മതപരമായ വിഷയത്തില്‍ വിവാദ മുണ്ടാക്കിയതിന് സ്വന്തം പൗരന്മാര്‍ക്കെതിരെ നടപടികളെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകേണ്ടിവന്നുവെന്നത് സര്‍ക്കാരിനു നല്ല പ്രതിച്ഛായയല്ല നല്‍കു ന്നത്. ഭരണകക്ഷിയും സര്‍ക്കാരും ഈ സംഭവത്തില്‍ നിന്ന് ശരിയായ പാഠം പഠിക്കണം.
അഭൂതപൂര്‍വമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഹിന്ദു വലതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ അക്രമാത്മകമായ വിധത്തില്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നു.
'കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാകില്ല' എന്ന പഴഞ്ചൊല്ലു നാമെല്ലാം കേട്ടിട്ടുണ്ടാകും. നന്നായി ആലോചിച്ചു സംസാരിക്കുക എന്നാണല്ലോ ഇത് അര്‍ത്ഥമാക്കുന്നത്. വളരെയേറെ പഴക്കമുള്ള ഈ ഉപദേശം കുട്ടികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ ഇന്ത്യന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്.
എന്നിരുന്നാലും, വര്‍ത്തമാനകാല രാഷ്ട്രീയം അത്തരം വിവേകപൂര്‍ണ്ണമായ ഉപദേശങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ല. വാര്‍ത്താ ചാനലുകളില്‍ ഒരു വിഷയത്തില്‍ സംവാദം നടത്തുമ്പോള്‍ ആളുകള്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എതിരാളികള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ ആളുകള്‍ അവരുടെ ഏറ്റവും ഉയര്‍ന്ന ഉയര്‍ന്ന സ്വരത്തില്‍ അതിരുകടന്ന ഭാഷ ഉപയോഗിക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. നിരാശാജനകമെന്നു പറയട്ടെ, നമ്മുടെ മിക്ക വാര്‍ത്താ ചാനലുകളും ഇതൊരു പുതിയ പതിവാക്കി മാറ്റിയിരിക്കുന്നു.
അത്തരമൊരു സംവാദത്തില്‍, ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയിലെ പ്രശസ്ത നേതാക്കളിലൊരാള്‍ക്ക് തന്റെ വാക്കുകളുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടു. നൂപുര്‍ ശര്‍മ്മ വിവാദങ്ങള്‍ക്കൊരു പുതുമുഖമല്ല. അവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം തന്റെ രാഷ്ട്രീയ യജമാനന്മാരുടെ അറിവോടെയാണെന്നു വ്യക്തം. മെയ് 26 ന്, ഒരു ടിവി ചാനലില്‍ ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തെക്കുറിച്ചുള്ള ഒരു സംവാദത്തില്‍ അവര്‍ പങ്കെടുത്തത്, വ്യക്തിപരമായ നിലയിലല്ല, ഭരണകക്ഷിയുടെ വക്താവ് എന്ന നിലയിലാണ്. സംവാദത്തിനിടെ അവര്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ചില പരാമര്‍ശങ്ങള്‍ നടത്തി. സ്വാഭാവികമായും, ഈ നിന്ദ്യമായ പരാമര്‍ശങ്ങള്‍ മുസ്ലീങ്ങളും സമൂഹത്തിലെ വലിയൊരു വിഭാഗവും ദാക്ഷിണ്യപൂര്‍വം അംഗീകരിച്ചില്ല.
തനി രാഷ്ട്രീയ ശൈലിയില്‍ പ്രതികരിച്ചുകൊണ്ട് ശര്‍മ്മ ആദ്യം അത് നിഷേധിച്ചു. ഇത് 'വന്‍തോതില്‍ എഡിറ്റ് ചെയ്തതാണ്' എന്നായിരുന്നു അവകാശവാദം. നിഷേധിക്കാനാവാത്ത തെളിവുകളും എല്ലായിടത്തുനിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോള്‍, ചാനല്‍ മുഴുവന്‍ വീഡിയോയും യുട്യൂബില്‍ നിന്ന് നീക്കി. തുടര്‍ന്ന്, ശര്‍മ്മയ്ക്ക് ബലാത്സംഗ-വധഭീഷണികള്‍ ലഭിച്ചു തുടങ്ങിയതോടെ സുരക്ഷ നല്‍കാന്‍ ഡല്‍ഹി പോലീസ് പ്രേരിതരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ക്കെതിരെ എഫ്ഐആറുകളുടെ ഒരു പരമ്പര ഫയല്‍ ചെയ്‌തെങ്കിലും പത്ത് ദിവസങ്ങള്‍ ഒന്നും സംഭവിക്കാതെ കടന്നു പോയി. ബിജെപിയുടെ ഡല്‍ഹി യൂണിറ്റിന്റെ മാധ്യമ മേധാവി നവീന്‍ ജിന്‍ഡാലും പ്രകോപനപരവും അപമാനകരവുമായ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.
ഒടുവില്‍ ജൂണ്‍ 5 ന്, നൂപൂര്‍ ശര്‍മ്മയെ ബിജെപി 'സസ്പെന്‍ഡ്' ചെയ്യുകയും പരാമര്‍ശം ആവര്‍ത്തിച്ച നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.
നൂപുര്‍ ശര്‍മ്മയെയും അവരുടെ പ്രസ്താവനയെ പിന്തുണച്ച നവീന്‍ ജിന്‍ഡാലിനെയും സസ്പെന്‍ഡ് ചെയ്യുകയും അവരെ 'ക്ഷുദ്രശക്തികള്‍' എന്ന് വിളിക്കുകയും ചെയ്തുകൊണ്ട് ബിജെപി തള്ളിക്കളഞ്ഞിരിക്കാം, പക്ഷേ ഉണ്ടായ കേടു പോക്കുക എളുപ്പമാണോ?
സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ 15 ലധികം രാജ്യങ്ങള്‍ കൈകോര്‍ത്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെരോഷം പ്രകടിപ്പിച്ചു. കുവൈറ്റിലും ഖത്തറിലും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സങ്കീര്‍ണമായ ഈ കുഴപ്പത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ മോദിക്ക് കഴിയുന്നില്ലെങ്കില്‍, സങ്കല്‍പാതീതമായ സാമ്പത്തിക ആഘാതത്തിന് ഇന്ത്യ വിധേയമായേക്കും.
ആളുകളെ കെട്ടിപ്പിടിക്കുകയും സൗഹൃദബന്ധം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടുള്ള മോദിയുടെ നയതന്ത്രശ്രമങ്ങളെല്ലാം പാഴായി പോകും. മുസ്ലീം രാജ്യങ്ങള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയോ നമ്മളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുകയോ ചെയ്താല്‍ നൂപൂര്‍ ശര്‍മ്മയ്ക്ക് നല്‍കിയ ഏതാനും മിനിറ്റുകളുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ഭീമാകാരമായിരിക്കും.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രതികരണം ബിജെപി സര്‍ക്കാരിന്റെ നട്ടെല്ലിനെ വിറപ്പിച്ചിരിക്കുകയാണ്, ഭരണകക്ഷി നേതാക്കളുടെ അസഭ്യമായ വാചാടോപത്തിനു സര്‍ക്കാര്‍ മാപ്പ് പറഞ്ഞു.
രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ യശസ്സിനെ തന്നെ കളങ്കപ്പെടുത്തിയ ഈ അതിദ്രുത സംഭവവികാസങ്ങള്‍ അനഭിലഷണീയമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയുടെ അറിയപ്പെടുന്ന രണ്ട് മുഖങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? കാവിപ്പടയ്ക്ക് ഇപ്പോഴത്തെ ഭരണത്തില്‍ നിന്ന് ലഭിക്കുന്ന കലവറയില്ലാത്ത പിന്തുണയിലാണ് ഇതിനുത്തരമുള്ളത്. കേന്ദ്രത്തില്‍ നിലവിലെ ഭരണം അധികാരത്തില്‍ വന്നതിന് ശേഷം നിരവധി ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ ന്യൂനപക്ഷങ്ങളുടെ കഴുത്തിനു പിടിക്കാന്‍ യാതൊരു ശങ്കയുമില്ലാതെ തുനിയുകയാണ്.
ന്യൂനപക്ഷ സമുദായങ്ങളെ തുരത്താന്‍ ആയുധമെടുക്കാന്‍ യുദ്ധസമാനമായ ആഹ്വാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നേതാക്കള്‍ അത്തരം ദൗത്യങ്ങള്‍ക്കു സമയപരിധി പോലും നിശ്ചയിച്ചിരുന്നു. ഖേദകരമെന്നു പറയട്ടെ, കാവി പാര്‍ട്ടിയോ സര്‍ക്കാരോ ആ ശക്തികളെ നിയന്ത്രിക്കാന്‍ ഗൗരവമായ ശ്രമങ്ങളൊന്നും നടത്തിയില്ല, അവരില്‍ ചിലര്‍ പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള നേതാക്കളാണ്. താഴേത്തട്ടിലെ നേതാക്കളിലേക്കും പ്രവര്‍ത്തകരിലേക്കും ഈ വലതുപക്ഷ എരിതീ കൂടുതല്‍ പടര്‍ത്താന്‍ ഇത് എണ്ണയൊഴിച്ചു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ക്കെതിരെ കണ്ണടച്ചുകൊണ്ട്, എല്ലാ മതങ്ങളോടും ഉന്നതമായ ബഹുമാനം ഉണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവിക്കുന്നത് വിരോധാഭാസമാണ്.
ഇതിനെല്ലാമിടയില്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, 2021-ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. 2022 ജൂണ്‍ 2-ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് നേരെ 2021-ല്‍ ഉണ്ടായിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും അവഹേളനങ്ങളും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ പരാമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് ഇന്ത്യയ്ക്കു വളരെ അധിക്ഷേപാര്‍ഹവും അപമാനകരവുമാണ്! പത്രസമ്മേളനത്തില്‍ ബ്ലിങ്കെന്‍ പ്രസ്താവിച്ചു, '...ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ ആസ്ഥാനവുമായ ഇന്ത്യയില്‍, ആളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ഞങ്ങള്‍ കണ്ടു.' അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് അംബാസഡര്‍ റഷാദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു, '... ഇന്ത്യയില്‍ ചില ഉദ്യോഗസ്ഥര്‍ ആളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അവഗണിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നു.'
ന്യൂനപക്ഷങ്ങള്‍ക്ക് - പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും - മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ റിപ്പോര്‍ട്ടിലെ 'ഇന്ത്യ വിഭാഗം' നിരത്തുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ കുരുക്കുകളും ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കുന്ന മറ്റു നിരവധി വഴികളും ഇതില്‍ പരാമര്‍ശിക്കുന്നു. 2021-ലെ വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
നൈജീരിയ, ഇറാന്‍, ഉത്തര കൊറിയ തുടങ്ങിയവയ്ക്കൊപ്പം മതസ്വാതന്ത്ര്യത്തിന്റെ ഏറ്റവും മോശമായ ലംഘകരില്‍ ഒരാളായി ഇന്ത്യയെ മുദ്രയടിച്ചുകൊണ്ട് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍ ഇന്ത്യയെ 'പ്രത്യേകമാംവിധം ഉത്കണ്ഠപ്പെടേണ്ട രാജ്യങ്ങള്‍' എന്ന് നാമകരണം ചെയ്തത് വെറുതെയല്ല.
മതപരമായ വിഷയത്തില്‍ വിവാദമുണ്ടാക്കിയതിന് സ്വന്തം പൗരന്മാര്‍ക്കെതിരെ നടപടികളെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകേണ്ടിവന്നുവെന്നത് സര്‍ക്കാരിനു നല്ല പ്രതിച്ഛായയല്ല നല്‍കുന്നത്. ഭരണകക്ഷിയും സര്‍ക്കാരും ഈ സംഭവത്തില്‍ നിന്ന് ശരിയായ പാഠം പഠിക്കണം. സബ് കാ സാത് സബ് കാ വികാസ് ഔര്‍ വിശ്വാസ് എന്ന സ്വന്തം വാഗ്ദാനം നിറവേറ്റാനും അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ പ്രതിച്ഛായ നവീകരിക്കാനും ബി.ജെ.പി. ചില അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
തന്റെ സര്‍ക്കാരിന്റെ നയങ്ങളില്‍ വിദ്വേഷത്തിനും പ്രതികാരത്തിനും സ്ഥാനമില്ലെന്ന് പ്രധാന മന്ത്രി രാജ്യത്തോട് തുറന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചാപാതയില്‍ എത്തിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നല്‍കുക തുടങ്ങിയ ഭരണകാര്യങ്ങളില്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.