മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത
Published on

കൊച്ചി: സവിശേഷമായ നേതൃശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ക്രിസ്തുവിന്‍റെ ലാളിത്യവും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ചുള്ള പുതുദിശാബോധവും പകർന്ന ഇടയശ്രേഷ്ഠനാണു കാലം ചെയ്ത ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയെന്ന് എറണാകുളം-അങ്കമാലി അതിരൂപത അനുസ്മരിച്ചു.

അര നൂറ്റാണ്ടു പിന്നിട്ട പൗരോഹിത്യ ജീവിതത്തിലൂടെയും മൂന്നു രൂപതകളിലെ ഇടയശുശ്രൂഷകളിലൂടെയും മാർ തൂങ്കുഴി സുവിശേഷസന്ദേശങ്ങളെ അനേകരിലേക്കെത്തിക്കുന്നതിനും ക്രിസ്തു സാക്ഷ്യം തെളിമയോടെ പ്രകാശിപ്പിക്കുന്നതിലും ശ്രദ്ധിച്ചു. ആഴമാർന്ന ജീവിതാനുഭവങ്ങളും സ്നേഹാർദ്രമായ ജീവിതശൈലിയും സമന്വയിപ്പിച്ചു സഭാശുശ്രൂഷകളെ അദ്ദേഹം കൂടുതൽ മഹത്വപൂർണവും സ്വീകാര്യതയുമുള്ളതാക്കി.

സഭയുടെ ദൗത്യങ്ങൾ ജീവിതഗന്ധിയും മനുഷ്യോന്മുഖവുമാകണമെന്നും കാലോചിതമായ പുതുക്കലുകൾ വേണമെന്നുമുള്ള ദർശനമാണ് മാർ തൂങ്കുഴിയുടെ ശുശ്രൂഷാജീവിതത്തെ വേറിട്ടു നിർത്തുന്നത്.

മാനന്തവാടി, താമരശേരി രൂപതകളിലും തൃശൂർ അതിരൂപതയിലും അദ്ദേഹത്തിന്‍റെ നേതൃശൈലി സഭയുടെ മാത്രമല്ല, സമൂഹത്തിന്‍റെയും മൂല്യനിർമിതിയ്ക്കും വളർച്ചയ്ക്കും പ്രചോദനമായിട്ടുണ്ട്. സേവനം ചെയ്ത രൂപതകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല മാർ തൂങ്കുഴിയുടെ ജീവിതം ചെലുത്തിയ സ്വാധീനം. കേരളസഭയ്ക്കാകെയും പുതുദിശാബോധം നൽകാനാവുന്ന ഇടപെടലുകൾ അദ്ദേഹം നടത്തി.

പ്രവർത്തനരീതി കൊണ്ടും ചിന്താധാര കൊണ്ടും എന്നും എറണാകുളം- അങ്കമാലി അതിരൂപതയോട് സാമീപ്യം പുലർത്തിയ മാർ തൂങ്കുഴി, ഉറച്ച നിലപാടുകളുടെ പ്രവാചകധർമം സധൈര്യം ഏറ്റെടുത്തു ദൈവജനത്തിന് എന്നും നല്ല ഇടയനായിത്തീർന്നു. മാർ തൂങ്കുഴിയുടെ നിര്യാണം സഭയ്ക്കും പ്രത്യേകമായി എറണാകുളം- അങ്കമാലി അതിരൂപതക്കും തീരാനഷ്ടമാണ്. അദ്ദേഹം തന്‍റെ ശുശ്രൂഷാജീവിതത്തിൽ പുലർത്തിയ സവിശേഷതകൾ വർത്തമാനകാല സഭയ്ക്കും അതിന്‍റെ നല്ല നാളെകൾക്കും പ്രചോദനമാകും.

കേരളസഭയ്ക്കു വിസ്മരിക്കാനാകാത്ത സംഭാവനകൾ‌ നൽകിയ മാർ ജേക്കബ് തൂങ്കുഴിയുടെ സ്വർഗപ്രാപ്തിയിൽ എറണാകുളം -അങ്കമാലി അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടേയും വൈദികരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും പ്രാർഥനകൾ നേരുന്നതായും അതിരൂപത പി ആർ ഒ ഫാ. പോൾ മേലേടത്ത് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org