ഒഴിഞ്ഞു പോകണമെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കല്പനകള്‍ ധിക്കരിച്ച് ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി തുടരുമെന്ന് അവിടുത്തെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി പള്ളിയുടെ ഭാരവാഹികള്‍ അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ഈ പള്ളിയില്‍ അഭയം തേടിയിട്ടുണ്ട്. പള്ളി ഉള്‍പ്പെടുന്ന ഏകദേശം 9 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്തുനിന്ന് എല്ലാവരോടും ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ സമയത്ത് ഇടവകയില്‍ തന്നെ തുടരുക എന്നത് ധാര്‍മ്മികമായും അജപാലനപരമായും തങ്ങളുടെ കടമയാണെന്ന് പള്ളി കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പള്ളിയില്‍നിന്ന് നല്‍കിക്കൊണ്ടിരിക്കുന്ന സേവനത്തെ ആശ്രയിച്ച് നിരവധി വയോധികരും ഭിന്നശേഷിക്കാരും കഴിയു ന്നുണ്ട്. അവര്‍ക്ക് പരിചരണം തുടരേണ്ടതുണ്ട്. യുദ്ധ ത്തിന്റെ ആദ്യ നാള്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ ത്തിച്ചു തുടങ്ങിയതാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒഴിഞ്ഞു പോകണമെന്ന ഉത്തരവിന് എതിരെ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസും പ്രസ്താവ നകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശത്തുള്ളവര്‍ ഇവിടെ നിന്ന് ഒഴിഞ്ഞ് തെക്കന്‍ ഗാസായിലേക്ക് മാറുക എന്നത് ഫലത്തില്‍ വധശിക്ഷയായി മാറും എന്ന് പാത്രിയര്‍ക്കീസ് കുറ്റപ്പെടുത്തിയിരുന്നു.
ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിലും തൊട്ടടുത്തുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലും നൂറുകണക്കിന് ആളുകളാണ് യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ അഭയം തേടിയിട്ടുള്ളത്.
തങ്ങള്‍ ദൈവത്തിന്റെ കരങ്ങളില്‍ ആണെന്നു ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റോമാനെല്ലി പറഞ്ഞു. യേശുക്രിസ്തുവിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ആയിരിക്കുന്നത്. രോഗികളിലും സഹനം അനുഭവിക്കുന്നവരിലും സന്നിഹിതനായിരിക്കുന്ന അവനെ ശുശ്രൂഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ആയിരിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു