നിരീക്ഷിക്കുക, ഒറ്റുനോക്കുക, കാവല്‍നില്ക്കുക എന്നൊക്കെ അര്‍ത്ഥമുള്ള സാഫ് എന്ന ക്രിയാധാതുവില്‍ നിന്നാണ് മിസ്പാ എന്ന ഹീബ്രു നാമത്തിന്റെ ഉത്ഭവം. ''കാവല്‍ഗോപുരം'' എന്ന് ഇതിനെ വിവര്‍ത്തനം ചെയ്യാം. ഈ അര്‍ത്ഥത്തിലാണ് സപ്തതി ''സ്‌കോപ്പിയാ'' എന്ന് ഇതിനെ ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. ''സ്‌കോപ്പേയിന്‍'' എന്ന ക്രിയാധാതുവിനുമുമ്പില്‍ ''എപ്പി'' എന്ന ഉപസര്‍ഗ്ഗം ചേര്‍ത്താണ്.
''എപ്പിസ്‌കോപ്പോസ്'' എന്ന ഗ്രീക്കു നാമം ഉണ്ടായത്. അതില്‍നിന്നാണ് ഇംഗ്ലീഷിലെ ബിഷപ്പ് എന്ന വാക്കിന്റെ ഉത്ഭവം. മേല്‍നോട്ടം വഹിക്കുന്നവന്‍, കാവല്‍നില്‍ക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥം. ഉയര്‍ന്ന മലയില്‍ ഉണ്ടായിരുന്ന ഒരു പട്ടണമായിരുന്നു മിസ്പാ. ശത്രുക്കള്‍ അകലെ നിന്നു വരുന്നത് കാണാന്‍ കഴിയുന്ന സ്ഥലമായതിനാലാവാം ഈ പേരുണ്ടായത്.
മിസ്പാ എന്ന പേരില്‍ 5 വ്യത്യസ്ത സ്ഥലങ്ങള്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതില്‍ ഏറ്റം പ്രധാനപ്പെട്ടതാണ് ഇവിടെ പഠനവിഷയമാക്കുന്നത്. സാമുവേല്‍ ആണ്ടുതോറും സന്ദര്‍ശിച്ച് ന്യായപാലനം നടത്തിയിരുന്ന ഒരു പട്ടണമാണ് മിസ്പാ (1 സാമു 7,16). അതിലുപരി, ദൈവത്തിന്റെ പ്രത്യേകമായ സംരക്ഷണം അനുഭവപ്പെട്ട ഒരു പട്ടണമാണത്.
പ്രാര്‍ത്ഥനയ്ക്കായി ഇസ്രായേല്‍ ജനം മുഴുവന്‍ മിസ്പായില്‍ സമ്മേളിച്ചിരിക്കുന്നു എന്നറിഞ്ഞ ഫിലിസ്ത്യര്‍ വലിയ സൈന്യസന്നാഹങ്ങളുമായി അവര്‍ക്കെതിരേ വന്നു. ഭയവിഹ്വലരായ ഇസ്രായേല്‍ജനം ദൈവത്തോടു നിലവിളിച്ചപേക്ഷിച്ചു. സാമുവേല്‍ ഒരാട്ടിന്‍കുട്ടിയെ ബലിയര്‍പ്പിച്ച് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. ഉടനെ ഫലമുണ്ടായി. ആകാശത്തുനിന്ന് വെള്ളിടിവെട്ടി. കര്‍ത്താവിന്റെ സ്വരം ശത്രുസൈന്യത്തെ സംഭ്രാന്തരാക്കി. അവര്‍ ചിതറിയോറി (1 സാമു 7,2-11).
ഏകദേശം 150 വര്‍ഷങ്ങള്‍ക്കുശേഷം യൂദാരാജാവായ ആസാ (ബി.സി. 911-870) മിസ്പായില്‍ സുശക്തമായ ഒരു കോട്ട പണിത് യൂദായുടെ അതിര്‍ത്തി സുരക്ഷിതമാക്കി (1 രാജാ 15,22) ബി. 587-ല്‍ ജറുസലേം നശിപ്പിച്ച നബുക്കദ്‌നേസര്‍ മിസ്പായില്‍ ബാബിലോണിന്റെ ഒരു ഭരണകേന്ദ്രം സ്ഥാപിച്ചു. ദേവാലയം നഷ്ടപ്പെട്ട യഹൂദര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കു സമ്മേളിക്കുമായിരുന്നു. മക്കബായരുടെ കാലത്തും മിസ്പായില്‍ ഒരു പ്രാര്‍ത്ഥനാകേന്ദ്രം ഉണ്ടായിരുന്നു (1 മക്ക 3,46).
ഇത്രമാത്രം പ്രാധാന്യമുള്ള മിസ്പാ എവിടെയായിരുന്നു എന്ന കാര്യത്തില്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. രണ്ടു സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. ജറുസലേമില്‍നിന്ന് 8 കി.മീ. വടക്ക്, നബി സാമ്‌വില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമമാണ് പുരാതനകാലത്തെ മിസ്പാ എന്നു കരുതുന്നവരുണ്ട്. സാമുവേല്‍ പ്രവാചകന്റെ പേര് തെളിവായി എടുത്തുകാട്ടുന്നു. എന്നാല്‍ മറ്റു തെളിവുകളൊന്നുമില്ലാത്തതിനാല്‍ ജറുസലെമില്‍നിന്ന് 13 കി.മീ. വടക്ക്, ജറുസലെം-സമറിയാ റോഡിനടുത്ത് ഉയര്‍ന്നു നില്‍ക്കുന്ന ''ടെല്‍-എല്‍-നസ്‌ബെ''യാണ് മിസ്പാ എന്നു ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നു. എഴുത്തില്‍ വന്ന ഒരു പിശകായിരിക്കാം മിസ്പാ എന്നത് നസ്ബാ ആകാന്‍ കാരണം.
സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍, ചുറ്റുമുള്ള സമതലത്തില്‍നിന്ന് 150 മീറ്റര്‍, ഉയര്‍ന്നു നില്ക്കുന്ന വലിയൊരു മലയാണിത്. ഈ മലമുകളില്‍ ഏകദേശം 800 മീറ്റര്‍ ചുറ്റളവില്‍ ഒരു കോട്ടയുണ്ട്. കോട്ടമതിലിന് 20 അടിയോളം വീതിയും 40 അടി ഉയരവും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ചുറ്റിലും കിടങ്ങുണ്ടായിരുന്നു. ആസാ നിര്‍മ്മിച്ച കോട്ടയാണിതെന്നു കരുതാന്‍ ന്യായമുണ്ട്.
ശത്രുവിന്റെ വരവ് മുന്‍കൂട്ടി അറിയിക്കാന്‍ പടയാളികള്‍ നിരന്തരം ജാഗ്രതയോടെ നോക്കി നില്ക്കുന്ന കാവല്‍ ഗോപുരമാണ് മിസ്പാ. അവിടെവച്ച് ദൈവം സംരക്ഷണം നല്കി; ശത്രുക്കളെ ചിതറിച്ചു. എന്നാല്‍ അതിനുമുമ്പേ ജനം ഒന്നടങ്കം മാനസാന്തരപ്പെട്ട്, വിഗ്രഹാരാധന ഉപേക്ഷിക്കുകയും പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തു. (1 സാമു. 7,3-6). മാനസാന്തരത്തിന്റെയും ജാഗ്രതയുടെയും ആവശ്യത്തോടൊപ്പം കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തെയും അനുസ്മരിപ്പിക്കുന്നു മിസ്പാ.