Coverstory

ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ: മെത്രാഭിഷേക ജൂബിലി നിറവില്‍

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

നാല്‍പ്പത്തി രണ്ടാം വയസ്സില്‍ മെത്രാന്‍. 46-ാം വയസ്സില്‍ ആര്‍ച്ചുബിഷപ്പ്. 48-ാം വയസ്സില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ്. 53-ാം വയസ്സില്‍ കര്‍ദിനാള്‍ പദവി. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നാലാമത്തെ അധ്യക്ഷനും രണ്ടാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പു മായ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ്് കാതോലിക്കാബാവ തിരുമേനിയുടെ ശ്രേഷ്ഠാചാര്യ ശുശ്രൂഷയ്ക്ക് ഓഗസ്റ്റ് 15-ന് കാല്‍ നൂറ്റാണ്ട്്. ആഘോഷങ്ങളില്‍ പോലും ആത്മീയതയുടെ ഉള്ളൊഴുക്കുണ്ടാക ണമെന്ന് പറയുന്ന, ബാവാതിരുമേനി എല്ലാവരോടുമായി പറയുന്നത് ''സുവിശേഷം എല്ലാവര്‍ക്കുമുള്ളതാ ണെന്നാണ്.'' എല്ലാ വര്‍ഷവും ജനുവരി ഒന്നിന് നാമഹേതുകത്തിരു നാളില്‍ ലഭിക്കുന്ന സമ്മാനങ്ങളും സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബാവാ തിരുമേനി മാറ്റിവയ്ക്കുന്നു.

ചരിത്രത്തില്‍ ഒന്നാമനാകുന്നതും രണ്ടാമനാകുന്നതുമല്ല കാര്യം അതിലുപരി, നമ്മുടെ ബുദ്ധിയുടെ വരുതിയില്‍ നില്‍ക്കാത്ത ദൈവനട ത്തിപ്പിനായി നമ്മെത്തന്നെ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കര്‍ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു. കാനോനിക്കലായി പാത്രിയര്‍ക്കീ സിനു തുല്യമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനമെങ്കിലും, വൈവിധ്യപൂര്‍ണ്ണമായ സഹകരണ ത്തിന് സഹോദര മനോഭാവം അടിസ്ഥാനമാകണമെന്നതാണ് ഈ സഭാധ്യക്ഷന്റെ ഹൃദയചിന്ത.

ആഘോഷങ്ങളില്‍ പോലും ആത്മീയതയുടെ ഉള്ളൊഴുക്കുണ്ടാകണ മെന്ന് പറയുന്ന, ബാവാതിരുമേനി എല്ലാവരോടുമായി പറയുന്നത് ''സുവിശേഷം എല്ലാവര്‍ക്കും ഉള്ളതാണെന്നാണ്.''

സഭയും ദൈവരാജ്യവും വിരുദ്ധമല്ലെന്നും, ദൈവരാജ്യത്തിന്റെ മുന്നോടിയാണ് സഭയെന്നും ഒരിക്കല്‍ ഒരു അഭിമുഖ ത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയു ണ്ടായി. ഏകയോഗമായി, സര്‍വതി നെയും കൂട്ടിയിണക്കുന്ന സ്‌നേഹ ഭാവമാണ് ക്രിസ്തുമതത്തിന്റെ കാതലും കരുത്തും-സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന ദൈവം സ്‌നേഹമാണെന്ന ചിന്തയും ഇതു തന്നെ-കാതോലിക്കാ ബാവ പറയുന്നു.

ഭാരതീയതയുടെ ഉള്ളടരുകളിലെ ആഭിജാത്യവും അഭിമാനവും സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ പുനരൈക്യ ശില്‍പ്പിയായ ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ വാക്കുകളില്‍ ഭാരതീയതയുടെ ദര്‍ശനവും, നാം ഒന്നാണെന്ന ബോധ്യവുമാണുള്ളത്. ഈ ദര്‍ശനപാതയാണ് ഇന്നും മലങ്കര കത്തോലിക്കാസഭയുടെ യാത്രാപഥം. മാര്‍ ഇവാനിയോസ് പിതാവിനുശേഷം 41 വര്‍ഷം ആര്‍ച്ചുബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സഭയെ നയിച്ചു. തന്റെ അജപാലനശുശ്രൂഷയില്‍ അനേകായിരങ്ങളെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്കും കത്തോലിക്കാ കൂട്ടായ്മയിലേക്കും കൊണ്ടുവന്നു. മലങ്കര സഭയുടെ ഓട്ടോണമിയും വ്യക്തിത്വവും പൂര്‍ണ്ണമാക്കുന്നതിലായിരുന്നു തുടര്‍ന്ന് ചുമതലയേറ്റ സിറിള്‍ ബസേലിയോസ് കാതോലിക്കാബാവ ശ്രദ്ധിച്ചത്.

തന്റെ ശ്രേഷ്ഠാചാര്യശുശ്രൂഷയിലൂടെ സഭൈക്യ പ്രവര്‍ത്തനങ്ങളിലാണ് ബാവാ തിരുമേനി ഏറെ ജാഗ്രത കാണിക്കുന്നത്. ആര്‍ച്ച് ഡീക്കന്മാരുടെ തറവാടെന്നു വിശേഷിപ്പിക്കുന്ന പകലോമറ്റം കുടുംബത്തില്‍പ്പെട്ടതാണ് ബാവാ തിരുമേനിയുടെ കുടുംബ ഉപശാഖയായ വട്ടശ്ശേരില്‍. 1986-ല്‍ വൈദികനും, 1998-ല്‍ ബത്തേരി വികാരി ജനറാളും 2001-ല്‍ തിരുവനന്തപുരം സഹായമെത്രാനും അമേരിക്ക യൂറോപ്പ് മേഖലയിലേക്കുള്ള അപ്പസ്‌തോലിക് വിസിറ്ററുമായി. 2003-ല്‍ തിരുവല്ലയില്‍ മെത്രാന്‍, 2006-ല്‍ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പ് എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോഴും, മാനവീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം അദ്ദേഹം തുടര്‍ന്നു.

പില്‍ക്കാലത്ത് മേജര്‍ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റപ്പോള്‍ മതവിശ്വാസങ്ങള്‍ക്ക് അതീതമായ പൊതുനന്മയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പൗരസ്ത്യ റീത്തുകളുടെ ആരാധനാക്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവും സ്‌നേഹവും ഈ ശ്രേഷ്ഠാചാര്യന്റെ ശുശ്രൂഷയെ ഏറെ അനുഗൃഹീതമാക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ മാര്‍ത്തോമ്മാസഭയിലെ ഫിലിപ്പോസ് മാര്‍ ക്രിസോസ്‌തോം വലിയ മെത്രാപ്പോലീത്ത ക്ലീമീസ് ബാവയെക്കുറിച്ച് പറഞ്ഞു:

''എല്ലാ വിഭാഗീയതകള്‍ക്കും അതീതമായ മാനവൈക്യം സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും വിവിധ തരത്തിലുള്ള മനുഷ്യര്‍ തമ്മിലും ഉണ്ടാകണമെന്ന് താല്‍പര്യപ്പെടുകയും യത്‌നിക്കുകയും ചെയ്യുന്ന ദൈവദാസനാണ് അദ്ദേഹം. പിതാവ് ഈ കാലയളവിലെ അന്ധകാരത്തില്‍ വെളിച്ചത്തിന്റെ കിരണങ്ങള്‍ വിതറുന്ന വിടുതലിന്റെ സൂര്യനാണ്.'' ആ മഹാത്മാവിന്റെ വാക്കുകള്‍ക്ക് അനുസൃതമായി തന്റെ അജപാലനശുശ്രൂഷ മുന്നേറാന്‍ ഇന്നും ഹൃദയത്തില്‍ പ്രാര്‍ഥനയോടെ വിനയാന്വിതനായി തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് അദ്ദേഹം. കര്‍ത്തൃഹിതം നിറവേറ്റാന്‍ ശക്തി നല്‍കണമേ യെന്നാണ് ഈ സഭാതലവന്റെ പ്രാര്‍ഥന. ഈ പ്രാര്‍ഥനയുടെ പ്രകാശത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭ സഭൈക്യത്തിന്റെ പുതിയ ദൃശ്യകൂട്ടായ്മയ്ക്ക് വഴിയൊരുക്കട്ടെ.

കാവിക്കാരുടെ നിയമ നടത്തിപ്പ്

ഗോവ

വചനമനസ്‌കാരം: No.183

കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)

ജനവിധികള്‍ മോഷ്ടിച്ച് രാജാവാകുന്നവര്‍!