വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

ക്രിസ്തുവിന്റെ മരണത്തിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ജറൂസലത്ത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. അവരുടെ സഹായത്തിന്, പ്രത്യേകിച്ച് വചനപ്രഘോഷണം, ജ്ഞാനസ്‌നാനം, സഹായങ്ങള്‍ വിതരണം ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പേരുടെ സഹായം ശ്ലീഹന്മാര്‍ക്കു വേണ്ടിവന്നു. അതുകൊണ്ട് "സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ" തിരഞ്ഞെടുത്ത് ഡീക്കന്മാരായി നിയമിച്ചു. അവരിലൊരാളാണു സ്റ്റീഫന്‍. "വിശ്വാസവും പരിശുദ്ധാരൂപിയും നിറഞ്ഞവനായിരുന്നു" സ്റ്റീഫന്‍. ഗമാലിയേലിന്റെ ശിക്ഷണത്തില്‍ വളര്‍ന്നവനായിരുന്നു. ഗ്രീക്ക് സംസാരിച്ചിരുന്നതുകൊണ്ട് ഗ്രീക്കുകാരായ വിശ്വാസികളുടെ കാര്യങ്ങള്‍ സ്റ്റീഫന്‍ ഏറ്റെടുത്തു.
"കൃപയും ശക്തിയും നിറഞ്ഞ" സ്റ്റീഫന്‍ തീക്ഷ്ണതയോടെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ മുഴുകി. "വലിയ അത്ഭുതങ്ങളം അടയാളങ്ങളും" അയാള്‍ ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്ന സംഘത്തോട് അദ്ദേഹം പ്രസംഗിച്ചു. 63 ബി.സി.യില്‍ പൊമ്പേയി ചക്രവര്‍ത്തി കീഴടക്കി റോമില്‍ കൊണ്ടുവന്ന് സ്വതന്ത്രരാക്കിയ യഹൂദരുടെ മക്കളായിരുന്നു അവര്‍. സൈറീന്‍, അലക്‌സാണ്ഡ്രിയ, സിലിസ്യ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കൊക്കെ പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളും ഉണ്ടായിരുന്നു. അങ്ങനെ നാന്നൂറോളം ആരാധനാലയങ്ങള്‍ ജറൂസലത്തുതന്നെ ഉണ്ടായിരുന്നു. "തിരഞ്ഞെടുക്കപ്പെട്ടവരെ" മാത്രമല്ല, സകല മനുഷ്യരെയും രക്ഷിക്കാനാണ് ക്രിസ്തു വന്നതെന്നും, സിനഗോഗുപോലെയല്ല സഭയെന്നും അവരെ ബോദ്ധ്യപ്പെടുത്താന്‍ സ്റ്റീഫന്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരുന്നു. സത്യം ഗ്രഹിക്കാനും ലോകം പ്രതീക്ഷിച്ചിരുന്ന മിശിഹായെ അംഗീകരിക്കാനും ഫരീസേയര്‍ക്കു പ്രതിബന്ധമായിരിക്കുന്നത് അവരുടെ ഹൃദയകാഠിന്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
സ്റ്റീഫന്റെ വാദമുഖങ്ങളോട് എതിര്‍ത്തു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവര്‍ ദൈവദൂഷണം ആരോപിച്ച്, സ്റ്റീഫനെ പിടിച്ച് ജനപ്രമാണികളുടെയും നിയമജ്ഞരുടെയും മുമ്പിലെത്തിച്ച് ചോദ്യം ചെയ്തു. ശക്തമായ ഭാഷയില്‍ സഭയുടെ ചരിത്രവും ദൈവം ഇസ്രായേലിന്റെ മേല്‍ വര്‍ഷിച്ച കരുണയുടെ വിശദാംശങ്ങളും വിവരിച്ചശേഷം "ഇതാ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു" എന്നു പ്രഖ്യാപിച്ചതോടെ അവര്‍ രോഷത്തോടെ അവനെ പിടിച്ച് നഗരത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. ഇരുകൈകളും കെട്ടപ്പെട്ട് മലമുകളില്‍ മരണം കാത്തുകിടന്നപ്പോഴും സ്റ്റീഫന്‍ തന്റെ ഘാതകര്‍ക്കുവേണ്ടി ദൈവത്തോടു ക്ഷമ യാചിച്ചു: "കര്‍ത്താവേ, ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ… എന്റെ ആത്മാവിനെ കൈക്കൊള്ളണമേ." ഇത്രയും പറഞ്ഞ് സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റ്റീഫന്‍ അന്ത്യശ്വാസം വലിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org