വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) : ജനുവരി 3
പോപ്പ് ജോണ്‍പോള്‍ II കേരളം സന്ദര്‍ശിച്ചപ്പോള്‍ കോട്ടയത്തുവച്ച്, 1986 ഫെബ്രുവരി 8-ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വാഴ്ത്തപ്പെട്ടവന്‍ എന്നു നാമകരണം ചെയ്തു.
കേരളസഭയെ സംബന്ധിച്ച് അതൊരു അവിസ്മരണീയ മുഹൂര്‍ ത്തമായിരുന്നു. ഇന്ത്യയിലെ പ്രമുഖ സന്ന്യാസസഭയായ "Carmelites of Mary Immaculate" (CMI) യ്ക്കു ജന്മം നല്‍കിയ ക്രാന്തദര്‍ശിയായ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ അംഗീകാരമായിരുന്നു അത്.
കൈനകരിയിലുള്ള ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മൂന്നാമത്തെ പുത്രനായി 1805 ഫെബ്രു. 10-നു ജനിച്ച കുര്യാക്കോസ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 11-ാം വയസ്സില്‍ പള്ളിപ്പുറത്ത് സെമിനാരിയില്‍ ചേര്‍ന്നു. 1827-ല്‍തന്നെ C.M.I. സന്ന്യാസസഭ സ്ഥാപിതമാവുകയും ചെയ്തു. 1855-ല്‍ ഈ സഭയ്ക്ക് മാര്‍പ്പാപ്പയുടെ അംഗീകാരവും ലഭിച്ചു.
സെമിനാരികള്‍, സ്‌കൂളുകള്‍, വൃദ്ധമന്ദിരം, അച്ചടിശാല, സന്ന്യാസി നികള്‍ക്കായുള്ള C.M.C., C.T.C. എന്നീ സഭകള്‍- ഇങ്ങനെ കുര്യാക്കോസച്ചന്റെ ദീര്‍ഘവീക്ഷണത്തില്‍ രൂപപ്പെട്ടുവന്ന പ്രസ്ഥാനങ്ങള്‍ നിരവധിയായിരുന്നു. സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനത്തിനുമായി ഉഴിഞ്ഞുവച്ച ഒരു ജീവിതമായിരുന്നു കുര്യാക്കോസ് അച്ചന്റേത്. റോക്കോസ് ശീശ്മയ്‌ക്കെതിരെ ആഞ്ഞടിച്ചത് അന്ന് വരാപ്പുഴയുടെ വികാര്‍ അപ്പസ്‌തോലിക്ക ആയിരുന്ന കുര്യാക്കോസച്ചനായിരുന്നു.
അസാധാരണമായ മാതൃഭക്തനായിരുന്നു അദ്ദേഹം. എങ്കിലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മാത്രം മുഴുകി കഴിയുകയായിരുന്നില്ല അദ്ദേഹം. "ഈ ചെറിയവരില്‍ ഒരുവന്" എന്തെങ്കിലും ചെയ്യുവാനുള്ള താല്‍പര്യത്തില്‍നിന്നാണ് പ്രസ്ഥാനങ്ങള്‍ ഒന്നൊന്നായി രൂപപ്പെട്ടുവന്നത്. അതിലെ വൈവിധ്യം ശ്രദ്ധിക്കേണ്ടതുതന്നെ. സന്ന്യാസസഭകള്‍ ജനങ്ങ ളുടെ ആദ്ധ്യാത്മിക വളര്‍ച്ചയാണു ലക്ഷ്യംവച്ചതെങ്കില്‍, മാന്നാനം സെന്റ് ജോസഫ് പ്രസ്സ്; ദീപിക ദിനപത്രം എന്നിവ അവരുടെ വൈജ്ഞാനിക വളര്‍ച്ചയെ ഉന്നംവച്ചു. ഇതിനുപുറമെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വൃദ്ധമന്ദിരങ്ങളും മറ്റും.
നിര്‍ദ്ധനരും നിരാലംബരും രോഗികളും നിറഞ്ഞ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുക എന്നതായിരുന്നു കുര്യാക്കോസച്ചന്‍ സ്ഥാപിച്ച സന്ന്യാസസഭകളുടെ ലക്ഷ്യംതന്നെ. "പരസ്പരം സഹായിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നെങ്കില്‍ ഈ ലോകത്തില്‍ സമാധാനവും പരലോകത്തില്‍ നിത്യസൗഭാഗ്യവും ലഭിക്കും."

