നമ്മിലെ മനുഷ്യന്‍ ഇനിയും വളരാനുണ്ട് എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടു ജൂണ്‍ 20-ന് ഒരു ലോക അഭയാര്‍ത്ഥിദിനംകൂടി കടന്നുപോയി. ജൂണ്‍ 18 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശത്തില്‍ കിതപ്പും വിയര്‍പ്പും നിറഞ്ഞ അഭയാര്‍ത്ഥി ജീവിതങ്ങളുമായി നാം നടത്തേണ്ട വ്യക്തിപരമായ കണ്ടുമുട്ടലുകളെക്കുറിച്ചാണു പ്രതിപാദിച്ചത്. ഈ പ്രക്രിയയെ നാലു ക്രിയാപദങ്ങളില്‍ പാപ്പ ഒതുക്കി: സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, വളര്‍ത്തുക, ഉള്‍ച്ചേര്‍ക്കുക. അതിഥികളായെത്തുന്നവരെ – അവര്‍ ഏതു തരക്കാരായിരുന്നാലും – ദേവന്മാരെപ്പോലെ കാണണം എന്ന പാരമ്പര്യം അവകാശപ്പെടുന്ന നമുക്ക് ഇതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയായി.
പലായനങ്ങള്‍ പലവിധമുണ്ട്; പ്രകൃതിക്ഷോഭങ്ങള്‍ മൂലം, ജീവിതഞെരുക്കങ്ങള്‍ മൂലം, യുദ്ധക്കെടുതികള്‍ മൂലം…. ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ക്കായി പലായനം സ്വയം ഏറ്റെടുക്കുന്നവരുമുണ്ട്. ഏതു കാരണത്താലായാലും പലായനവും അഭയാര്‍ത്ഥികളും നമുക്കു കരുണയുടെ വിഷയങ്ങള്‍ തന്നെ. പലായനം നടത്തുന്നവരും അതിനു നിര്‍ബന്ധിക്കുന്നവരും ഒരു കാര്യം ഓര്‍ത്തിരിക്കുന്നതു നന്ന്; നാമെല്ലാവരും അഭയാര്‍ത്ഥികളാണ്; അത് അമേരിക്കയുടെ ചരിത്രമായാലും ആസ്ത്രേലിയയുടേതായാലും ഭാരതത്തിന്‍റേതായാലും. ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള രാജ്യമായാലും വംശങ്ങളുടെ കൊടുക്കല്‍വാങ്ങല്‍ നടക്കാത്ത ദേശങ്ങള്‍ ഇല്ലായെന്നു ചരിത്രവും ആധുനിക പഠനങ്ങളും തെളിയിക്കുന്നുണ്ട്. അതെ, നാമെല്ലാവരും പലായനസന്തതികള്‍ തന്നെ.
പലായനത്തിന്‍റെ കാരണങ്ങളെ പ്രതിരോധിക്കണമെന്നും എന്നാല്‍ അഭയാര്‍ത്ഥികളെ അനുഭാവത്തോടെ സമീപിക്കണമെന്നുമുള്ള യു.എന്‍. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേരസിന്‍റെ വാക്കുകള്‍ ഗൗരവമായി എടുക്കേണ്ടതാണ്. അതിനാലാവണം ഫ്രാന്‍സിസ് പാപ്പ ജൂണ്‍ മാസത്തെ തന്‍റെ പ്രത്യേക പ്രാര്‍ത്ഥനാവിഷയമാക്കി ആയുധക്കടത്തിന്‍റെ നിര്‍മ്മാര്‍ജ്ജനത്തെ സ്വീകരിച്ചത്. ലോകസമാധാനത്തെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ തന്നെ കേവലം സാമ്പത്തികലാഭത്തിന്‍റെ പേരില്‍ നടത്തുന്ന ആയുധക്കച്ചവടത്തെ ഫ്രാന്‍സിസ് പാപ്പ 2016 സെപ്തംബര്‍ മാസത്തില്‍ യു.എസ്. കോണ്‍ഗ്രസ്സിനുള്ള സന്ദേശത്തില്‍ പരാമര്‍ശിച്ചതാണ്. എന്നാല്‍ ഇക്കഴിഞ്ഞ മാസം അമേരിക്ക സൗദി അറേബ്യയ്ക്കു വിറ്റത് 110 ബില്യന്‍ ഡോളറിന്‍റെ ആയുധങ്ങളാണ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പേരുകേട്ട ഒരു രാജ്യംകൂടിയാണു സൗദി അറേബ്യ.
വിവിധ തരത്തിലുളള പലായനത്തിന്‍റെയും അഭയാര്‍ത്ഥിത്വത്തിന്‍റെയും മുനമ്പിലാണു നാം. മറ്റേതൊരു സമയത്തേക്കാളും ഈ കാലം പലായനത്തിന്‍റെ വിവിധ ഭാവങ്ങള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള യു.എന്‍. ഹൈക്കമ്മീഷന്‍ കണക്കു പ്രകാരം 65.3 മില്യന്‍ ആളുകളാണു സ്വന്തം നാടും വീടും വിട്ടോടിയവര്‍. അതിനര്‍ത്ഥം ഈ ലോകത്തില്‍ ഇന്നു ജീവിക്കുന്ന 113 പേരില്‍ ഒരാള്‍ പലായനത്തിലാണ് എന്നാണ്.
പലായനഭീതിയുടെ ഒരു മുഖം കഴിഞ്ഞ ആഴ്ചകളില്‍ കേരളവും കണ്ടു; പുതുവൈപ്പില്‍ തുടങ്ങാന്‍ പോകുന്ന എല്‍എന്‍ജി പെട്രോനെറ്റ് കമ്പനിയുടെ രൂപത്തില്‍. വികസനത്തിന്‍റെയും സാമ്പത്തികലാഭത്തിന്‍റെയും മറവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. മനുഷ്യനില്ലെങ്കില്‍, മനുഷ്യത്വമില്ലെങ്കില്‍ നാമുണ്ടാക്കുന്ന വികസനത്തിനും സാമ്പത്തികലാഭ കണക്കുകള്‍ക്കും എന്തു പ്രസക്തി? ഇത്തരം പണക്കൊതിയില്‍ നിന്നും വികല വികസനശൈലികളില്‍ നിന്നുമല്ലേ നാം രക്ഷപ്പെടേണ്ടത്; പലായനം ചെയ്യേണ്ടത്?
ക്രിസ്തീയ എഴുത്തുകാരുടെയും എഡിറ്റര്‍മാരുടെയും സൊസൈറ്റിയുടെ വാര്‍ഷികയോഗം അതിന്‍റെ സ്ഥാപകനായ ക്രിസോസ്തം വലിയ മെത്രാപ്പോലീത്തായുടെ വസതിയില്‍ കഴിഞ്ഞയാഴ്ച കൂടുകയുണ്ടായി. നൂറിന്‍റെ നിറവില്‍ നില്ക്കുന്ന വലിയ തിരുമേനി, ദൈവം ലോകത്തെ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള തന്‍റെ ചിന്ത പങ്കുവച്ചു. ദൈവം ലോകത്തെ സൃഷ്ടിച്ചതു നാം മനുഷ്യര്‍ക്കു വേണ്ടിയല്ല, നമ്മെ മനുഷ്യരാക്കാന്‍ വേണ്ടിയാണ്. അഭയാര്‍ത്ഥികള്‍ക്കു നേരെ വാതില്‍ കൊട്ടിയടയ്ക്കുകയും മതിലുകള്‍ കെട്ടിപ്പൊക്കുകയു ചെയ്യുന്ന നാം എന്നാണ് ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടിയുടെ മകുടമായ മനുഷ്യരാവുക?