
ഇസ്ലാമിക ഭീകരവാദികളില്‍ നിന്ന് രക്ഷപ്പെടുന്നതി നായി ഇറാഖില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ഒരു ക്രൈസ്തവന്‍ ദക്ഷിണ ഫ്രാന്‍സിലെ ലിയോണില്‍ വച്ച് കുത്തേറ്റു കൊല്ലപ്പെട്ടു. പ്രാദേശിക ക്രൈസ്തവ സമൂഹത്തില്‍ ഈ കൊലപാതകം വലിയ ഞെട്ടല്‍ ഉളവാക്കി. കൊലപാതകത്തിന്റെ പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയശേഷം മടങ്ങുമ്പോള്‍ ആയിരുന്നു കൊലപാതകം. ഭിന്നശേഷിക്കാരനായ ആഷര്‍ സര്‍ണ്യ വീല്‍ചെയറിലാണ് സഞ്ചരിച്ചിരുന്നത്. താമസസ്ഥലത്തിനു പുറത്ത് ഇദ്ദേഹം മടങ്ങിവരുന്നത് കാത്തുനില്‍ക്കുകയായിരുന്ന കൊലയാളി കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.
2014-ല്‍ ഇറാഖില്‍ ഇസ്ലാമിക സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ സമയത്താണ് ഇദ്ദേഹവും സഹോദരിയും ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഫ്രാന്‍സില്‍ നിന്ന് ടിക്‌ടോക്കിലൂടെ എല്ലാ ദിവസവും അദ്ദേഹം വീഡിയോകള്‍ സംപ്രേഷണം ചെയ്തിരുന്നു. കൂടുതലും തന്റെ വിശ്വാസജീവിതത്തെ സംബന്ധിക്കുന്നവ ആയിരുന്നു.
അറബി ഭാഷയിലുള്ള ഈ വീഡിയോകള്‍ മുസ്ലീം തീവ്രവാദികളില്‍ നിന്നുള്ള തുടര്‍ച്ചയായ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഇടയ്ക്കിടെ ബ്ലോക്ക് ചെയ്യപ്പെടാറുണ്ട് എന്ന് അദ്ദേഹം നേരത്തെ പരാതിപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരവാദികളില്‍ നിന്നുള്ള ആക്രമണത്തെക്കുറിച്ചും അദ്ദേഹം നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്.
ഫ്രാന്‍സിലെ കത്തോലിക്ക സംഘടനകള്‍ ഈ സംഭവത്തില്‍ ഗുരുതരമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപൂര്‍വദേശത്തു നിന്ന് എത്തിയിരിക്കുന്ന ക്രൈസ്തവര്‍ക്ക് അന്തസ്സോടെ അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ സാധിക്കണ മെന്ന് സംഘടനകള്‍ വ്യക്തമാക്കി.
സര്‍ണ്യ യഥാര്‍ഥത്തില്‍ ഒരു രക്തസാക്ഷിയാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. ക്രിസ്ത്യന്‍ ഉള്ളടക്കമുള്ള സോഷ്യല്‍ മീഡിയ സാന്നിധ്യം ശ്രദ്ധേയമായതാണ് കൊലപാതകത്തിനു കാരണമെന്ന് അവര്‍ വിലയിരുത്തുന്നു. ഭീകരവാദികളില്‍ നിന്ന് രക്ഷ തേടി കുടിയേറിയവര്‍, കുടിയേറി ചെല്ലുന്ന രാജ്യത്തും അവരുടെ കൊലയാളികളെ തന്നെ നേരിടേണ്ടി വരുന്നത് ദുഃഖകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.