തൃശൂര്‍: സ്നേഹസൗഹാര്‍ദ്ദങ്ങളുടെ ആശംസകളുമായി ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രമോഫീസില്‍ തീരപ്രദേശത്തെ കത്തോലിക്ക ഇടവകകളിലെ വൈദികര്‍ ഉത്സവത്തലേന്നുതന്നെയെത്തി. ക്ഷേത്രം സെക്രട്ടറി കാതോട് വിശ്വംഭരനും കര്‍മ്മി ഉത്തമന്‍ശാന്തിയും ചേര്‍ന്ന് വൈദികരെ സ്വീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സ്നേഹസന്ദര്‍ശനം ചിരകാലം തുടരട്ടെയെന്ന് ഇതരമതസ്ഥരുടെ ദേവാലയ സന്ദര്‍ശനം തൃശൂരില്‍ തുടങ്ങിവച്ച ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ആശംസിച്ചു. കണ്ടശ്ശാംകടവ് സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. ജെയിംസ് വടക്കൂട്ടിന്‍റെയും തൃശ്ശിവപേരൂര്‍ സത്സംഗ് രക്ഷാധികാരി എം.ഐ. മിഷന്‍ ആസ്പത്രി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ടിന്‍റെയും നേതൃത്വത്തില്‍ എത്തിയ വൈദികസംഘത്തില്‍ ഫാ. പ്രിന്‍സ് പൂവ്വത്തിങ്കല്‍, ഫാ. ജോയ് പുത്തൂര്‍, ഫാ. ജിക്സണ്‍ താഴത്ത്, ഫാ. സണ്‍ജയ് തൈക്കാട്ടില്‍, എം.ഐ. ആസ്പത്രി സോഷ്യല്‍ വിങ്ങിലെ പി. ജെ. മാര്‍ട്ടിന്‍, പി.എസ്. ഷിബു എന്നിവരുമുണ്ടായിരുന്നു. ക്ഷേത്രവളപ്പില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണഗുരുവിന്‍റെ സന്ദര്‍ശനസ്മാരകവും മതസൗഹാര്‍ദ്ദത്തിന്‍റെ നിത്യപ്രതീകമായി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന 'തങ്ങളുടെ കബറിടവും' വൈദികര്‍ സന്ദര്‍ശിച്ചു.