എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ
Published on

പാരിസ്ഥിതിക പ്രതിസന്ധികള്‍ മുതല്‍ നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മ്മികത വരെ ഉയര്‍ത്തുന്ന ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തമായ ജ്ഞാനത്തിന്റെ ദൈവശാസ്ത്രം രൂപപ്പെടുത്താന്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരോട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. പൊന്തിഫിക്കല്‍ ദൈവശാസ്ത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

പാരിസ്ഥിതിക സുസ്ഥിതിയും സൃഷ്ടിജാലത്തിന്റെ കരുതലും മനുഷ്യരാശിയുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനുള്ള അവശ്യമായ പ്രതിബദ്ധതകളാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവശാസ്ത്രം സഭയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഹൃദയമാണ്. പക്ഷേ അത് നമ്മുടെ കാലഘട്ടത്തിലെ സ്ത്രീ പുരുഷന്മാരുടെ വേദനകളും ആനന്ദങ്ങളും പ്രത്യാശകളും കൊണ്ടു രൂപപ്പെടുത്തിയതായിരിക്കണം.

വിശ്വാസവും യുക്തിയും സമന്വയിക്കുന്ന ഒരു മാതൃകയാണ് ഗുരുക്കന്മാരായ വിശുദ്ധ അഗസ്റ്റിനും വിശുദ്ധ തോമസ് അക്വീനാസും നമുക്ക് പകര്‍ന്നിട്ടുള്ളത്. അത് ഇന്നത്തെ ദൈവശാസ്ത്രത്തെ നയിക്കാന്‍ പര്യാപ്തമാണ് - പാപ്പ പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയെ സംബന്ധിച്ച ആലോചന കളില്‍ അതിന്റെ ധാര്‍മ്മിക വിചിന്തനങ്ങളിലേക്ക് സഭ സ്വയം പരിമിതപ്പെടുത്തരു തെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി, നിര്‍മ്മിത ബുദ്ധിയുടെ സങ്കീര്‍ണ്ണമായ ലോകത്തെ ധാര്‍മ്മിക സമീപനത്തില്‍ ഒതുക്കരുത്. മനുഷ്യാന്തസ്സില്‍ ഒരു നരവംശ വിജ്ഞാനീയപരമായ കാഴ്ചപ്പാട് ആവശ്യമുണ്ട്. എന്താണ് മനുഷ്യന്‍, എന്താണ് മനുഷ്യന്റെ സഹജമായ അന്തസ്സ് എന്നത് പരിചിന്തന വിധേയമാകണം -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org