വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18
ഇറ്റലിയിലെ ബ്രിന്‍ഡീസിയുടെ സമീപമുള്ള കൂപ്പര്‍ത്തീനോയില്‍ ഒരു പാവം ചെരുപ്പുകുത്തിയുടെ മകനായിട്ടാണ് ജോസഫ് ഡിസ ജനിച്ചത്. എട്ടാമത്തെ വയസ്സു മുതല്‍ അലൗകികമായ സ്വപ്നദര്‍ശനങ്ങള്‍ അവനുണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവനെ "വാ പൊളിയന്‍" എന്നു വിളിച്ചു കളിയാക്കിയിരുന്നു.
ദൈവത്തെ സ്‌നേഹിക്കൂ! ദൈവസ്‌നേഹം ഉള്ളിലുള്ളവന്‍, അവന്‍ സ്വര്‍ഗ്ഗം അറിയുന്നില്ലെങ്കിലും, ഏറ്റവും സമ്പന്നനായിരിക്കും
വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ

ഒരു ചെരുപ്പുകുത്തിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്ത പരിചയംവച്ച് ജോസഫ് പതിനേഴാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്‌കന്‍ കണ്‍വെഞ്ച്വല്‍സിലും, കപ്പൂച്ചിന്‍ സഭയിലും പ്രവേശനം നേടാന്‍ ശ്രമിച്ചു. വിവരമില്ലെന്നു പറഞ്ഞ് അയാള്‍ക്കു പ്രവേശനം നിഷേധിച്ചു. മാത്രമല്ല, കൂടെക്കൂടെയുണ്ടാകുന്ന സ്വപ്നദര്‍ശനങ്ങള്‍ നിമിത്തം അയാള്‍ ക്കു ജോലി ചെയ്യാനും സാധിച്ചിരുന്നില്ല. അവസാനം ഫ്രാന്‍സിസ്‌കന്‍സ് ലാഗ്രൊട്ടെല്ലായില്‍ മൂന്നാം സഭയിലെ അംഗമായി അയാളെ സ്വീകരിച്ചു. കുതിരാലയത്തില്‍ ജോലിയും നല്‍കി.
എന്നാല്‍, പിന്നീടുള്ള ജോസഫിന്റെ ജീവിതം അസാധാരണമായിരുന്നു. പ്രായശ്ചിത്തവും വിനയവും അനുസരണയും കൊണ്ട് മാതൃകാ പരമായ ഒരു ജീവിതത്തിലേക്കു കടന്ന ജോസഫിനെ 1625-ല്‍ വൈദിക പരിശീലനത്തിന് അനുവദിക്കുകയും 1628-ല്‍ പൗരോഹിത്യം നല്‍കുകയും ചെയ്തു. അന്നദ്ദേഹത്തിന് 25 വയസ്സാണ്. കഷ്ടിച്ച് വായിക്കാനറിയാം. എങ്കിലും നിവേശിതമായ അറിവുകൊണ്ട് അദ്ദേഹം എല്ലാ ദൈവശാസ്ത്രപ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിരുന്നു.
പ്രവചനവരവും രോഗികളെ സൗഖ്യമാക്കാനുള്ള വരവും ജോസഫിനുണ്ടായിരുന്നു. മുഖത്തുനോക്കി പാപികളെ തിരിച്ചറിയാനും അദ്ദേഹ ത്തിനു കഴിഞ്ഞിരുന്നു. പാപികളുടെ മുഖം കറുപ്പായിട്ടാണ് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടിരുന്നത്. പാപജീവിതം നയിച്ചിരുന്നവരില്‍ നിന്ന് വളരെ അരോചകമായ ഒരു ഗന്ധം പുറപ്പെട്ടിരുന്നതായി അദ്ദേഹത്തിന് അനുഭവ പ്പെട്ടിരുന്നു. ഇതിനേക്കാളെല്ലാം വിചിത്രമായിരുന്നത്, ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന് വായുവിലൂടെ പറന്നു നടക്കുവാന്‍ സാധിച്ചിരുന്നു എന്നതാണ്. ദൈവാലയത്തിന്റെ വാതില്‍ മുതല്‍ അള്‍ത്താരവരെ ജനങ്ങളുടെ മുകളിലൂടെ പറന്നുപോകുന്നത് ധാരാളം ആളുകള്‍ കണ്ടിട്ടുണ്ടത്രെ! ഒരിക്കല്‍ ഇങ്ങനെ പറന്ന് ഒരു ഒലിവുവൃക്ഷത്തിന്റെ ശിഖരത്തില്‍ പോയിരുന്ന് അര മണിക്കൂര്‍ ധ്യാനിച്ചിട്ട് തിരിച്ചു വന്നതായി പറയപ്പെടുന്നു.
ഇത്തരം അസാധാരണ സംഭവങ്ങള്‍ മൂലം ആശ്രമം പ്രസിദ്ധമായി. ജനങ്ങള്‍ തിങ്ങിക്കൂടാന്‍ തുടങ്ങി. അതുകൊണ്ട് ജോസഫിനെ അജ്ഞാത കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ദൈവത്തിന്റെയോ ഒരു വിശുദ്ധന്റെയോ പേരുകേട്ടാല്‍; പള്ളിമണിയുടെ സ്വരംകേട്ടാല്‍, ജോസഫ് സ്വപ്നദര്‍ശനത്തില്‍ മുഴുകുമായിരുന്നു. അതുകൊണ്ട് പോപ്പ് ഇന്നസെന്റ് ത അദ്ദേഹത്തെ ഒരു കപ്പൂച്ചിന്‍ ആശ്രമത്തില്‍ രഹസ്യമായി പാര്‍പ്പിച്ചു. അങ്ങനെ 35 വര്‍ഷം ഗായകസംഘത്തിന്റെ കൂടെ പാടാനോ, ഭക്ഷണ മുറിയിലിരുന്ന് ഭക്ഷിക്കാനോ, പ്രദക്ഷിണത്തില്‍ പങ്കെടുക്കാനോ, എന്തിനേറെ, ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കാനോ (ഒരു പ്രത്യേക ചാപ്പല്‍ അദ്ദേഹത്തിന് പ്രത്യേകം ഒരുക്കി കൊടുത്തിരുന്നു) അദ്ദേഹത്തെ അനുവദിച്ചിരു ന്നില്ല. 1657-ല്‍ പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന്‍ ഒസിമോയിലെ കോണ്‍വെഞ്ച്വല്‍സില്‍ തിരിച്ചുവന്ന് താമസിക്കുവാന്‍ ജോസഫിന് അനുവാദം നല്‍കി.
സര്‍വ്വാംഗം വിശുദ്ധിയുടെ പരിവേഷത്തില്‍ മുഴുകിയിരുന്ന ജോസഫ് കുപ്പര്‍ത്തീനോ എപ്പോഴും സന്തുഷ്ടനായി കാണപ്പെട്ടിരുന്നു. കര്‍ശനമായ പരിഹാരപ്രവൃത്തികളും അദ്ദേഹം അനുഷ്ഠിച്ചിരുന്നു. ഭക്ഷണം വ്യാഴാഴ്ചയും ഞായറാഴ്ചയും മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ, 1663 സെപ്തംബര്‍ 18-ന് ജോസഫ് ഈ ലോകംവിട്ട് എന്നന്നേക്കുമായി പറന്നുപോയി. 1753-ല്‍ പോപ്പ് ബനഡിക്ട് തകഢ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും പോപ്പ് ക്ലമന്റ് തകകക 1767 ജൂലൈ 16-ന് വിശുദ്ധനുമായി പ്രഖ്യാപിച്ചു.
ഘനരാഹിത്യം അനുഭവപ്പെട്ടിരുന്ന ജോസഫിന് വായുവില്‍ പറന്നുനടക്കാന്‍ സാധിച്ചിരുന്നതിനാല്‍ ഗഗനയാത്രക്കാരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി അദ്ദേഹത്തെ ഉയര്‍ത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org