ദൈവം കേള്‍ക്കാത്ത യാതൊരു കരച്ചിലും ഇല്ല. ദൈവത്തെ അഭിസംബോധന ചെയ്യുന്നു വെന്ന അവബോധത്തോടെ അല്ലെങ്കിലും ആ കരച്ചില്‍ ദൈവം കേള്‍ക്കുന്നുണ്ട്.
ജെറിക്കോയിലേക്കുള്ള വഴിയില്‍ യേശുവിനെ കണ്ടുമുട്ടിയ അന്ധയാചകനായ ബര്‍തിമേയൂസിന്റെ കഥ ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴും പ്രത്യാശ കൈവിടരുതെന്ന് അത് നമ്മെ പ്രബോധിപ്പിക്കുന്നു.
ഏറ്റവും മുറിവേറ്റ, ബലഹീനമായ ഭാഗങ്ങളെ വിശ്വാസികള്‍ ക്രിസ്തുവിന്റെ ഹൃദയത്തിനു മുമ്പിലേക്ക് കൊണ്ടുവരിക. നമ്മുടെ കരച്ചില്‍ കേള്‍ക്കണം എന്നും നമ്മെ സുഖപ്പെടുത്തണ മെന്നും കര്‍ത്താവിനോട് വിശ്വാസത്തോടെ ആവശ്യപ്പെടുക. ബര്‍തിമേയൂസിനോട് യേശു എന്താണ് ആവശ്യമെന്ന് ചോദിച്ചു.
നമ്മുടെ രോഗം സൗഖ്യമാകണമെന്ന് നാം യഥാര്‍ഥത്തില്‍ ആഗ്രഹി ക്കുന്നുണ്ടോ എന്നത് പലപ്പോഴും വ്യക്തമല്ല. രോഗാവസ്ഥയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് അത്.
ബര്‍തിമേയോസിനോടുള്ള യേശുവിന്റെ പെരുമാറ്റം കുറച്ച് വിചിത്രമാണെന്നു നമുക്കു തോന്നാം. പക്ഷേ അയാളെ തന്റെ ജീവിതം പുനരാരംഭിക്കുവാന്‍ സഹായിക്കുകയാണ് യേശു ചെയ്തത്. ഉണര്‍ന്നെഴുന്നേല്‍ക്കാനും മുന്നോട്ടു നടക്കാനും യേശു പ്രേരിപ്പിക്കുന്നു. കാഴ്ചശക്തി വീണ്ടു കിട്ടാന്‍ മാത്രമല്ല, തന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനും അയാള്‍ ആഗ്രഹിച്ചിരിക്കണം.
ജീവിതാനുഭവങ്ങളാല്‍ അപമാനിക്കപ്പെട്ടതു കൊണ്ട് തകര്‍ന്നുപോയ മനുഷ്യരുണ്ടാവും. അവര്‍ക്ക് അവരുടെ മൂല്യമാണ് തിരിച്ചുകിട്ടേണ്ടത്. മറ്റുള്ളവര്‍ ശകാരിക്കുമ്പോഴും അപമാനിക്കു മ്പോഴും പരിശ്രമങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടു മ്പോഴും,
തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുക്കുന്ന തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം വിശ്വാസികള്‍ ചെയ്യണം. നിങ്ങളത് സത്യമായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള കരച്ചില്‍ തുടരുക.
(ജൂണ്‍ 11 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)