കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)

കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)
Published on
പുതിയ നിയമത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും പാരമ്പര്യവും ദൈവശാസ്ത്ര പഠനങ്ങളും ആ സത്യത്തെപ്പറ്റി വിശദമായ വിവരങ്ങള്‍ നമുക്കു നല്‍കുന്നുണ്ട്. പഴയ നിയമത്തില്‍ "നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും" (ഉത്പത്തി. 3:15) എന്നതിലെ 'സ്ത്രീ' മേരിയാണെന്നും, അവളിലൂടെയാണ് 'രക്ഷ' യഥാര്‍ത്ഥമാകുകയെന്നും നാം മനസ്സിലാക്കുന്നു. പുതിയ നിയമത്തില്‍ രക്ഷയുടെ ചരിത്രമുണ്ട്.

പരിശുദ്ധ കന്യകാമറിയം 'നന്മ നിറഞ്ഞവള്‍' ആയിരുന്നു. ദൈവം മുന്‍കൂട്ടി അറിയിച്ചതുപോലെ പരിപൂര്‍ണയായിരിക്കുവാന്‍ അവള്‍ പാപത്തെയും മരണത്തെയും അതിജീവിക്കണമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ വി. ജര്‍മാനൂസ് എഴുതിയതുപോലെ, മേരി എന്ന കന്യകയുടെ ശരീരം പാപം സ്പര്‍ശിക്കാത്തതും പരിശുദ്ധവുമായ, ദൈവത്തിന്റെ വാസസ്ഥലമായിരുന്നു; അതൊരിക്കലും മണ്ണായി മാറുകയില്ല.
സ്വര്‍ഗ്ഗാരോപണത്തെപ്പറ്റിയുള്ള പാരമ്പര്യം ആദ്യമായി പ്രഖ്യാപിച്ചത് 749-ല്‍ വി. ജോണ്‍ ഡമാഷീന്‍ ആണ്. "കന്യകാത്വം നഷ്ടപ്പെടാതെ തന്നെ മാതാവ് ഗര്‍ഭം ധരിച്ചു; വേദന സഹിക്കാതെ പുത്രനെ പ്രസവിച്ചു; നാശമില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു," എന്നാണ് പോപ്പ് അലക്‌സാണ്ടര്‍ മൂന്നാമന്‍ (1159-1181) രേഖപ്പെടുത്തിയിരിക്കുന്നത്. 1658-ല്‍ പോപ്പ് പീയൂസ് അഞ്ചാമനാണ് സ്വര്‍ഗ്ഗാരോപണം വിശുദ്ധദിനമായി ആഗോളസഭ മുഴുവന്‍ ആചരിക്കുന്ന തിരുനാളാക്കിയത്.
സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി മാറുന്നത് മാതാവിന്റെ "നിത്യമായ ഉറക്ക"ത്തെപ്പറ്റിയുള്ള ഒരു സ്മരണയില്‍ നിന്നാണ്. പൊതു വായ ഒരു ആചരണമായിത്തുടങ്ങി അത് ആഗസ്റ്റ് 15 ആക്കി സ്ഥിരപ്പെടുത്തുകയായിരുന്നു. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് ഈ തിരുനാള്‍ ആചരണം പാശ്ചാത്യസഭയിലെത്തുന്നതും 'സ്വര്‍ഗ്ഗാരോപണം' എന്ന് അറിയ പ്പെടാന്‍ തുടങ്ങിയതും. ഇതോടെ, മാതാവ് എന്ന സമ്പൂര്‍ണ്ണവ്യക്തിയുടെ, ആത്മാവിന്റെയും ശരീരത്തിന്റെയും മഹത്വീകരണം പൂര്‍ണമാകുന്നു.
ഏതായാലും ക്രിസ്ത്യാനികള്‍ പൂര്‍ണമായി വിശ്വസിക്കുന്നത് ഇങ്ങനെയാണ്: മേരി ദൈവത്തിന്റെ മാതാവാണ്. അതുകൊണ്ടുതന്നെ ജന്മപാപമില്ലാതെയാണ് അവള്‍ ജനിച്ചത്. ദൈവത്തിന്റെ എല്ലാ ഹിതങ്ങളും അനുസരിക്കാന്‍ സന്നദ്ധയായ ഒരു ദാസിയായിരുന്നു അവള്‍. ദൈവപുത്രനോടൊപ്പം ഒരു മുഖ്യസ്ഥാനം രക്ഷാകര ചരിത്രത്തില്‍ അവള്‍ക്കുണ്ട്. വാസ്തവത്തില്‍ 'വഴിയും സത്യവും ജീവനു'മായ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്: "ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും" എന്ന്. ഈ ബഹുമാനമാണ്, മറിയം ദൈവത്തോടൊപ്പമാണെന്ന നമ്മുടെ വിശ്വാസത്തിന് അടിസ്ഥാനം. ലോകത്തിലുള്ള എല്ലാ ബിഷപ്പുമാരില്‍നിന്നും മാതാവിന്റെ സ്വര്‍ഗ്ഗാരോപണം സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് പന്ത്രണ്ടാം പീയൂസ് പാപ്പാ 1950 നവംബര്‍ 11-ന് സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള "Munificentissimus Deus" എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.
സ്രഷ്ടാവായ ദൈവത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച ഭാഗ്യവതി ഇന്ന് ദൈവത്തിന്റെ ആലയത്തില്‍ത്തന്നെ ഉപവിഷ്ടയായിരിക്കുന്നു. ദൈവത്തിന്റെ വിനീതദാസിയായ മറിയത്തെ സഭ ഇന്ന് ആഹ്ലാദത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. മംഗലവാര്‍ത്തയില്‍ പറഞ്ഞതുപോലെ, ദൈവം മേരിക്കു വന്‍കാര്യങ്ങള്‍ ചെയ്തുകൊടുത്തിരിക്കുന്നു. വാസ്തവത്തില്‍ സ്വര്‍ഗ്ഗാരോപണം മേരിയുടെ ഈസ്റ്ററാണ്. കാരണം, ഈലോകജീവിതത്തില്‍ നിന്നുള്ള മേരിയുടെ മോചനം മാത്രമല്ല ഈ സുദിനത്തില്‍ നാം അനുസ്മരിക്കുന്നത്; അവളുടെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോപണവുമാണ്. അങ്ങനെ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ മഹത്വത്തില്‍ പങ്കാളിയാകുന്ന മേരിയെയാണ് നാം അനുസ്മരിക്കുന്നത്.
പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ പറഞ്ഞതുപോലെ; "നമ്മള്‍ നമ്മുടെ ജീവിതത്തെ മേരിയുടെ കാഴ്ചപ്പാടില്‍ വിലയിരുത്തേണ്ടതുണ്ട്. ദൈവം അവള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തു; ദൈവം നമുക്കുവേണ്ടി എന്തെല്ലാം അനുഗ്രഹങ്ങള്‍ ചെയ്തുതന്നിരിക്കുന്നു!"

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org