കാവിക്കാരുടെ നിയമ നടത്തിപ്പ്

കാവിക്കാരുടെ നിയമ നടത്തിപ്പ്
Published on

2025 ജൂലൈ അവസാനത്തില്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രണ്ടു മലയാളി സ്ത്രീകളെ അറസ്റ്റു ചെയ്തു നിറുത്തിയിരിക്കുന്നു. അവരെ സഹായിക്കാന്‍ വന്ന ഒരു യുവാവും പൊലീസ് സ്റ്റേഷനിലുണ്ട്. ആ പൊലീസ് സ്റ്റേഷനില്‍ കയറിനിന്ന കന്യാസ്ത്രീകളെ ഭേദ്യം ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും അവര്‍ ഭാരത പൗരരല്ല എന്ന് ആക്രോ ശിക്കുന്നതും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. പൊലീസ് സ്റ്റേഷനില്‍ ഇത്രമാത്രം അധികാരം ഇവര്‍ക്ക് എങ്ങനെ ഉണ്ടായി? ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പൊലീസ് സ്റ്റേഷനാണോ? ഈ വിഷയത്തില്‍ കേരളത്തില്‍ അകത്തും പുറത്തും പാര്‍ട്ടി വ്യത്യാസമില്ലാതെ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. എന്തിനാണ് ഇത്ര ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായത്? ഇതു രണ്ടു കന്യാസ്ത്രീകളുടെ പ്രശ്‌നമാണോ? അവിടെ എന്ത് നിയമലംഘനമാണ് നടന്നത്?

മൂന്നു പ്രായപൂര്‍ത്തിയായ യുവതികള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോം ടിക്കറ്റില്ലാതെ ഇരുന്നു എന്നതു ശരിയാണ്. അവര്‍ പിന്നീട് ടിക്കറ്റ് കാണിക്കുന്നുണ്ട്. ഇതു മനസ്സിലാക്കിയ ടി ടി ഇ ചെയ്തതു നടപടിയെടുക്കുകയല്ല, ബജ്‌റംഗ്ദള്‍ സംഘത്തെ വിളിച്ചു വരുത്തുകയാണ്. ഇവരാണ് റെയില്‍വേ ഉദ്യോഗസ്ഥരും ബജ്‌റംഗ്ദളും പൊലീസും ചേര്‍ന്നാണ് കേസുണ്ടാക്കുന്നത്. ക്രൈസ്തവരായിരുന്നു ഈ യുവതികള്‍. അവരെ ജോലിക്കു കൊണ്ടുപോകാനിരുന്ന കന്യാസ്ത്രീകള്‍ക്കെതിരെ നിര്‍ബന്ധിത മതമാറ്റവും മനുഷ്യക്കടത്തുമാക്കിയതു പൊലീസ് എന്നു പറയുന്ന മേല്‍ സംഘമാണ്. ഇവിടെയാണ് ഭരണകൂട ഭീകരത വ്യക്തമാകുന്നത്. വാസ്തവവുമായി ഒരു ബന്ധവുമില്ലാതെ കേസ് കെട്ടിച്ചമച്ച് ഭാരതീയ പൗരന്മാരെ കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിവച്ച് നാടിന്റെ മുഖ്യമന്ത്രി എഴുതുകയും ചെയ്തു.

ഇങ്ങനെ വാസ്തവവിരുദ്ധമായി നിയമംകൊണ്ട് ഭീകരത നടത്താന്‍ കാരണം ഒന്നു മാത്രം. അവര്‍ മിഷണറിമാരാണ്, അവര്‍ ഹിന്ദുത്വയുടെ ശത്രുക്കളാണ്. 2014 ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹിന്ദു കോണ്‍ ഗ്രസ് പ്രഖ്യാപിച്ച മലീഷ്യസ്ശത്രുക്കളില്‍ ഒരു വിഭാഗമാണ് മിഷണറിമാര്‍. അവരെ എങ്ങനെയും നാടുവിടുവിക്കുക, പീഡിപ്പിക്കുക എന്നതു ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പാണ്. ഏതു നുണയും കെട്ടിയുണ്ടാക്കി ഉപയോഗിക്കുന്നത് അവരുടെ രാഷ്ട്രീയ നടപടിയുടെ ശൈലിയാണ്.

മനുഷ്യനാണ് അവന്റെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. അത് ഈ പാര്‍ട്ടികളുടെ ഭരണത്തില്‍ സംരക്ഷിക്കപ്പെടുമോ എന്നതാണ് മൗലികപ്രശ്‌നം.

ഈ പാര്‍ട്ടിയാണ് ഇന്ത്യയില്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ ഒരു ബാങ്ക് വഴി വിറ്റത്. ഈ ഡി എന്ന ഭരണവകുപ്പുകാര്‍ ചില കമ്പനികളില്‍ റെയ്ഡ് നടത്തുന്നു. കമ്പനിക്കാര്‍ കോടികളുടെ ബോണ്ട് വാങ്ങി പാര്‍ട്ടിക്കു കൊടുക്കുന്നു. അതോടെ എല്ലാ അന്വേഷണവും അവസാനിക്കുന്നു. പിന്നെ ഭീമമായ തുകയുടെ കോണ്‍ട്രാക്ടുകള്‍ സര്‍ക്കാര്‍ ആ കമ്പനികള്‍ക്കു കൊടുക്കുന്നു. ഇങ്ങനെ എല്ലാവരെയും വരുതിയിലാക്കുന്നു.

ആര് എതിര്‍ത്താലും അവരുടെ മേല്‍ ഏതു കുറ്റവും ചാര്‍ത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വിധേയപ്പെട്ടു നില്‍ക്കുന്നു. ഈ ഇലക്ട്രല്‍ ബോണ്ടുവഴി അവര്‍ അഴിമതി നിയമാനുസൃതമാക്കുകയായിരുന്നല്ലോ. അതല്ലേ സുപ്രീംകോടതി കണ്ടതും, അതു റദ്ദാക്കിയതും. ഇവിടെ ഈ കന്യാസ്ത്രീകള്‍ക്കുണ്ടായ അനുഭവം ഏതു പൗരനും ഉണ്ടാകാം. അവിടെയൊക്കെ ഏക ആശ്രയം കോടതിയാണ്. പക്ഷേ, കോടതിയേയും കാവി പുതപ്പിക്കില്ല എന്ന് എന്താണ് ഉറപ്പ്?

സ്റ്റാന്‍സ്വാമി എന്ന വൈദികനോട് ചെയ്തതു മറ്റൊന്നുമല്ലല്ലോ? പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കൈകൊണ്ട് ഒരു പാത്രം വെള്ളം കുടിക്കാന്‍ പാടില്ലാതായ അദ്ദേഹം നിസ്സാരമായ ഒരു സ്‌ട്രോ ചോദിച്ചിട്ട് അതു പരിഗണിക്കാന്‍ കോടതി അഞ്ചു ദിവസമെടുത്തു; അതു നിഷേധിച്ചു.

ഇതൊക്കെ പൗരന്മാര്‍ക്ക് കൊടുക്കുന്ന സന്ദേശമെന്താണ്? അവര്‍ക്ക് ഇഷ്ടപ്പെടാത്തവരെ എന്തു ചെയ്യാനും നിയമം തടസ്സമാകില്ല. നിയമവാഴ്ച പൂര്‍ണ്ണമായും തകരുന്ന ഒരു അവസ്ഥ.

1941 സെപ്തംബര്‍ 27 ന് ജര്‍മ്മനിയിലെ നാസികള്‍ ശത്രുക്കളായി പ്രഖ്യാപിച്ച യഹൂദര്‍ പുറത്തു വ്യാപരിക്കുമ്പോള്‍ ഡേവിഡിന്റെ മഞ്ഞനിറമുള്ള സ്റ്റാര്‍ ധരിക്കണം എന്ന നിയമമുണ്ടായി. ജര്‍മ്മന്‍കാര്‍ അതിനെ എതിര്‍ത്തില്ല. കാരണം അത് അവരെ ബാധിക്കുന്നതല്ലായിരുന്നു! ഈ അടയാളമുള്ളവരെ എവിടെ എന്തും ചെയ്യാന്‍ നാസികള്‍ക്ക് അവകാശം കിട്ടി. അത് ആര്യവര്‍ഗാധിപത്യത്തിന്റെ പേരിലായിരുന്നു. മധുര അടുത്തു കിലാടിയില്‍ നടക്കുന്ന ഭൂഗര്‍ഭഗവേഷണം ദ്രാവിഡ സംസ്‌കാരത്തെയും അവര്‍ക്ക് ഉത്തരേന്ത്യയിലെ ചില ജനങ്ങളുമായുള്ള ബന്ധവും വ്യക്തമാക്കിയപ്പോള്‍ ആ അന്വേഷണം അവസാനിപ്പിക്കാന്‍ ഹിന്ദുത്വ സര്‍ക്കാര്‍ കല്പിച്ചതും എന്തിന്? അത് ആര്യവര്‍ഗ കഥകളെ തുറന്നുകാണിക്കുമെന്ന പേടിയിലോ?

ഇതൊക്കെ സൂചിപ്പിക്കുന്നതു ഭരണവര്‍ഗഭീകരതയുടെ ലക്ഷണങ്ങളാണ്. ഇപ്പോഴത്തെ കന്യാസ്ത്രീകളുടെ പ്രശ്‌നത്തിലെ പ്രക്ഷോഭം പരിഗണിച്ചു ആഭ്യന്തര മന്ത്രി ഇടപെട്ട് പരിഹാരവുമുണ്ടാക്കും. പക്ഷെ, അത് തല്‍ക്കാല ഉപശാന്തി മാത്രം. പ്രത്യയശാസ്ത്രം പൊളിച്ചെഴുതുമെന്നു വിശ്വസിക്കാന്‍ കാരണങ്ങളില്ല. ഇവിടെ വിവാദമാകുന്നതു മനുഷ്യദര്‍ശനമാണ്. കാവിപാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പ്രകാരം മനുഷ്യമഹത്വം ജന്മത്തിലാണ് കര്‍മ്മത്തിലല്ല. ഒരു ബ്രാഹ്മണനായി ജനിച്ചാല്‍ അയാള്‍ എത്രമോശം ജീവിതമായാലും ബ്രാഹ്മണന്‍ തന്നെ. പുലയന്‍ പുലയനായി ജനിക്കുകയാണ്. അയാള്‍ എത്ര പഠിച്ചാലും എത്ര നല്ലവനായാലും അയാള്‍ പുലയനായി തന്നെ തുടരും. ഇതാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ മനുഷ്യത്വത്തെ ചവിട്ടിത്താഴ്ത്തിയ വലിയ ശാപമായത്.

മനുഷ്യനാണ് അവന്റെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. അത് ഈ പാര്‍ട്ടികളുടെ ഭരണത്തില്‍ സംരക്ഷിക്കപ്പെടുമോ എന്നതാണ് മൗലികപ്രശ്‌നം. മനുഷ്യനെ മൗലികവാദത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ പീഡിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയായി മാറുന്നത്. ഒരു ജാതി, ഒരു മതം എന്നത് നാരായണഗുരുവിനെപ്പോലുള്ള ആധുനിക ഹിന്ദു ചിന്തകര്‍ നല്കുന്ന വെളിച്ചമാണ്. പൗരബോധവും മാനവികദര്‍ശനമുള്ള ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും ഒന്നായി നേരിടണം, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org