വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6

ഫ്രഞ്ചു മാതാപിതാക്കളുടെ പന്ത്രണ്ടുമക്കളില്‍ എട്ടാമത്തവനായി ആന്‍ഡ്രെ 1845-ല്‍ കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ചു. എന്നാല്‍, പന്ത്രണ്ടാമത്തെ വയസ്സില്‍ മാതാവും പിതാവും മരണമടഞ്ഞതോടെ അനാഥനായി. യുവാവായ ആന്‍ഡ്രെ അമേരിക്കയില്‍ പല ജോലികള്‍ മാറിമാറി ചെയ്തു: കൃഷിപ്പണി നോക്കി, ചെരുപ്പുകുത്തിയായി. ബേക്കറി യില്‍ ജോലിചെയ്തു, ഇരുമ്പുപണിക്കാരനായി. പക്ഷേ, ഒന്നിലും വിജയി ക്കാനായില്ല. അമേരിക്കയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് ആന്‍ഡ്രെ ഫാക്ടറിയിലും പണിയെടുത്തു.
ഇരുപത്തഞ്ചാമത്തെ വയസ്സില്‍ കാനഡയില്‍ തിരിച്ചെത്തി ഹോളിക്രോസ് ബ്രദേഴ്‌സിന്റെ കോണ്‍ഗ്രിഗേഷനില്‍ പ്രവേശിച്ചു. ഒരു വര്‍ഷത്തെ നോവീഷ്യറ്റിനുശേഷം അനാരോഗ്യം നിമിത്തം അയാള്‍ പുറത്താക്കപ്പെട്ടു. ബാല്യംമുതലേ രോഗങ്ങള്‍ ആന്‍ഡ്രെയെ അലട്ടിയിരുന്നു. അതുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസംപോലും മുടങ്ങി. എങ്കിലും, അവസാനം ബിഷപ്പ് ഇഗ്നേസ് ബോര്‍ഗെയുടെ ശിപാര്‍ശയില്‍ മോണ്‍ട്രിയാലിലെ നോട്ടര്‍ ഡാം കോളേജിന്റെ കാവല്‍ക്കാരനായി ജോലി ലഭിച്ചു. ഈ ജോലിക്കു പുറമെ കപ്യാരുടെയും അലക്കുകാരന്റെയും ആശുപത്രി സഹായിയുടെയും ബാര്‍ബറിന്റെയും നോട്ടക്കാരന്റെയും പോസ്റ്റുമാന്റെയും ഇലക്ട്രീഷ്യന്റെയുമൊക്കെ പണി ചെയ്യേണ്ടിവന്നു. ഒരിക്കല്‍ ആന്‍ഡ്രെ പറഞ്ഞു. "ഒരിക്കല്‍ ഞാനിവിടെ പ്രവേശിച്ചപ്പോള്‍ മേലധികാരികള്‍ എനിക്കു പുറത്തേക്കുള്ള വാതില്‍ കാട്ടിത്തന്നു. 40 വര്‍ഷം ഞാന്‍ അവിടെത്തന്നെ നിന്നു."
ഏതായാലും ആ വാതിലിന് അടുത്തുതന്നെയായിരുന്നു ആന്‍ഡ്രെയുടെ കൊച്ചു കിടപ്പുമുറി. രാത്രിയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥനയില്‍ മുഴുകുക പതിവായിരുന്നു. വി. ജോസഫിനോടുള്ള ഭക്തിയില്‍ വേരൂന്നി വളര്‍ന്നു. അവസാനം ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് ഒരു ചാപ്പല്‍തന്നെ പണിതീര്‍ത്തു. ആന്‍ഡ്രെയുടെ ഭക്തിയെയും പ്രാര്‍ത്ഥനയെയുംപറ്റി കേട്ടറിഞ്ഞ വിദ്യാത്ഥികളും അവരുടെ മാതാപിതാ ക്കളും പ്രാര്‍ത്ഥനാസഹായം തേടുകയും പലര്‍ക്കും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുകയും ചെയ്തതോടെ ചാപ്പലില്‍ ജനങ്ങള്‍ തിങ്ങിക്കൂടി. എങ്കിലും കോളേജിലെ മേലധികാരികളും ഡോക്ടര്‍മാരും ആന്‍ഡ്രെയെ വിശ്വസിച്ചില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വി. യൗസേപ്പാണ് ചികിത്സിക്കുന്നത്, ഞാനല്ല. കത്തുകളുടെ നിലയ്ക്കാത്ത പ്രവാഹം! മറുപടി അയയ്ക്കാന്‍ നാലുപേരുടെ സഹായം വേണ്ടിവന്നു.
ക്രമേണ, ഒരു കുന്നിന്‍മുകളില്‍ ആന്‍ഡ്രെക്കു ലഭിച്ച സ്ഥലത്ത് മനോഹരമായ ഒരു ചാപ്പല്‍ സെ. ജോസഫിന്റെ നാമധേയത്തില്‍ രൂപപ്പെട്ടുവന്നു. പണി പൂര്‍ത്തിയാകാന്‍ 50 വര്‍ഷം വേണ്ടിവന്നു 1937 ജനുവരി 6-ന് 92-ാമത്തെ വയസ്സില്‍ മരണമടഞ്ഞ ആന്‍ഡ്രെയുടെ ഭൗതികാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നതും ഈ ചാപ്പലിലാണ്.
സെ. ജോസഫിന്റെ അസാധാരണ ഭക്തനായ ബ്രദര്‍ ആന്‍ഡ്രെ ബെസ്സറ്റിനെ 1982-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

നമ്മള്‍ ചെയ്യുന്ന ജോലിക്കല്ല മഹത്വം; അതു ചെയ്യുന്ന നമ്മുടെ ആത്മാര്‍ത്ഥതയാണു പ്രധാനം. എന്തു ജോലിയും മഹത്തരമാകുന്നത് നമ്മുടെ ആത്മാര്‍ത്ഥതകൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org