വിശുദ്ധ ബേസില്‍ (330-379) : ജനുവരി 2

വിശുദ്ധ ബേസില്‍ (330-379) : ജനുവരി 2

രണ്ടു ജോഡി ചെരുപ്പുള്ളവന്‍ ഒന്നുപോലുമില്ലാത്തവന്റെ മോഷ്ടിച്ചുവച്ചിരിക്കുകയാണെന്നു ഗാന്ധിജിയെക്കൊണ്ടു പറയിച്ചത് ക്രിസ്തുവിന്റെ വചനങ്ങളാണ്. വി. ബേസിലും പറഞ്ഞു; "നിങ്ങള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്നതെല്ലാം അവയില്ലാത്തവരുടേതാണ്. അതുകൊണ്ട് ജീവിതത്തില്‍ പൂര്‍ണ്ണത പ്രാപിക്കാന്‍, തനിക്കുള്ളതെല്ലാം വിറ്റ്, ദരിദ്രര്‍ക്കു പങ്കുവയ്ക്കണം. നശ്വരമായ ജീവിതത്തെപ്പറ്റിയുള്ള വ്യഗ്രതകളെല്ലാം ഒഴിവാക്കണം."
വിശുദ്ധന്മാരുടെ ഒരു കുടുംബത്തിലാണ് വി. ബേസില്‍ ജനിച്ചത്. അച്ഛന്‍ വി. ബേസില്‍, അമ്മ വി. എമേലിയ (ഒരു രക്തസാക്ഷിയുടെ മകള്‍) രണ്ടു സഹോദരന്മാര്‍ -വി. ഗ്രിഗരി (of Nyssa) വി. പീറ്റര്‍ (of Seleaste). ഒരു സഹോദരി- വി. മക്രീന. കൂടാതെ, ബേസിലിന്റെ അച്ഛന്റെ മാതാപിതാക്കളും വിശുദ്ധരായിരുന്നു.
ചെറുപ്പത്തിലേതന്നെ അസാധാരണമായ ബുദ്ധിശക്തി പ്രകടമാക്കിയ ബേസില്‍ കേസറിയായില്‍ പഠനമാരംഭിച്ചു. തത്വശാസ്ത്രം കോണ്‍സ്റ്റാന്റിനോപ്പിളിലും ജ്യോതിശാസ്ത്രവും ജ്യോമട്രിയും മെഡിസിനും ആതന്‍സിലും പഠിച്ചു. എങ്കിലും വിശുദ്ധയായ സഹോദരിയാണ് ബേസിലിന്റെ ചിന്ത ഭൗതികവിജ്ഞാനത്തില്‍ നിന്ന് ആദ്ധ്യാത്മികതയിലേക്കു തിരിച്ചുവിട്ടത്.
സിറിയ, പാലസ്റ്റൈന്‍, മെസപ്പൊട്ടേമിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ സന്യാസാശ്രമങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ ബേസില്‍ സ്വന്തം കുടുംബസ്ഥലത്തുതന്നെ ഒരു ആശ്രമം സ്ഥാപിച്ചു. ജോലി, പഠനം, പ്രാര്‍ത്ഥന എന്നിവ ജീവിതശൈലിയാക്കിയ തന്റെ ആശ്രമത്തിന്റെ ഖ്യാതി പെട്ടെന്നു പ്രചരിച്ചു. അങ്ങനെ ഈസ്റ്റേണ്‍ മൊണാസ്റ്റിസിസത്തിന്റെ പിതാവായി ബേസില്‍ അറിയപ്പെട്ടു.
എ.ഡി. 364-ല്‍ കേസറിയായിലെ എവുസേബിയസ് മെത്രാപ്പോലീത്തയാണ് ബേസിലിനു പൗരോഹിത്യം നല്‍കിയത്. ആറുവര്‍ഷത്തിനു ശേഷം എവുസേബിയസ് മെത്രാപ്പോലീത്തയുടെ സ്ഥാനം ഏറ്റെടുത്ത് ചുരുങ്ങിയ സമയംകൊണ്ട് തന്റെ രൂപതയെ ഒരു മാതൃകാരൂപതയാക്കിത്തീര്‍ത്തു. ദരിദ്രരായ രോഗികളെയും മറ്റു നിസ്സഹായരായ വൃദ്ധരെയും കുഷ്ഠരോഗികളെയും മറ്റു നിസ്സഹായരെയും സംരക്ഷിക്കുവാന്‍ വിശാല മായ ഒരു കോംപ്ലക്‌സുതന്നെ പടുത്തുയര്‍ത്തി. വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ തൊഴില്‍ പരിശീലിപ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ഇവയെല്ലാം സമ്പന്നരുടെ ഔദാര്യംകൊണ്ടാണു പടുത്തുയര്‍ത്തിയത്. ബേസില്‍ തന്നെ തന്റെ സ്ഥാവരജംഗമവസ്തുക്കളെല്ലാം വിറ്റ് ദരിദ്രരെ സഹായിക്കുകയും ചെയ്തു.
50-ാമത്തെ വയസ്സില്‍ മരിക്കുമ്പോള്‍ ബേസില്‍ സഭയുടെ ദൈവശാസ്ത്രപണ്ഡിതന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടിരുന്നു. ക്രിസ്ത്യാനികള്‍ മാത്രമല്ല, യഹൂദരും, പേഗന്‍സും അദ്ദേഹത്തിന്റെ പാണ്ഡിത്യവും ജീവിതവിശുദ്ധിയും വിലമതിച്ചിരുന്നു.

ചിലര്‍ക്ക് സമ്പത്ത് അധികം നല്‍കിയിരിക്കുന്നത് ഇല്ലാത്തവരെ സഹായിക്കാനാണ്; ധൂര്‍ത്തടിക്കാനല്ല. ധൂര്‍ത്തും പിശുക്കും തെറ്റാണ്, ജനദ്രോഹമാണ്, അനീതിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org