Coverstory

Walking with the Master [ഗുരുക്കന്മാര്‍ക്കൊപ്പം]

ജോസഫ് അന്നംകുട്ടി ജോസ്
  • ജോസഫ് അന്നംകുട്ടി ജോസ്‌

ക്രിസ്തുവിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ അധ്യാപകവൃത്തിയില്‍ രണ്ടു സാധ്യതകളാണ് ഒരാള്‍ക്ക് ഉള്ളത് 'ഒന്നുകില്‍ മീന്‍പിടിക്കുന്നവരായി മാറുക, അല്ലെങ്കില്‍ മനുഷ്യരെ പിടിക്കുന്നവരാകുക.' കണ്മുന്നില്‍ വന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിനെയാണോ ഹൃദയത്തെയാണോ സ്പര്‍ശിക്കേണ്ടത് എന്ന് സാരം.

വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കണ്ടാല്‍ ധനികന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളും അയാളുടെ ഭാര്യയും വലിയ മൂന്ന് പെട്ടിയുമായി ട്രെയിനില്‍ നിന്നുമിറങ്ങി. പോര്‍ട്ടറായി ജോലി നോക്കിയിരുന്ന ഒരു ചെറുപ്പക്കാരന്‍ അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു,

'സാര്‍, താങ്കളുടെ ഈ പെട്ടികള്‍ ഞാന്‍ കാറില്‍ കൊണ്ടുചെന്ന് വയ്ക്കുകയാണെങ്കില്‍ താങ്കളെനിക്ക് എത്ര രൂപ തരും?'

'അതിനൊക്കെ ഇവിടെ നിയമം ഉണ്ടെടോ' അയാള്‍ ചെറുപ്പക്കാരനോട് മറുപടി പറഞ്ഞു.

'സാര്‍, നിയമമല്ല ഞാന്‍ ചോദിച്ചത്, ഈ പെട്ടികള്‍ സാര്‍ ചുമന്ന് നടന്നാല്‍ സാറിന്റെ നടുവൊടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. സാറിന് അസാധ്യമായത് എനിക്ക് സാധ്യമാണ്. എനിക്കിപ്പോള്‍ അസാധ്യമായത് ഒരു നേരം ഭക്ഷണം കഴിക്കാനുള്ള പൈസയാണ് അത് സാറിന്റെ പോക്കറ്റില്‍ കിടക്കുന്നുണ്ട്.'

'താന്‍ പറഞ്ഞോ തനിക്ക് ഞാന്‍ എത്ര രൂപ തരണം?'

'സാറേ, ഈ മൂന്ന് പെട്ടികള്‍ ചുമന്ന് സാറിന്റെ കാറില്‍ കൊണ്ടുവയ്ക്കണമെങ്കില്‍ ഇരുപത് മിനിറ്റെടുക്കും. സാര്‍ ചെയ്യുന്ന ജോലിയില്‍ ഇരുപത് മിനിറ്റിന് എത്ര പൈസ കിട്ടുന്നോ അതിന്റെ പകുതിയുടെ പകുതി തന്നാല്‍ മതി എനിക്ക്.'

അയാള്‍ അതിന് സമ്മതിച്ചു.

പെട്ടികള്‍ കാറില്‍ കൊണ്ടു വച്ചതിനു ശേഷം ആ യുവാവ് ആ ധനികനു നേരെ കൈകള്‍ നീട്ടി.

'എടൊ, താന്‍ തന്നെ പറ തനിക്ക് എത്ര രൂപ വേണം? താന്‍ പറയുന്ന പൈസ ഞാന്‍ തരും.'

'ഞാന്‍ പറഞ്ഞല്ലോ, സാര്‍ ഇരുപത് മിനിറ്റ് ജോലിയെടുത്താല്‍ കിട്ടുന്ന പൈസയുടെ പകുതിയുടെ പകുതി മതി എനിക്ക്.'

'അതൊന്നും ചിന്തിക്കേണ്ട, താന്‍ എടുത്ത ജോലിക്ക് താന്‍ ആവശ്യപ്പെടുന്നതാണ് തന്റെ കൂലി.'

ആ ചെറുപ്പക്കാരന്‍ നിശ്ശബ്ദനായി, മെല്ലെ കൈകള്‍ പിന്‍വലിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

'സാര്‍ എനിക്ക് പൈസ വേണ്ട.'

ഇതു കേട്ട് അയാള്‍ ആശ്ചര്യപ്പെട്ടു.

'ഇത്രയും നേരം എന്നോട് പൈസയ്ക്കുവേണ്ടി തര്‍ക്കിച്ചിട്ട്, പെട്ടെന്ന് എന്താ പൈസ വേണ്ടാന്ന് വച്ചേ?'

'സാര്‍, നമ്മള്‍ തുടങ്ങിയ ലോകമല്ല ഇപ്പോള്‍. ആദ്യത്തേത്, സാറ് നിയമമനുസരിച്ച് എന്നോട് ഇടപഴകുന്ന ലോകമായിരുന്നു. ഇപ്പൊ, എന്റെ ആവശ്യമനുസരിച്ച് സാറ് ഇടപഴകുന്ന പുതിയൊരു ലോകം നമ്മള്‍ രണ്ടുപേരും കൂടി സൃഷ്ടിച്ചു. ഈ പുതിയ ലോകത്തില്‍ സാറിനെ പോലെ ഒരാളെ കിട്ടിയപ്പോള്‍ എനിക്കിനി എന്തിനാ പണം?'

ക്രിസ്തുവിന്റെ മൂന്ന് വര്‍ഷത്തെ പരസ്യജീവിതത്തെ 'Walking with the master' എന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ മൂന്ന് വര്‍ഷം കൂടെ കൊണ്ടു നടന്ന് പഠിപ്പിച്ചിട്ടും ഒരു ശിഷ്യന്‍ അവന്റെ കൈവിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോയി. നമ്മള്‍ എത്രയൊക്കെ ശ്രമിച്ചാലും ചിലരൊക്കെ വഴുതിപ്പോകും, സങ്കടപ്പെടേണ്ടതില്ല, Even the master lost a student.

ആ ചെറുപ്പക്കാരന്‍ കൈകള്‍കൂപ്പി, നന്ദി പറഞ്ഞ് തിരികെ നടന്നു. ആ ചെറുപ്പക്കാരനാണ് പിന്നീട് മാര്‍ത്തോമ്മാ സഭയുടെ മേലധ്യക്ഷനായ, The Bishop with a golden tongue എന്നറിയപ്പെടുന്ന മാര്‍ ക്രിസോസ്റ്റം തിരുമേനിയായി മാറിയത്.

അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് അവര്‍ക്കിടയില്‍ പുതിയൊരു ലോകം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് ഈ കാലഘട്ടത്തിന്റെ ചോദ്യം. ഏറ്റവും നന്നായി പഠിപ്പിക്കുന്ന ഒരാളല്ല, ഒരു വിദ്യാര്‍ഥിയെ ഏറ്റവും നന്നായി പഠിക്കുന്ന ഒരാളാണ് ശരിയായ ഗുരു.

ഓസ്‌ട്രേലിയയില്‍ 'Walk with the teacher' എന്നൊരു കോണ്‍സെപ്റ്റ് ഉണ്ട്. ഹാന്‍ഡ് ബാള്‍ കളിക്കാന്‍ എട്ട് വയസ്സുള്ള മെര്‍ലിന്‍ അവളുടെ കൂട്ടുകാരിയെ വിളിക്കുന്നു, കൂട്ടുകാരി വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മെര്‍ലിന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ബോള്‍ വലിച്ചെറിയുന്നു. ബോള്‍ മുഖത്തുകൊണ്ട് കൂട്ടുകാരിയുടെ മൂക്കില്‍ നിന്നും ചോര പൊടിയുന്നു. വിഷയം സ്റ്റാഫ് റൂമില്‍ എത്തുന്നു. പിറ്റേ ദിവസം പ്‌ളേ ടൈമില്‍ മെര്‍ലിന് മാത്രം 'Walk with the teacher' ആണ്. അവളുടെ ക്ലാസ് ടീച്ചര്‍ അല്ലാത്ത മറ്റൊരു അധ്യാപികയോടൊപ്പം ഒരു മണിക്കൂര്‍ നടന്ന് സംസാരിക്കുക.

'മെര്‍ലിന് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താ?' അധ്യാപിക ചോദിച്ചു.

'എന്റെ ചേട്ടന്‍ എല്ലാ നേരവും ഫുട്‌ബോള്‍ ഗെയിം ടിവിയില്‍ കളിക്കും, എന്നെ കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിക്കില്ല.'

'മെര്‍ലിനെ ഗെയിം കളിക്കാന്‍ ചേട്ടന്‍ നിര്‍ബന്ധിക്കാറുണ്ടോ?'

'ഇല്ലാ, എനിക്ക് ഫുട്ബാള്‍ വെറുപ്പാണെന്ന് ചേട്ടന് അറിയാം.'

'മെര്‍ലിന്റെ കൂട്ടുകാരിക്ക് ഹാന്‍ഡ്‌ബോള്‍ ഇഷ്ടമല്ലെങ്കിലോ? അവള്‍ക്ക് വേറെ ഗെയിമാണ് താല്‍പര്യമെങ്കിലോ? We have to respect others choices.'

ആ ദിവസത്തെ ഒരു മണിക്കൂര്‍ നടത്തം അവള്‍ക്ക് ലഭിച്ച പണിഷ്‌മെന്റല്ല, അവസരമാണ് (Not a punishment but an opportunity).

നടത്തത്തിനൊടുവില്‍ 'നമുക്ക് ആ കൂട്ടുകാരിയെ പോയി കണ്ടാലോ? സോറി പറഞ്ഞാലോ?' എന്ന് പറയുന്നിടത്ത് രണ്ടുപേരും അവരവരുടെ ഫിനിഷിങ് പോയ്ന്റില്‍ എത്തുന്നു, പുതിയൊരു ലോകത്തിന്റെ സ്റ്റാര്‍ട്ടിങ് പോയ്ന്റ്. അവര്‍ തല്ലുകൂടിയ അതേ പ്ലേ ഗ്രൗണ്ടില്‍ മെര്‍ലിനും കൂട്ടുകാരിയും ഇപ്പോള്‍ കൈകള്‍ കോര്‍ത്ത് നടക്കുകയാണ്. ഉയര്‍ന്ന ശബ്ദകോലാഹലങ്ങളില്ല, വളര്‍ത്തുദോഷം എന്ന പ്രയോഗങ്ങളില്ല, ഒറ്റപ്പെടുത്തുന്ന പണിഷ്‌മെന്റുകളില്ല, ക്ലാസിന് മുമ്പില്‍ വച്ച് തരംതാഴ്ത്തുന്നില്ല. വെറുതെ കൂടെ നടക്കുക മാത്രം ചെയ്യുന്നു, വിദ്യാര്‍ഥികളുടെ ഉള്ളില്‍ ഒരു പുതിയലോകം വികസിക്കാനുള്ള വിത്ത് പാകുക മാത്രം ചെയ്യുന്നു.

ഉയര്‍ന്ന ശബ്ദകോലാഹലങ്ങളില്ല, വളര്‍ത്തുദോഷം എന്ന പ്രയോഗങ്ങളില്ല, ഒറ്റപ്പെടുത്തുന്ന പണിഷ്‌മെന്റുകളില്ല, ക്ലാസിന് മുമ്പില്‍ വച്ച് തരംതാഴ്ത്തുന്നില്ല. വെറുതെ കൂടെ നടക്കുക മാത്രം ചെയ്യുന്നു, വിദ്യാര്‍ഥികളുടെ ഉള്ളില്‍ ഒരു പുതിയലോകം വികസിക്കാനുള്ള വിത്ത് പാകുക മാത്രം ചെയ്യുന്നു.

വിദ്യാലയത്തില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ ഭംഗിയായി പഠിപ്പിക്കുന്ന ആപ്പുകളും, ഓണ്‍ലൈന്‍ അധ്യാപകരും, ചാറ്റ് Gpt ഒക്കെയുള്ള ഒരു കാലത്ത് ഒരു നല്ല അധ്യാപകനെ സൃഷ്ടിക്കുന്നത് 'ഒരു മൈല്‍ ദൂരം കൂടെ നടക്കുന്നതിനു പകരം രണ്ടു മൈല്‍ ദൂരം നടക്കാനുള്ള ഒരാളുടെ തീരുമാനമാണ്.' ക്രിസ്തുവിന്റെ മൂന്ന് വര്‍ഷത്തെ പരസ്യജീവിതത്തെ 'Walking with the master' എന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ മൂന്ന് വര്‍ഷം കൂടെ കൊണ്ടു നടന്ന് പഠിപ്പിച്ചിട്ടും ഒരു ശിഷ്യന്‍ അവന്റെ കൈവിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോയി. നമ്മള്‍ എത്രയൊക്കെ ശ്രമിച്ചാലും ചിലരൊക്കെ വഴുതിപ്പോകും, സങ്കടപ്പെടേണ്ടതില്ല, Even the master lost a student.

കുരിയാക്കോസ് ഇരവിമംഗലം എന്ന ഒരു വൈദികന്റെ ഒരു ഞായര്‍ കുര്‍ബാന ഇന്നും മനസ്സിലുണ്ട്. അന്ന് കാറ്റിക്കിസത്തിനും വെക്കേഷന്‍ സമയമായിരുന്നു, എല്ലാ വിദ്യാര്‍ഥികളും ഞായറാഴ്ചയിലെ രണ്ടാം കുര്‍ബാനയ്ക്കു വരണം എന്ന് നിര്‍ബന്ധമില്ലാത്ത സമയം. കുര്‍ബാന കഴിഞ്ഞപ്പോള്‍ അച്ചന്‍ ഇങ്ങനെ പറഞ്ഞു.

'വിദ്യാര്‍ഥികള്‍ എല്ലാവരും അവിടെത്തന്നെ നില്‍ക്കുക ആരും പോകരുത്. ഇന്ന് കുര്‍ബാനയ്ക്കിടയില്‍ ഒത്തിരിപേര്‍ വര്‍ത്തമാനം പറയുന്നത് ഞാന്‍ കണ്ടിരുന്നു. അത് ആരൊക്കെയാണെന്ന് എനിക്ക് കൃത്യമായി അറിയാം. വര്‍ത്തമാനം പറഞ്ഞവര്‍ക്ക് അവിടെ തന്നെ നില്‍ക്കാം, അല്ലാത്തവര്‍ക്ക് പോകാം.' ഇതു പറഞ്ഞിട്ട് അച്ചന്‍ സങ്കീര്‍ത്തിയിലേക്ക് പോയി. ചില വിദ്യാര്‍ഥികള്‍ കുരിശുപോലും വരയ്ക്കാതെ ഓടിപ്പോയി, ചിലര്‍ നില്‍ക്കണോ പോണോ എന്നൊരു കണ്‍ഫ്യൂഷനില്‍ ചുറ്റിലും നോക്കുന്നുണ്ടായിരുന്നു. അല്‍പസമയത്തിനുശേഷം ആ വൈദികന്‍ കുട്ടികളുടെ അടുത്തേക്ക് വന്നു.

'ആകെ അഞ്ചുപേര്‍ മാത്രമേ ഒള്ളൂ? അതില്‍ കൂടുതല്‍ പേരുണ്ടാര്‍ന്നല്ലോ? സാരമില്ല, അവരെ ഞാന്‍ പിടിച്ചോളാം. കുര്‍ബാനയുടെ സമയത്ത് വര്‍ത്തമാനം പറയുന്നത് തെറ്റല്ലേ? ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ ചെറിയൊരു പണിഷ്‌മെന്റ് ഉണ്ട്. എല്ലാവരും എന്റെ റൂമിലേക്ക് വരിക.'

എല്ലാവരുടെയും മുഖം വാടി, ഒരാള്‍ അതിനിടയിലൂടെ ഓടി പുറത്തേക്ക് പോയി.

അധ്യാപകനും വിദ്യാര്‍ഥിയും ചേര്‍ന്ന് അവര്‍ക്കിടയില്‍ പുതിയൊരു ലോകം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് ഈ കാലഘട്ടത്തിന്റെ ചോദ്യം. ഏറ്റവും നന്നായി പഠിപ്പിക്കുന്ന ഒരാളല്ല, ഒരു വിദ്യാര്‍ഥിയെ ഏറ്റവും നന്നായി പഠിക്കുന്ന ഒരാളാണ് ശരിയായ ഗുരു.

അച്ചന്‍ റൂമില്‍ കയറിയതിനുശേഷം വര്‍ത്തമാനം പറഞ്ഞ നാലുപേരെയും അകത്തേക്ക് വിളിച്ചു.

'24 മണിക്കൂറില്‍ വെറും ഒരു മണിക്കൂറല്ലേ നമ്മള്‍ പള്ളിയില്‍ വന്ന് പ്രാര്‍ഥിക്കുന്നത്? അത്രയും നേരം നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ടെ? സിനിമ കാണുന്നപോലെ അത്ര ആസ്വാദ്യകരമല്ല കുര്‍ബാന അല്ലെ? എന്നാലും തമ്പുരാന്റെ പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ വര്‍ത്തമാനം പറയുന്നത് disrespect അല്ലെ?'

കുട്ടികള്‍ കുറ്റബോധത്തോടെ മെല്ലെ തലയാട്ടി.

'ഒരു മിനിറ്റ് ഞാനിപ്പോള്‍ വരാം' അച്ചന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി, തിരികെ വന്നത് ഒരു പായ്ക്കറ്റുമായിട്ടാണ്. അതില്‍ മഞ്ഞകളറിലുള്ള ലഡ്ഡുവായിരുന്നു. ഓരോ ലഡ്ഡു വീതം ആ നാല് പേര്‍ക്ക് കൊടുത്തിട്ട് അച്ചന്‍ ഇങ്ങനെ പറഞ്ഞു:

'നിങ്ങളുടെ സത്യസന്ധതയ്ക്കാണ് ഈ ലഡ്ഡു തന്നത്. തെറ്റുകള്‍ പറ്റാം, പക്ഷെ ഏറ്റുപറയുമ്പോള്‍ ഈശോയ്ക്ക് സന്തോഷമാകും. ഏറ്റുപറഞ്ഞാല്‍ മാപ്പ് ലഭിക്കുന്ന കൂദാശ ഏതാ?'

'കുമ്പസാരം' കുട്ടികള്‍ 'ശബ്ദമുയര്‍ത്തി പാടിടുവിന്‍' എന്ന പാട്ടിനേക്കാളും ശബ്ദമുയര്‍ത്തി പറഞ്ഞു.

ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞിട്ടില്ലാത്ത ആ ചെറിയ മക്കള്‍ക്ക്, കുമ്പസാരം എന്ന കൂദാശയെ ഇതിലും ഭംഗിയായി എങ്ങനെ പറഞ്ഞുകൊടുക്കും? മധുരത്തില്‍ പൊതിഞ്ഞ ആ തെറ്റ് തിരുത്തലിനെ എന്നിലെ ഒരു പഴയ അള്‍ത്താരബാലന്‍ ഇന്നും ഉള്ളില്‍ കൊണ്ട് നടക്കുകയാണ്.

MBA പഠിക്കുമ്പോള്‍ internal പോലും പാസാകാന്‍ സാധിക്കാതെ ഞാന്‍ തോറ്റിരുന്നു. ഒരുപാട് കളിയാക്കലുകളും, കുറ്റപ്പെടുത്തലുകളും അന്ന് കേട്ടിരുന്നു. കൂടെ നിന്നത് കുടുംബവും, രണ്ടുമൂന്ന് കൂട്ടുകാരും ഒരു അധ്യാപികയുമായിരുന്നു. സുനിത എന്നായിരുന്നു ആ അധ്യാപികയുടെ പേര്. മൂന്നാം സെമസ്റ്ററിലായിരുന്നു കോളേജില്‍ നിന്ന് ടൂര്‍ പോയത്. ഞാനപ്പോള്‍ ഒന്നാം സെമസ്റ്ററില്‍ തോറ്റുപോയ പേപ്പര്‍ രണ്ടാമത് എഴുതി റിസള്‍ട്ടിന് കാത്തിരിക്കുകയായിരുന്നു. ടൂറില്‍ ആയിരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാന്‍ ഒറ്റപ്പെട്ടവനായിരുന്നു. അന്ന് സുനിത ടീച്ചര്‍ എന്നോടൊപ്പം കുറച്ചുനേരം നടന്നു.

'ജോസഫ്, ഫസ്റ്റ് സെമസ്റ്ററില്‍ നമ്മുടെ സ്‌കൂള്‍ വിസിറ്റിങ് കാമ്പയിനില്‍ നിന്റെ ഗ്രൂപ്പിന്റെ കൂടെ വന്നതാണ് എന്റെ ഏറ്റവും നല്ല ഓര്‍മ്മ. നിന്റെ തമാശകള്‍ ഓര്‍ത്ത് ഞാന്‍ എത്രമാത്രം ചിരിച്ചിട്ടുണ്ടെന്നോ? എന്റെ ഭര്‍ത്താവിന്റെ ജോലിയുടെ ട്രാന്‍സ്ഫറിന്റെ ഭാഗമായിട്ടാണ് ഞാന്‍ കൊച്ചിയില്‍ എത്തിയതും, ഇവിടെ ജോലിക്ക് കയറിയതും. സത്യം പറഞ്ഞാല്‍ ഇവിടെ വന്നിട്ട് എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് 'ഇവിടെ തുടരാന്‍ ഒരു നല്ല കാരണം ഇല്ലെങ്കില്‍ ഞാന്‍ വര്‍ഷാവസാനം ജോലി രാജി വയ്ക്കുമെന്ന്.' നമ്മളുടെ സ്‌കൂള്‍ വിസിറ്റിംഗ് കാമ്പയിന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരിയെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞായിരുന്നു 'എടീ, രണ്ടു വര്‍ഷങ്ങള്‍ കൂടി ഇവിടെ പഠിപ്പിക്കാനുള്ള ഒരു കാരണം ഞാന്‍ കണ്ടെത്തി' എന്ന്. Joseph, you are my reason. പരീക്ഷയ്ക്ക് തോറ്റതില്‍ ഇനി സങ്കടപ്പെട്ട് നടക്കേണ്ട.

ക്രിസ്തു പഠിപ്പിച്ചപോലെ, നിങ്ങളുടെ ദുഃഖങ്ങള്‍ സന്തോഷമായി മാറും. ദുഃഖങ്ങള്‍ ഒരിക്കലും ഉണ്ടാകില്ല എന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്നവരെയല്ല; ദുഃഖങ്ങള്‍ ഉണ്ടാകും, പക്ഷെ അതൊക്കെ സന്തോഷമായി മാറും എന്ന് ഒപ്പം നടന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രവാചകരെയാണ് നമുക്കാവശ്യം.

'You will become something man, and you should have some great stories to tell.' ഇന്ന് ഈ വരികള്‍ കുറിക്കുമ്പോള്‍, ഈ അക്ഷരങ്ങള്‍ക്കും എനിക്കുള്ളിലെ ആത്മവിശ്വാസത്തിനും സുനീത ടീച്ചര്‍ എന്ന അധ്യാപിക പണ്ട് പറഞ്ഞ ആ വാക്കുകളുടെ പിന്‍ബലവും തേജസ്സും ഉണ്ട്.

ഗുരു അരികിലില്ലാതിരിക്കുമ്പോഴും അവരുടെ വാക്കുകളും നോക്കുകളും ശിഷ്യരുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമായി കൂടെ നടക്കുന്നു.

ക്രിസ്തു പഠിപ്പിച്ചപോലെ, നിങ്ങളുടെ ദുഃഖങ്ങള്‍ സന്തോഷമായി മാറും. നമുക്കൊക്കെ വേണ്ടത് കൂടെ നടക്കുന്ന അധ്യാപകരെയാണ്. ദുഃഖങ്ങള്‍ ഒരിക്കലും ഉണ്ടാകില്ലായെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്നവരെയല്ല. ദുഃഖങ്ങള്‍ ഉണ്ടാകും, പക്ഷെ അതൊക്കെ സന്തോഷമായി മാറും എന്ന് ഒപ്പം നടന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രവാചകരെയാണ്. വഴിവിളക്കായി നില്‍ക്കുന്ന എല്ലാ അധ്യാപകര്‍ക്കും നന്ദി.

ഒരു പറ്റം അധ്യാപകരാല്‍ ജീവിതം വീണ്ടെടുത്ത ഒരു വിദ്യാര്‍ഥി.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]