പോൾ തേലക്കാട്ട്
അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയന്‍ മലമുകളില്‍ പെന്റകോസ്റ്റല്‍ തീവ്രവിശ്വാസികള്‍ ആകാശത്തേക്ക് നോക്കിപറഞ്ഞു: ''ലോകാവസാനത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ആകാശത്തുനിന്നു പുതിയ ജറുസലേം താണിറങ്ങും!'' ഇതുപോലെ മാര്‍ക്‌സിസം വീണ്ടും വീണ്ടും വര്‍ഗരഹിത പുതിയലോകം താണിറങ്ങുമെന്നും വര്‍ഗശത്രുക്കള്‍ പരാജിതരാകുമെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പറഞ്ഞതു ശാസ്ത്രീയമാണെന്നും ചരിത്രപരമായ പ്രവചനമാണെ ന്നും പറഞ്ഞുകൊണ്ടിരുന്നു.
ബ്യൂറോക്രാറ്റിക് ഭീകരതയില്‍ പുതിയ ലോകം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചവര്‍. മനുഷ്യന്റെ മോചനത്തിന്റെ സ്വര്‍ഗം ഭൂമിയില്‍ വരുമെന്ന അവരുടെ പ്രവചനം ചരിത്രത്തില്‍ മിഥ്യയായി. ക്രൈസ്തവ ദൈവശാസ്ത്രം ഒരു മിഥ്യയാണ് ചരിത്രത്തില്‍ എന്നു പറഞ്ഞവര്‍ എത്തി നില്‍ക്കുന്നതു ശുദ്ധമായ ശാസ്ത്രം എന്നു പറഞ്ഞതു ശുദ്ധ കെട്ടുകഥയായി മാറി എന്നാണ് ജോര്‍ജ് സ്റ്റെയിനര്‍ 1974-ല്‍ ''മാസ്സി'' (Massey) പ്രഭാഷണങ്ങളില്‍ പറഞ്ഞത്. കാള്‍ പോപ്പര്‍ പറഞ്ഞത് ആധുനികകാലത്തു മാര്‍ക്‌സിസം ശുദ്ധ വ്യാജശാസ്ത്രമാണ് എന്നായിരുന്നു.
സ്റ്റെയിനര്‍ മാസ്സി പ്രഭാഷണങ്ങളില്‍ പറഞ്ഞു: യുവാവായ മാര്‍ക്‌സിന് സാമ്പത്തികശാസ്ത്രത്തിനു രാഷ്ട്രീയ വിമര്‍ശനം എഴുതുകയായിരുന്നില്ല താല്‍പര്യം; അദ്ദേഹത്തിനു ഇഷ്ടം ഗ്രീക്കുപുരാണത്തിലെ പ്രൊമിത്തിയൂസിനെക്കുറിച്ച് ഒരു മഹാകാവ്യം രചിക്കാനായിരുന്നു. ഉറപ്പുള്ള പ്രവചനം കാത്തിരിക്കുന്ന ഒരു യൂറോപ്പിനെ അദ്ദേഹം കണ്ടു. മാത്രമല്ല പരമ്പരാഗതമായ മതത്തിന്റെ ആവരണങ്ങള്‍ അര്‍ഥശൂന്യമായി അഴിഞ്ഞു വീഴുന്നതും കണ്ടു.
മാര്‍ക്‌സ് ഗ്രീക്കുപുരാണത്തിലെ പ്രൊമിത്തിയൂസുമായി സ്വയം താദാത്മ്യം പ്രാപിച്ചു. ദൈവങ്ങളെ വെറുത്തു മനുഷ്യരെ സ്‌നേഹിക്കുന്ന ഗ്രീക്ക് കെട്ടുകഥകളിലെ വീരപുരുഷന്‍. മാര്‍ക്‌സിനെ ആകര്‍ഷിച്ചതു യൂറോപ്പിലെ റൊമാന്റിക് സാഹിത്യവിചാരമായിരുന്നു. മതപാരമ്പര്യത്തിന്റെ ഭീമമായ ഘടനകള്‍ തകര്‍ന്നു വീഴുന്നതും മാര്‍ക്‌സ് കണ്ടു. മതത്തിന്റെ അധോഗതിയുടെയും ദൈവത്തിന്റെ തിരോധാനത്തിന്റെയും കാലം. തത്വചിന്ത വീടണയലിന്റെ വേദനയായിരുന്നു. വീടണയാനുള്ള കേവലമായ ഗൃഹാതുരത്വം ആഴമായി വേരുപിടിച്ച മനസ്സുകളുടെ സംസ്‌കാരം.
വീടണയാനുള്ള നൊസ്റ്റാള്‍ജിയായുടെ ഒരു കെട്ടുകഥയുടെ രൂപീകരണമാണ് മാര്‍ക്‌സ് നടത്തിയത് എന്നാണ് സ്റ്റെയിനര്‍ അവകാശപ്പെടുന്നത്. അടിമകളായി മാറി നീതിക്കുവേണ്ടി നിലവിളിക്കുന്ന ജനതയുടെ രോദനം റൊമാന്റിക് കാലത്തിന്റെ കവിതയിലും കലകളിലും പ്രകടിതമായി. കാലഹരണപ്പെട്ട ദൈവശാസ്ത്രത്തിന്റെ മനുഷ്യന്റെ പതനം, ജന്മപാപം, രക്ഷ എന്നിവയുടെ സെക്കുലര്‍ രൂപങ്ങള്‍ ഈ കലാരൂപങ്ങളില്‍ പ്രത്യക്ഷമായിരുന്നു. ഫ്രഞ്ചു വിപ്ലവം അങ്ങനെയൊരു സംഭവവുമായിരുന്നു - തീര്‍ത്തും സെക്കുലര്‍ പ്രതിഭാസം. മനുഷ്യന്‍ അവന്റെ ആന്തരികതയില്‍ അടിമയാക്കപ്പെട്ടു.
ഈ മനുഷ്യന്റെ വിമോചനമാണ് മാര്‍ക്‌സ് പ്രഖ്യാപിച്ചത്. ഈ അടിമത്തം എങ്ങനെ ഉണ്ടായി, വര്‍ഗ സമൂഹങ്ങള്‍ എങ്ങനെ ഉണ്ടായി, ഇതിനൊന്നും മാര്‍ക്‌സിനു കൃത്യമായി ഉത്തരമുണ്ടായില്ല. എന്നാല്‍ അങ്ങനെ സെക്കുലര്‍ ജനതയെപ്പോലെ മാര്‍ക്‌സ് ഉത്തരം കണ്ടെത്തിയതു ഗ്രീക്ക് പുരാണങ്ങളിലാണ്. കലാപരമായും താത്വികമായും കാവ്യാത്മകമായും രാഷ്ട്രീയമായും മനുഷ്യന്റെ കിരീടമായി മാറിയതു ഗ്രീക്ക് സംസ്‌കാരമായിരുന്നു.
മാര്‍ക്‌സ് 1844-ല്‍ എഴുതിയ സാമ്പത്തികവും താത്വികവുമായ കയ്യെഴുത്തു രേഖ എന്നറിയപ്പെടുന്നതിനെക്കുറിച്ച് സ്റ്റെയിനര്‍ എഴുതി: 'ഈ കൃതിയില്‍ നാം കേള്‍ക്കുന്നതു മാര്‍ക്‌സിനെയോ പഴയ നിയമത്തിലെ ഏശയ്യ പ്രവാചകനെയോ' എന്ന് അദ്ദേഹം ചോദിച്ചു. അതില്‍ മാര്‍ക്‌സ് എഴുതി, ''മനുഷ്യനും മനുഷ്യനും ഈ ലോകവുമായുള്ള ബന്ധം മാനുഷികമാണ് എന്നു സങ്കല്പിക്കുക. എന്നാല്‍ സ്‌നേഹത്തിനു പകരം സ്‌നേഹവും വിശ്വസ്തതയ്ക്കു പകരം വിശ്വസ്തതയും തിരിച്ചു കിട്ടും.''
സാത്വികമായി ഇതെഴുതിയ മാര്‍ക്‌സിന്റെ തന്നെ ഒരു വാചകം അദ്ദേഹം വീണ്ടും ഉദ്ധരിച്ചു, ''മനുഷ്യന്റെ കഴിവിന്റെ അന്യവല്‍ക്കരണമാണ്, പണം. മനുഷ്യവര്‍ഗത്തിന്റെ പ്രതിഭ അഥവ കഴിവ് എന്നു ഞാന്‍ തര്‍ജമ ചെയ്യും.'' മാനവീകതയുടെ അന്യവല്‍ക്കരണമാണ് പണം. ഇത് എങ്ങനെ സംഭവിച്ചു? പറുദീസയില്‍ നിന്നുള്ള മനുഷ്യന്റെ പതനദുരന്തം. ഇതാണ് സാഹിത്യകൃതികള്‍ എഴുതിയത് - പറുദീസയിലെ മനുഷ്യന്റെ പതന കഥ. പാശ്ചാത്യ കവികള്‍ ഏറ്റു പാടിയത്. മനുഷ്യന്റെ നഷ്ടപ്പെട്ട ശൈശവത്തെക്കുറിച്ചുള്ള റൊമാന്റിക് സങ്കല്‍പത്തില്‍ ബോധപൂര്‍വം മാര്‍ക്‌സ് പറഞ്ഞത്. ഈ പതനത്തില്‍ നിന്നുള്ള മോചനമാണ് മാര്‍ക്‌സ് ആവശ്യപ്പെട്ടത്.
അതു നടപ്പിലാക്കാനാണ് മാര്‍ക്‌സിസം ഗുലാഗുകളും തടങ്കല്‍ പാളയങ്ങളും നിരന്തരമായ വിപ്ലവങ്ങളും ഉണ്ടാക്കിയത്. വിപ്ലവങ്ങള്‍ ഈ രക്ഷ ഉണ്ടാക്കിയോ? ഈ പ്രതിസന്ധി തന്നെയാണ് മാര്‍ക്‌സിസത്തില്‍ പാഷണ്ഡികളെ ഉണ്ടാക്കിയത്. സ്റ്റാലിനെ എതിര്‍ത്തവനും സ്റ്റാലിന്‍ കൊല്ലിച്ചവനുമായ ട്രോട്‌സ്‌കിയുടെ കഥ. അതു കമ്മ്യൂണിസത്തില്‍ നിരന്തരം ഉണ്ടായി - വിഘടനങ്ങള്‍, മാര്‍ക്‌സിസത്തിനു അതിന്റെ വിശ്വാസസത്യങ്ങളും ശബ്ദതാരാവലിയും ഉണ്ടായി. അതു ലംഘിച്ചവര്‍ പീഡിതരായി. മാര്‍ക്‌സിസത്തിന്റെ പ്രവചനങ്ങള്‍ വെറും അന്ധവിശ്വാസങ്ങളായി മാറി. ആദിമ ക്രൈസ്തവസഭയില്‍ ലോകാവസാനം പ്രവചിച്ചതുപോലെ!
മാര്‍ക്‌സിസത്തിന്റെ പ്രവചനങ്ങള്‍ ഭാരതത്തിലെ ജ്യോതിഷം പോലെയായിരുന്നു - അതിന്റെ ശാസ്ത്രീയത വെറും കെട്ടുകഥയായി മാറി. കാള്‍പോപ്പര്‍ ഇതു വ്യക്തമായി എഴുതി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത ഈ പ്രവചനങ്ങള്‍ ഫ്രോയിഡിന്റെ സൈക്കോഅനാലിസ് പോലെ ആയി എന്നു സ്റ്റെയിനര്‍ എഴുതി. പരീക്ഷണ നിരീക്ഷണങ്ങളുടെ തെളിവിന്റെ സത്തയില്ലാതെ പോയി - അവ മനുഷ്യമനസ്സിന്റെ ഉന്മാദങ്ങള്‍, സ്വപ്‌നങ്ങള്‍, കാവ്യങ്ങള്‍, കഥകള്‍ പോലെയായി മാറി. ഈഡിപ്പസിന്റെ അബോധ കാമം - അച്ഛനെ കൊല്ലാനും അമ്മയെ വേളി ചെയ്യാനുമുള്ള കാമം അടിച്ചമര്‍ത്തിയതിന്റെ തിരിച്ചുവരവിന്റെ കഥകള്‍.
ഇതുതന്നെയായിരുന്നു ഷേക്‌സ്പിയറിന്റെ ഹാംലറ്റിന്റെ പ്രശ്‌നവും. ഹാംലറ്റ് പറഞ്ഞു, ''മനഃസാക്ഷി നമ്മെ എല്ലാവരേയും ഭീരുക്കളാക്കുന്നു.'' സ്വന്തം പിതാവിനെ കൊല്ലാന്‍ ശങ്കയുണ്ടായി വേറെ ആളുകളെ അതിനു വിടുന്നവന്റെ മൊഴികളാണിവ. വിപ്ലവത്തെ തടയുന്ന മനഃസാക്ഷി. മനഃസാക്ഷിയില്ലാത്ത സ്റ്റാലിന്‍, മാവോ... യഹൂദരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലര്‍. ഫ്രോയിഡ് മോസസ്സിനെ ഈജിപ്റ്റുകാരനാക്കി, യഹൂദവേട്ട പുറജാതിക്കാരുടെയാക്കി. മനുഷ്യന്റെ അടിസ്ഥാനപരമായ അനുസരണക്കേട് എന്നു പൗലോസ് പറഞ്ഞ സത്യമല്ലേ മാര്‍ക്‌സും ഫ്രോയ്ഡും എഴുതിയതും? വെറും ചില വിശ്വാസങ്ങളെ ശാസ്ത്രീയം എന്നു വിളിക്കുന്നു!