യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'
Published on

യുദ്ധത്തോട് ശക്തവും ധീരവുമായ നോ പറയുക, സമാധാനത്തോടും സാഹോദര്യത്തോടും യെസ് പറയുക. യുദ്ധങ്ങള്‍ നമ്മുടെ ചെറുപ്പക്കാരുടെ ജീവിതങ്ങളെ ചിതറിക്കുന്നു. ആയുധങ്ങള്‍ എടുക്കാനും നിരായുധരായ പൗരന്മാരെയും കുട്ടികളെയും സ്ത്രീകളെയും വയോധികരെയും ആക്രമിക്കാനും നഗരങ്ങളെയും നാടുകളെയും നശിപ്പിക്കാനും നാശവും വേദനയും മാത്രം അവശേഷിപ്പിക്കാനും അവര്‍ നിര്‍ബന്ധിതരാകുന്നു.

ഇവിടെ സാഹോദര്യവും അനുരഞ്ജനവുമാണ് നമുക്ക് ആവശ്യം. മാനവികതയുടെ വിശാലമായ ഒരു ഉടമ്പടി സ്ഥാപിക്കുക ആവശ്യമായിരിക്കുന്നു. അധികാരത്തിന്മേലല്ല കരുതലിന്മേലാണ്, ലാഭത്തിന്മേലല്ല ദാനത്തിന്മേലാണ്, സംശയത്തിന്മേലല്ല വിശ്വാസത്തിന്മേലാണ് ഈ ഉടമ്പടി സ്ഥാപിക്കപ്പെടേണ്ടത്. കരുതലും ദാനവും വിശ്വാസവും നാം ഒഴിവുസമയത്ത് അനുഷ്ഠിക്കേണ്ട മൂല്യങ്ങള്‍ അല്ല.

കൊലപാതകത്തിനു പകരം ജീവനിലുള്ള പങ്കാളിത്തം ആഴപ്പെടുത്തുകയും വിശാലമാക്കുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ സ്തംഭങ്ങളാണ് അവ.

അവഗണിക്കപ്പെടുകയും തടവിലാക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന കുടിയേറ്റക്കാരുടെ അവസ്ഥ പരിതാപകരമാണ്. അവര്‍ രക്ഷയും പ്രത്യാശയും തേടുന്നു. പക്ഷേ മതിലുകളും ഉദാസീനതയുമാണ് ലഭിക്കുന്നത്. ദരിദ്രര്‍ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റം വിധിക്കപ്പെടുന്നു.

മനുഷ്യരേക്കാള്‍ ലാഭത്തെ വിലമതിക്കുന്ന ലോകത്തില്‍ അവര്‍ വിസ്മരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ അനീതികളോടുള്ള നമ്മുടെ പ്രതികരണം മൗനം ആയിരിക്കാന്‍ പാടില്ല. നാം നമ്മുടെ സാന്നിധ്യം കൊണ്ടും പ്രതിരോധം കൊണ്ടും ധീരത കൊണ്ടും ഇതിന് ഉത്തരം നല്‍കണം.

അപരനെ സഹോദരനോ സഹോദരിയോ ആയി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. നാം ഒറ്റപ്പെട്ട വ്യക്തികളാണെന്ന മിഥ്യാധാരണയില്‍ നിന്ന് പുറത്തുകടക്കണം.

(സെപ്തംബര്‍ 12 ന് വത്തിക്കാന്‍ മാനവ സാഹോദര്യ സമ്മേളനത്തിന് എത്തിയ പ്രതിനിധികളോട് നടത്തിയ പ്രസംഗത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org