഥാര്‍ത്ഥ ദൈവസ്‌നേഹത്തിന്റെ ലക്ഷണം. യഥാര്‍ത്ഥ വിശുദ്ധിയുടെ ലക്ഷണവും അതുതന്നെയാണ്.