Todays_saint

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

Sathyadeepam
മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാതെ, രഹസ്യമായി മുള്ളുകള്‍ക്കു മുകളിലൂടെ നടക്കുക; വിനയത്തെ സ്‌നേഹിക്കുക.
– വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി
ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ 1850 ജൂലൈ 15 ന് ജനിച്ച ഫ്രാന്‍സെസിന്റെ മാമ്മോദീസാ പേര് മരിയ ഫ്രാന്‍സെസ്‌ക്ക എന്നായിരുന്നു. സാമ്പത്തികശേഷിയുള്ള കര്‍ഷകരായിരുന്ന അഗസ്റ്റിന്റെയും സ്റ്റെല്ലായുടെയും 13 മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മരിയ. ഗ്രാമീണ സ്‌കൂ ളിലെ അദ്ധ്യാപികയായിരുന്ന മൂത്ത സഹോദരി റോസയുടെ മേല്‍നോട്ടത്തില്‍ മരിയ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പതിമുന്നാമത്തെ വയസ്സില്‍ അര്‍ലുനായിലെ "തിരുഹൃദയത്തിന്റെ സഹോദരിമാരുടെ" സഭയില്‍ അംഗമായി. 18-ാമത്തെ വയസ്സില്‍ ഗ്രാഡുവേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് നാലുവര്‍ഷം സ്വന്തം നാട്ടില്‍ത്തന്നെ സാധുക്കളായ രോഗികളെ ശുശ്രൂഷിച്ചു മരിയ കഴിഞ്ഞുകൂടി. ഇരുപത്തിനാലാമത്തെ വയസ്സിലാണ് കൊഡോണായുടെ വികാരി ഡോണ്‍ അന്റോണിയോ സെരാട്ടി, "ഹൗസ് ഓഫ് പ്രോവിഡന്‍സ്" എന്ന സ്വകാര്യ അനാഥാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവളോട് ആവശ്യപ്പെട്ടത്. ഈ സ്ഥാപനത്തില്‍ നിന്നാണ്, ബിഷപ്പ് ഡോമെനിക്കോ ജെല്‍മിനിയുടെ അഭ്യര്‍ത്ഥനയനുസരിച്ച്, പിന്നീട് ഫ്രാന്‍സെസ് കബ്രീനി തന്റെ പുതിയ സന്ന്യാസസഭയ്ക്കു രൂപം നല്‍കിയത്. മദര്‍ കബ്രീനിയുടെ സംഘാടനസാമര്‍ത്ഥ്യവും ഭരണനൈപുണ്യവും പ്രസന്നമായ വ്യക്തിത്വവും വ്യക്തികളെ സമഗ്രമായി മനസ്സിലാക്കാനുള്ള കഴിവും നിമിത്തം തിരുഹൃദയത്തിന്റെ മിഷണറി സിസ്റ്റേഴ്‌സിന്റെ എണ്ണവും ഗുണവും അടിയ്ക്കടി വര്‍ദ്ധിച്ചുകൊണ്ടിരുന്നു.
അനാഥരായ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂളുകള്‍, അനാഥരല്ലാത്ത കുട്ടികളെയും പ്രായമായ സ്ത്രീകളെയും ആദ്ധ്യാത്മികകാര്യങ്ങള്‍ പഠിപ്പിക്കാനുള്ള സൗകര്യങ്ങള്‍, കൂടാതെ, സ്‌കൂള്‍-കോളേജ് വിദ്യാര്‍ ത്ഥികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റലുകള്‍ എന്നിവ മിക്കവാറും എല്ലാ ഇറ്റാലിയന്‍ നഗരങ്ങളിലും പട്ടണങ്ങളിലും തുടരെ സ്ഥാപിച്ചുകൊണ്ടിരുന്നു. ഇത്തരം സംവിധാനങ്ങള്‍ കൊണ്ട് മത-പുരോഹിത വിരുദ്ധരെയും പ്രൊട്ടസ്റ്റന്റു നീക്കങ്ങളെയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു മദര്‍ കബ്രീനിയുടെ നേട്ടം.
തന്റെ കന്യാസ്ത്രീകളില്‍ ചിലരെ മിഷന്‍ പ്രവര്‍ത്തനത്തിനായി ചൈനയിലേക്ക് പറഞ്ഞുവിടാന്‍ മദര്‍ കബ്രീനി തയ്യാറെടുക്കുമ്പോഴാണ് പോപ്പ് ലിയോ പതിമൂന്നാമന്‍ അമേരിക്കയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ആവശ്യപ്പെട്ടത്. അതനുസരിച്ച് അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ച മദര്‍ കബ്രീനിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞത് അവിടെ കുടിയേറിയ ഇറ്റലിക്കാരിലാണ്. അവരില്‍ മിക്കവരും വിദ്യാവിഹീനരായിരുന്നു. അതുകൊണ്ട്, അമേരിക്കയിലെ മാറിയ സാഹചര്യത്തില്‍ അവരെല്ലാം ചൂഷണം ചെയ്യപ്പെടുകയായിരുന്നു. കൂടാതെ, പ്രൊട്ടസ്റ്റന്റു സ്വാധീനത്തില്‍ അവരുടെ വിശ്വാസവും നഷ്ടപ്പെട്ടിരുന്നു. ആദ്യത്തെ സംഘം കന്യാസ്ത്രീകളോടൊപ്പം മദര്‍ കബ്രീനി അമേരിക്കയിലെത്തുമ്പോള്‍ അവര്‍ക്ക് 39 വയസ്സായിരുന്നു. ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ അനാഥാലയങ്ങളും ഓറട്ടറികളും ഡേ സ്‌കൂളുകളും സ്ഥാപിച്ചുകൊണ്ടേയിരുന്നു. 1891-ല്‍ ന്യൂയോര്‍ക്കില്‍ കൊളംബസ് ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കപ്പെട്ടു.
നല്ല മാനസിക പക്വതയും വിശുദ്ധിയുമുള്ള ഒരു വ്യക്തിയായിരുന്നു മദര്‍ കബ്രീനി. അവര്‍ പറയും: "പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കും. ഉണ്ടാകട്ടെ. അവയൊക്കെ സഹിക്കാന്‍ നമുക്കു കഴിയും. സഹനമാണ് വിശുദ്ധിയുടെ അടിസ്ഥാനം." വളരെ വിനയത്തോടെ അവര്‍ തന്റെ കന്യാസ്ത്രീകളെ ഉപദേശിക്കും; "ഒന്നും നിങ്ങളുടെ സാമര്‍ത്ഥ്യമല്ല; എല്ലാം ദൈവത്തിന്റെ ശക്തിയാണ്. പ്രാര്‍ത്ഥിക്കുക; എപ്പോഴും പ്രാര്‍ത്ഥിക്കുക! പ്രാര്‍ത്ഥനാചൈതന്യം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക; ദൈവത്തിന്റെ തിരുവിഷ്ടം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുക."
മദര്‍ കബ്രീനിയുടെ പല സംരംഭങ്ങളിലും ദൈവത്തിന്റെ ഇടപെ ടല്‍ വ്യക്തമായിരുന്നു. പലതിന്റെയും വളര്‍ച്ച അത്ഭുതകരമായിരുന്നു. "വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക; അത്ഭുതങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ കാണും." – മദര്‍ സഹപ്രവര്‍ത്തകരെ ഉപദേശിക്കും. ചിക്കാഗോ യിലെ കൊളംബസ് ഹോസ്പിറ്റലിന്റെ കാര്യം തന്നെ എടുക്കാം. 1891-ലാണ് അതിന്റെ ആരംഭം. കാര്യമായ ഫണ്ടൊന്നും കൈയിലില്ല. അമേരിക്കയില്‍ വസിക്കുന്ന ഇറ്റലിക്കാരില്‍ നിന്നു പിരിഞ്ഞുകിട്ടിയ ഒരു ചെറിയ തുകമാത്രം! 1895 ആയപ്പോഴേക്കും ആ ഹോസ്പിറ്റല്‍ രാജ്യം മുഴുവന്‍ അംഗീകരിക്കപ്പെട്ടു.
"കുടിയേറ്റക്കാരുടെ അമ്മ"യായ മദര്‍ കബ്രീനിക്ക് തന്റെ പ്രവര്‍ ത്തനമേഖല വിപുലപ്പെടുത്തുവാനായി മൂന്നു പുതിയ ഭാഷകള്‍ പഠിക്കേണ്ടിവന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മദ്ധ്യ-ദക്ഷിണ അമേരിക്കയിലും ട്രെയിനില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മദര്‍ കഴുതയുടെ പുറത്താണ് ആന്‍ഡസ് കടന്നത്. അവിടെനിന്ന് ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും കടന്ന് തിരിച്ച് തന്റെ പ്രിയപ്പെട്ട ഇറ്റലിയിലേക്ക്. മുപ്പതുപ്രാവശ്യം മദര്‍ കടല്‍ കടന്നു യാത്ര ചെയ്തിട്ടുണ്ടെന്നു പറയപ്പെടുന്നു. തന്റെ ചുരുങ്ങിയ ജീവിതകാലത്ത് 67 പ്രമുഖ സ്ഥാപനങ്ങള്‍ക്ക് മദര്‍ അടിസ്ഥാനമിട്ടു. സ്‌കൂളുകളും അനാഥാലയങ്ങളും ആശുപത്രികളും അവയില്‍ പെടുന്നു. മദറിന്റെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ എണ്ണം നാലായിരം കവിഞ്ഞു.
ചിക്കാഗോയിലെ മദറിന്റെ തന്നെ ഒരു മഠത്തിലായിരുന്നു അവരുടെ അന്ത്യം; 1917 ഡിസംബര്‍ 22-ന്, 67-ാമത്തെ വയസ്സില്‍. 1938 നവംബര്‍ 13 ന് അനുഗ്രഹിക്കപ്പെട്ടവളായി. 1946 ജൂലൈ 7 ന് പോപ്പ് പയസ് XII മദര്‍ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിന്ന് ഒരു വ്യക്തി വിശുദ്ധ പദവിയിലെത്തുന്നത് ഇതാദ്യമായിരുന്നു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]