Coverstory

സംവരണം ജാതിസ്പര്‍ദ്ധ വളര്‍ത്താനോ?

Sathyadeepam

ഷാജി ജോര്‍ജ്
വൈസ് പ്രസിഡന്റ്, കെ.ആര്‍.എല്‍.സി.സി.

സംവരണ വിവാദച്ചൂടില്‍ കേരള സമൂഹം വീണ്ടും വിയര്‍ക്കുകയാണ്. തിരഞ്ഞെടുപ്പുകാലത്തിലേക്കുള്ള പ്രവേശനം ഈ ചൂടിന് കടുപ്പം കൂട്ടുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ്, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് സംവരണ വിഷയത്തിലുള്ള തര്‍ക്കമെന്നതും ശ്രദ്ധേയമാണ്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തകര്‍ന്നുവീണ സര്‍ക്കാരാണല്ലൊ വി.പി. സിംഗിന്റേ ത്. കുറെ ആളുകള്‍ക്ക് ജാതിസംവരണമെന്ന കവചത്തിനുള്ളില്‍ എന്നും സംരക്ഷിതരാകാന്‍ നമ്മുടെ രാജ്യത്ത് വ്യവസ്ഥയുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.

എന്തിനാണ് സംവരണം?

കഴിഞ്ഞ ദിവസങ്ങളില്‍ പലരും ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം? സംവരണം ജാതിസ്പര്‍ധ വളര്‍ത്താന്‍ അല്ലേ? മുന്നാക്കകാരനും പിന്നാക്കകാരനും ദലിതനും എന്നൊക്കെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനല്ലേ അത് ഉപകരിക്കൂ. നിങ്ങളെപോലുള്ളവര്‍ ഇങ്ങനെ ജാതി സംവരണം പറയാമോ? ചോദ്യം കേട്ടാല്‍ ശരിയല്ലേ എന്ന സംശയം ആര്‍ക്കും ഉണ്ടാകും.
വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. നിങ്ങള്‍ നമ്മുടെ രാജ്യത്തെ പാര്‍ലമെന്റിലെ ഇരു സഭകളെയും ഒന്ന് പരിശോധിക്കുക. ലോകസഭയില്‍ 543 അംഗങ്ങള്‍. അതില്‍ 126 പേര്‍ ദലിത്, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. 245 പേരുള്ള രാജ്യസഭയിലോ? അഞ്ചില്‍ താഴെയാണ് ദലിത്, പിന്നാക്ക സമുദായത്തില്‍പ്പെടുന്നവരുടെ പ്രാതിനിധ്യം. ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന ദലിത്, ജനവിഭാഗത്തിന് രാജ്യസഭയില്‍ എന്തേ അഞ്ചില്‍ താഴെ ആളുകള്‍ ആയിപ്പോയത്?
ഒറ്റ ഉത്തരമേയുള്ളൂ. ലോകസഭയില്‍ സംവരണ സീറ്റുകളുണ്ട്. രാജ്യസഭയില്‍ അതില്ല. രാജ്യത്തെ ഭരണകേന്ദ്രത്തിന്റെ അതും ജനാധിപത്യക്രമത്തിലുള്ള ഭരണ സംവിധാനത്തിന്റെ സ്ഥിതിവിശേഷമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നു? ഭൂരിപക്ഷം വരുന്ന പിന്നാക്ക ദലിത് വിഭാഗങ്ങളെ അധികാരത്തിന്റെ പിന്നാമ്പുറത്ത് നിറുത്താന്‍ ഇന്ത്യയിലെ സംഘടിത ശക്തികള്‍ക്ക് കഴിഞ്ഞ ഏഴുപതിറ്റാണ്ടായി (സ്വാതന്ത്ര്യത്തിന്റെ) സാധ്യമായി എന്ന ലളിതമായ ഉത്തരം മാത്രം.
സംവരണം അധികാരത്തില്‍ പങ്കാളിത്തം നല്‍കലാണ്, അത് ജനപ്രതിനിധികളുടെ കാര്യത്തിലാണെങ്കിലും സര്‍ക്കാര്‍ ഉദ്യോഗതലത്തിലാണെങ്കിലും. ഇന്ത്യന്‍ ഭരണഘടനയുടെ 16-ാം വകുപ്പ് സംവരണത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ഏതെങ്കിലും വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ആ പ്രാതിനിധ്യം പൂര്‍ത്തീകരിക്കാനാണ് സംവരണ വ്യവസ്ഥ. സംവരണത്തിനുള്ള മാനദണ്ഡം വിദ്യാഭ്യാസപരവും സാമൂഹികവുമായുളള പിന്നാക്ക അവസ്ഥയാണ്. അവിടെ സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമേ അല്ല. അതുകൊണ്ടാണ് സംവരണമില്ലാത്ത ദലിത് ക്രൈസ്തവര്‍ക്ക് കേരള രൂപീകരണത്തിനു ശേഷം ഒരു എം.എല്‍.എ.യെ പോലും സംഭാവന ചെയ്യാന്‍ കഴിയാഞ്ഞത്.
സംവരണം ദാരിദ്ര്യം മാറ്റാനുള്ള പദ്ധതിയല്ല. അധികാരം നല്‍കലാണ്. ദലിതനും പിന്നാക്കക്കാരനും രാജ്യഭരണത്തില്‍ പങ്കാളിത്തം നല്‍കല്‍. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യയില്‍ അത് വേണ്ടവിധത്തില്‍ നടന്നില്ല എന്നാണ് രാജ്യസഭയിലെ ദലിത് പിന്നാക്ക അംഗസംഖ്യ സൂചിപ്പിക്കുന്നത്. സംവരണ ചര്‍ച്ചകള്‍ ദലിത് പിന്നാക്ക പ്രാതിനിധ്യമില്ലായ്മയെക്കുറിച്ചു മാത്രമല്ല മേല്‍ജാതിക്കാരുടെ അമിതമായ പ്രാതിനിധ്യത്തിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. ജൂഡീഷ്യറി, പട്ടാളം, യൂണിവേഴ്‌സിറ്റികള്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണരംഗം എന്നീ മേഖലകളില്‍ മേല്‍ജാതി അധീശത്വമാണ് നിലനില്‍ക്കുന്നത്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ദലിതരില്‍നിന്ന് ഒരാള്‍ക്കുപോലും സുപ്രീംകോടതി ജഡ്ജിയാകാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ 24 ഹൈക്കോടതികളില്‍ ഒന്നില്‍പോലും ദലിതര്‍ക്ക് ചീഫ് ജസ്റ്റിസ് ആകാന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും സൂരജ് യംഗ്‌ദേ 2019-ല്‍ പുറത്തിറക്കിയ കാസ്റ്റ് മാറ്റേഴ്‌സ് എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ജാതി കൊണ്ട് അധികാര ശ്രേണിയില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ടവന് മുഖ്യധാരാ പ്രവേശനം തിരികെ നല്‍കാനാണ് സംവരണാനുകൂല്യം. സാമൂഹികമായ ഒരു തെറ്റുതിരുത്തല്‍ നടപടി.

ഇ.ഡബ്ല്യു.എസ് വിവാദം

ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള സാമ്പത്തിക സംവരണ വിവാദത്തെ നയം, നടത്തിപ്പ് എന്നിങ്ങ നെ രണ്ട് തലത്തില്‍ വസ്തുനിഷ്ടമായി വിലയിരുത്തേണ്ടതുണ്ട്. ആദ്യം നയം തന്നെ വിലയിരുത്താം.
2019 ജനുവരി 7ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗഹ്ലോട്ട് 103-ാം ഭരണഘടന ഭേദഗതിയായി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനു വേണ്ടി ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. മാരത്തണ്‍ വേഗത്തിലാണ് ലോക്‌സഭ അതു പാസ്സാക്കിയത്. തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കി. അതിന്റെ അടുത്ത ദിവസം രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. പാര്‍ലമെ ന്റില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും ബില്ലിനെ അംഗീകരിച്ചതായി കാണാം. മൂന്ന് അംഗങ്ങള്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഭേദഗതി നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വരാന്‍ തുടങ്ങി. വളരെ പ്രധാനപ്പെട്ട മൂന്നു ആക്ഷേപങ്ങള്‍ താഴെ ചേര്‍ക്കുന്നു.

സംവരണത്തിനുള്ള മാനദണ്ഡം വിദ്യാഭ്യാസപരവും
സാമൂഹികവുമായുളള 
പിന്നാക്ക അവസ്ഥയാണ്.
അവിടെ 
സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമേ
അല്ല. അതുകൊണ്ടാണ് 
സംവരണമില്ലാത്ത
ദലിത് ക്രൈസ്തവര്‍ക്ക് കേരള രൂപീകരണത്തിനു ശേഷം

ഒരു എം.എല്‍.എ.യെ പോലും സംഭാവന
ചെയ്യാന്‍ കഴിയാഞ്ഞത്.


(1) പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെയാണ് ഭരണഘടനാ ഭേദഗതി നടത്തിയത് എന്നു നിയമവിദഗ്ദ്ധന്മാരും സാമൂഹിക പ്രവര്‍ത്തകരും ദലിത് പിന്നാക്ക വിഭാഗ സംഘടനകളും ശക്തമായ ആക്ഷേപം ഉന്നയിക്കുകയുണ്ടായി. ഒരു ബില്ല് പാര്‍ലമെ ന്റില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മറ്റികള്‍ വളരെ വിശദമായ പഠനങ്ങള്‍ നടത്തി, ആവശ്യമെങ്കില്‍ പൊതുജനങ്ങളുടെ വരെ അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം മാത്രമാണ് ഫൈനല്‍ ഡ്രാഫ്റ്റ് സഭയുടെ ടേബിളില്‍ സമര്‍പ്പിക്കുന്നത്. അതുപോലെ പാര്‍ലമെന്റംഗങ്ങള്‍ക്ക് ബില്ല് വിശദമായി പഠിക്കാനുമുള്ള സാവകാശം നല്‍കി മാത്രമേ ഭരണഘടനാ ഭേദഗതികള്‍ പോലെയുള്ള സഭകളില്‍ ചര്‍ച്ച നടത്താനും ആവശ്യമായ സാവകാശം നല്‍കാറുണ്ട്. എന്നാല്‍ ഈ കീഴ്‌വഴക്കങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് ഈ ഭേദഗതി ജനാധിപത്യ വിരുദ്ധമായി നടത്തിയതെന്നാണ് ഒന്നാമത്തെ ആക്ഷേപം. ജനാധിപത്യ മര്യാദകള്‍ക്ക് പകരം അംഗങ്ങള്‍ക്ക് വിലയിരുത്താനുള്ള സാവകാശം നല്‍കാതെ അടിച്ചേല്‍പ്പിക്കുകയാണു ചെയ്തത്. (കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണ പ്രക്രിയയുടെ കീഴ്‌വഴക്കങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണു കഴിഞ്ഞ പാര്‍ലമെ ന്റ് സമ്മേളനത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കായി പാസ്സാക്കപ്പെട്ട കര്‍ഷക നിയമങ്ങളും തൊഴില്‍ നിയമങ്ങളും എഫ്.സി.ആര്‍.എ. നിയമ ഭേദഗതിയും.)
(2) ഭരണഘടനയുടെ 16(4) വകുപ്പനുസരിച്ച് ആവശ്യമായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങള്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യം ഉള്ളതെന്നു വിശദീകരിച്ചിട്ടുണ്ട്. മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുന്നതിന് ഉപോത്ബലകമായി യാതൊരു പഠനമോ റിപ്പോര്‍ട്ടോ ഇല്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ജസ്റ്റീസ് രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട്, കേന്ദ്രസര്‍ക്കാരിന്റെ തന്നെ വിവിധ വകുപ്പുകള്‍ എന്നിവ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ എന്നിവ അനുസരിച്ച് ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗതലങ്ങളില്‍ സാമുദായിക സംവരണം ഉണ്ടായിട്ടും ആനുപാതിക പ്രതിനിധ്യത്തിന്റെ അടുത്തു പോലും എത്തിയിട്ടില്ല എന്നതാണ് സ്ഥിതി വിശേഷം. സംവരണം ദാരിദ്യനിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ് എന്ന ഇന്ദിരാ സാഹ്നി കേസ്സിന്റെ വിധി ഇന്നും പ്രസക്തമാണ്. അതുകൊണ്ട് ഈ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്.
(3) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കൂടുതല്‍ നേടുന്നതിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തിരക്കുപിടിച്ച് ഇത് നടപ്പിലാക്കിയത് എന്നതായിരുന്നു മൂന്നാമത്തെ ആക്ഷേപം.
ഏതായാലും സുപ്രീംകോടതിയില്‍ ഈ ബില്ലിന്റെ സാധുത ചോദ്യം ചെയ്തവര്‍ക്ക് സ്റ്റേ ഓര്‍ഡര്‍ ലഭിച്ചില്ല. എന്നാല്‍ കേസ്സ് ഫയലില്‍ സ്വീകരിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ് ഈ കേസ്സ്. സുപ്രീംകോടതിയുടെ വിധി എന്തു തന്നെയായാലും അതു പാലിക്കുക എന്നത് എല്ലാ പൗരന്മാരുടെയും സര്‍ക്കാരുകളുടെയും കര്‍ത്തവ്യമാണ്. ഇതാണു നയപരമായ കാര്യം.
എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് കേരള സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയ രീതിയിലുള്ള അപാകത സംബന്ധിച്ചാണ്. 103-ാം ഭരണഘടന ഭേദഗതിയുടെ ചുവട് പിടിച്ചാണ് കേരള സര്‍ക്കാര്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇപ്രകാരം ചെയ്തപ്പോള്‍ വേണ്ടത്ര ശാസ്ത്രീയ പഠനങ്ങളും കൂടിയാലോചനകളും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയറായില്ല. മാത്രമല്ല മുന്നാക്കകാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കിയ സംവരണതോത് (പത്ത് ശതമാനം) വല്ലാതെ കൂടിപ്പോകുകയും ചെയ്തു.
കേരളത്തിലെ ജനസംഖ്യയില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് മുന്നാക്ക ജനവിഭാഗങ്ങളുടെ അംഗബലം. സര്‍ക്കാര്‍ കണക്കനുസരിച്ചു തന്നെ ഇവരില്‍ കേവലം പത്തുശതമാനത്തില്‍ താഴെ മാത്രമാണ് ദരിദ്രര്‍. അതായത് സംസ്ഥാനത്തെ ജനസംഖ്യയില്‍ കേവലം രണ്ടര ശതമാനത്തില്‍ താഴെ മാത്രമാണ് മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍. ഇവര്‍ക്കാണ് പത്തു ശതമാനം സീറ്റ് സംവരണം ചെയ്യുന്നത്. മാത്രമല്ല ജനറല്‍ ക്വാട്ടയിലെ പത്തു ശതമാനം സീറ്റിനു പകരം മൊത്തം സീറ്റുകളുടെ പത്തു ശതമാനം സീറ്റാണ് നീക്കി വച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ കാതല്‍. അതായത് രണ്ടര ശതമാനം അര്‍ഹതയുള്ളവര്‍ക്ക് 10 ശതമാനം നല്‍കുക, മാത്രമല്ല മൊത്തം സീറ്റിന്റെ 10 ശതമാനം നീക്കിവയ്ക്കപ്പെട്ടതുകൊണ്ട് ഫലത്തില്‍ ജനറല്‍ ക്വാട്ടയുടെ 20 ശതമാനം മുന്നാക്ക സംവരണത്തിനു ലഭ്യമാക്കുക. അതായത് അര്‍ഹതപ്പെട്ടതിനേക്കാള്‍ എട്ട് മടങ്ങെങ്കിലും സീറ്റാണ് മുന്നാക്ക ദുര്‍ബ്ബല സംവരണത്തിനു മാറ്റി വയ്ക്കപ്പെട്ടിട്ടുള്ളത്.

2020 ഒക്‌ടോബറില്‍ ഗൂഡലൂരില്‍ തിരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്ത് പ്രസിഡന്റ് ദലിത് സ്ത്രീ 
ആയതു കൊണ്ട്
നിലത്തിരിക്കുകയും ബാക്കി 
അംഗങ്ങള്‍
കസേരയില്‍ ഇരിക്കുകയും ചെയ്യുന്ന
വാര്‍ത്തയും ചിത്രവും മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നത്
നമ്മളാരും മറന്നിട്ടുണ്ടാവില്ല.

അംബേദ്ക്കര്‍ വീണ്ടും തോല്പിക്കപ്പെടുന്നു.


അപ്പോള്‍ സ്വാഭാവികമായും ഒരു പ്രതിസന്ധി കൂടി ഉണ്ടാകും. ആവശ്യത്തിന് ആളുകളെ ലഭിക്കാതെ വരിക എന്നതാണത്. ഇതിനെ അതിജീവിക്കാനാണു ദാരിദ്ര്യത്തിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്. എത്ര യുക്തിരഹിതമായിട്ടാണ് ശശിധരന്‍ നായര്‍ മുന്നാക്കക്കാരുടെ ദാരിദ്ര്യത്തെ നിര്‍വ്വചിച്ചിട്ടുള്ളതെന്നു നോക്കുക. ഗ്രാമപ്രദേശത്തില്‍ രണ്ടര ഏക്കര്‍ ഭൂമി വരെയുള്ളവര്‍ ദരിദ്രരാണ്. കോര്‍പ്പറേഷനില്‍ 50 സെന്റും മുനിസിപ്പല്‍ പട്ടണത്തില്‍ 75 സെന്റ് ഭൂമി വരെയുള്ളവര്‍ ദരിദ്രരാണ്. ഇത്രയും അയച്ചു കൊടുത്തിട്ടും പലസ്ഥലത്തും ക്വാട്ട നിറക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു. മാത്രമല്ല ഈ നാട്ടിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പട്ടിക വിഭാഗങ്ങള്‍, ദലിത് ക്രൈസ്തവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരേക്കാള്‍ വളരെ പിന്നില്‍ റാങ്ക് ഉള്ളവര്‍ക്ക് മുന്നാക്ക സംവരണത്തില്‍ അഡ്മിഷന്‍ കിട്ടുന്നു. ഇതിന്റെ കാരണമായി ചിലര്‍ ചില അബദ്ധങ്ങള്‍ പറയുന്നുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളേക്കാള്‍ പിന്നിലാണെന്ന്. (പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍, പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റുകള്‍ എന്നിവ പരിശോധിച്ചാല്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ദലിത് ക്രൈസ്തവരാണെന്നു കാണാം.) ദാരിദ്ര്യത്തെ നിര്‍ണയിക്കുന്ന മാനദണ്ഡം വിപുലപ്പെടുത്തിയതും അര്‍ഹതപ്പെട്ടതില്‍ പതിന്മടങ്ങ് സീറ്റുകള്‍ ലഭ്യമാക്കിയതുമാണ് വളരെ താഴ്ന്ന റാങ്കില്‍ ഉള്ള മുന്നാക്കക്കാര്‍ക്ക് പ്രവേശനം ലഭിക്കുന്നതും, പട്ടിണിക്കാരും ദരിദ്രരുമായ ദലിത് ക്രൈസ്തവര്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രവേശനം ലഭിക്കാത്തതും.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗരേഖ പാലിക്കാതെയാണ് കേരളത്തില്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നു കാണാം.
ഈ സംവരണ തോതില്‍ വലിയ അനീതിയുണ്ട.് അത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല. പ്ലസ്ടുവിനുള്ള വിദ്യാഭ്യാസ സംവരണം എടുത്താല്‍ ഈ അനീതി ബോധ്യപ്പെടും. കേരള ജനസംഖ്യയുടെ 27 ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് 7 ശതമാനവും 26 ശതമാനമുള്ള ഈഴവസമുദായ ത്തിന് 8 ശതമാനവും 6 ശതമാന മുള്ള ലത്തീന്‍കത്തോലിക്കര്‍ക്ക് 3 ശതമാനവുമാണ് പ്ലസ്ടുവിനുള്ള വിദ്യാഭ്യാസ സംവരണം.
ഈഡബ്ല്യുഎസ് സംവരണത്തില്‍ പരമാവധി പത്തു ശതമാനം സീറ്റ് നല്കാമെന്നാണ് ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഓപ്പണ്‍ ക്വാട്ടയുടെ പത്തു ശതമാനത്തിനു പകരം മൊത്തം സീറ്റുകളുടെ പത്തു ശതമാനമാണ് നീക്കിവച്ചിരിക്കുന്നത്. മുന്നാക്ക സംവരണ രീതിയുടെ അശാസ്ത്രീയതയുടെ ഉത്തമ ഉദാഹരണമാണ് ഏറ്റവും ദാരിദ്യം അനുഭവിക്കുന്ന പട്ടികജാതി വിഭാഗങ്ങളേക്കാള്‍ റാങ്ക് ലിസ്റ്റില്‍ വളരെ താഴെയുള്ള മുന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസിനും പ്ലസ്‌വണ്ണിനും അഡ്മിഷന്‍ ലഭിക്കുന്നത്.

കണക്കിലെ പൊരുത്തക്കേടുകള്‍

കേരളത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലാണ് ഒബിസിക്കാര്‍ക്കും പുതിയതായി ഈഡബ്ല്യുഎസ് വിഭാഗത്തിനും സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് 28 ശതമാനം സംവരണവും 20 ശതമാനം പട്ടികജാതി-വര്‍ഗ്ഗത്തിനുമുണ്ട്. ഇത് കഴിച്ചുള്ള 52 ശതമാനമാണ് ജനറല്‍ ക്വോട്ട. കേരളത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഉള്ളത് 1,62,711 സീറ്റുകളാണ്. ഇതിന്റെ 52 ശതമാനം എന്നുപറഞ്ഞാല്‍ 84,664 സീറ്റുകളാണ്. ഈ സീറ്റുകളുടെ 10 ശതമാനമാണ് ഈഡബ്ല്യുഎസ് വിഭാഗത്തിനായി അനുവദിക്കേണ്ടിയിരുന്നത്. അതായത് 8466 സീറ്റുകള്‍. എന്നാല്‍ ഈഡബ്ല്യുഎസ് വിഭാഗത്തിന് സംവരണ സീറ്റുകളായി അനുവദിച്ചു നല്‍കിയത് 16,711 സീറ്റുകളാണ്. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ മൊത്തം സീറ്റിന്റെ 10 ശതമാനത്തിലധികം വരും ഈഡബ്ല്യുഎസ് വിഭാഗത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണം. ഇതിന്റെ പ്രതിഫലനം വൈപ്പിന്‍ കരയിലെ ഞാറക്കലില്‍ നിന്ന് നേരിട്ടറിഞ്ഞു. 300 നടുത്ത് റാങ്കുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പ്ലസ് വണ്ണിന് അഡ്മിഷന്‍ ലഭിച്ചില്ല. എന്നാല്‍ ആയിരത്തിന് മുകളില്‍ റാങ്കുള്ള ഈഡബ്ല്യുഎസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ ലഭിച്ചു. ഈഡബ്ല്യൂഎസ് വിഭാഗത്തിന് അനുവദിച്ച സീറ്റുകളില്‍ ആറായിര ത്തിലധികം എണ്ണം ആവശ്യത്തിന് അപേക്ഷകരില്ലാത്തതിനാല്‍ ജനറല്‍ ക്വോട്ടയിലേക്ക് നല്‍കേണ്ടിവ ന്നുവെന്ന കാര്യം അറിയുമ്പോള്‍ കണക്കിലെ പൊരുത്തക്കേടുകളാണ് പുറത്ത് വരുന്നത്. ഈഡബ്ല്യൂഎസ് വിഭാഗത്തിന് നല്‍കിയ സംവരണ തോതിലെ തെറ്റ് ഈ കണ ക്ക് സാധൂകരിക്കുന്നു.
കേരളത്തിലെ 10 മെഡിക്കല്‍ കോളേജുകളിലായി 1555 സീറ്റുകളാണുള്ളത്. ഒബിസിക്ക് 30 ശതമാനം സംവരണവും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണവും ഉണ്ട്. കേന്ദ്ര വിഹിതം കഴിഞ്ഞുള്ള 1132 സീറ്റില്‍മാത്രമാണ് സംവരണം. അതായത് സംവരണ സീറ്റുകളുടെ എണ്ണം 419. അതുകഴിച്ചുള്ള 713 സീറ്റുകളാണ് ജനറല്‍ സീറ്റുകള്‍. ഉത്തരവ് വന്നപ്പോള്‍ 130 സിറ്റുകള്‍ ഈഡബ്ല്യുഎസ് വിഭാഗത്തിന് ലഭിച്ചു. അതായത് മൊത്തം സീറ്റിന്റെ 10 ശതമാനം.
ഇതിന്റെ ഫലം അഡ്മിഷനില്‍ പ്രതിഫലിച്ചു. ഈഴവ സമുദായത്തിലെ 1654 റാങ്കുളള കുട്ടിക്കാണ് എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചത്. മുസ്ലീം വിഭാഗത്തില്‍ 1417 റാങ്കുള്ള കുട്ടിക്ക് ലഭിച്ചപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തിലെ 4492-ാം റാങ്കുകാരനും അഡ്മിഷന്‍ ലഭിച്ചു. രസകരമായ വസ്തുത ഈഡബ്ല്യുഎസ് വിഭാഗത്തില്‍ 8461 റാങ്കുള്ള വിദ്യാര്‍ത്ഥിക്കാണ് പ്രവേശനം ലഭിച്ചതെന്നതാണ്. സംവരണം മെറിറ്റിനെ ഇല്ലാതാക്കുമെന്ന് പണ്ടു മുതല്‍ ആക്ഷേപമുന്നയിച്ചവര്‍ ഇപ്പോള്‍ എവിടെപ്പോയി ഒളിച്ചാവോ?
മെഡിക്കല്‍ കോളേജ് പി.ജി. സീറ്റുകളിലും ഈ അട്ടിമറിയുണ്ട്. കേരള ജനസംഖ്യയുടെ 55 ശതമാനമുള്ള ഒബിസി വിഭാഗത്തിന് 38 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 2.5 ശതമാനമുളള ഈഡബ്ല്യുഎസ് വിഭാഗത്തിന് 31 സീറ്റുകള്‍ ലഭിച്ചു. ഇതൊക്കെ എങ്ങനെ ന്യായീകരിക്കാനാവും. ലോ കോളേജ് അഡ്മിഷനിലും ഈ കഥ ആവര്‍ത്തിക്കുന്നുണ്ട്.

സംവരണ നേട്ടങ്ങള്‍ പരിശോധിക്കപ്പെട്ടോ?

സംവരണാനുകൂല്യത്തിന്റെ ഫലങ്ങള്‍ 10 വര്‍ഷം കൂടുമ്പോള്‍ പരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ട്. അത് എപ്പോഴെങ്കിലും നടന്നോ?
ഈഡബ്ല്യുഎസ് സംവരണം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ധ്രുതനടപടികളെക്കുറിച്ചുളള കാതലായ വിമര്‍ശനവും ഇതു തന്നെയാണ്. ഒരു ഉദാഹരണം പറയാം. ലത്തീന്‍ കത്തോലികര്‍ക്ക് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് ഒരു ശതമാനമാണ് സംവരണം. 36 സീറ്റുകള്‍ ഉളള സര്‍ക്കാര്‍ കോളേജുകളില്‍ ഒരു ശതമാനം സംവരണത്തില്‍ എത്ര പേര്‍ക്ക് സീറ്റ് കിട്ടിയിട്ടുണ്ടാക്കും? സംവരണമുണ്ടോ ഉണ്ട്; ഫലമോ ശൂന്യവും.
മണ്ഡല്‍ കമ്മീഷന്‍ റിപ്പാര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും മുന്‍പ് സംസ്ഥാനങ്ങള്‍ ഈ വിഷയം പഠിക്കണമെന്ന നിര്‍ദേശമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് കെ.കെ. നരേന്ദ്രന്‍ ചെയര്‍മാനായി കമ്മീഷനുണ്ടായി. നരേന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പി.എസ്.സി. നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷിച്ചു. പി.എസ്.സിയോട് പലവട്ടം നിയമനകണക്കുകള്‍ ചോദിച്ചു. ഗത്യന്തരമില്ലാതെ അവസാനം 11 വര്‍ഷത്തെ കണക്കുകള്‍ നല്‍കി. അതിനുമുമ്പുള്ള കണക്കുകള്‍ അവര്‍ സൂക്ഷിച്ചിട്ടില്ലപോലും. 11 വര്‍ഷത്തെ കണക്കുകളിലും ഏറ്റവും പിന്നില്‍ പോയ സമുദായം ലത്തീന്‍ കത്തോലിക്കന്റേതാണ്. 4370 സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ദലിത് ക്രൈസ്തവര്‍ക്ക് 2290 ഉദ്യോഗങ്ങളും മുസ്ലീം വിഭാഗത്തിന് 7383 സ്ഥാനങ്ങളുമാണ് നഷ്ടമായത്. ആകെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായത് 18525 തസ്തികകളാണ്. ഈ നഷ്ടം നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ ് നടപ്പിലാക്കണമെന്ന് 2001 നവംബര്‍ 9 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നരേന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആ ശുപാര്‍ശ സര്‍ക്കാര്‍ ഫയലുകള്‍ക്കിടയില്‍ എവിടെയോ ഉണ്ട്, 20 വര്‍ഷമായി ആരും പരിഗണിക്കാതെ. കയ്യൂക്കുളളവര്‍ വിജയം കാണുന്നു.

നൊമ്പരപ്പെടുത്തേണ്ട വിവേചനങ്ങള്‍

ദലിത് ക്രിസ്ത്യന്‍ മഹാജന സഭയുടെ പ്രസ്താവന രണ്ടു ദിവസം മുന്‍പ് വായിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ തന്നെയാണ് അവരും ഓര്‍മ്മിപ്പിച്ചത്. പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്നു എ ന്നാണല്ലോ സര്‍ക്കാര്‍ വാദം. അ തുകൊണ്ട് ഇതുകൂടി ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദലിത് ക്രൈസ്തവര്‍ക്കു സര്‍ക്കാരില്‍നിന്നു സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു പത്രിക യിലെ അവര്‍ക്കുള്ള ഒന്നാമത്തെ വാഗ്ദാനം. ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനുള്ള നോണ്‍ പ്ലാന്‍ ഫണ്ട് വിഹിതം ഇരട്ടിയാക്കും. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ അനുകൂല്യങ്ങളും ദലിത് ക്രൈസ്തവര്‍ക്കും തുല്യ അളവില്‍ നല്‍കും. എന്നീ വാഗ്ദാനങ്ങള്‍ പിന്നാലെയും. ഇതില്‍ എന്താണ് നടന്നത്?
ഒരു സ്‌കൂളില്‍ പത്താം ക്ലാസില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കുന്ന മുന്നോക്ക, പിന്നാക്ക, ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പില്‍പോലും അന്തരമുണ്ട്. ഇഡബ്ല്യുഎസ് വിഭാഗ ത്തിലെ വിദ്യാര്‍ത്ഥിക്ക് മുന്നാക്ക കമീഷന്‍ 2000 രൂപയും ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക കമ്മീഷന്‍ 1000 രൂപയും ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥിക്ക് പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷന്‍ 1000 രൂപയും നല്‍കുന്നു. നിയമത്തിന്റെ മുന്നില്‍ സമന്മാരാണെന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥി ജാതികൊണ്ട് സമന്മാരല്ലെന്ന് അനുഭവംകൊണ്ട് പഠിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള വരുമാനപരിധിയിലും വ്യത്യാസ മുണ്ട്. രണ്ടരലക്ഷം രൂപയാണ് മുന്നോക്കകാരന്റെ വരുമാന പരിധി. പിന്നോക്കകാരന്‍ അതിസമ്പന്ന നായതുകൊണ്ടാണോ എന്നറിയില്ല, അവരുടെ വരുമാനപരിധി 44,500 രൂപയാണ്. കൈയൂക്കുള്ള വരുടെ ബലം കമ്മീഷന്‍ പ്രവര്‍ത്തനങ്ങളിലും കാണാം. കേരളത്തിലെ മുന്നാക്ക വിഭാഗകമ്മീഷന്റെ ചെയര്‍മാന് ക്യാബിനറ്റ് പദവിയാണ് നല്‍കിയിട്ടുള്ളത്. പട്ടികജാതി-വര്‍ഗ കമ്മീഷന്‍, പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാന്‍മാരുടെ പദവി വാദിക്കാന്‍ ആളില്ലാത്തതുകൊണ്ടാകാം ക്യാബിനറ്റ് പദവിയുടെ അടുത്ത് എത്തിയിട്ടില്ല.
കേരളഹൈക്കോടതി സംവരണം നീതീപൂര്‍വകമാക്കാന്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാനത്ത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജാതി തിരിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കണക്കുകള്‍ ജാതിസംവരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കും. ഏഴുലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് സിഡിറ്റിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ തരം തിരിച്ചെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് അത് നിയന്ത്രിക്കുന്നത്. ഇഡബ്ല്യുഎസ് സംവരണം ഉദ്യോഗമേഖലയിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അതിവേഗം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് എന്തുകൊണ്ട് പുറത്ത് വിട്ടുകൂടാ. അത് പുറത്ത് വിട്ടാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാകും പുറത്തുവരിക. അതുകൊണ്ടുതന്നെ അത് മൂടിവെക്കപ്പെടുന്നു. സര്‍ക്കാരിന്റെ ക്ലാസ് വണ്‍ ജോലികളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യായാധിപന്മാരുടെ നിയമനത്തില്‍ നിന്നും ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അര്‍ഹവും അവകാശപ്പെട്ടതുമായ പ്രാതിനിധ്യം നല്കാതിരുന്നതിന്റെ കണക്കുകള്‍തന്നെയാണ് മൂടിവെക്കപ്പെടുന്നത്. അതാകട്ടെ കടുത്ത അനീതിയുമാണ്. നീതി ജലം പോലെ ഒഴുകുന്ന സമൂഹം സ്വപ്‌നം കാണാന്‍ നമുക്ക് അവകാശമില്ലേ?

വീണ്ടും തോല്പിക്കപ്പെടുന്ന അംബേദ്ക്കര്‍

ജാതി കൊണ്ട് വിഭജിക്കപ്പെട്ട, മുറിവേറ്റ ഇന്ത്യ സാമൂഹികനീതിയില്‍ വളരാന്‍ സംവരണം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്ത മഹാനാണ് ഡോ. അംബേദ്ക്കര്‍. ഭരണഘടനാശില്പി അംബേദ്ക്കര്‍ ഇന്ത്യയുടെ ആദ്യത്തെ നിയമകാര്യ മന്ത്രിയായി. 1951-ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ബോംബേ ഈസ്റ്റില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ച ഡോ. അംബേദ്ക്കറെ സംഘടിതശക്തികള്‍ തോല്പിച്ചു. ദലിതര്‍ക്കും പിന്നാക്ക വിഭാഗത്തിനും വേണ്ടി നില കൊണ്ടതിനു ലഭിച്ച പ്രതിഫലം. ജാതികൊണ്ട് ഉണ്ടായ തോല്‍വിതന്നെ. വര്‍ഷങ്ങള്‍ക്കുശേഷം 2020 ഒക്‌ടോബറില്‍ ഗൂഡലൂരില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ ് ദലിത് സ്ത്രീയായതു കൊണ്ട് നിലത്തിരിക്കുകയും ബാക്കി അംഗങ്ങള്‍ കസേരയില്‍ ഇരിക്കുകയും ചെയ്യുന്ന വാര്‍ത്തയും ചിത്രവും മുഖ്യധാരാ മാധ്യമങ്ങ ളില്‍ വന്നത് നമ്മളാരും മറന്നിട്ടുണ്ടാവില്ല. അംബേദ്ക്കര്‍ വീണ്ടും തോല്പിക്കപ്പെടുന്നു. ഏത് വാതിലും തുറക്കാനുളള അധികാരത്തിന്റെ താക്കോല്‍ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ ഇന്നും ഗൂഢതന്ത്രങ്ങള്‍ അണിയറയില്‍ മെനയപ്പെടുന്നു. ഏതായാലും ഇപ്പോള്‍ നടപ്പിലാക്കുന്ന മുന്നാക്ക ദുര്‍ബ്ബലസംവരണം (ഈഡബ്ല്യുഎസ്) നടപ്പിലാക്കുന്നതിന്റെ അപാകതയും അനീതിയും പരിഹരിക്കുക എന്നതാണു പിന്നാക്ക വിഭാഗങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഇതിനെക്കുറിച്ചുള്ള ഭരണഘടനാബഞ്ചിന്റെ വിധി വരുമ്പോള്‍ എല്ലാവര്‍ക്കും ബാധകമാണ്. നമ്മുടെ ഇടയിലുള്ള ദലിത് ക്രൈസ്തവ സഹോദരങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. കാരണം, ഇന്ത്യയിലെ 90 ശതമാനം ക്രൈസ്തവരും ദലിത്-ആദിവാസി-പിന്നാക്ക വിഭാഗത്തില്‍ പ്പെട്ടവരാണെന്നുള്ള കാര്യം വിസ്മരിക്കാനാവില്ല.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍