വിശുദ്ധ സബീനൂസും കൂട്ടരും : ഡിസംബര്‍ 30

വിശുദ്ധ സബീനൂസും കൂട്ടരും : ഡിസംബര്‍ 30
പാരമ്പര്യം പറയുന്നത് വി. സബീനൂസ് അസ്സീസിയിലും ഇറ്റലിയിലെ മറ്റു പല സ്ഥലങ്ങളിലും മെത്രാനായിരുന്നു എന്നാണ്. ഡയോക്ലീഷ്യന്റെ മതപീഡനകാലത്ത് സബീനൂസും അനേകം പുരോഹിതന്മാരും അറസ്റ്റു ചെയ്യപ്പെട്ടു. അവര്‍ എത്രൂറിയായുടെ ഗവര്‍ണര്‍ വെനൂസ്തിയന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. അവരുടെ മുമ്പില്‍ ജൂപ്പിറ്റര്‍ ദേവന്റെ ഒരു ചെറിയ വിഗ്രഹം വച്ചിട്ട് ആരാധിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ബിഷപ്പ് സബീനൂസ് അവജ്ഞയോടെ ആ പ്രതിമ എടുത്ത് നിലത്തെറിഞ്ഞു പൊട്ടിച്ചു. ക്രൂദ്ധനായ ഗവര്‍ണര്‍, സബീനൂസിന്റെ കൈപ്പത്തി ഛേദിച്ചുകളയാന്‍ ആജ്ഞാപിച്ചു. ബിഷപ്പിന്റെ കൂടെയുണ്ടായിരുന്ന ഡീക്കന്മാരായ മാര്‍സെല്ലസും എക്‌സുപ്പെരാന്തിയസും തങ്ങളുടെ വിശ്വാസം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ അവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് മരണമടഞ്ഞ അവരിരുവരും അസ്സീസിയില്‍ അടക്കപ്പെട്ടു.

കാരാഗൃഹത്തിലായിരുന്നപ്പോള്‍, സബീനൂസിന്റെ പക്കല്‍, സെരീന എന്ന ഒരു വിധവ അന്ധനായ മകനെ കൊണ്ടുവന്നു. കൈപ്പത്തിയില്ലാത്ത കരങ്ങളുയര്‍ത്തി സബീനൂസ് പ്രാര്‍ത്ഥിക്കുകയും അന്ധനു കാഴ്ച ലഭിക്കുകയും ചെയ്തു. ഇതുകണ്ട് സബീനൂസിന്റെ സഹതടവുകാരില്‍ പലരും ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ചു. ഈ സംഭവങ്ങളാല്‍ ആകൃഷ്ടനായ ഗവര്‍ണര്‍ സബീനൂസിനെ ആളയച്ചു വരുത്തിച്ചു. സബീനൂസ് പ്രാര്‍ത്ഥിച്ച് ഗവര്‍ണറുടെ ഒരു കണ്ണിന്റെ അസുഖം മാറിയതോടെ അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ വിശ്വാസം സ്വീകരിച്ചു. ഇതറിഞ്ഞ് ക്ഷുഭിതനായ ഡയോക്ലീഷ്യന്റെ കല്പനപ്രകാരം സബീനൂസും ഗവര്‍ണര്‍ വെനൂസ്തിയനും കുടുംബാംഗങ്ങളും ക്രൂരമായ മര്‍ദ്ദനമേറ്റു മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org