National

മധ്യപ്രദേശ്: സഭയുടെ അനാഥാലയത്തില്‍ നിന്നു കുട്ടികളെ ഒഴിപ്പിക്കാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു

Sathyadeepam

അനാഥാലയത്തില്‍ നിന്നു കുട്ടികളെ ഒഴിപ്പിക്കാനുള്ള അധികാരികളുടെ ശ്രമം മധ്യപ്രദേശ് ഹൈക്കോടതി തടഞ്ഞു. 44 അനാഥക്കുട്ടികള്‍ കഴിയുന്ന സാഗറിലെ ഷാംപുര സെ. ഫ്രാന്‍സിസ് അനാഥാലയത്തിലെ കുട്ടികളെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും ജനുവരി ആറിനു ഉച്ചയോടെ അനാഥാലയത്തിലെത്തുകയായിരുന്നു. കുട്ടികള്‍ പ്രതിഷേധിച്ചു. ഇതു തങ്ങളുടെ വീടാണെന്നും തങ്ങള്‍ എവിടേക്കുമില്ലെന്നും വ്യക്തമാക്കിയ കുട്ടികളെ ബലം പ്രയോഗിച്ചു മാറ്റാനായിരുന്നു ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നീക്കം. ഇതിനിടെ, കുട്ടികളെ മാറ്റുന്നതു തടഞ്ഞുകൊണ്ടു ഹൈക്കോടതി ഉത്തരവു നല്‍കി. ഇതറിഞ്ഞിട്ടും ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അനാഥാലയത്തില്‍ തന്നെ തുടര്‍ന്ന അധികാരികള്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ കോപി എത്തിച്ചു കൊടുത്ത ശേഷം വൈകുന്നേരമാണ് സ്ഥലം വിട്ടത്. കോവിഡ് പകര്‍ച്ചവ്യാധിയുടെയും കടുത്ത ശൈത്യത്തിന്റെയും ഈ കാലത്ത് കുട്ടികളെ മാറ്റേണ്ട കാര്യമെന്ത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കാനാണു ഹൈക്കോടതി ശിശുക്ഷേമസമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അനാഥാലയത്തിനു രജിസ്‌ട്രേഷന്‍ ഇല്ലെന്ന കാരണമാണ് ശിശുക്ഷേമസമിതി പറഞ്ഞത്. എന്നാല്‍ 145 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന അനാഥാലയത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ യഥാസമയം, മതിയായ രേഖകളോടെ നല്‍കിയിട്ടുള്ളതാണെന്നും അതു പുതുക്കി നല്‍കേണ്ടത് അധികാരികളാണെന്നും അനാഥാലയത്തിന്റെ ഡയറക്ടറായ ഫാ. സിന്റോ വര്‍ഗീസ് മാളിയേക്കല്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ പുതുക്കാതെ അനാഥാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഗൂഢനീക്കമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാഗര്‍ രൂപതയുടേതാണ് അനാഥാലയം. സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ സഭയ്ക്കുള്ള അവകാശത്തിനെതിരെ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. വ്യക്തമായ രേഖകളും മറ്റുമുള്ളതിനാല്‍ ഈ കേസില്‍ സഭ വിജയിക്കുമെന്ന സ്ഥിതി വന്നതോടെ ജനങ്ങളെ സഭയ്ക്ക് എതിരാക്കാനുള്ള ഗൂഢപദ്ധതിയും ഈ നീക്കങ്ങളുടെ പിന്നിലുണ്ടെന്ന് ഫാ. സിന്റോ വര്‍ഗീസ് പറഞ്ഞു.

ഇരുനൂറിലധികം ഏക്കര്‍ വരുന്ന ഈ സ്ഥലത്ത് അനാഥാലയമുള്‍പ്പെടെ സഭ ഏഴോളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. അനാഥാലയത്തിനു പുറമെ മാനസീകഭിന്നശേഷിക്കാരായ കുട്ടികളെയും ശാരീരിക ഭിന്നശേഷിക്കാരെയും പരിപാലിക്കുന്ന ഭവനങ്ങള്‍ ഇവിടെയുണ്ട്. ദരിദ്രരും ആദിവാസികളുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിച്ചു പഠിക്കുന്നതിനുള്ള ഹോസ്റ്റലുകളും അവര്‍ക്കുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളും സാമൂഹ്യസേവനസ്ഥാപനങ്ങളും ഉണ്ട്. അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്ത ദുര്‍ഗമ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറു കണക്കിനു ദളിത്-ആദിവാസി കുട്ടികള്‍ ഇവിടെ പഠിച്ച് ഇപ്പോള്‍ സര്‍ക്കാരിലും മറ്റും ഉദ്യോഗസ്ഥരായി സേവനം ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ഇതിനോടുള്ള എതിര്‍പ്പും സഭയോടുള്ള എതിര്‍പ്പായി മാറിയിട്ടുണ്ടെന്നു ഫാ. സിന്റോ വര്‍ഗീസ് സൂചിപ്പിച്ചു.

മധ്യപ്രദേശിലുടനീളം സഭയുടെ സേവനപ്രവര്‍ത്തനങ്ങളെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആസൂത്രിതമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നു സാഗര്‍ രൂപതയുടെ സാമൂഹ്യസേവനവിഭാഗം ഡയറക്ടര്‍ ഫാ. തോമസ് ഫിലിപ്പ് പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും പേടിച്ചു പിന്തിരിയാന്‍ സഭ തയ്യാറല്ല. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കോടതിയെയും നിയമസംവിധാനത്തെയും സമീപിച്ചു നീതി തേടി മുന്നോട്ടു പോകാനാണു തീരുമാനം. ഇത് അധികഭാരവും ബാദ്ധ്യതയും ഉണ്ടാക്കുന്നുണ്ട്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രൂക്ഷമായ നുണപ്രചാരണമാണ് സംസ്ഥാനമെങ്ങും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ നടത്തുന്നത്. യൂ ട്യൂബ് ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയ വേദികളിലൂടെയും വലിയ വിദ്വേഷപ്രചാരണം നടക്കുന്നു. പ്രാദേശിക പത്രമാധ്യമങ്ങളും സഭയ്‌ക്കെതിരാണ്. സഭയുടെ ഭാഗമെന്താണെന്നു ചോദിക്കാന്‍ പോലും തയ്യാറാകാതെയാണു വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പരത്തുന്നത്. വര്‍ഗീയവാദികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഭയുടെ എല്ലാ തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. -അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം