സ്‌പെയിനില്‍ ഒരു കുലീന കുടുംബത്തിലാണു റെയ്മണ്ട് ജനിച്ചതെങ്കിലും സാമ്പത്തികമായി പിന്നോക്കമായിരുന്നു. റെയ്മണ്ടിന്റെ ജനനത്തോടെ അമ്മ മരിച്ചു. പ്രസവം ബുദ്ധിമുട്ടായിരുന്നതിനാല്‍ ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അങ്ങനെയാണ് നൊണ്ണാത്തൂസ് (Non-natus) "ജനിക്കാത്തവന്‍" എന്നുകൂടി പേരിനോടു ചേര്‍ക്കപ്പെട്ടത്.
അടിമകളുടെ മോചനം ലക്ഷ്യംവച്ച് ബാര്‍സിലോണയില്‍ സ്ഥാപിക്കപ്പെട്ട ഒരു സന്ന്യാസസഭയിലാണ് യുവാവായ റെയ്മണ്ട് ചേര്‍ന്നത്. സഭയുടെ സ്ഥാപകനായ വി. പീറ്റര്‍ നൊളാസ്‌കോയോടൊപ്പം സന്ന്യാസ ജീവിതം ആരംഭിച്ച റെയ്മണ്ടിന്റെ ഭക്തിയും തീക്ഷ്ണതയും പീറ്ററിനെ വല്ലാതെ ആകര്‍ഷിച്ചു.
താമസിയാതെ റെയ്മണ്ട് മാസ്റ്റര്‍ ജനറലായി നിയമിക്കപ്പെട്ടു. അടിമകളെ സ്വതന്ത്രരാക്കുവാനായി റെയ്മണ്ട് അള്‍ജിയേഴ് സിലെത്തി. ധാരാളംപേരെ സ്വതന്ത്രരാക്കിയെങ്കിലും കരുതിയിരുന്ന പണം തീര്‍ന്നു. അതോടെ സ്വയം അടിമയാക്കിക്കൊണ്ട് കുറെ ഹതഭാഗ്യരെക്കൂടി സ്വതന്ത്രരാക്കി.
കാരാഗൃഹജീവിതം ദുസ്സഹമായിരുന്നു. തടവിലുള്ളവരെ മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ചത് വലിയ പ്രശ്‌നമായി. മുസ്ലീമുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് മുസ്ലീം അധികാരികള്‍ റെയ്മണ്ടിനെതിരെ തിരിഞ്ഞു. വചനപ്രഘോഷണം നടത്താതിരിക്കാന്‍ അവര്‍ റെയ്മണ്ടിന്റെ വായ് തുറക്കാത്തവിധം ചുണ്ടുകള്‍ പൂട്ടിവച്ചു. ഇങ്ങനെ ഏകദേശം എട്ടുമാസം ഇരുട്ടറയില്‍ കഴിയേണ്ടിവന്നു. അപ്പോഴേക്ക് സഭാസ്ഥാപകന്‍ പീറ്ററിന്റെ ഇടപെടലിലൂടെ റെയ്മണ്ട് ജയില്‍മോചിതനായി.
അങ്ങനെ 1239-ല്‍ റെയ്മണ്ട് വീണ്ടും സ്‌പെയിനിലെത്തി. ഇദ്ദേഹത്തിന്റെ സാഹസിക ജീവിതത്തെപ്പറ്റി കേട്ടറിഞ്ഞ പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ റെയ്മണ്ടിനെ കര്‍ദ്ദിനാളാക്കി ഉയര്‍ത്തി. പോപ്പിനെ സഹായിക്കാനായി റോമിലേക്കു യാത്ര തിരിച്ച റെയ്മണ്ട് പാതിവഴിയില്‍ രോഗബാധിതനായി 1240 ആഗസ്റ്റ് 30-ന് മുപ്പത്താറാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങി.
പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന്‍ 1657-ല്‍ റെയ്മണ്ടിനെ വിശുദ്ധരുടെ ഗണത്തില്‍പെടുത്തി. ഗര്‍ഭിണികളുടെയും മിഡ് വൈഫുമാരുടെയും തെറ്റിദ്ധരിക്കപ്പെട്ട് കുറ്റവാളികളായി പിടിക്കപ്പെട്ടവരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. റെയ്മണ്ട് നൊണ്ണാത്തൂസ്.