സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍, ചിന്തകനും പ്രഭാഷകനും സാമൂഹ്യനിരീക്ഷകനുമായ ഡോ. സുനില്‍ പി ഇളയിടവുമായി ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്.
സ്‌നേഹം ഒരു രാഷ്ട്രീയകാര്യം
Published on
Q

എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം രാഷ്ട്രം ആഘോഷിച്ചത് ഒട്ടേറെ ആകുലതകള്‍ക്ക് നടുവിലാണ്. ഭരണകൂടങ്ങള്‍ക്ക് സംഭവിക്കുന്ന അപചയങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രതീകമാണ്, ദിലീപനില്‍ നിന്ന് അഗ്‌നിവര്‍ണ്ണനിലേക്കുള്ള പരിണാമം. അര്‍ഥകാമങ്ങളെ പോലും ധര്‍മ്മം ആക്കി മാറ്റിയ ദിലീപനില്‍ തുടങ്ങുന്ന രഘുവംശ ചരിത്രം, ജനങ്ങള്‍ക്കു കാണാന്‍ വേണ്ടി മട്ടുപ്പാവില്‍ തന്റെ ചെരിപ്പുകള്‍ തൂക്കിയിടുന്ന അഗ്‌നിവര്‍ണ്ണനില്‍ എത്തുന്ന വിപര്യയം. ജോര്‍ജ് വാഷിങ്ടണെയും എബ്രഹാം ലിങ്കനെയും പോലുള്ള പ്രഗല്‍ഭര്‍ ഭരിച്ചിരുന്നിടത്ത് ട്രംപ് എത്തിനില്‍ക്കുന്ന ഒരു വിപര്യയവുമുണ്ട്. ഗാന്ധിയും നെഹ്‌റുവും ഉണ്ടായിരുന്ന കാലത്തു നിന്ന് സമകാലിക പ്രശ്‌നങ്ങളുടെ ലോകത്തേക്ക് ഇന്ത്യയും കടന്നിരിക്കുന്നു. ഈ വിപരീത പരിണാമത്തെ താങ്കള്‍ എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്...

A

വാസ്തവത്തില്‍ നമ്മുടെ ലോകത്തെ ജനാധിപത്യ പ്രക്രിയയുടെ ചരിത്രം എടുത്താല്‍, അതിനുള്ളില്‍ ഈ ഒരു അട്ടിമറി തുടക്കം മുതല്‍ ഉണ്ട്. ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ നിര്‍വചനം നമുക്കെല്ലാം അറിയുന്നതുപോലെ ലിങ്കന്റെ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിലാണ്. ജനങ്ങളുടെ, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഉള്ള ഭരണകൂടം. പക്ഷേ പിന്നീടുള്ള ചരിത്രത്തിലേക്ക് നോക്കിയാല്‍ ഇതില്‍ ജനങ്ങളുടെ, ജനങ്ങള്‍ക്കുവേണ്ടി, എന്നിവ താരതമ്യേന പ്രബലമാവുകയും ജനങ്ങളാല്‍ എന്നുള്ളത് അപ്രസക്തമാവുകയും ചെയ്തു. ജനങ്ങളില്‍ നിന്നാണ്, ജനങ്ങള്‍ക്കുവേണ്ടിയാണ് എന്നല്ലാമുള്ള വാദങ്ങള്‍ ഫാസിസ്റ്റുകള്‍ പോലും ഉന്നയിക്കുകയും തങ്ങളുടെ ഭരണം ജനാധിപത്യമാണ് എന്ന് അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. ഹിറ്റ്‌ലറും മുസ്സോളിനിയും അതതു രാജ്യങ്ങളില്‍ ഏതാണ്ട് ഭൂരിപക്ഷ പിന്തുണയുള്ള ആളുകള്‍ ആയിരുന്നു. അവരും ജനങ്ങള്‍ക്കുവേണ്ടി എന്നാണ് അവകാശപ്പെട്ടിരുന്നത്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും ആയിരുന്നു. അതുകൊണ്ട് ജനാധിപത്യം എന്ന പ്രക്രിയയ്ക്കുള്ളിലെ ഈ ഒരു അടിസ്ഥാന വൈരുദ്ധ്യത്തെ നമുക്ക് എത്രത്തോളം അഭിമുഖീകരിക്കാന്‍ കഴിഞ്ഞു, ജനങ്ങള്‍ എന്ന അധികാരസ്ഥാനം ജനാധിപത്യത്തില്‍ എത്രത്തോളം ഉയര്‍ന്നു വന്നു, എന്ന ചോദ്യം വളരെ പ്രധാനമാണ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കോ ജാതി സമൂഹങ്ങള്‍ക്കോ മനുഷ്യാന്തസ്സോടെ കഴിയാന്‍ പറ്റുന്ന ഒരിടം എന്ന സ്ഥിതി 50 കൊല്ലം മുമ്പ് ഇന്ത്യയില്‍ എത്രത്തോളം ഉണ്ടായിരുന്നുവോ അതിന്റെ പത്തിലൊന്നു പോലും ഇന്ന് ഇല്ല. നിങ്ങള്‍ വ്യത്യസ്തനായ ഒരു മതവിശ്വാസിയാണ് എന്നത് അറസ്റ്റ് ചെയ്യപ്പെടാനോ വേട്ടയാടപ്പെടാനോ കൊല ചെയ്യപ്പെടാനോ ഉള്ള സ്വാഭാവികമായ കാരണമായി മാറിക്കഴിഞ്ഞു.
A

ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചു പറയുമ്പോള്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന് പറയുമെങ്കിലും സ്വാതന്ത്ര്യം എന്നത് സമത്വത്തിനോ സാഹോദര്യത്തിനോ ഉള്ള സ്വാതന്ത്ര്യമായി പില്‍ക്കാലത്ത് മാറിയില്ല. സമീര്‍ അമീന്‍ പറയുന്നത്, ലിബര്‍ട്ടി ആന്‍ഡ് പ്രോപ്പര്‍ട്ടി എന്നതിലേക്ക് അത് ചുരുങ്ങി എന്നാണ്. സ്വത്തുടമസ്ഥതയ്ക്കുള്ള അവകാശം എന്നതല്ലാതെ സാഹോദര്യ ത്തിനും സമത്വത്തിനും ഉള്ള അവകാശമായി അത് മാറുകയുണ്ടായില്ല. അങ്ങനെ നോക്കിയാല്‍ ആധുനികത ജന്മം നല്‍കിയ ജനാധിപത്യ സമത്വ സങ്കല്‍പ്പങ്ങള്‍ ആധുനികതയ്ക്കുള്ളില്‍ വച്ചു തന്നെ തലകീഴ്മറിയുന്ന ഒരു ചിത്രം നമുക്ക് ഇരുപതാം നൂറ്റാണ്ടില്‍ കാണാന്‍ സാധിക്കും. ഫാസിസം അതിനെ അതിന്റെ ഉച്ചസ്ഥാനത്തേക്ക് എത്തിച്ചു.

നമ്മുടെ ജനാധിപത്യ പ്രക്രിയയിലും നമുക്കിത് കാണാന്‍ സാധിക്കും. ദേശീയ പ്രസ്ഥാനം അടിസ്ഥാനപരമായി രണ്ട് ഘടകങ്ങളിലാണ് ഊന്നിയത്. ഒന്ന്, സാമ്രാജ്യത്വ വിരുദ്ധത. രണ്ട്, ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കു മുള്ള തുല്യാവകാശവും മനുഷ്യാന്തസ്സും. അംബേദ്കര്‍ ഈ മനുഷ്യാന്തസിന്റെ ഘടകത്തെ അതില്‍ സവിശേഷമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും സഹസ്രാബ്ദ ങ്ങള്‍ കൊണ്ട് ജാതീയമായി തട്ട് തിരിക്കപ്പെട്ട സ്ഥിതിയില്‍ നിന്ന്, സാമൂഹ്യനീതി എന്ന ആശയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ന് നാം നോക്കുമ്പോള്‍ ഭരണപ്രക്രിയയിലും ജനാധിപത്യത്തിന്റെ അവശേഷിക്കുന്ന പുറന്തൊണ്ടിലും ഇതൊന്നുമില്ല.

ആധുനികത ജന്മം നല്‍കിയ ജനാധിപത്യ സമത്വ സങ്കല്‍പ്പങ്ങള്‍ ആധുനികതയ്ക്കുള്ളില്‍ വച്ചു തന്നെ തലകീഴ് മറിയുന്ന ഒരു ചിത്രം നമുക്ക് ഇരുപതാം നൂറ്റാണ്ടില്‍ കാണാന്‍ സാധിക്കും. ഫാസിസം അതിനെ അതിന്റെ ഉച്ചസ്ഥാനത്തേക്ക് എത്തിച്ചു.
A

ജനാധിപത്യം അംബേദ്കറെ സംബന്ധിച്ച് രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ആയിരുന്നു. സാമ്പത്തിക ജനാധിപത്യം എന്ന ആശയം ഇന്ന് ആരെങ്കിലും പറയുന്നുണ്ടോ എന്നത് സംശയമാണ്. സാമൂഹിക ജനാധിപത്യം ചില സംഭാഷണങ്ങളിലൊക്കെ ഉണ്ടെങ്കിലും 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം എടുത്താല്‍ സാമൂഹിക ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുകയാണ് ചെയ്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കോ ജാതി സമൂഹങ്ങള്‍ക്കോ മനുഷ്യാന്തസ്സോടെ കഴിയാന്‍ പറ്റുന്ന ഒരിടം എന്ന സ്ഥിതി 50 കൊല്ലം മുമ്പ് ഇന്ത്യയില്‍ എത്രത്തോളം ഉണ്ടായിരുന്നുവോ അതിന്റെ പത്തിലൊന്നു പോലും ഇന്ന് ഇല്ല എന്ന് പറയാം. നിങ്ങള്‍ വ്യത്യസ്തനായ ഒരു മതവിശ്വാസിയാണ് എന്നത് അറസ്റ്റ് ചെയ്യപ്പെടാനോ വേട്ടയാട പ്പെടാനോ കൊല ചെയ്യപ്പെടാനോ ഉള്ള വളരെ സ്വാഭാവികമായ കാരണമായി മാറിക്കഴിഞ്ഞു, ഇന്ത്യയെ സംബന്ധിച്ചിട ത്തോളം. മുഹമ്മദ് അഖ്‌ലാക്ക് കൊല്ലപ്പെട്ട പ്പോള്‍ അത് ഇന്ത്യയ്ക്ക് ആകെ ഒരു ക്ഷോഭം ആയിരുന്നു. ഇപ്പോള്‍ എല്ലാ ദിവസവും ആളുകള്‍ കൊല്ലപ്പെടുന്നതുകൊണ്ട് പ്രത്യേകിച്ച് ക്ഷോഭം ഒന്നുമില്ല. ഫാസിസ്റ്റ് മനോനില പതിയെ പതിയെ സാമാന്യവല്‍ക്ക രിക്കപ്പെടുന്ന ഒരു സ്ഥിതിയുണ്ട്. വളരെ വിദ്വേഷ പൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ ഏതാണ്ട് അനുദിനമെന്നോണം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്നുണ്ട്. പക്ഷേ, രാജ്യം അതിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുലമൊന്നുമല്ല. ഗാസയില്‍ എല്ലാ ദിവസവും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. ഒരുപക്ഷേ സോമാലിയാ യില്‍ നമ്മള്‍ മുമ്പ് കണ്ടിരുന്ന അത്രമേല്‍ നിസ്സഹായമായ മനുഷ്യജീവിതത്തിന്റെ ഒരു ചിത്രം ഇന്ന് നമ്മുടെ മുമ്പിലേക്ക് വരുന്നത് ഗാസയില്‍ നിന്നാണ്. ലോകത്തിനു പക്ഷേ ഉല്‍ക്കണ്ഠ ഒന്നുമില്ല. ആ നിലയില്‍ നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രകൃതം രൂപപ്പെടുത്തിയ ഒരു ആശയത്തെ, അല്ലെങ്കില്‍ അനുഭവലോകത്തെ ഏതാണ്ട് പൂര്‍ണ്ണമായും നിരാകരിച്ച് ജനാധിപത്യത്തെ രാഷ്ട്രീയ ജനാധിപത്യം എന്ന നിലയിലേക്ക് ചുരുക്കി സാമൂഹിക സാമ്പത്തിക ഘടകങ്ങളെ ജനാധിപത്യത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കി. രാഷ്ട്രീയ ജനാധിപത്യം എന്നത് തന്നെ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പകരം വര്‍ഗീയ ഭൂരിപക്ഷത്തെ മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഒരു തലത്തിലേക്ക് മാറ്റി. ഇത് അംബേദ്കര്‍ വളരെ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ഇന്ത്യന്‍ ജനാധിപത്യം നേരിടാന്‍ ഇരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയായി അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്. അതിന്റെ നിര്‍വഹണ സ്ഥാനത്താണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഒരു ആശയം തലകീഴ് മറിയാവുന്നതിന്റെ പരമാവധിയില്‍ നമ്മള്‍ എത്തി എന്ന് വേണമെങ്കില്‍ പറയാം.

Q

? ഫാസിസത്തിന് അനുകൂലമായ ഒരു പൊതുബോധം ഇവിടെ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ക്രമാനുഗതമായ ഒരു പ്രക്രിയയാണ് അത്. സത്യാനന്തര കാലവുമായി ബന്ധപ്പെടുത്തി ചിന്തിക്കു മ്പോള്‍ ഉമ്പര്‍ത്തോ എക്കോയുടെ ഒരു പരാമര്‍ശം ഉണ്ട്, 'വിജയിക്കുന്ന നുണയാണ് സത്യം.' സത്യാനന്തര കാലത്തില്‍ ലോകത്തില്‍ പൊതുവായും ഭാരതത്തില്‍ വിശേഷമായും ഈ ഒരു സാഹചര്യം ഉണ്ട്. മുഖ്യധാരാമാധ്യമങ്ങളെ ഫാസിസം വിലയ്‌ക്കെടുത്തിരിക്കുന്നു. ഫെയ്ക്ക് ഐഡികളും ധാരാളം youtube ചാനലുകളും ഉപയോഗിച്ചു ഈ പ്രൊപ്പഗാണ്ട നടന്നുകൊണ്ടിരിക്കുന്നു. ഈ സത്യാനന്തര പ്രവണതകള്‍ക്കുള്ള ഒരു മറുമരുന്ന് എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

A

വളരെ ദീര്‍ഘമായ ഒരു പ്രക്രിയ ആയിട്ടാണ് അത് എനിക്ക് തോന്നുന്നത്. കാരണം നമ്മുടെ മാധ്യമമണ്ഡലം ഏതാണ്ട് പൂര്‍ണ്ണമായും ഫാസിസ്റ്റ് പ്രകൃതം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഫാസിസത്തെ അത് പ്രത്യക്ഷമായി പിന്തുണയ്ക്കുന്നു എന്ന അര്‍ഥത്തില്‍ മാത്രമല്ല ഞാനത് പറയുന്നത്. ഉദാഹരണത്തിന്, മാധ്യമങ്ങളിലൂടെ ഒരാള്‍ക്ക് കൈവരേണ്ട അറിവ് ഏത് തരത്തിലുള്ളതാണ്? കുറെ വിവരങ്ങള്‍ കോരി നിറയ്ക്കല്‍ ആണോ? കുറെ വസ്തുതകള്‍ കൊണ്ട് ആളുകളെ രസിപ്പിക്കലാണോ? കൗതുകകരമായ വിവരങ്ങളുടെ ഒരു ശൃംഖല ഉണ്ടാക്കി വിജ്ഞാനികളാണ് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച്, എന്നാല്‍ ലോകയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സൂക്ഷ്മധാരണകള്‍ യാതൊന്നും ഇല്ലാത്തവരായി അവരെ മാറ്റി തീര്‍ക്കുക. ഇത് ഇന്നു ധാരാളമായി നടക്കുന്നുണ്ട്, വിവരമാണ് വിജ്ഞാനം എന്ന് തെറ്റിദ്ധരിക്കാന്‍ നമുക്ക് ഇടയാകുന്നുണ്ട്. നമ്മുടെ ക്രിട്ടിക്കല്‍ സെന്‍സിബിലിറ്റി എന്ന് പറയുന്നത് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുകയും രണ്ടോ മൂന്നോ ദിവസം മാത്രം നിലനില്‍ക്കുകയും പ്രത്യേകിച്ചൊരു ഫലവും ഉല്‍പാദിപ്പിക്കാതെ അവസാനിക്കുകയും ചെയ്യുന്ന വിവാദങ്ങള്‍ ആയിരിക്കുന്നു. interpretative potential, critical sensibility എന്നിവയൊന്നും മാധ്യമങ്ങളില്‍ നിന്ന് രൂപപ്പെടുക ഇപ്പോള്‍ എളുപ്പമല്ല. പകരമുള്ളത് വിവാദങ്ങളുടെയും വിനോദങ്ങളുടെയും ഒരു ലോകമാണ്. അകം പൊള്ളയായ ഒരു സമൂഹനിര്‍മ്മാണത്തിന് വളരെ കൂടുതല്‍ പര്യാപ്തമായ ഒരു മാധ്യമമണ്ഡലം വന്നിട്ടുണ്ട്. ഈ മാധ്യമമണ്ഡലത്തിലാണ് സത്യാനന്തരം എന്ന് പറയാവുന്ന ഒരു മാധ്യമ അന്തരീക്ഷം വേരു പിടിക്കുന്നത്. വസ്തുതയെ വെറുമൊരു വിവരശകലമായി കാണുന്നതിനു പകരം ഒരു സമൂഹയാഥാര്‍ഥ്യത്തിലും ചരിത്ര സന്ദര്‍ഭത്തിലും വച്ച് അതിനെ മനസ്സിലാക്കിയാല്‍, അത് ഒരു ധാരണ അഥവാ അണ്ടര്‍സ്റ്റാന്‍ഡിങ് ആയി മാറും. മറിച്ച് ഒരു കേവലവിവരം ആണെങ്കില്‍ അതൊരു പൊങ്ങുതടി പോലെ നില്‍ക്കും. പൊങ്ങുതടി പോലെ നില്‍ക്കുന്ന വിവരത്തിന്റെ ഒരു കുഴപ്പം, ഇതില്‍ ഏതാണ് ചരിത്രപരമായ ശരി, ഏതാണ് തെറ്റ് എന്ന് അവിടെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ്. ഒരു വിവരത്തെ ആധികാരികമാക്കുന്നതും അതിന്റെ സത്യാത്മകതയുടെ അടിസ്ഥാനം ആയിരിക്കുന്നതും അത് ചരിത്രത്തില്‍, ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന തിരിച്ചറിവാണ്. തിരിച്ചറിവ് ഉണ്ടാക്കുവാന്‍ ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസം സഹായകരമല്ല, നമ്മുടെ മാധ്യമമണ്ഡലവും സഹായകരമല്ല. അതുകൊണ്ടുതന്നെ ഈ സത്യാനന്തരതയുടെയും ഫാസിസ്റ്റ് പ്രചാരവേലയുടെയും ലോകത്തെ ചെറുക്കാന്‍ താരതമ്യേന വളരെ വിപുലമായ ഒരു പരിശ്രമം ആവശ്യമുണ്ട്.

ഇന്ത്യ ഉപനിഷത്തുകളുടെ നാടാണ് എന്ന് നാം എത്രയെങ്കിലും തവണ കേട്ടിട്ടുണ്ടാകും. പക്ഷേ ഇന്ത്യ ബുദ്ധന്റെ നാടാണെന്നോ അര്‍ഥശാസ്ത്രത്തിന്റെ നാടാണെന്നോ കാമസൂത്രത്തിന്റെ നാടാണെന്നോ നാം കേള്‍ക്കുകയില്ല. എന്നാല്‍ ബുദ്ധന്‍ പ്രവര്‍ത്തിച്ചതിന്റെ ആയിരത്തില്‍ ഒരംശം ഉപനിഷത്തുകള്‍ ഇന്ത്യന്‍ ജീവിതത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ചിട്ടില്ല.
A

അതു രണ്ടുതരത്തില്‍ കാണണം എന്ന് ഞാന്‍ കരുതുന്നു. ഒന്ന്, കീഴ്ത്തട്ടിലെ അറിവുരൂപങ്ങളെ കുറെക്കൂടി സൂക്ഷ്മവല്‍ക്കരി ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം. അറിവ് എന്നു പറയുന്നതിനെ സന്ദര്‍ഭവവല്‍ക്കരി ക്കാനും ചരിത്രപരമായി അതിനെ നോക്കാനും ഒക്കെയുള്ള ഒരു പരിശീലനം നാം ബോധപൂര്‍വം ഉണ്ടാക്കിയെടുക്കണം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അത് ആരും ചെയ്യുന്നില്ല. രണ്ട്, മനുഷ്യര്‍ക്കിടയിലെ സ്‌നേഹത്തെയും സാഹോദര്യ ഭാവനയെയും ഉയര്‍ത്തിപ്പിടിക്കണം. സ്‌നേഹം എന്നത് ഒരു രാഷ്ട്രീയ കാര്യമാണ്, വ്യക്തിപരമായ കാര്യം അല്ല. സ്‌നേഹത്തെക്കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും മനോഹരമായ ഒബ്‌സര്‍വേഷന്‍ love is that condition in which happiness of another person is essential for your own എന്നതാണ്. അതായത് എന്റെ സ്‌നേഹാനുഭവം, സ്‌നേഹാനന്ദം എന്നതിന്റെ വേര് മറ്റൊരാളാണ്. മറ്റൊരാള്‍ അതിന്റെ കേന്ദ്രത്തില്‍ ഉണ്ട്. അങ്ങനെ സ്‌നേഹത്തെ ഒരു അടിസ്ഥാന രാഷ്ട്രീയ സാമൂഹ്യ സംവര്‍ഗമായി വികസിപ്പിക്കാന്‍ നമുക്ക് പറ്റണം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിന്റെ വിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. ആളുകള്‍ക്കിടയിലുള്ള ഭിന്നതകളെയും വ്യത്യാസങ്ങളെയും അവര്‍ക്കിടയിലുള്ള ചെറിയ തര്‍ക്കങ്ങളെയും ഒക്കെ ശത്രുതയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യത്യാസം എന്നത് എതിര്‍പ്പല്ല. വ്യത്യാസം പ്രകൃതിയുടെ അടിസ്ഥാന സ്വഭാവമാണ്. എതിര്‍പ്പ് എന്നത് നിലപാടുകളെ അടിസ്ഥാനപ്പെടുത്തി നാം രൂപപ്പെടുത്തി എടുക്കേണ്ടതാണ്. ഇപ്പോള്‍ അങ്ങനെയല്ല, ഏതു വ്യത്യാസവും ശത്രുതയായിത്തീരുന്ന ഒരു അന്തരീക്ഷമാണ് ഉള്ളത്. ഈ രണ്ടു തലങ്ങളില്‍ ഒന്ന് അനുഭവപരവും മറ്റൊന്ന് ധൈഷണികവുമാണ്. പക്ഷേ ഇവ രണ്ടു കാര്യങ്ങള്‍ അല്ല. ധൈഷണികമായ ഈ വീക്ഷണം ആണ് അനുഭവബോധത്തെ ഉണ്ടാക്കുന്നത്. അനുഭാവികമായാല്‍ മാത്രമേ, ധൈഷണികതയ്ക്ക് ഒരു മൂല്യമുണ്ടാകൂ. അല്ലെങ്കില്‍ അതൊരു പാണ്ഡിത്യപ്രകടനം ആയി അവസാനിക്കും.

Q

? കണ്ണീരിനെക്കുറിച്ചുള്ള ധ്യാനമാണ് പൊതുപ്രവര്‍ത്തനം എന്ന് വൈലോപ്പിള്ളിയുടെ ഒരു പരാമര്‍ശം ഉണ്ട്. ഒരു സ്ത്രീ പുഴയില്‍ ഇറങ്ങി വസ്ത്രം ധരിക്കാന്‍ സൗകര്യമില്ലാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വസ്ത്രം ധരിക്കാന്‍ കഴിയുന്ന കാലത്തു മാത്രമേ ഞാന്‍ ഇനി വസ്ത്രം ധരിക്കൂ എന്നു പറഞ്ഞ ഗാന്ധിയെ നമുക്ക് ഓര്‍മ്മയുണ്ട്. സര്‍ക്കാര്‍ ഫയല്‍ നോക്കാന്‍ സര്‍ക്കാരിന്റെ മെഴുകുതിരിയും ഭഗവത്ഗീത വായിക്കാന്‍ സ്വന്തം മെഴുകുതിരിയും ഉപയോഗിച്ചിരുന്ന വിശ്വേശ്വരയ്യ എന്ന ദിവാന്‍ നമുക്കുണ്ടായിരുന്നു. ഈ ഗാന്ധിയന്‍ ചിന്താപ്രക്രിയ സംബന്ധിച്ച ഒരു മറവി ഭാരതത്തെ ഗ്രസിക്കുന്നില്ലേ?

A

വ്യക്തിപരമായ ഇത്തരം ധാര്‍മ്മികത ഒരു പ്രധാന കാര്യം ആയിരിക്കെ തന്നെ, മഹാഭൂരിപക്ഷം മനുഷ്യരുടെയും കണ്ണീര് എന്നത് ഒരു ഘടനാപരമായ പ്രശ്‌നം കൂടിയാണ്. വ്യക്തിപരമായ ഒരു പ്രശ്‌നം മാത്രമല്ല. അതാണ് ഒരു വശത്ത് ധൈഷണിക ധാരണ വേണം എന്നു പറഞ്ഞത്. ഈ ലോകം എന്തുകൊണ്ട് ഇങ്ങനെയായിരിക്കുന്നു, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് അത് അനുഭവിക്കേണ്ടിവരുന്നത് അവരുടെ ദൗര്‍ഭാഗ്യം കൊണ്ടാണോ അതോ അവരുടെ വിധിയാണോ, എന്ന ചോദ്യത്തിന് അപ്പുറം കടന്ന് ഇതിനെ രൂപപ്പെടുത്തുന്ന ലോക സമ്പദ് വ്യവസ്ഥ, രാഷ്ട്രീയ അധികാര ഘടനാപരമായ കാര്യങ്ങള്‍ എന്നിവയെ മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ക്കൊരു സൈദ്ധാന്തികമായ ചട്ടക്കൂട് വേണം. അതാണ് ഞാന്‍ നേരത്തെ ധൈഷണികം എന്നു പറഞ്ഞത്. പക്ഷേ ആ ധൈഷണികതല മുണ്ടാവുകയും നമ്മുടെ തൊട്ടുമുമ്പില്‍ അരങ്ങേറുന്ന യാതനയെക്കുറിച്ച് യാതൊരു കരുതലും ഉല്‍ക്കണ്ഠയും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അറിവ് എന്നത് അര്‍ഥശൂന്യമായി തീരും.

വളരെ വിദ്വേഷ പൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ ഏതാണ്ട് അനുദിനമെന്നോണം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്നുണ്ട്. പക്ഷേ, രാജ്യം അതിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുല മൊന്നുമല്ല.
A

കണ്ണീരിനെക്കുറിച്ചുള്ള തിരിച്ചറിവും ആ കണ്ണീരിനോടുള്ള അനുതാപവും തമ്മില്‍ ചേരുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തിപരമായ അനുതാപം നിങ്ങള്‍ക്ക് വേദന അനുഭവിക്കുന്ന മനുഷ്യരോടുണ്ട് എന്നുള്ളത് ഒരു പോരായ്മയൊന്നും അല്ല. പക്ഷേ ആ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ അത്രയും പോരാ. ഘടനാപരമായ പ്രശ്‌നത്തെക്കുറിച്ച് തിരിച്ചറിവുണ്ട്, എന്നാല്‍ നമ്മുടെ മുമ്പിലുള്ള പ്രശ്‌നത്തെക്കുറിച്ച് അനുതാപം പോരാ എന്നു വന്നാല്‍ നിങ്ങളുടെ അറിവ് ഒരു തരത്തില്‍ അര്‍ഥശൂന്യമാണ്. ഇത് രണ്ടും കൂട്ടിയിണക്കപ്പെടണം. ആ കൂട്ടിയിണക്കല്‍ നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. ഗാന്ധിയില്‍ രണ്ടാമത്തെ ഘടകം വളരെ ശക്തമായി ഉണ്ടായിരുന്നു. ആദ്യത്തെ ഘടകം അത്ര ശക്തമായിരുന്നില്ല. ഉദാഹരണത്തിന്, ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ഗാന്ധി ആ തരത്തില്‍ അല്ല മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ധാരണകളില്‍ വലിയ പരിമിതികള്‍ ഉണ്ട്. ഘടനാപരമായി അദ്ദേഹം ജാതിയെ കണ്ടതേയില്ല. അദ്ദേഹം കണ്ടത് ഹിന്ദുമതത്തിന് അകത്തുള്ള ചില ആചാര പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്കാണ്.

കണ്ണീരിനെക്കുറിച്ചുള്ള തിരിച്ചറിവും ആ കണ്ണീരിനോടുള്ള അനുതാപവും തമ്മില്‍ ചേരുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
A

മുതലാളിത്തം എന്ന ഘടനാബന്ധത്തെക്കുറിച്ചുള്ള യാതൊരു ധാരണയും ഇല്ലാതെ ഇന്നത്തെ ലോകത്തിലെ അസമത്വത്തിന്റെയോ ചൂഷണത്തിന്റെയോ പ്രകൃതിയെ നമുക്ക് അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ഈ രണ്ടു ഘടകങ്ങളെയും കൂട്ടിയിണക്കണം. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സ്ഥിതി രണ്ടും ഇല്ലാതായി എന്നതാണ്. ഒരു ലോകത്തെ തിരിച്ചറിയാനുള്ള ധൈഷണികശേഷിയും പൊതുജീവിതത്തില്‍ കുറഞ്ഞു, യാതന അനുഭവിക്കുന്ന മനുഷ്യരോടുള്ള അനുതാപവും കുറഞ്ഞു.

Q

? സത്യാനന്തരകാലം നമ്മുടെ മേലെ ഫാസിസ്റ്റ് നിഴല്‍ വീഴ്ത്തി കൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും ഇവിടെ ഒരു പ്രതിസംസ്‌കാരം വളര്‍ത്തേണ്ടതിന്റെ, വിയോജിപ്പിന്റെ വ്യാകരണം എഴുതേണ്ടതിന്റെ ആവശ്യമുണ്ട്. പക്ഷേ ഇപ്പോള്‍ കാണുന്ന ഒരു പ്രശ്‌നം എഴുത്തോ നിന്റെ കഴുത്തോ എന്ന് ചോദിക്കുമ്പോള്‍ കഴുത്തു മതി എന്നു പറയുന്നവര്‍ എണ്ണത്തില്‍ കൂടുകയാണ്. അപ്പം വേണോ സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കുമ്പോള്‍ അപ്പം മതി എന്നു പറയുന്ന പക്ഷം ചേരലുകള്‍ നമ്മുടെ കാലത്തുണ്ട്. ഹൈഡഗറിന്റെ ബീയിംഗ് ആന്‍ഡ് ടൈമിന് അവതാരിക എഴുതിയത് ചിന്തകനായ എഡ്മണ്ട് ഹുസേള്‍ ആണ്. 'എന്റെ ഗുരുവും സുഹൃത്തുമായ ഹുസേളിന് ആദരപൂര്‍വം' എന്നാണ് ഹൈഡഗര്‍ എഴുതുന്നത്. പക്ഷേ ഹുസേള്‍ ഒരു ജൂതന്‍ ആയതുകൊണ്ട് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞപ്പോള്‍ ഈ സമര്‍പ്പണം എഴുതിയ പേജ് വലിച്ചുകീറി കളഞ്ഞു. പിന്നീടുള്ള പതിപ്പുകളില്‍ അതില്ല. ഹുസേള്‍ ഒരു ക്രൈസ്തവനായി പരിണാമപ്പെടുന്നു, ആശ്രമത്തില്‍ അഭയം തേടുന്നു, ഹൈഡഗര്‍ 1933 ല്‍ ഫ്രൈബുര്‍ഗ് യൂണിവേഴ്‌സിറ്റി റെക്ടറായി മാറുന്നു, തുടര്‍ന്ന് നാസി പാര്‍ട്ടിയില്‍ അംഗത്വവും എടുക്കുന്നു. ഈ പക്ഷം ചേരലുകള്‍ നമ്മുടെ നാട്ടിലും ഉണ്ട്. ബുദ്ധിജീവിസമൂഹത്തെ ലക്ഷ്യമിടാനും അവരെ നിശ്ശബ്ദരാക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഭാരതീയവല്‍ക്കരണം എന്ന പേരിലാണ് കാവിവല്‍ക്കരണം നടക്കുന്നത്. ഈ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

A

കാവിവല്‍ക്കരണത്തെ ചെറുക്കാനുള്ള ഇപ്പോഴുള്ള ശ്രമങ്ങളുടെ ഒരു പരിമിതിയായി എനിക്ക് തോന്നുന്നത് നമ്മള്‍ അതിന്റെ രൂപപ്പെടലിനെയോ ചരിത്രപരമായ അടിസ്ഥാനങ്ങളെയോ കാര്യമായി നോക്കുന്നില്ല എന്നതാണ്. ഒരു രാഷ്ട്രീയ സംഘടന എന്ന നിലയ്ക്ക് ജനസംഘമോ ബി ജെ പി യോ ഉണ്ടായി വന്നതിന്റെ ശേഷം വികസിച്ചതല്ല ഇന്ത്യയുടെ വര്‍ഗീയത. ഇന്ത്യയിലെ വര്‍ഗീയത വാസ്തവത്തില്‍ ഇന്ത്യന്‍ ആധുനികതയോട് ബന്ധമുള്ള ഒരു കാര്യമാണ്. സാമ്രാജ്യ വല്‍ക്കരണത്തിന്റെ ഒരു സാഹചര്യത്തിലാണ് ഇന്ത്യ ആധുനികമാകാന്‍ ശ്രമിച്ചത് എന്നതുകൊണ്ടു തന്നെ സാമ്രാജ്യത്വത്തിന്റെ സ്വാധീനതകളില്ലാത്ത ഒരു ആഭ്യന്തരമണ്ഡലം ഇന്ത്യന്‍ ബുദ്ധിജീവി സമൂഹത്തിന്റെയും മധ്യവര്‍ഗത്തിന്റെയും വലിയ പ്രതീക്ഷകളില്‍ ഒന്നായിരുന്നു. ഈ ആഭ്യന്തര മണ്ഡലമാണ് ഒരു മധ്യവര്‍ഗ ഗാര്‍ഹികതയുടെ മണ്ഡലമായി മാറിയത്. പുറത്ത് രാഷ്ട്രീയപരമായും സാമൂഹികമായും സാമ്പത്തികമായും ഉള്ള എല്ലാ മണ്ഡലങ്ങളും സാമ്രാജ്യവല്‍ക്കരിക്ക പ്പെട്ടപ്പോള്‍ ഒരു കളങ്കമില്ലാത്ത വിശുദ്ധലോകം തങ്ങള്‍ക്കു വേണം എന്നായി. അധിനിവേശം സ്പര്‍ശിക്കാത്ത, അങ്ങനെയൊരു വിശുദ്ധ ലോകം ഒരു തരത്തില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയപദ്ധതി കൂടിയാണ്. ഇന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിട്ട് കൂടിയാണ് ഗാര്‍ഹികതയുടെ ഈയൊരു മണ്ഡലം വന്നത്. ഈ മണ്ഡലം വളരെയധികം ബ്രാഹ്മണിക്കല്‍ ആയിരുന്നു, പുരുഷാധിപത്യപരവും ആയിരുന്നു. ഈ മണ്ഡലത്തെ മുന്‍നിര്‍ത്തിയാണ് സംസ്‌കൃത വല്‍ക്കരണം എന്ന് വിശേഷിപ്പിക്കാവുന്ന ആ പ്രക്രിയ നടന്നത്. ഓരോ തദ്ദേശീയ കൂട്ടായ്മകളും ഈ അപ്പ് വേര്‍ഡ് മൊബിലിറ്റി ശ്രമിക്കുന്ന സമയത്ത് ഈ ഗാര്‍ഹികതയുടെ ഒരു യുക്തിയെ സ്വാംശീകരിച്ച് അവര്‍ അറിയാതെ തന്നെ ബ്രാഹ്മണ്യത്തിന്റെയും വര്‍ഗീയതയുടെയും തലത്തിലേക്ക് കടക്കുന്നുണ്ട്. ഇങ്ങനെയൊരു വിശാല ചട്ടക്കൂടിനകത്താണ് ഇന്ത്യന്‍ വര്‍ഗീയത, പ്രത്യേകിച്ച് ഹിന്ദു വര്‍ഗീയത വേരാഴ്ത്തി നില്‍ക്കുന്നത്. അതിനെ അഭിമുഖീകരി ക്കാതെ, അതിന്റെ അവസാനത്തെ രാഷ്ട്രീയ രൂപങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കാന്‍ ശ്രമിക്കുന്ന സമയത്ത് നിങ്ങള്‍ ഈ രാഷ്ട്രീയ രൂപത്തെ പരാജയപ്പെടുത്തിയാലും വര്‍ഗീയത പരാജയപ്പെടുകയില്ല. ഇതാണ് ഇതിലുള്ള ഒരു പ്രശ്‌നം. ലളിതമായി പറയാം. ഇന്ത്യ ഉപനിഷത്തുകളുടെ നാടാണ് എന്ന് നാം എത്രയെങ്കിലും തവണ കേട്ടിട്ടുണ്ടാകും. പക്ഷേ ഇന്ത്യ ബുദ്ധന്റെ നാടാണെന്നോ അര്‍ഥശാസ്ത്രത്തിന്റെ നാടാണെന്നോ കാമസൂത്രത്തിന്റെ നാടാണെന്നോ നാം കേള്‍ക്കുകയില്ല. എന്നാല്‍ ബുദ്ധന്‍ പ്രവര്‍ത്തിച്ചതിന്റെ ആയിരത്തില്‍ ഒരംശം ഉപനിഷത്തുകള്‍ ഇന്ത്യന്‍ ജീവിതത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. ഈയൊരു സംഘര്‍ഷം അഭിസംബോധന ചെയ്യപ്പെടണം. ദൗര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ആലോചനകള്‍ ഇല്ല. കൂടാതെ നമ്മുടെ എഴുത്തുകാരില്‍ ഒരു വിഭാഗം ഇതിനോടൊക്കെ ഒത്തുതീര്‍പ്പിന് സന്നദ്ധമാകുന്ന നില കൂടുതല്‍ കൂടുതലായി സ്വീകരിക്കുകയാണ്. മുമ്പ് അങ്ങനെ ആയിരുന്നില്ല. അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ അടിയന്തരാവസ്ഥയെ പിന്തുണച്ച ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ വിമര്‍ശനത്തിന്റെ, വിമതത്വത്തിന്റെ സ്വരവും ഉണ്ടായിരുന്നു. ഇന്നു പക്ഷേ ഈ വിമതസ്വരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരികയും ഒരു ഫാസിസ്റ്റ് അജണ്ടയോട് ഒത്തുപോകാന്‍ സന്നദ്ധരായ ആളുകള്‍ കൂടിവരികയും ചെയ്യുന്നു. ആദരണീയരെന്ന് നമ്മള്‍ പൊതുവേ വിലയിരുത്തിയ ധാരാളം പേരെ ഫാസിസത്തിന്റെ ക്യാമ്പില്‍ നമ്മള്‍ കാണുന്നു.

ഒരു വിവരത്തെ ആധികാരികമാക്കുന്നതും അതിന്റെ സത്യാത്മകതയുടെ അടിസ്ഥാനം ആയിരിക്കുന്നതും അത് ചരിത്രത്തില്‍, ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന തിരിച്ചറിവാണ്. തിരിച്ചറിവ് ഉണ്ടാക്കുവാന്‍ ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസം സഹായകരമല്ല, നമ്മുടെ മാധ്യമമണ്ഡലവും സഹായകരമല്ല.
A

നമ്മള്‍ കാരുണ്യം എന്നു പറയുന്ന മൂല്യം എന്താണ്? നിങ്ങള്‍ക്ക് ചുറ്റുമുള്ള ഏതെങ്കിലും ഒരാളെ കാണുമ്പോള്‍ അഞ്ചോ പത്തോ ഉറുപ്പിക ദാനം കൊടുക്കുന്നതിന്റെ പേരാണോ? അതോ കാരുണ്യം എന്നത് ഒരു സാമൂഹിക മൂല്യമാണോ? അനുകമ്പ എന്നത് വിശാലാര്‍ഥത്തില്‍ എന്താണെന്ന് ചോദിച്ചാല്‍ തന്നില്‍ നിന്ന് താന്‍ അല്ലാത്തവരിലേക്ക് കടന്നു നില്‍ക്കാനുള്ള ഒരു ശേഷിയാണ്. സ്വന്തത്തെ അപരനോട് സാത്മീകരിക്കുമ്പോഴാണ് അനുകമ്പ പ്രകടമാകുന്നത്. അല്ലാതെ അതൊരു ഔദാര്യ ബുദ്ധിയല്ല. കരുണ എന്നത് വലിയൊരു സാമൂഹ്യ പദ്ധതിയാണ് അല്ലാതെ നിങ്ങള്‍ ഇടയ്ക്ക് ആളുകളോട് കാണിക്കുന്ന സഹതാപത്തിന്റെ പേരല്ല. മറിച്ച് സ്വന്തത്തെ അപരനിലേക്ക് തുറക്കുകയും അപരനില്‍ അതിനെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണ്. അങ്ങനെയുള്ള തിരിച്ചറിവുകള്‍ക്കു പകരം ഇതെല്ലാം വ്യക്തി വല്‍ക്കരിക്കപ്പെടുന്നു. മൂല്യങ്ങളെ വ്യക്തിവല്‍ക്കരിച്ചാലുള്ള കുഴപ്പം അറിയാമോ? നിങ്ങള്‍ക്ക് സാമൂഹ്യമായി ഫാസിസ്റ്റ് ആയിരുന്നുകൊണ്ടും വ്യക്തിപരമായി അനുകമ്പ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും.

നിങ്ങള്‍ മതത്തിന്റെ ഉള്‍ക്കാമ്പിലേക്കു കടന്നാല്‍ നിങ്ങള്‍ മതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ മതാതീതനാകും എന്നതാണ് എന്റെ അഭിപ്രായം. ചരിത്രപരമായി അതിനൊരു സാധ്യതയുണ്ട്. പക്ഷേ ആ സാധ്യതയെ ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായും മതങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഒരു മതവും അങ്ങനെയൊരു മൂല്യത്തിന് വേണ്ടി സ്വയം നിലകൊള്ളുന്നില്ല എന്നു പറയാം.
A

ദൈവഭാവനയെ സാമൂഹികമാക്കുക എന്നതാണ് നാരായണഗുരു ചെയ്ത ഒരു കാര്യം. അപരനാണ് ദൈവം എന്നത് സാമൂഹികതയാണ്. ദൈവത്തെ സാമൂഹികമാക്കുന്നു. ഇന്ന് ദൈവം വളരെയധികം വ്യക്തിപരമാകുകയും സാമൂഹികതലത്തില്‍ നിങ്ങള്‍ അങ്ങേയറ്റം അപരവിദ്വേഷത്തില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നു. ഒരു സംഘര്‍ഷവും ഇതില്‍ തോന്നുന്നില്ല. ഈ ഒരു പ്രശ്‌നം വളരെ കൂടുതലായിട്ടുണ്ട്.

Q

? Ethics is the first Philosophy എന്നു എമ്മാനുവേല്‍ ലെവിനാസ് പറഞ്ഞിട്ടുണ്ടല്ലോ. What is should be guided by what ought to be എന്നാണ് അദ്ദേഹം എഴുതുന്നത്. അതില്‍ അപരനും ഒരു ഇടമുണ്ട്. മതാത്മകത തന്നെ വ്യക്തിപരമായ ആത്മീയസുഖമാകുകയും സാമൂഹ്യതലത്തില്‍ നിന്ന് വിട്ടുപോകുകയും ചെയ്യുന്ന ഒരു പ്രശ്‌നമുണ്ട്. രക്ഷ എന്നത് വ്യക്തിപരമായ രക്ഷയാകുന്നു. പ്രത്യേകിച്ച് ന്യൂ ഏജ് മൂവ്‌മെന്റുകള്‍ ഈ ഒരു ആശയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി ന്യൂ ഏജ് മൂവ്‌മെന്റുകളില്‍ കാണുന്ന ഒരു കാര്യം റിലാക്‌സേഷന്‍ ആണ്.

A

പണ്ട് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ് തത്വചിന്തകര്‍ ചോദിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാം മറന്നേക്കൂ എന്നാണ് പറയുന്നത്. ക്രിസ്തുമതത്തില്‍ നിന്ന് കുറച്ച് മിസ്റ്റിസിസം, ബുദ്ധമതത്തില്‍ നിന്ന് കുറച്ചു മെഡിറ്റേഷന്‍, ഹിന്ദുയിസത്തില്‍ നിന്ന് അല്‍പം യോഗ എന്നിങ്ങനെ അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഷോപ്പിംഗ് പോലെ എടുത്തു ചേര്‍ക്കുന്നു. ഈ ന്യൂ ഏജ് മതാത്മകതയുടെ വളര്‍ച്ച പാരമ്പര്യ മതങ്ങളെ വെല്ലുവിളിക്കുന്നുണ്ട്, ഒപ്പം സ്വാര്‍ത്ഥത്തെ മാത്രം പ്രമോട്ട് ചെയ്യുന്ന ഒരു സംസ്‌കാരം ഇവിടെ വളര്‍ത്തുകയും ചെയ്യുന്നില്ലേ എന്നതാണ് ചോദ്യം.

മൂല്യങ്ങളെ വ്യക്തിവല്‍ക്കരിച്ചാലുള്ള കുഴപ്പം അറിയാമോ? നിങ്ങള്‍ക്ക് സാമൂഹ്യമായി ഫാസിസ്റ്റ് ആയിരുന്നുകൊണ്ടും വ്യക്തിപരമായി അനുകമ്പ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും.
A

നിശ്ചയമായും. മതം എന്നതിനെ essentialise ചെയ്യാനുള്ള ശ്രമം ശക്തമാകുകയും അതിനെ ഒരു പ്രക്രിയ എന്ന നിലയ്ക്ക് കാണാന്‍ ആളുകള്‍ക്ക് പറ്റാതാവുകയും ചെയ്തിട്ടുണ്ട്. യുക്തിവാദികളും വര്‍ഗീയവാദികളും അതിനെ അങ്ങനെ തന്നെയാണ് കാണുന്നത്. ഒറ്റ സത്തയിലേക്ക് മതത്തെ കൊണ്ടുവന്ന് നിര്‍ത്തുക. മതത്തില്‍ ഒരു ദൈവശാസ്ത്രം ഉണ്ട്, ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്, പൗരോഹിത്യം ഉണ്ട്. സ്ഥാപനങ്ങള്‍ ഉണ്ട്. ധാര്‍മ്മിക മൂല്യമുണ്ട്. ഈ ഘടകങ്ങള്‍ ഒക്കെ തമ്മില്‍ തമ്മില്‍ പല അനുപാതത്തില്‍ കുഴമറിഞ്ഞിട്ടാണ് ഏതു മതങ്ങളും ചരിത്രത്തില്‍ ജീവിക്കുന്നത്. ഈ ഘടകങ്ങളെയൊക്കെ തിരിച്ചറിയാതെയും ഇതിലേതെങ്കിലും ഒരു ഘടകത്തെ പൂര്‍ണ്ണമായി റദ്ദാക്കിയും നിങ്ങള്‍ക്ക് മതത്തില്‍ നില്‍ക്കാന്‍ കഴിയില്ല. ദൈവശാസ്ത്രം ഇല്ലാതെ മതമില്ല. പൗരോഹിത്യം ഇല്ലാതെയും ഒരു മതവും ലോകത്തില്‍ ഇന്നുവരെ നിലനിന്നിട്ടില്ല. പ്രാര്‍ഥനയുണ്ടാവും. പക്ഷേ മതം എന്നാണെങ്കില്‍ അതില്‍ പൗരോഹിത്യരൂപങ്ങള്‍ ഉണ്ട് സ്ഥാപനരൂപങ്ങള്‍ ഉണ്ടാകും.

അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ അടിയന്തരാവസ്ഥയെ പിന്തുണച്ച ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ വിമര്‍ശനത്തിന്റെ, വിമതത്വത്തിന്റെ സ്വരവും ഉണ്ടായിരുന്നു. ഇന്നു പക്ഷേ ഈ വിമതസ്വരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരികയും ഒരു ഫാസിസ്റ്റ് അജണ്ടയോട് ഒത്തുപോകാന്‍ സന്നദ്ധരായ ആളുകള്‍ കൂടിവരികയും ചെയ്യുന്നു.
A

പക്ഷേ സ്ഥാപനരൂപങ്ങളാണോ മതത്തിന്റെ പ്രമാണം ആകേണ്ടത് പൗരോഹിത്യക്രമങ്ങള്‍ ആണോ മതത്തിന്റെ പ്രമാണം ആകേണ്ടത് നൈതിക മൂല്യമാണോ മതത്തിന്റെ പ്രമാണം ആകേണ്ടത് എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് വളരെ പ്രധാനമാണ്. ഇപ്പോള്‍ മതത്തെ അതിന്റെ സ്ഥാപന, അനുഷ്ഠാന ഘട്ടത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായി ഉറപ്പിച്ചുകൊണ്ട് മതവിശ്വാസിയും അതുപോലെതന്നെ മതവിരോധിയും ഒരുപോലെ മതത്തെ എസെന്‍ഷ്യലൈസ് ചെയ്യുന്നു. അതു മതത്തെക്കുറിച്ച് തന്നെയുള്ള ഒരു മെറ്റാഫിസിക്കല്‍ നിലപാടാണ്. മതത്തിന്റെ ചരിത്രപരതയെയും സാമൂഹികതയെയും നിരാകരിക്കുന്ന നിലപാടാണ്. അതുകൊണ്ട് ഞാന്‍ മതവിശ്വാസിയാണെന്നതിന്റെ തെളിവ് എന്റെ ചില ആചാരങ്ങളാണ്, പുരോഹിതരാണ് എന്നല്ലാതെ അതിന്റെ മൂല്യബോധം എന്നെ സ്പര്‍ശിക്കുന്നേയില്ല. ഈ മതം ഈ ആചാരം, ആ മതം ആ ആചാരം എന്നിങ്ങനെ പെറുക്കി പെറുക്കി എടുക്കുന്ന കുറച്ചു മുദ്രകള്‍ കൊണ്ട് നിങ്ങള്‍ക്ക് മതസാഹോദര്യം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. എന്റെ സുഹൃത്തുക്കള്‍ അന്യ മതക്കാര്‍ ആയതുകൊണ്ട് ഞാന്‍ മതസാഹോദര്യത്തിന്റെ പ്രതിനിധിയാണ് എന്ന് എനിക്ക് തെറ്റിദ്ധരിക്കാന്‍ പറ്റും. അതൊന്നുമല്ല മതസാഹോദര്യം. അതിനൊക്കെ അപ്പുറം പോയ വലിയ ആശയലോകം കേരളത്തില്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നെ അതെല്ലാം തീര്‍ത്തും ദുര്‍ബലമായി. നിങ്ങള്‍ മതത്തിന്റെ ഉള്‍ക്കാമ്പിലേക്കു കടന്നാല്‍ നിങ്ങള്‍ മതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ മതാതീതനാകും എന്നതാണ് എന്റെ അഭിപ്രായം. ചരിത്രപരമായി അതിനൊരു സാധ്യതയുണ്ട്. പക്ഷേ ആ സാധ്യതയെ ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായും മതങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഒരു മതവും അങ്ങനെയൊരു മൂല്യത്തിന് വേണ്ടി സ്വയം നിലകൊള്ളുന്നില്ല എന്നു പറയാം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org