ആറു നഗരങ്ങളെങ്കിലും ബൈബിളില്‍ റാമാ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. സാമുവേലിന്റെ ജന്മസ്ഥലമായ റാമായാണ് ഇവിടെ ചര്‍ച്ചാവിഷയം. മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാട്ടാന്‍ എന്നു തോന്നുമാറ് ''റാമാത്തയിം'' എന്നാണ് ആദ്യം ഇതിനെ വിളിക്കുന്നത് (1 സാമു 1,1). പിന്നീട് റാമാ എന്നു മാത്രം. ''രണ്ടുകുന്ന്'' എന്നാണ് റാമാത്തായിം എന്ന പേരിന്റെ അര്‍ഥം.
എഫ്രേം മലനാട്ടിലെ ഒരു കുന്നിന്‍മുകളിലുള്ള നഗരമായിരുന്നു റാമാ. മധ്യധരണ്യാഴിയുടെ തീരത്തുള്ള യോപ്പാ പട്ടണത്തില്‍നിന്ന് ഏകദേശം 30 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഇന്ന് റെന്റീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമത്തിനടുത്ത് കാണുന്ന നഷ്ടാവശിഷ്ടങ്ങള്‍ റാമായുടേതായിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു.
ഷീലോയില്‍നിന്ന് പേടകം നഷ്ടപ്പെടുകയും ഏലിയുടെ പുരോഹിതകുടുംബം നശിച്ചുപോകുകയും ചെയ്തതിനുശേഷം ഇസ്രായേലില്‍ ന്യായാധിപനായി പ്രവര്‍ത്തിച്ച സാമുവേലിന്റെ ആസ്ഥാനനഗരമായിരുന്നു റാമാ: ''ബെഥേല്‍, ഗില്‍ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ വര്‍ഷംതോറും സന്ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തിയിരുന്നു. അനന്തരം തന്റെ ഭവനം സ്ഥിതിചെയ്തിരുന്ന റാമായിലേക്ക് അവന്‍ മടങ്ങിപ്പോയി'' (1 സാമു 7,16).
റാമായില്‍വന്നാണ് തങ്ങള്‍ക്കു രാജാവിനെ വാഴിച്ചുതരണം എന്നുപറഞ്ഞ് ഇസ്രായേല്‍ ജനം സാമുവേലിന്റെ അടുക്കല്‍ മുറവിളി കൂട്ടിയത് (1 സാമു 8,4-8). പിതാവിന്റെ കാണാതായ കഴുതകളെ തേടിയിറങ്ങിയ സാവൂള്‍ അവസാനം സാമുവേലിന്റെയടുക്കല്‍ എത്തിയതും രാജാഭിഷേകം സ്വീകരിച്ചതും റാമായില്‍ വച്ചുതന്നെ. അവിടെവച്ചാണ് സാവൂള്‍ ഒരു പുതിയ മനുഷ്യനായി മാറിയത്. ''ദൈവം അവന് ഒരു പുതിയ ഹൃദയം നല്കി'' (1 സാമു 10,9).
ആവര്‍ത്തിച്ചുകാട്ടിയ അനുസരണക്കേടിന്റെ പേരില്‍ കര്‍ത്താവ് സാവൂളിനെ രാജസ്ഥാനത്തുനിന്ന് ബഹിഷ്‌കരിച്ചിരിക്കുന്നു എന്നറിയിച്ചതോടെ സാവൂള്‍ സാമുവേലിനെ വെറുത്തു. ദാവീദിനെ രഹസ്യമായി അഭിഷേകം ചെയ്തതിനുശേഷം സാമുവേല്‍ തന്റെ പഴയ ആസ്ഥാനമായ റാമായില്‍ത്തന്നെ വാസമുറപ്പിച്ചു. അംഗരക്ഷകനായി സ്വീകരിച്ച ദാവീദിനെ പിന്നീട് ശത്രുവായിക്കണ്ട് വേട്ടയാടിയ സാവൂള്‍ റാമായിലെത്തിയത് ദാവീദ് അവിടെ സാമുവേലിന്റെയടുത്ത് അഭയം പ്രാപിച്ചിട്ടുണ്ട് എന്ന് കേട്ടതിനാലായിരുന്നു.
എന്നാല്‍ റാമായില്‍ എത്തിയതോടെ സാവൂള്‍ ദൈവാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്തിനു വിധേയനായി; ഉന്മാദാവസ്ഥയില്‍ സുബോധം നഷ്ടപ്പെട്ട് അയാള്‍, താന്‍ അയച്ച മറ്റു പടയാളികളെപ്പോലെ, പ്രവചിച്ചു: ''റാമായിലെ നായോത്തില്‍ എത്തുന്നതുവരെ അവര്‍ പ്രവചിച്ചുകൊണ്ടിരുന്നു. അവനും പ്രവചിച്ചുകൊണ്ട് സാമുവേലിന്റെ മുമ്പാകെ ആ രാത്രിയും പകലും വിവസ്ത്രനായി കിടന്നു'' (1 സാമു 19,23). റാമായില്‍ ജനിച്ച സാമുവേല്‍ റാമായില്‍ത്തന്നെയാണ് മരിച്ചു സംസ്‌കരിക്കപ്പെട്ടത്.
പുതിയ നിയമത്തില്‍ അരിമത്തേയാ എന്ന പേരില്‍ അറിയപ്പെടുന്നത് ഈ റാമായാണെന്ന് കരുതപ്പെടുന്നു. ബൈബിളിന്റെ സുറിയാനി വിവര്‍ത്തനമായ പ്ശീത്തായില്‍ കാണുന്ന ''റാംസ്'' എന്ന പേരിന് റാമായോടു കൂടുതല്‍ അടുപ്പമുണ്ട്. റാമാത്തായിം, അരിമത്തേയേ, റാമാ, റാംസ എന്നീ നാലു പേരുകളും ഒരേ പട്ടണത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപന്റെ ജനനവും മരണവും ആദ്യരാജാവിന്റെ അഭിഷേകവും നടന്ന റാമായില്‍ നിന്നുവന്ന ധനാഠ്യനായ അരിമത്തേയാക്കാരന്‍ ജോസഫാണ് യേശുവിന്റെ ശരീരം കുരിശില്‍ നിന്നിറിക്കാന്‍ അനുവാദം വാങ്ങിയതും സ്വന്തം കല്ലറയില്‍ അടക്കിയതും (മത്താ 27,57-60).
അഭിഷേകത്തിന്റെ മലയാണ് റാമാ - അതു രാജാഭിഷേകവും പ്രവാചകാഭിഷേകവും മാത്രമല്ല മൃതശരീരത്തിന്റെ അഭിഷേകവും സൂചിപ്പിക്കുന്നു. തന്നെയുമല്ല, ശിഷ്യന്മാര്‍പോലും ഭയന്നൊളിച്ച ആ ഭീകരനിമിഷത്തില്‍, രാജദ്രോഹക്കുറ്റത്തിനു വധിക്കപ്പെട്ട യേശുവിന്റെ മൃതശരീരം ചോദിച്ചുവാങ്ങി സ്വന്തം കല്ലറയില്‍ സംസ്‌കരിക്കാന്‍ മാത്രം ധൈര്യം കാട്ടിയ ജോസഫിന്റെ നാടാണ് റാമാ. ഉറ്റവര്‍പോലും ഭീരുക്കളായി പലായനം ചെയ്യുന്നിടത്തും യേശുവിനോടു ചേര്‍ന്നുനില്ക്കുന്ന ശിഷ്യത്വത്തിന്റെയും വിശ്വാസധീരതയുടെയും പ്രതീകവുമാണ് അരിമത്തേയാ എന്ന റാമാ.