
മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലൗദാത്തോ സി ഗ്രാമം ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ പ്രശസ്തമായ പാരിസ്ഥിതിക ചാക്രിക ലേഖനമായ ലൗദാത്തോ സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ ഗ്രാമം.
സൃഷ്ടികര്‍ത്താവിന്റെ പദ്ധതിയെ മാനിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും ഓരോ മനുഷ്യ വ്യക്തിക്കും ഉണ്ടെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. സൃഷ്ടി ജാലത്തെ പരിചരിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ദൈവവിളിയാണ്. സൃഷ്ടികള്‍ക്കിടയിലെ മറ്റൊരു സൃഷ്ടിയാണ്, സൃഷ്ടാവല്ല നമ്മള്‍ എന്നത് ഒരിക്കലും മറക്കാതെ ഈ ദൗത്യം നമ്മള്‍ നിറവേറ്റണം.
സൃഷ്ടിജാലവുമായി ഒരു സാഹോദര്യം വീണ്ടെടുക്കുക എന്നത് പ്രധാനമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ കരവേലയുടെ കൈവശക്കാര്‍ എന്ന ദൗത്യം സാക്ഷാല്‍ക്കരിക്കുന്നതിന് ലക്ഷ്യമിടുന്ന സഭയുടെ പദ്ധതികളില്‍ ഒന്നാണ് ലൗദാത്തോ സി ഗ്രാമം - മാര്‍പാപ്പ വിശദീകരിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്ന സംവിധാനങ്ങളും വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ലൗദാത്തോ സി ഗ്രാമത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.