വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7
Published on
സ്‌പെയിനില്‍ കാറ്റലോനിയായിലെ പെനിയഫോര്‍ട്ട് എന്ന കൊട്ടാരത്തിലാണ് റെയ്മണ്ട് ജനിച്ചത്. ആരഗണ്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്നു. ബാര്‍സിലോണ കലാശാലയില്‍ പതിനഞ്ചുവര്‍ഷം കാനോന്‍ നിയമം പഠിപ്പിച്ചശേഷം ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നു ഡോക്ടറേറ്റു നേടി. അതിനുശേഷമാണ് 1222-ല്‍ ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സില്‍ ചേര്‍ന്നത്. കൂടാതെ, വി. പീറ്റര്‍ നൊളാസ്‌കോയോടു ചേര്‍ന്ന് "ഓര്‍ഡര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി" സ്ഥാപിക്കുകയും ചെയ്തു.

1230-ല്‍ പോപ്പ് ഗ്രിഗറി IX റെയ്മണ്ടിനെ റോമില്‍ വിളിച്ചുവരുത്തി തന്റെ ചാപ്ലൈനാക്കി. കൂടാതെ, നൂറ്റാണ്ടുകളായി ക്രോഡീകരിക്കാതെ കിടന്ന സഭയുടെ ഡിക്രികളെല്ലാം തരംതിരിച്ച്, സംഗ്രഹിച്ച് ക്രോഡീകരിച്ചത് റെയ്മണ്ടാണ്.

1917-ല്‍ കാനോന്‍ നിയമത്തിന്റെ നവീകരിച്ച പതിപ്പ് ഇറങ്ങുന്നതുവരെ പ്രാബല്യത്തിലിരുന്നത് ഈ പതിപ്പാണ്. തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ട് റെയ്മണ്ട് തരഗോണയിലെ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും ഒഴിഞ്ഞ് സ്‌പെയിനിലേക്ക് തിരിച്ചുപോയി. എന്നാല്‍, 1238-ല്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

ആ സമയത്ത് ഡൊമിനിക്കന്‍ സഭയുടെ നിയമാവലി അദ്ദേഹം പരിഷ്‌കരിച്ചു. കൂടാതെ പൗരസ്ത്യഭാഷകള്‍ പഠിപ്പിക്കാനായി ബാര്‍സിലോണയിലും ടൂണിയിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. സെ. തോമസ് അക്വീനാസ് തന്റെ "Summa Contra Gentile" എന്ന ക്ലാസിക് കൃതി പൂര്‍ത്തിയാക്കിയത് വി. റെയ്മണ്ടിന്റെ പ്രേരണയും നിര്‍ദ്ദേശങ്ങളും കൊണ്ടാണ്.

കാനോന്‍ നിയമങ്ങളുടെ അപ്പസ്‌തോലനായ വി. റെയ്മണ്ട് 1275-ല്‍ നൂറാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.
സമ്പത്തും അധികാരവും അടിപ്പെടുത്താത്ത ഓരു ആദര്‍ശ വ്യക്തിത്വമായിരുന്നു വി. റെയ്മണ്ടിന്റേത്. സമ്പത്തും അധികാരവും ഇന്നുവരും, നാളെപോകും. പക്ഷേ, ഉത്കൃഷ്ടമായ ഒരു വ്യക്തിത്വം എന്നും നിലനില്‍ക്കും. ശാശ്വതമായിട്ട് അതു മാത്രമേയുള്ളു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org