വചനമനസ്‌കാരം: No.183

വചനമനസ്‌കാരം: No.183
Published on

നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു.

റോമാ 2:15

  • എസ്. പാറേക്കാട്ടില്‍

വിശ്വമാകെ വെളിച്ചം വിടര്‍ത്തുന്ന

വിപ്ലവത്തിന്റെ രക്തനക്ഷത്രമേ,

റഷ്യ, രാജ്യാന്തരങ്ങളെച്ചൂടിച്ച

പുഷ്യരാഗസ്വയംപ്രഭാരത്‌നമേ!

കാലസാഗരം വിപ്ലവത്തിന്‍ കൊടും-

കാറ്റുകൊണ്ടു മനുഷ്യന്‍ കടഞ്ഞനാള്‍,

നീയുദിച്ചു യുഗചക്രവാളത്തില്‍

നീയുദിച്ചി, തൊരഗ്നിസ്ഫുലിംഗമായ്!

ആ ലെനിന്റെ രഥപതാകയ്ക്കുമേല്‍

ആദ്യമായ് കണ്ടു നിന്റെ മന്ദസ്മിതം.

ആ ലെനിന്റെ പടകുടീരത്തില്‍നി-

ന്നാദ്യമായ് കേട്ടു നിന്റെ ധീരസ്വരം;

''വെട്ടിമാറ്റുകീച്ചങ്ങലകള്‍, -പട-

വെട്ടി നേടുക വിശ്വസമ്പത്തുകള്‍...''

വിഗ്രഹങ്ങള്‍ തകര്‍ന്നനാള്‍ മര്‍ദിത-

വര്‍ഗശക്തിയൊരു യുഗം തീര്‍ത്തനാള്‍,

ക്രെംലിനിലെത്തൊഴിലാളി, മാനവ-

ധര്‍മ്മശൈലി തിരുത്തിക്കുറിച്ചനാള്‍,

ആ യുഗത്തിന്റെയാദ്യപ്രഭാതത്തില്‍,

വോള്‍ഗയില്‍ കുളിച്ചെത്തിയ തെന്നലില്‍,

ആ ലെനിന്റെ മിഴികളില്‍, സംക്രമ-

ജ്വാലയായി നീ രക്തനക്ഷത്രമേ.

1970 ലാണ് 'വെളിച്ചമേ നയിക്കൂ' എന്ന കവിത വയലാര്‍ എഴുതിയത്. വിപ്ലവത്തെ വിശ്വമാകെ വിടരുന്ന വെളിച്ചമായും സ്വയംപ്രഭയുള്ള പുഷ്യരാഗമായും വിഭാവനം ചെയ്യുന്ന കവി, ലെനിനെ അതിന്റെ നടുനായകനായി പ്രതിഷ്ഠിക്കുന്നു. വിപ്ലവത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വിപ്ലവകാരികള്‍ക്കും അനുഭാവികള്‍ക്കും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും ഉണ്ടായേക്കാം. കര്‍മ്മഫലമെന്നോ കര്‍മ്മദോഷമെന്നോ കരുതി സമാധാനിക്കുകയേ നിര്‍വാഹമുള്ളൂ. കേരളത്തിന്റെ ചക്രവാളത്തില്‍ അഗ്‌നിസ്ഫുലിംഗമായ് ഉദിച്ചുയര്‍ന്ന ഒരു രക്തനക്ഷത്രം ഈയിടെ കാലയവനികയില്‍ മറഞ്ഞപ്പോള്‍ ഓര്‍മ്മയിലെത്തിയത് വിപ്ലവവീര്യമുള്ള ഈ വരികളാണ്. ചലിക്കുന്ന ചില തമോഗര്‍ത്തങ്ങള്‍ പോലും ഫോട്ടോഷോപ്പും പി ആര്‍ വര്‍ക്കുമൊക്കെയായി നമ്മുടെ രാഷ്ട്രീയനഭസില്‍ വ്യാജപ്രഭയുള്ള നക്ഷത്രങ്ങളായി നടിക്കുന്ന ഇക്കാലത്ത്, സഖാവ് വി എസ് അച്യുതാനന്ദന്‍ സ്വയംപ്രഭയുള്ള പുഷ്യരാഗം തന്നെയായിരുന്നു.

എന്തുകൊണ്ടാണ് വി എസ് എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട ഈ മനുഷ്യന്‍ ജനങ്ങള്‍ക്ക് ഇത്രമേല്‍ പ്രിയങ്കരനായത്? എന്തുകൊണ്ടാണ് ആ വ്യക്തിത്വത്തി ലേക്കും പ്രത്യേകമായ മാനറിസങ്ങളിലേക്കും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യര്‍ വശീകരിക്കപ്പെട്ടത്? കപടതയും വഞ്ചനയുമില്ലാത്ത ഒരു പച്ചമനുഷ്യനായിരുന്നു അദ്ദേഹം എന്നതാണ് ലളിതമായ ഉത്തരം. കേള്‍ക്കുമ്പോള്‍ പുളകം കൊള്ളിക്കുന്ന വിപ്ലവഗീതങ്ങള്‍ക്കു പിന്നില്‍ വഞ്ചനയുടെ ശോകശീലുകളുണ്ട്. ആര് ആരെയാണ് വഞ്ചിച്ചത്? വിപ്ലവം വിപ്ലവകാരികളെയാണോ? അല്ല. വിപ്ലവകാരികള്‍ വിപ്ലവത്തെയാണ്.

വര്‍ഗസമരത്തിന്റെയും തൊഴിലാളി മാഹാത്മ്യത്തിന്റെയും പേരില്‍ അധികാരം പിടിച്ചവര്‍ മറ്റൊരു അധീശത്വവര്‍ഗമായി മാറിയതാണ് വിപ്ലവത്തിലെ വഞ്ചന. ചൂഷണത്തെ എതിര്‍ത്ത് അധികാരത്തിലെത്തിയവര്‍ ചൂഷകരായതും സമത്വം ആദര്‍ശമാക്കി ജനത്തെ മോഹിപ്പിച്ചവര്‍ വരേണ്യവര്‍ഗമായതുമാണ് വിപ്ലവത്തിലെ വഞ്ചന. ചുവപ്പ് വെറും നിറമല്ലെന്നും ചോര തുടിക്കുന്ന ഒരു വികാര മാണെന്നും വിശ്വസിപ്പിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. പക്ഷേ, ചുവപ്പിന് പിന്നില്‍ അധികാരവും അനുബന്ധ ലഹരികളും നല്‍കുന്ന ആര്‍ത്തിയുടെയും ആസക്തി കളുടെയും കറുപ്പ് ആവോളമുണ്ടായിരുന്നു.

പാര്‍ലമെന്ററി വ്യാമോഹം എന്ന് മിനുക്കി പറയുന്ന ആ കറുപ്പാണ് വിപ്ലവത്തെ ദ്രവിപ്പിച്ചത്. 'മൂന്നാം വട്ടവും അധികാരത്തില്‍ വരാതിരിക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലത്' എന്ന ബോധം ഉദിക്കുന്നത് ഈ കറുപ്പിനെക്കുറിച്ച് ബോധ്യമുള്ളതിനാലാണ്.

വി എസ് അച്യുതാനന്ദനെ കറ തീര്‍ന്ന ഒരു കമ്യൂണിസ്റ്റ് നേതാവ് എന്നല്ല; കമ്യൂണിസത്തിന്റെ കറ അധികം പുരളാത്ത ഒരു മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. ആ വ്യക്തിത്വത്തിലെ അനുപമമായ ചില ഗുണവൈഭവങ്ങള്‍ അടുത്ത ലക്കത്തില്‍ വിശദീകരിക്കാം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org