വചനമനസ്‌കാരം

വചനമനസ്‌കാരം: No.175

എസ്. പാറേക്കാട്ടില്‍
ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അത് യേശുവാണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.
യോഹന്നാന്‍ 21:4

രണ്ടു സുവിശേഷങ്ങളിലെ രണ്ട് മത്സ്യബന്ധനരംഗങ്ങള്‍ വിശ്വാസപരിശീലനം എന്ന സര്‍ഗപ്രക്രിയയുടെ മനോഹരമായ ധ്യാനമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഗനേസറത്തു തടാകത്തിന്റെ തീരമാണ് ആദ്യരംഗം. 'ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക' - സുവിശേഷത്തിന്റെ വലവീശി ആദ്യശിഷ്യന്മാരെ പിടികൂടുന്നതിന് ആമുഖമായി യേശുക്രിസ്തു ശിമയോനോടു പറഞ്ഞത് ഈ വാക്കുകളാണ്.

ഗുരുവും നിയുക്തശിഷ്യനും തമ്മിലുള്ള ആദ്യദര്‍ശനം പക്ഷേ, ഗനേസറത്തു തടാകത്തിന്റെ തീരത്തായിരിക്കില്ല. തന്റെ വീട്ടിലെത്തി 'കലശലായ പനി ബാധിച്ചു കിടപ്പിലായ' അമ്മായിയമ്മയെ ഒറ്റവാക്കിനാല്‍ യേശു എഴുന്നേല്‍പിച്ചതിന് ശിമയോന്‍ സാക്ഷിയായിട്ടുണ്ടാകും. അതുകൊണ്ടാകും ഒരു രാത്രി മുഴുവന്റെയും പാഴ്‌വേലയെപ്പറ്റി പരാമര്‍ശിച്ചെങ്കിലും ഗുരു പറഞ്ഞതനുസരിച്ച് അയാള്‍ വലയിറക്കിയത്. മീനിന്റെ പെരുപ്പത്തില്‍ കീറിത്തുടങ്ങിയ വലയും മുങ്ങാറായ വള്ളങ്ങളും വിശ്വാസപരിശീലനത്തിന്റെ നിത്യഹരിതമായ ബിംബമാണ്.

'കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നുപോകണമേ, ഞാന്‍ പാപിയാണ്' എന്ന് ഗുരുവിന്റെ കാല്‍ക്കല്‍ വീണ് പറഞ്ഞ 'ആദ്യവിദ്യാര്‍ഥി' പിന്നീട് സുവിശേഷത്തിന്റെ വലയുടെ പ്രധാന വീശുകാരനും വലയുടെ സുവിശേഷത്തിന്റെ മുഖ്യപ്രഘോഷകനുമായി. യേശുവിന്റെ സുവിശേഷം പ്രപഞ്ചം മുഴുവനുമായി യുഗാന്തത്തോളം വിരിക്കപ്പെട്ട വലയാണ്.

കേപ്പയും കൂട്ടുകാരും ചേര്‍ന്നു വിരിച്ച ആ വലയില്‍ ചാകര നിറയ്ക്കാനാണ് വൈദികരും സമര്‍പ്പിതരും മാതാപിതാക്കളും വിശ്വാസപരിശീലകരും നേതൃശുശ്രൂഷകരുമായ നാമെല്ലാവരും നിയോഗിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് വീശി വിരിക്കാനുള്ളത് യേശുവിന്റെ സുവിശേഷത്തിന്റെ വലയാണ്; നമുക്ക് പ്രഘോഷിക്കാനുള്ളത് വലയുടെ സുവിശേഷമാണ്. വിശുദ്ധിയോടും ഒരുക്കത്തോടും പ്രാര്‍ഥനയോടും ആത്മസമര്‍പ്പണത്തോടും കൂടി നാം ആ വല വിരിച്ചാല്‍ 'നത്തോലി' മുതല്‍ 'തിമിംഗലസ്രാവ്' വരെ അതില്‍ ഇടം കണ്ടെത്തും!

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായത്തിലെ തിബേരിയാസ് കടല്‍ത്തീരമാണ് രണ്ടാം രംഗം. ഇതൊരു നൈരാശ്യത്തിന്റെ മീന്‍പിടുത്തമാണ്. 'ഞാന്‍ മീന്‍പിടിക്കാന്‍ പോകുകയാണ്' എന്ന ആദ്യവിലാപം നേതാവിന്റേതായിരുന്നു. 'ഞങ്ങളും നിന്നോടുകൂടെ വരുന്നു' എന്ന മറുപടി ഉടനെ വന്നു. മനുഷ്യബന്ധനത്തിന് പരിശീലനം ലഭിച്ചവര്‍ മത്സ്യബന്ധനത്തിലേക്ക് മടങ്ങുന്ന ദുരന്തം! ആദ്യരംഗത്തിലെ രാത്രിയുടെ തനിയാവര്‍ത്തനം! ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ കടല്‍ക്കരയില്‍ ഒരു രൂപം! 'കുഞ്ഞുങ്ങളേ' എന്ന ഒരു വിളി! നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ എന്ന അന്വേഷണം. ഇല്ല എന്ന് നെടുവീര്‍പ്പോടെയുള്ള ഉത്തരം.

'വള്ളത്തിന്റെ വലത്തുവശത്ത് വലയിടുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും' എന്ന വാഗ്ദാനം. അവര്‍ അനുസരിച്ചു. ആദ്യരംഗത്തിലേതു പോലെ മീനിന്റെ പെരുപ്പം! വലയുടെ സുവിശേഷത്തിന്റെ തനിയാവര്‍ത്തനം! 'അതു കര്‍ത്താവാണ്' എന്ന് ഏറ്റുപറയാന്‍ പിന്നെ താമസമില്ല. കരയ്ക്കിറങ്ങിയപ്പോള്‍ എന്താ കാഴ്ച! തീ കൂട്ടി മീനും അപ്പവുമായി കാത്തിരിക്കുന്ന അമ്മദൈവം! വന്നു പ്രാതല്‍ കഴിക്കാന്‍ ക്ഷണിച്ച ആ സ്‌നേഹവാത്സല്യത്തിനു മുന്നില്‍ അവര്‍ വിമൂകരായി. പാപിയാണെന്നും അകന്നുപോകണമെന്നും ഇത്തവണ ആരും പറഞ്ഞില്ല! പാവങ്ങള്‍! ലജ്ജയില്‍ കുതിര്‍ന്ന ആത്മാക്കള്‍! വല്ലാതെ കുളിരുന്നുണ്ടായിരുന്നു.

അതിനാല്‍ അമ്മദൈവത്തോട് മുട്ടിയുരുമ്മിയിരുന്ന് അവര്‍ പ്രാതല്‍ കഴിച്ചു. നീ ആരാണെന്ന് ചോദിക്കേണ്ടാത്തവിധം അത് കര്‍ത്താവാണെന്ന അറിവും ബോധ്യവും സ്‌നേഹവും അവരെ ഗ്രസിച്ചു. വിശ്വാസപരിശീലകര്‍ക്ക് അവശ്യം വേണ്ടത് ഈ ക്രിസ്തുമനസ്സാണ്. ആ മനസ്സാണ് യുഗാന്തം വരെയും അവന്റെ സുവിശേഷത്തിന്റെ വലയില്‍ മനുഷ്യരെ കുടുക്കുന്നത്.

ഗനേസറത്തും തിബേരിയാസും വിശ്വാസപരിശീലനത്തിന്റെ രണ്ട് ഉജ്ജ്വലമാതൃകകളാണ്. കടല്‍ത്തീരത്തെ രണ്ടു 'ക്ലാസുമുറികളില്‍' നിന്നും പിടയ്ക്കുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അവ അടുത്ത ലക്കത്തില്‍ ധ്യാനിക്കാം.

സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം

കുടിയേറ്റ ക്യാമ്പുകളില്‍ ആത്മീയസേവനം ലഭ്യമാക്കണ മെന്നു യു എസ് മെത്രാന്‍

അക്രമത്തിന് രണ്ടു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് പാക് സഭ