മറിയം: ദൈവത്തിന്റെ അമ്മ - ജനുവരി 1

മറിയം: ദൈവത്തിന്റെ അമ്മ - ജനുവരി 1
ക്രിസ്മസ്സ് കഴിഞ്ഞു. വചനം മാംസമായി നമ്മുടെ കണ്‍മുമ്പില്‍ ജീവിച്ചു. അത് നമുക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളായി. അന്ന് ദൈവപുത്രനായ ഈശോയായിരുന്നു നമ്മുടെ ശ്രദ്ധാകേന്ദ്രം. എന്നാല്‍, ഏഴുദിവസത്തിനുശേഷം ദൈവപുത്രന്റെ അമ്മയായ മറിയത്തെ നാം കാണുന്നു.
വിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ മാംസം ധരിച്ചു. അങ്ങനെ മറിയം ദൈവപുത്രനായ ക്രിസ്തുവിന്റെ അമ്മയായി. വിശുദ്ധരുടെ നിരയില്‍ നില്ക്കുന്ന ഒന്നാമത്തെ വ്യക്തിയായി.
വി. പൗലോസ് പറഞ്ഞതുപോലെ, "ആബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു, (ഗല. 4:6) യേശുവിന്റെ സഹോദരങ്ങളായ നമ്മുടെയൊക്കെ അമ്മയാണ് മറിയമെന്നു നമ്മെ ബോധ്യപ്പെടുത്താന്‍.

അമലോത്ഭവയായിരുന്നെങ്കിലും അമ്മ എന്നും ദുഃഖപുത്രിയായിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവം ഏതാനും മണിക്കൂറുകള്‍കൊണ്ടു തീര്‍ന്നെങ്കില്‍ അമ്മയുടെ പീഡാനുഭവം ജീവിതം മുഴുവന്‍ നീണ്ടുനിന്നു. ദൈവമാതൃത്വം ഏറ്റുവാങ്ങിയതുമുതല്‍ പീഡാനുഭവവും ആരംഭിച്ചു.
ഭര്‍ത്താവായ യൗസേപ്പിനെപ്പോലും സംശയാലുവാക്കിയ ഗര്‍ഭധാരണം. സ്വസ്ഥമായി കിടന്നു പ്രസവിക്കാന്‍പോലും ഒരിടം ലഭിക്കാത്ത ദയനീയ അവസ്ഥ. സ്വന്തം കുഞ്ഞിനെ വധിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കാപാലികരില്‍നിന്നു രക്ഷപെടാന്‍ വേണ്ടിയുള്ള പലായനം. പന്ത്രണ്ടാംവയസ്സില്‍ ഓമനപ്പുത്രനെ കാണാതായതിന്റെ വേദന. പിന്നെ, കാല്‍വരിവരെ നീളുന്ന സുദീര്‍ഘമായ പീഢാനുഭവയാത്ര.
എല്ലാം നേരില്‍ കാണേണ്ടിവന്നു, ദൈവമാതാവിന്. ഹൃദയം തകര്‍ന്നെങ്കിലും നിശ്ശബ്ദയായി എല്ലാം സഹിച്ചു. ശ്ലീഹന്മാര്‍ക്കും മറ്റു സഹയാത്രികര്‍ക്കും ആത്മധൈര്യം പകര്‍ന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള എല്ലാ രഹസ്യങ്ങളും മനസ്സില്‍ സംഗ്രഹിച്ച് പ്രത്യാശയോടെ മകനെ പിന്തുടര്‍ന്നു.
ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് നമുക്കു വഴികാട്ടിയും പ്രചോദനവുമാണ്. കാനായിലെ വിരുന്നില്‍ മകനെക്കൊണ്ട് അത്ഭുതം പ്രവര്‍ത്തിപ്പിച്ച് ആതിഥേയരെ അപമാനത്തില്‍നിന്നു രക്ഷിച്ച മാതാവ് നമുക്കെന്നും വിശ്വസ്തയായ മധ്യസ്ഥയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org