
ലോകമെങ്ങും സൈനിക ചെലവ് ഗണ്യമായ തോതില്‍ വര്‍ധിക്കുന്നതും ആണവായുധ വികസനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും ഉല്‍ക്കണ്ഠ ഉണര്‍ത്തുന്ന സ്ഥിതിവിശേഷമാണെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. ആണവായുധങ്ങള്‍ ഇല്ലാത്ത ലോകം പടുത്തുയര്‍ത്തുക എന്നത് തന്ത്രപരമായ ഒരു ആവശ്യം മാത്രമല്ല,
മറിച്ച് തീക്ഷ്ണമായ ഒരു ധാര്‍മ്മിക ഉത്തരവാദിത്വം കൂടിയാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഗബ്രിയേലെ കാച്ചിയ പറഞ്ഞു. ആണവായുധ പരീക്ഷണങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര ദിനത്തില്‍, ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വത്തിക്കാന്‍ പ്രതിനിധി.
നിരായുധീകരണത്തിലേക്കും സമാധാന സംസ്‌കാരത്തിലേക്കും നീങ്ങേണ്ടതിനുപകരം ആണവായുധ ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവരികയും വിനാശകരമായ ഇത്തരം ആയുധങ്ങള്‍ കൂടുതലായി വികസിപ്പിക്കപ്പെടുകയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. സമഗ്ര മനുഷ്യവികസനത്തിനുള്ള നിക്ഷേപത്തെ അപകടപ്പെടുത്തിക്കൊണ്ട് സൈനിക ചെലവുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
1945 ജൂലൈ 16 ന് ന്യൂമെക്‌സിക്കോ മരുഭൂമിയില്‍ അമേരിക്ക നടത്തിയ ആദ്യത്തെ ആണവായുധ പരീക്ഷണത്തിനുശേഷം ഇന്നുവരെ രണ്ടായിരത്തിലധികം ആണവപരീക്ഷണങ്ങള്‍ നടന്നു കഴിഞ്ഞു. ഇത് എല്ലാവരെയും ബാധിക്കുന്നതാണ്. വിശേഷിച്ചും തദ്ദേശീയ ജനസമൂഹങ്ങളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥ ശിശുക്കളെയും. സമഗ്ര ആണവായുധ പരീക്ഷണ നിരോധന ഉടമ്പടിയുടെ പ്രാധാന്യം ആര്‍ച്ചുബിഷപ്പ് ആവര്‍ത്തിച്ചു വ്യക്തമാക്കി.