ULife

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്

എം. ഷൈറജ് IRS

കേന്ദ്ര ഗവണ്‍മെന്റിന്റെ മീഡിയ വിഭാഗമാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ പാലമായി ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രവൃത്തിക്കുന്നു. വിവിധ ഗവണ്‍മെന്റ് നയങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും സര്‍ക്കാരിന്റെ നയരൂപീകരണത്തിനായി ജനങ്ങളില്‍നിന്ന് വി വരങ്ങള്‍ ശേഖരിക്കുകയും ചെയ്യുകയെന്നതാണ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ കര്‍ത്തവ്യം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴില്‍ പ്രവൃത്തിക്കുന്ന പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, ഇലക്‌ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍, ന്യൂ മീഡിയ വിംഗ്, പരസ്യ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റ് (ഡി എ വി പി) തുടങ്ങിയ സ്ഥാപനങ്ങളിലാവും ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐ ഐ എസ്) ഓഫീസര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരുക. ഇലക്ഷന്‍ കമ്മീഷന്‍ പോലെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെയും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) പോലുള്ള സ്ഥാപനങ്ങളുടെയും വക്താക്കളായും ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫീസര്‍മാര്‍ നിയമിക്കപ്പെടുന്നു.

നിയമനം

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫീസര്‍മാരുടെ നിയമനം ഐ ഐ എസ് ഗ്രൂപ്പ് 'എ', ഐ ഐ എസ് ഗ്രൂപ്പ് 'ബി' എന്നീ രണ്ടു തലങ്ങളിലുണ്ട്. ഗ്രൂപ്പ് 'ബി'യിലാവട്ടെ, ഗസറ്റഡ് നോണ്‍ ഗസറ്റഡ് എന്നീ വിഭാഗങ്ങളുമുണ്ട്.

ഐ ഐ എസ് (ഗ്രൂപ്പ് 'എ')

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഉന്നത ജോലികളിലേക്കുള്ള വാതായനം സിവില്‍ സര്‍വീസ് പരീക്ഷയാണെന്നത് ഏവര്‍ക്കും അറിയാം. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ 23 വ്യത്യസ്ത സര്‍വീസുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തപ്പെടുന്നുണ്ടെങ്കിലും ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (ഐ എ എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസസ് (ഐ പി എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസസ് (ഐ ആര്‍ എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസ് (ഐ എഫ് എസ്) എന്നിവയെക്കുറിച്ചു മാത്രമേ പല വിദ്യാര്‍ത്ഥികള്‍ക്കും അറിവുള്ളൂ. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ നേടാവുന്ന മികച്ച കരിയറുകളിലൊന്നാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഗ്രൂപ്പ് 'എ').

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിശദാംശങ്ങള്‍ ഈ പംക്തിയില്‍ മുമ്പ് പ്രതിപാദിച്ചിട്ടുള്ളതാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. കൃത്യമായ പ്ലാനിങ്ങോടെ ചിട്ടയായി കഠിനാധ്വാനം നടത്തുവാന്‍ കഴിയുമെങ്കില്‍ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും സിവില്‍ സര്‍വീസ് പരീക്ഷ വിജയം പ്രാപ്യമാണ്. പരീക്ഷയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി ഏകാഗ്രതയോടെ പഠനം നടത്തുക എന്നതാണ് വിജയമന്ത്രം. യു പി എസ് സിയുടെ വെബ്‌സൈറ്റില്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ ലഭ്യമാണ്.

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഗ്രൂപ്പ് 'എ'യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാവും നിയമനം നല്‍കുക.

ഐ ഐ എസ് ഗ്രൂപ്പ് 'ബി'

സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയല്ലാതെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിക്കുവാനുള്ള മാര്‍ഗമാണ് ഐ ഐ എസ് ഗ്രൂപ്പ് 'ബി.' ഈ സര്‍വീസിലേക്കുള്ള റിക്രൂട്ട്‌മെന്റും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തന്നെയാണ് നടത്തുന്നത്. മുമ്പു സൂചിപ്പിച്ചതുപോലെ ഗസറ്റഡ് നോണ്‍ ഗസറ്റഡ് എന്നീ രണ്ടു തലങ്ങളിലേക്ക് നേരിട്ടു നിയമനം നടത്തുന്നു.

ഗ്രൂപ്പ് 'ബി' ഗസറ്റഡ് പോസ്റ്റിലേക്ക് ജേണലിസം / മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്കും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. റിക്രൂട്ട്‌മെന്റ് ഭാഷാടിസ്ഥാനത്തിലായിരിക്കും. അപേക്ഷിക്കുന്ന ഭാഷ ഉദ്യോഗാര്‍ത്ഥി പത്താംതരം വരെ പഠിച്ചിരിക്കണം. സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനത്തിലോ വാര്‍ത്താ ഏജന്‍സിയിലോ ന്യൂസ്‌പേപ്പേഴ്‌സ് ഓഫ് ഇന്ത്യയില്‍ ലിസ്റ്റു ചെയ്ത ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലോ പത്രപ്രവര്‍ത്തനം, പബ്ലിസിറ്റി അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ജോലിയില്‍ 2 വര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം.

ഗ്രൂപ്പ് 'ബി' നോണ്‍ ഗസറ്റഡ് പോസ്റ്റിലേക്ക് ജേണലിസം / മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്കും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്.

നോണ്‍ ഗസറ്റഡ് തസ്തികയില്‍ തൊഴില്‍ നേടുന്നവര്‍ക്ക് പ്രമോഷനിലൂടെ ഗസറ്റഡ് തസ്തികയില്‍ എത്തിപ്പെടാന്‍ കഴിയും. അതുപോലെ ഗ്രൂപ്പ് ബി ഗസറ്റ് തലത്തില്‍നിന്ന് ഗ്രൂപ്പ് എ വിഭാഗത്തിലേക്ക് ഉദ്യോഗകയറ്റം ലഭിക്കുകയും ചെയ്യും.

ഉത്തരവാദിത്വങ്ങള്‍

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കൈകാര്യവും നിയന്ത്രണവും, സര്‍ക്കാര്‍ പരസ്യ ഏജന്‍സികളില്‍ പ്രസ്സ് അഡൈ്വസര്‍മാരായി പ്രവര്‍ത്തിക്കുക, സര്‍ക്കാരിന്റെ പത്ര സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, വിവിധ ഗവണ്‍മെന്റ് നയങ്ങളും പദ്ധതികളും ജനങ്ങളുമായി ആശയവിനിമയം നടത്തുക, നയ രൂപീകരണത്തിനായി ഫീഡ്ബാക്ക് ശേഖരിക്കുക, പ്രസിദ്ധീകരണങ്ങളുടെ ടൈറ്റില്‍ വെരിഫിക്കേഷന്‍, രജിസ്‌ട്രേഷന്‍, സര്‍ക്കുലേഷന്‍, നിയമപരമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയവയൊക്കെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഉത്തരവാദിത്വങ്ങളില്‍ ഉള്‍പ്പെടും.

തസ്തികകള്‍

അസിസ്റ്റന്റ് ഡയറക്ടര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍/ കറസ്‌പോണ്ടന്റ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, അസിസ്റ്റന്റ് റീജിയണല്‍ & റിസര്‍ച്ച് ഓഫീസര്‍, പ്രസ്സ് രജിസ്ട്രാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എഡിറ്റര്‍, കോപ്പി ടെസ്റ്റര്‍, റിസര്‍ച്ച് ഓഫീസര്‍, കാമ്പെയ്ന്‍ ഓഫീസര്‍, സീനിയര്‍ കറസ്‌പോണ്ടന്റ്കം എഡിറ്റര്‍, റീജിയണല്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് (വിദേശത്ത്), സീനിയര്‍ കറസ്‌പോണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ ആരംഭിച്ച് ഡയറക്ടര്‍, രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ജനറല്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ വരെ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്യുവാന്‍ കഴിയും.

പഠനം

നേരത്തെ പ്രതിപാദിച്ചതു പോലെ, ബിരുദധാരിയായ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും പത്രപ്രവര്‍ത്തനത്തിലോ മാസ് കമ്മ്യൂണിക്കേഷനിലോ പ്രത്യേക പഠനമൊന്നും കൂടാതെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിക്കുവാന്‍ കഴിയും. സിവില്‍ സര്‍വീസ് പരീക്ഷ വിജയം നേടുവാന്‍ കഴിയാത്തവര്‍ക്ക് ഗ്രൂപ്പില്‍ ബി തസ്തികയിലെത്തുന്നതിനായി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദ പഠനം നടത്തുകയോ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പഠിക്കുകയോ ചെയ്യണം.

വെബ്‌സൈറ്റുകള്‍

www.upsc.gov.in

www.mib.gov.in

www.iimc.nic.in

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു