
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ രബീന്ദ്രനാഥ് ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന് ലഭിച്ചു.
സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച 'പകുത്തേകിയ ജീവിതങ്ങള്‍' എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ഓഗസ്റ്റ് 31 ന് ഉച്ചയ്ക്കു 2 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്‌കാരം നല്‍കും.
17 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോ പൈനാടത്തിന്, ദേശീയ റീച്ച്‌യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്, കേരള സര്‍ക്കാരിന്റെ മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാര്‍ഡ്, എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മീഡിയ അവാര്‍ഡ് തുടങ്ങി 12 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക). സ്‌റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.