സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം

സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം
Published on
  • പോൾ തേലക്കാട്ട്

2023 ഡിസംബര്‍ ഏഴാം തീയതി വ്യാഴാഴ്ചയാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ രാജി വത്തിക്കാന്‍ പ്രതിനിധി കൊച്ചി വിമാനത്താവളത്തില്‍ വച്ച് എഴുതി വാങ്ങി തിരിച്ചുപോയത്. തീരാകളങ്കമായി മാറിയ ഈ സംഭവം പഠന വിഷയമാക്കണം - ഇത് ആവര്‍ത്തിക്കാതിരിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തീരുമാനമെടുത്തത് വ്യക്തിപരമായി മാത്രമാണ് എന്ന അഭിപ്രായമില്ല. വത്തിക്കാന്റെ ഭരണകാര്യാലയങ്ങളുടെ അധിപന്മാരുടെ അറിവോടും അംഗീകാരത്തോടും കൂടിയാവണം ഈ നിശ്ചയം. അവര്‍ അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തിയിട്ടുണ്ടാകും.

ഈ വലിയ ദുരന്തത്തിന് ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തി കൈ കഴുകാം എന്നു വരുന്നില്ല. ഈ പ്രതിസന്ധി സംബന്ധിച്ച എല്ലാ കാര്യങ്ങളും സിനഡ് കൃത്യമായി അറിഞ്ഞും പരിഗണിച്ചുമാണ് സംഭവിച്ചത്. ഈ ദുരന്തം തടയാന്‍ സിനഡിനു കഴിഞ്ഞില്ല എന്നതു ഗൗരവമായ വീഴ്ചയാണ്. സഭയുടെ ദുരന്തം കാണാനും അതില്‍ ഇടപെടാനും ഈ സഭാധ്യക്ഷന്മാര്‍ക്കു കഴിഞ്ഞില്ല എന്നത് സിനഡിന്റെ സ്വാതന്ത്ര്യം, അതിലെ പങ്കാളിത്തം, വ്യക്തിപരമായ ഉത്തരവാദിത്തം എന്നിവയെ ഗൗരവമായി ബാധിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

നമ്മുടെമേല്‍ ദൈവത്തിന്റെ അസാന്നിധ്യത്തിന്റെ നിഴല്‍ വീണത് എന്തുകൊണ്ട്? നാം ധര്‍മ്മത്തെ അടിച്ചു പുറത്താക്കി, നുണകൊണ്ട് യുദ്ധം വിജയിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതുകൊണ്ടു തന്നെ.

എന്തുകൊണ്ട് മാര്‍പാപ്പ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു? മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ മുഴുവന്റെയും പിതാവാകാതെ ഒരു വിഭാഗത്തിന്റെ മാത്രമായി മാറി. സിനഡ് തീരുമാനിച്ചതും പ്രശ്‌നങ്ങളായി മാറി. ആ പ്രശ്‌നങ്ങളെ നിയന്ത്രണവിധേയമാക്കാനായില്ല. പരിഹാരത്തിനു പറ്റിയ സംവിധാനങ്ങള്‍ ഉണ്ടാക്കാനും പരാജയപ്പെട്ടു.

മാത്രമല്ല സഭാവിരുദ്ധവും മനിക്കേയനും ഹെഗേലിയനും മാര്‍ക്‌സിയനുമായ കാഴ്ചപ്പാടിന്റെ വര്‍ഗ സംഘടനാശൈലി സ്വീകരിച്ചും പ്രതിഷേധിച്ച വരെ അടിച്ചമര്‍ത്തുന്ന അക്രൈസ്തവമായ നയം സ്വീകരിച്ചും ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചും നടത്തിയ യുദ്ധം, സുവിശേഷവിരുദ്ധമായ കളപറിക്കല്‍ പ്രത്യയശാസ്ത്രമായിരുന്നു. ഏതു മനുഷ്യസമൂഹത്തിലും പുരോഗമനപരവും യാഥാസ്ഥിതികവുമായ വിരുദ്ധ ധ്രുവ കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സീറോ മലബാര്‍ സഭയില്‍ അതിനു പ്രാദേശികമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. ഈ പ്രതിസന്ധികളെ സമുചിതവും ക്രൈസ്തവവുമായി വിശകലനം ചെയ്യാനും ആരെയും അന്യരാക്കാതെ സിനഡിനെപോലും വിശ്വസിച്ച് തീരുമാനങ്ങള്‍ എടുക്കാനും കഴിയാത്ത വിധം പ്രശ്‌നങ്ങളെ പ്രത്യയശാസ്ത്ര സംഘട്ടനവും പാര്‍ട്ടി തിരിഞ്ഞുള്ള ഏറ്റുമുട്ടലുമാക്കി. ഭൂരിപക്ഷം ന്യൂനപക്ഷത്തെ നിശ്ശബ്ദമാക്കി.

വിശ്വാസത്തെ പ്രത്യയശാസ്ത്രമാക്കി, ഭൂരിപക്ഷാധിപത്യമാക്കി. ഇതു സിനഡിനുണ്ടായ ഗൗരവമായ പ്രതിസന്ധിയാണ്. വ്യക്തികള്‍ സ്വന്തം ആന്തരികതയിലെ പ്രതിസന്ധികളെ നന്മതിന്മകളുടെ സംഘട്ടനത്തെക്കാള്‍ വിവിധ സാധ്യതകളുടെ തിരഞ്ഞെടുപ്പിന്റെ വിഷയമായി കാണാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞില്ല. ചിന്തയില്ലായ്മയുടെ ആള്‍ക്കൂട്ട വികാരം സിനഡിനെ ഭരിച്ചു. ഈ ആള്‍ക്കൂട്ട വികാരത്തിനും പാര്‍ട്ടി ചിന്തയ്ക്കും അതീതമായി ചിന്തിക്കാനോ പറയാനോ പറ്റാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക, പ്രിസ്ബിറ്ററോക്രസി പോലുള്ള ചിലരുടെ അബദ്ധചിന്തകള്‍ സഭാമണ്ഡലത്തെ ഭരിച്ചു.

ഇതിനെല്ലാം ഉപരിയായി വ്യക്തികള്‍ വത്തിക്കാനെയും മാര്‍പാപ്പയെയും വിദഗ്ദ്ധമായി വഞ്ചിക്കാനും നുണകള്‍ കൊണ്ട് കോട്ട കെട്ടാനും ചര്‍ച്ചകള്‍ തടയാനും ഗൂഢനുണകള്‍ പ്രചരിപ്പിക്കാനും ചിലര്‍ കാണിച്ച ആത്മവഞ്ചന സിനഡിനു തിരുത്താന്‍ കഴിയാത്ത വലിയ വിവേക ശൂന്യതയും സംഭവിച്ചു. സഭയും സിനഡും ശത്രുക്കളുടെയും മിത്രങ്ങളുടെയുമായി വിഭജിതമായി. ഒട്ടും െ്രെകസ്തവമല്ലാത്ത വികാരങ്ങള്‍ സിനഡിനുള്ളില്‍ കടന്നുകൂടി. ഇത് കുറിക്കുന്നവന്‍ 2015 ന്റെ ഓണനാളില്‍ സിനഡില്‍ പ്രവേശിച്ചതും നേരില്‍ അനുഭവിച്ചതുമാണ്. സഭയ്ക്കുള്ളില്‍ നിന്നും പുറത്തു നിന്നും വിവേകത്തിന്റെ നിരവധി ശബ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും സിനഡിന്റെ കനത്ത വൈരഭിത്തി കടന്നില്ല. ഈ സഭയുടെ സന്യാസശ്രേഷ്ഠര്‍ തന്നെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞതല്ലേ?

''ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അസഹനീയമായ ഭാരം അനിവാര്യമാക്കുന്നതാണ് ദുരന്തത്തിന്റെ കലാരൂപം'' എന്ന് ജോര്‍ജ് സ്‌റ്റെയ്‌നര്‍ എഴുതി. ദൈവം ഇറങ്ങിപ്പോയ ദേവാലയത്തിന്റെ അസഹനീയമായ ഭാരം കേരള ക്രിസ്ത്യാനികള്‍ അനുഭവിച്ചു. പക്ഷേ അത് സിനഡിന് അനുഭവിക്കാന്‍ ദൈവാനുഗ്രഹം ലഭിച്ചില്ല. ദുരന്തം പറന്നുവീണു. നമ്മുടെമേല്‍ ദൈവത്തിന്റെ അസാന്നിധ്യത്തിന്റെ നിഴല്‍ വീണത് എന്തുകൊണ്ട്? നാം ധര്‍മ്മത്തെ അടിച്ചു പുറത്താക്കി, നുണകൊണ്ട് യുദ്ധം വിജയിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതു കൊണ്ടു തന്നെ. ഭൂമി കച്ചവട വിവാദത്തിനും ''എല്ലാവരും ചെയ്യുന്നതാണ്'' എന്നു പറഞ്ഞ് അധര്‍മ്മത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത് സിനഡിന്റെ അറിവില്ലാതെയാണോ? കേരള ഹൈക്കോടതി 2021 ലും പിന്നീട് സുപ്രീം കോടതിയും ''കുറ്റകരമായ ഗൂഢാലോചന നടത്തി'' എന്നു പറഞ്ഞിട്ടും അത് അംഗീകരിക്കാന്‍ സിനഡിനു കഴിഞ്ഞോ? ''നിന്റെ ഏറ്റവും വലിയ പാപം നീ നിന്നെ തന്നെ നശിപ്പിച്ചു എന്നതാണ്'' എന്ന് ദെസ്തയേവ്‌സ്‌കി ഒരു കഥാപാത്രത്തെക്കുറിച്ച് പറയുന്നു.

ഈ വിധത്തില്‍ മെത്രാന്‍ സ്ഥാനത്തിന്റെ പവിത്രമായ ബിംബം തകര്‍ന്നു തരിപ്പണം ആക്കിയതിന് ആരാണ് ഉത്തരവാദി? ഒരു മെത്രാന്റെ പരസ്യമാക്കപ്പെട്ട ധാര്‍മ്മിക ദുരന്തത്തെ നേരിട്ടത് എത്ര അവിവേകപരമായിരുന്നു? അത് കന്യാസ്ത്രീകളുടെ ദൈവവിളികളുടെ വേരു മുറിച്ചത് എത്ര ഭീകരമായിട്ടാണ്.

മൗലികമായ അബദ്ധം അന്ത്യവിധി നടത്താനുള്ള അവകാശം മാര്‍ക്‌സിനെ പോലെ സ്വയം ഏറ്റെടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍പാപ്പയ്ക്ക് ഇടപെടേണ്ടിവന്നു. അത് അവസാന പ്രയോഗമായി. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയത് സിനഡായി മാറി. പഴമ പഠിക്കുന്നതു ഭാവിയിലേക്കു മുന്നേറാന്‍ അനിവാര്യമാണ്. ഇത് പഠിക്കാതെ പോയാല്‍ ഇതാവര്‍ത്തിക്കാന്‍ സാധ്യത വര്‍ധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org