
ഈ വിശുദ്ധനെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ലത്തീനിലുള്ള സെവറിന്റെ രചനകളില്‍നിന്നു മനസ്സിലാകുന്നത് അദ്ദേഹമൊരു റോമനായിരുന്നെന്നാണ്. നന്നേ ചെറുപ്പത്തില്‍ ഏറെക്കാലം മരുഭൂമിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് സുവിശേഷപ്രസംഗവുമായി അദ്ദേഹം നോറിക്കമില്‍ (അസ്തുര) പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തില്‍ ജനങ്ങള്‍ അദ്ദേഹത്തോടു വളരെ ക്രൂരമായി പെരുമാറി. ദൈവം അവര്‍ക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ശിക്ഷകളെപ്പറ്റി പറഞ്ഞിട്ട് അദ്ദേഹം സ്ഥലംവിട്ടു. അദ്ദേഹത്തിന്റെ പ്രവചനം അതുപോലെതന്നെ യാഥാര്‍ത്ഥ്യമായി. ശത്രുക്കള്‍ നഗരം ആക്രമിച്ചു കീഴടക്കി ജനങ്ങളെ വധിച്ചുകളഞ്ഞു. അങ്ങനെ അദ്ദേഹം പ്രസിദ്ധനായി.
ഡാന്യൂബിലെ ഫാവിയാനാ എന്ന സ്ഥലത്തു പടര്‍ന്നുപിടിച്ച പഞ്ഞക്കാലത്ത് പലരും അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെട്ടു. അതിനു മറുപടിയായി അദ്ദേഹം സഹനത്തിന്റെയും ഔദാര്യത്തിന്റെയും മഹത്വം പ്രസംഗിക്കുകയാണു ചെയ്തത്. ഇതുകേട്ട് സമ്പന്നയായ ഒരു സ്ത്രീ തനിക്കുള്ള സ്വത്തെല്ലാം ദാനംചെയ്തു. കൂടാതെ, അദ്ദേഹം രോഗി കളെ ശുശ്രൂഷിക്കുകയും, ദരിദ്രരെ സഹായിക്കുകയും, അടിച്ചമര്‍ത്തപ്പെട്ടവരെ രക്ഷിക്കുകയും സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത് ജനങ്ങളുടെയിടയില്‍ സമാധാനവും സംതൃപ്തിയും വര്‍ഷിച്ചുകൊണ്ട് കടന്നുപോയി. ജനങ്ങള്‍ അദ്ദേഹത്തെ ബിഷപ്പായി കാണാന്‍ ആഗ്രഹിച്ചു. എങ്കിലും ഏകാന്തതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഒരു ആശ്രമത്തിന് അദ്ദേഹം രൂപം നല്‍കി. അവിടെ സൂര്യന്‍ അസ്തമിക്കുന്നതുവരെ അദ്ദേഹം ഉപവസിച്ചു. നഗ്നപാദനായി സഞ്ചരിച്ചു. വളരെ ഉയരംകുറഞ്ഞ ഒരു മുറിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അതുകൊണ്ട് സന്ദര്‍ശകര്‍ക്ക് അദ്ദേഹത്തിന്റെ മുറിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം സ്വന്തം മരണത്തെപ്പറ്റി മുന്‍കൂട്ടി പറഞ്ഞിരുന്നു. 482 ജനുവരിയില്‍ ''സര്‍വ്വശക്തിയോടുംകൂടെ ദൈവത്തെ സ്തുതിക്കുവിന്‍'' എന്നു കൂടെക്കൂടെ ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.