വിശുദ്ധ എലിസബത്ത് ആന്‍ ബെയ്‌ലി സെറ്റണ്‍ (1774-1821) : ജനുവരി 4

വിശുദ്ധ എലിസബത്ത് ആന്‍ ബെയ്‌ലി സെറ്റണ്‍ (1774-1821) : ജനുവരി 4

ന്യൂയോര്‍ക്കില്‍ പ്രൊട്ടസ്റ്റന്റു മതവിശ്വാസിയായ ഒരു ഡോക്ടറുടെ മകളായിട്ടാണ് എലിസബത്ത് സെറ്റണ്‍ 1774 ആഗസ്റ്റ് 28ന് ജനിച്ചത്. സംഭവബഹുലമായ ജീവിതം 1821 ജനുവരി 4-ന് അവസാനിച്ചു. 1975 സെപ്തം. 14-ന് പോള്‍ ആറാമന്‍ പാപ്പാ എലിസബത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാത്രമല്ല, അവരുടെ ചരമദിനമാണ് സഭ 'വനിതാദിന'മായി ആചരിക്കുന്നത്.
നന്നേ ചെറുപ്പത്തില്‍ത്തന്നെ എലിസബത്തിനു ചിട്ടയായ ചില ശീലങ്ങളുണ്ടായിരുന്നു. അവളുടെ മതവിശ്വാസത്തിനു വിരുദ്ധമായി, ഒരു കുരിശുരൂപം ധരിച്ചിരുന്നു; എന്നും ആത്മശോധനയ്ക്കായി കുറച്ചു സമയം ചെലവഴിച്ചിരുന്നു; ബൈബിളും "Imitation of Christ" ഉം നിത്യവും പാരായണം ചെയ്തിരുന്നു.
ഇരുപതാമത്തെ വയസ്സില്‍ സമ്പന്നനായ വ്യവസായി വില്യം സെറ്റന്റെ ഭാര്യയായി. അഞ്ചുമക്കളുടെ അമ്മയുമായി. പക്ഷേ, വില്യമിന്റെ ബിസിനസ് തകര്‍ന്നു. ആരോഗ്യം ക്ഷയിച്ചു. അങ്ങനെ, ഒരു മാറ്റത്തിനുവേണ്ടിയാണ് ഇറ്റലിയിലുള്ള ഒരു സുഹൃത്ത് ഫെലിച്ചിയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറ്റിയത്. എന്നാല്‍, ആറാഴ്ചക്കുള്ളില്‍ വില്യം മരിച്ചു.
ഫെലിച്ചിയുടെ വീട്ടില്‍ ഒരു ചെറിയ ചാപ്പലുണ്ടായിരുന്നു. പരി. മാതാവിന്റെ ഭക്തരായിരുന്ന അവരുടെ പ്രാര്‍ത്ഥനകളില്‍ വിധവയായ എലിസബത്തും പങ്കെടുത്തിരുന്നു. ഇറ്റലിയില്‍നിന്നും തിരിച്ചുപോന്നത് ഒരു നല്ല മാതൃഭക്തയായിട്ടായിരുന്നു.
അങ്ങനെ 1805-ല്‍ എലിസബത്ത് കത്തോലിക്കാസഭയുടെ അംഗമായി. അതോടെ ബന്ധുക്കളും പ്രൊട്ടസ്റ്റന്റ് സ്‌നേഹിതരും അവളെ വിട്ടകന്നു. നിസ്സഹായയായ എലിസബത്ത് കാനഡയിലെത്തി, പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ ആരംഭിച്ചു. അനേകരുടെ സഹകരണത്തോടെ വളര്‍ന്ന സ്‌കൂളിനെ ഒരു കോണ്‍വെന്റാക്കി മാറ്റാന്‍ ബാള്‍റ്റിമോര്‍ ബിഷപ്പ് അനുമതി നല്‍കി. അതിനുവേണ്ട നിയമാവലിയും തയ്യാറാക്കി.
1809-ല്‍ മേരിലാന്റിലേക്കു താമസം മാറ്റിയ എലിസബത്ത്, സെന്റ് വിന്‍സെന്റ് ഡി പോളിനെ സ്മരിച്ചുകൊണ്ട് "സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി" എന്ന സമൂഹത്തിനു രൂപം നല്‍കി. വിദ്യാഭ്യാസരീതി തന്നെ അവര്‍ പരിഷ് കരിച്ചു. അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. അനേകം ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. രോഗികളെയും ദരിദ്രരെയും സഹായിച്ചു. അനേകരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഫിലാഡെല്‍ഫിയയിലും ന്യൂയോര്‍ക്കിലും അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
കഠിനാദ്ധ്വാനവും രോഗവും എലിസബത്തിനെ തളര്‍ത്തി. 1821 ജനുവരി 4-ന് അവര്‍ ഇഹലോകവാസം വെടിഞ്ഞു.
അനുകമ്പയായിരുന്നു എലിസബത്തിന്റെ മുഖമുദ്ര. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാനുള്ള സന്മനസ്സും വിട്ടുവീഴ്ചാമനോഭാവവും ആ വലിയ മനസ്സിന്റെ പ്രതിഫലനങ്ങളായിരുന്നു. സ്വന്തം കണ്ണില്‍ തടി കിടക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണിലെ കരടിനെപ്പറ്റി നമുക്കു വേവലാതിപ്പെടാതിരിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org