
ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF
അലനും ലിയായും പരസ്പരം ഇഷ്ടമാണെന്നു പറഞ്ഞിട്ട് ആറു മാസം ആയെങ്കിലും അവര്‍ക്ക് ഇതുവരെ നേരില്‍ കാണാന്‍ അവസരം ലഭിച്ചില്ല. അവസാനം ലിയാ പറഞ്ഞു,
''ഈ ഡിസംബര്‍ 26 ന് നമുക്ക് ഗോവയില്‍വച്ച് കാണാം. നീ ഡല്‍ഹിയില്‍ നിന്നും ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വരുന്നു. ഗോവയില്‍ ഒരു ദിവസം കറങ്ങുന്നു.''
''ഡണ്‍.''
ഡിസംബര്‍ 24-ാം തീയതി വൈകുന്നരത്തെ ക്രിസ്മസ് കുര്‍ബാനയില്‍ ഇന്നേവരെ അനുഭവിക്കാത്ത നിര്‍വൃതിയോടെ അലന്‍ പങ്കെടുത്തു. കുര്‍ബാന കഴിഞ്ഞ് വന്നയുടനെ രണ്ടു ദിവസം മുമ്പേ പായ്ക്ക് ചെയ്തു വച്ചിരുന്ന ബാഗുമെടുത്ത് അവന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓടി. ട്രെയിന്‍ കൃത്യസമയത്തു വന്നു. യാത്ര തുടങ്ങി. ബാഗ് എല്ലാം ഒരുക്കി വച്ചപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ വന്ന് അവനോട് ബി 12 ലേക്ക് മാറാമോ എന്നു ചോദിച്ചു. അവന്‍ സന്തോഷത്തോടെ സമ്മതിച്ചു. ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാന്‍ വന്നവര്‍ക്ക് ടിപ്പ് അമ്പത് രൂപ കൊടുത്തു. ചായ വേണോ എന്നു ചോദിച്ചയാളോട് ചായ മേടിക്കാതെ തന്നെ ഇരുപതു രൂപ കൊടുത്തപ്പോള്‍ അയാള്‍ ഇരുപത്തഞ്ച് എന്നു പറഞ്ഞു. അവന്‍ സ്മാര്‍ട്ട് ബോയി എന്നു പറഞ്ഞ് പത്തു രൂപ കൂടി കൊടുത്തു. കരഞ്ഞു നിലവിളിച്ച ഒരു കുഞ്ഞിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തപ്പോള്‍ അദ്ഭുതം, കുഞ്ഞ് കരച്ചില്‍ നിര്‍ത്തി.
ഒരു ഗിത്താറു കിട്ടിയിരുന്നെങ്കില്‍ ട്രെയിനില്‍ക്കൂടി പാട്ടും പാടി നടക്കാമായിരുന്നു എന്നും അവന് തോന്നി.
കാണുന്നവരോടെല്ലാം പേര് ചോദിച്ചു. സുഖമാണോ എന്നും ചോദിച്ചു. എത്ര മിഴികളിലാണ് അവന്‍ ചിരിപ്പിച്ച് ചിരിപ്പിച്ച് കരച്ചില്‍ വരുത്തിയതെന്ന് അവനുതന്നെ അറിയില്ല. ട്രെയിനിലെ ബെഡ് ഷീറ്റ് മാറ്റുന്നവര്‍ അവന്റെ ആത്മാര്‍ഥമായ പെരുമാറ്റം കണ്ടപ്പോള്‍ പറഞ്ഞു,
''സാറിനോടുള്ള ഇഷ്ടം കൊണ്ടു പറയുവാ, ഈ പുതപ്പ് ഉപയോഗിക്കരുത്. എന്നാണ് അലക്കിയതെന്നു ഞങ്ങള്‍ക്കു തന്നെ അറിയില്ല.''
''ഈ അലക്ക് ആരാണ് കണ്ടുപിടിച്ചത്? എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. നിങ്ങള്‍ ഇത്രയും ചെയ്യുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഒത്തിരി സന്തോഷം തോന്നുന്നു'' എന്നും പറഞ്ഞ് അവരെ കെട്ടിപ്പിടിച്ചു.
അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.
''ഞങ്ങളുടെ മുതലാളിമാര്‍ ഇതുപോലെ പെരുമാറിയിരുന്നുവെങ്കില്‍'' അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
ആറ് ഇരുപതിന് ഇറ്റാര്‍സിയില്‍ വരേണ്ട ട്രെയിന്‍, കൃത്യം ആറ് മണിക്ക് തന്നെ ഇറ്റാര്‍സിയില്‍ വന്നു നിന്നു. കറങ്ങാന്‍ സമയം ഉള്ളതുകൊണ്ട് ഇറ്റാര്‍സിയിലെ എ സി വെയിറ്റിങ്ങ് റൂമിലെ പഴയ പരിചയക്കാരനായ സംഘാടകനോട് അവന്‍ കുറെ നേരം വാചകമടിച്ചു.
''സാറിനെപ്പോലുള്ള യാത്രക്കാരാണ് ഞങ്ങളുടെ ജോലിയെ മഹത്തരമാക്കുന്നത്.''
ആ മറുപടിയില്‍ അവന്‍ ചിരിച്ചു. ഒപ്പം ഇറ്റാര്‍സി സ്‌റ്റേഷന്‍ ഏറ്റവും മനോഹരമായ സ്‌റ്റേഷനാണെന്ന് അവന് തോന്നി. കാരണം ആറു മാസം മുമ്പ് ഇറ്റാര്‍സിയില്‍ അതേ വെയിറ്റിങ്ങ് ഏരിയായില്‍ നില്‍ക്കുമ്പോഴാണ് ലിയായുടെ ചിത്രം അവന്‍ ഇന്‍സ്റ്റായില്‍ ആദ്യമായി കണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. സ്‌റ്റേഷനിലെ ലൈറ്റുകള്‍ തെളിഞ്ഞു. ഇറ്റാര്‍സി സ്‌റ്റേഷന്‍ സ്വര്‍ഗസമാനമായി അവനു തോന്നി.
സമയം ആയിട്ടും ട്രെയിന്‍ നീങ്ങിയില്ല. എങ്കിലും അലന്‍ കൂടെ ഉള്ളവരുടെ കൂടെ ലുഡോ കളി തുടര്‍ന്നു. എന്നാല്‍ മണിക്കൂര്‍ ഒന്നു കഴിഞ്ഞപ്പോള്‍ അലന്‍ വെളിയിലേക്ക് ഇറങ്ങി ചോദിച്ചു,
''എന്താണ് പ്രശ്‌നം?''
''മെയിന്റന്‍സ് ഇഷ്യൂ'' ഏതോ യാത്രക്കാരന്‍ പറഞ്ഞു.
മണിക്കൂര്‍ 6 കഴിഞ്ഞപ്പോഴും ട്രെയിന്‍ ഇറ്റാര്‍സി സ്‌റ്റേഷനെ ചുംബിച്ചു കിടന്നു. അപ്പോഴേക്കും യാത്രക്കാര്‍ക്കെല്ലാം ചിത്രം വ്യക്തമായി. ട്രെയിന്‍ പാളത്തിനാണ് പ്രശ്‌നം. ശരിയാകാന്‍ 24 മണിക്കൂര്‍ എടുക്കും.
ആ വാര്‍ത്ത കേട്ടപാതി അലന്‍ ബാഗുമായി ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി. ഇറ്റാര്‍സി സ്‌റ്റേഷനിലെ വിളക്കുകള്‍ എല്ലാം തെളിഞ്ഞു നിന്നെങ്കിലും അതെല്ലാം നരകത്തിലേക്കുള്ള വഴിവിളക്കുകളായി അവന് തോന്നി. പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോക്കാരനോട് ബസ് സ്റ്റാന്‍ഡ് എന്നു പറഞ്ഞു.
അവന്റെ പരിഭ്രാന്തി കണ്ട അയാള്‍ ചോദിച്ചു,
''എന്താ മോനെ പ്രശ്‌നം? നീ ആരെയെങ്കിലും കൊന്നിട്ട് വന്നതാണോ?''
''വേഗം വണ്ടിയെടുക്ക് ചേട്ടാ, കഥയെല്ലാം ഞാന്‍ വാട്ട്‌സ്ആപ്പില്‍ എഴുതി അറിയിക്കാം.''
''എങ്ങോട്ടാ പോകേണ്ടത്?''
''ഗോവ.''
''ഗോവയ്ക്ക് ഓട്ടോയിലോ?''
''ടാക്‌സി വല്ലതും കിട്ടുമോ?''
''നമുക്ക് നോക്കാം.''
നമുക്ക് നോക്കാം എന്ന് ഓട്ടോക്കാരന്‍ പറഞ്ഞത് സത്യമായിരുന്നു. ഒത്തിരി സ്ഥലത്ത് നോക്കി.
അയാള്‍ പല ടാക്‌സിക്കാരെയും വിളിച്ചു. കുറെപ്പേരോട് സംസാരിച്ചു. ഓട്ടോ കൂലി 250 രൂപ ആകുന്നതു വരെ അയാള്‍ നോക്കി. നടന്നില്ല. പിന്നെ അയാള്‍ അവനെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിട്ടു.
''ഗോവയ്ക്കു വണ്ടി എപ്പോഴാ?''
''5 മണി.''
''ഒരു ടിക്കറ്റ്.''
ഗോവയ്ക്കുള്ള ടിക്കറ്റിന്റെ പണം കൊടുത്തശേഷം അവന്‍ ടിക്കറ്റിലേക്ക് ഒന്നു കൂടി നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു. 5 അങ എന്നോര്‍ത്താണ് ടിക്കറ്റ് എടുത്തത്. പക്ഷേ 5 ജങ എന്ന് കൃത്യമായി ടിക്കറ്റില്‍ എഴുതിയിരുന്നു. പ്രിന്റ് എടുത്ത ടിക്കറ്റിന് റീഫണ്ടില്ല എന്നും പറഞ്ഞ് ഏജന്റ് മുങ്ങി.
താന്‍ ഏതവസ്ഥയിലാണ് എന്ന് മനസ്സിലാക്കാതെയി രുന്ന അലന്‍ ചുറ്റും നോക്കിയപ്പോള്‍ കണ്ടത് പഴയ ഓട്ടോക്കാരനെ.
''ഞാന്‍ കാര്യം പറയട്ടെ, മോന്‍ എന്തു ചെയ്താലും ഈ ഡിസംബര്‍ 26 ന് ഗോവയില്‍ എത്തില്ല.''
''ഫ്‌ളൈറ്റ് എടുത്താലോ?''
''അതിന് നാഗ്പൂര്‍ പോകണ്ടേ?''
''ഞാന്‍ ഇനി എന്തു ചെയ്യും?''
''ഏതെങ്കിലും ചരക്കു വണ്ടിക്കു കൈ കാണിക്കൂ!''
വിശ്വസിക്കുന്നത് കിട്ടും എന്നു പറയില്ലേ? അതു തന്നെ സംഭവിച്ചു. അവന്‍ മൂന്നു മണിക്കൂര്‍ ഹൈവേയില്‍ നിന്ന് കൈ കാണിച്ചപ്പോള്‍ ഒരു വണ്ടി നിര്‍ത്തി. കൈ കാണിക്കാന്‍ കൂട്ടുനിന്ന ഓട്ടോക്കാരന്‍ ഏര്‍പ്പാടാക്കിയ പെണ്‍കുട്ടിക്ക് ആയിരം രൂപ കൊടുത്ത് അവളെ പറഞ്ഞു വിട്ടു. പിന്നെ വലതു കാല്‍ വച്ച് അവന്‍ ചരക്കു ലോറിയില്‍ കയറി.
പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല എന്ന് അവന് ഉറപ്പായി. പെട്ടെന്ന് ലിയായുടെ ഫോണ്‍ കോള്‍ എത്തി.
''എടാ... നീ എവിടെയാ?''
''ഞാനിത് വന്നോണ്ടിരിക്കുവാ!''
പെട്ടെന്ന് ചരക്കു ലോറി ഡ്രൈവര്‍ പറഞ്ഞു,
''മോനെ... ഒരു ചെറിയ പ്രശ്‌നം ഉണ്ട്. വണ്ടിയുടെ ടയര്‍ പൊട്ടിയിരിക്കുന്നു.''
ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്കേറ്റെങ്കിലും തുടര്‍ന്ന് ലിയായുടെ സ്വരം കേട്ടപ്പോള്‍ അവന് ഒത്തിരി ആശ്വാസം തോന്നി.
'എടാ... ഒരു കാര്യം പറയട്ടെ. നീ ദേഷ്യപ്പെടരുത്. എനിക്കൊരു വയറു വേദന. അതുകൊണ്ട് പോകണ്ടെന്ന് മമ്മി പറഞ്ഞു. നമുക്ക് പിന്നെ കാണാം.''
''ശരി... ഈ ഗോവയില്‍ നീയില്ലാതെ ഒറ്റയ്ക്ക് മാനസ മൈനേ വരൂവും പാടി ഞാന്‍ ക്രിസ്മസ് ആഘോഷിക്കാം.'' അവന്‍ ഉള്ളില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
''അയ്യേ... പറ്റിച്ചേ... ഞാന്‍ ഇവിടെ ഗോവ മഡ്ഗാവ് സ്‌റ്റേഷനില്‍ നിന്നെയും നോക്കി നില്‍ക്കുവാ. നീ എവിടെയാ നില്‍ക്കുന്നത്?''
അവള്‍ ഫോണില്‍ പിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം അവളുടെ സ്‌നേഹിതന്‍ പരിധിക്ക് പുറത്തായിരുന്നു.
(ശുഭം)