വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

വലിയ യാക്കോബിന്റെ അനുജനാണ് വി. യോഹന്നാന്‍ ശ്ലീഹാ. ബെത്‌സെയിദാക്കാരനും സമ്പന്നനായ മുക്കുവനുമായിരുന്ന സെബദിയുടെ മക്കളായിരുന്നു, "ഇടിമിന്നലിന്റെ പുത്രന്മാര്‍" എന്ന അപരനാമമുള്ള ഇവര്‍. ഈശോ സഹോദരന്മാരെ ശിഷ്യരായി വിളിക്കുന്നതിനു മുമ്പ് അവര്‍ സ്‌നാപകയോഹന്നാന്റെ ശിഷ്യരായിരുന്നു. ഈശോ ജായിരൂസിന്റെ മകളെ ഉയിര്‍പ്പിച്ചപ്പോഴും, ഈശോയുടെ രൂപാന്തരീകരണസമയത്തും സന്നിഹിതരായിരുന്ന മൂന്നു ശ്ലീഹന്മാരില്‍ ഒരാള്‍ വി. യോഹന്നാനായിരുന്നു. അവസാനത്തെ അത്താഴം ഒരുക്കാനായി നഗരത്തിലേക്ക് ഈശോ പറഞ്ഞയച്ചത് പത്രോസിനെയും യോഹന്നാനെയുമായിരുന്നു. ഒരുപക്ഷേ, ശ്ലീഹന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ യോഹന്നാനെ ഒടുവിലത്തെ അത്താഴസമയത്ത് തന്റെ മാറില്‍ ചാരിയിരിക്കാന്‍ ഈശോ അനുവദിക്കുകപോലും ചെയ്തു. ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു യോഹന്നാന്‍. ഈശോ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ കയ്യാഫാസിന്റെ അരമനയില്‍ കടക്കാന്‍ യോഹന്നാനെ അനുവദിച്ചിരുന്നു. കയ്യാഫാസിന് വ്യക്തിപരമായി യോഹന്നാനെ അറിയാമായിരുന്നു എന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്.
കാല്‍വരിയില്‍ കുരിശിന്റെ ചുവട്ടില്‍ ഈശോയുടെ മരണം വരെ ഉണ്ടായിരുന്നത് പന്ത്രണ്ടു ശ്ലീഹന്മാരില്‍ യോഹന്നാന്‍ മാത്രമാണ്. തന്റെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഈശോ ഏല്പിക്കുന്നതും യോഹന്നാനെയാണ്. ഉയിര്‍പ്പുദിവസം അതിരാവിലെ ഈശോയുടെ കല്ലറയിങ്കല്‍ ഓടിയെത്തി അതു ശൂന്യമായി കിടക്കുന്നത് കണ്ടെത്തിയതും യോഹന്നാനും പത്രോസും കൂടിയാണ്.
ഈശോയുടെ ഉയിര്‍പ്പിനുശേഷം യോഹന്നാന്‍ ഈശോയ്ക്കു സാക്ഷ്യം പറഞ്ഞാണ് ജീവിതം ചെലവഴിച്ചത്. ഈശോയുടെ മനുഷ്യാവതാരം തന്നെ മനുഷ്യരോടുള്ള ദൈവത്തിന്റെ അളവറ്റ സ്‌നേഹത്തിന്റെ തെളിവായി യോഹന്നാന്‍ അവതരിപ്പിച്ചിരുന്നു. ഗലീലിയുടെ തീരത്ത് ഉയിര്‍പ്പിനുശേഷം ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യം തിരിച്ചറിഞ്ഞതും യോഹന്നാനാണ്. ഉയിര്‍പ്പിനുശേഷം ഈശോ ആദ്യം അത്ഭുതം പ്രവര്‍ത്തിച്ചതിനും പത്രോസിനോടൊപ്പം യോഹന്നാനും ദൃക് സാക്ഷിയായിരുന്നു; ദേവാലയത്തില്‍ വച്ച് മുടന്തനെ സുഖപ്പെടുത്തിയപ്പോള്‍. പിന്നീട് യോഹന്നാന്‍ സമറിയായിലേക്കു പോകുകയാണു ചെയ്തത്.
ഈശോയുടെ ഉയിര്‍പ്പിനുശേഷം പന്ത്രണ്ടുവര്‍ഷത്തോളം, രാജാവ് ഹെറോദ് അഗ്രിപ്പ ഒന്നാമന്‍ മതപീഡനം തുടങ്ങുന്നതുവരെ, ശ്ലീഹന്മാര്‍ പാലസ്തീനില്‍ത്തന്നെ കഴിഞ്ഞുകൂടി എന്നു കരുതപ്പെടുന്നു. അവരെല്ലാം നാനാദിക്കിലേക്ക് പിരിഞ്ഞുപോയപ്പോള്‍ യോഹന്നാന്‍ ഏഷ്യാമൈനറിലേക്കാണ് പോയത്. എഫേസൂസ് കേന്ദ്രമാക്കി ഏഴു പള്ളികള്‍ സ്ഥാപിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. റോമന്‍-ഗ്രീക്കു പാരമ്പര്യങ്ങളും ചിന്തഗതികളും അനുസരിച്ചു ജീവിച്ചിരുന്ന പേഗന്‍സിന്റെ ഇടയില്‍ ചിരപരിചിതമായ ഒരു പദമായിരുന്നു ലോഗോസ് (Logos); "വചനം" എന്നര്‍ത്ഥം. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന പേഗന്‍സിനെ സംബന്ധിച്ച് "വചനം" രക്ഷകനായിരുന്നു. "ആദ്ധ്യാത്മിക സുവിശേഷ"മെന്നു നിര്‍വചിക്കപ്പെട്ട സുവിശേഷത്തിന്റെ രചന യോഹന്നാന്‍ നിര്‍വഹിച്ചതും എഫേസൂസില്‍ വച്ചാണ്. മറ്റു മൂന്നു സുവിശേഷങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ചശേഷമാണ് യോഹന്നാന്‍ രചന നിര്‍വഹിച്ചതെന്നു കരുതാന്‍ മതിയായ കാരണങ്ങളുണ്ട്. മൂന്നു സുവിശേഷത്തിലും കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുള്ള ഭാഗങ്ങള്‍ തിരഞ്ഞെടുത്ത്, ക്രിസ്തുവിന്റെ ദിവ്യത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് യോഹന്നാന്‍ രചന നിര്‍വഹിച്ചത്.
അധികം വൈകാതെ ഡൊമീഷ്യന്‍ ചക്രവര്‍ത്തി യോഹന്നാനെ പാത്‌മോസിലേക്ക് നാടുകടത്തി. അവിടെ വച്ചാണ് ദൈവികമായ വെളിപാടുകള്‍ അദ്ദേഹത്തിനുണ്ടായതും അവ രേഖപ്പെടുത്തിയതും. സാത്താന്റെയും ദൈവത്തിന്റെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുണ്ടാകുന്ന ഭൂമിയുടെ നാശത്തെപ്പറ്റിയും, ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും യോഹന്നാന്‍ പ്രവചിച്ചു. രചനയിലെ ഉദാത്തതയാണ് അദ്ദേഹത്തിന് ദിവ്യമായ പരിവേഷം ചാര്‍ത്തിക്കൊടുത്തത്.
വിശ്വാസികളോട് യോഹന്നാനുണ്ടായിരുന്ന സ്‌നേഹവും വാത്സല്യവും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു സ്പഷ്ടമാണ്. "മക്കളേ, നിങ്ങള്‍ പരസ്പരം സ്‌നേഹിക്കൂ!" "മക്കളേ, സ്‌നേഹം വാക്കുകളില്‍ ഒതുക്കരുത്; പ്രവൃത്തിയിലും ജീവിതത്തിലും അതു യാഥാര്‍ത്ഥ്യമാകണം." കാണാവുന്ന സഹോദരനെ സ്‌നേഹിക്കാത്തവന്, കാണാന്‍ വയ്യാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാന്‍ കഴിയും?" "നിങ്ങളില്‍ സ്‌നേഹമുണ്ടെങ്കില്‍, ദൈവവും നിങ്ങളില്‍ ജീവിക്കുന്നുണ്ടാകും; കാരണം, ദൈവം സ്‌നേഹമാണ്."
ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ മരണശേഷം പാത്‌മോസില്‍ നിന്ന് എഫേസൂസില്‍ തിരിച്ചെത്തിയ യോഹന്നാന്‍ വൃദ്ധനാകുന്നതുവരെ ജീവിച്ചിരുന്നു. അപ്പസ്‌തോലന്മാരില്‍ ഏറ്റവും അവസാനം ചരമമടഞ്ഞതും യോഹന്നാനാണ്. ഏഷ്യാമൈനറിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് യോഹന്നാന്‍ ശ്ലീഹാ.

പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇത്രമാത്രം സ്‌നേഹിച്ചെങ്കില്‍, നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
1 യോഹ. 4:11

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org