ജനവിധികള്‍ മോഷ്ടിച്ച് രാജാവാകുന്നവര്‍!

ജനവിധികള്‍ മോഷ്ടിച്ച് രാജാവാകുന്നവര്‍!
Published on

ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകം ഒമ്പതാം അധ്യായത്തിലെ, വൃക്ഷങ്ങളുടെ രാജാവിനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള വിവരണം എല്ലാക്കാലത്തും പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കൊരു രാജാവിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. മനുഷ്യര്‍ക്ക് വിശിഷ്ട വിഭവങ്ങള്‍ നല്‍കുന്ന അത്തിമരവും ഒലിവുമരവും മുന്തിരിച്ചെടിയും രാജാവാകാതെ നന്മ ചെയ്യാനുള്ള തങ്ങളുടെ ദൗത്യനിര്‍വഹണത്തിനുവേണ്ടി അധികാരത്തില്‍ നിന്നൊഴിഞ്ഞുനിന്നപ്പോള്‍ മനുഷ്യരെ മുറിപ്പെടുത്തുന്ന മുള്‍പ്പടര്‍പ്പ് ചുളുവില്‍ രാജാവായ കഥയാണ് യോഥാം എന്ന യുവാവ് പറയുന്നത്. മനുഷ്യരെ വിഭജിച്ച് മുറിവേല്‍പ്പിക്കുന്ന ഭരണകൂടഭീകരതയുടെ ആധുനിക കാലത്ത് മുള്‍പ്പടര്‍പ്പുകള്‍ രാജാക്കന്മാരാകുന്ന വഴികള്‍ വിചിത്രങ്ങളാണ്. 'വോട്ട് ചോരി' ആരോപണം കരിനിഴല്‍ വീഴ്ത്തുന്ന ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ചും! പ്രതിപക്ഷം പുറത്തുകൊണ്ടു വന്ന വോട്ട് ചോരി ആരോപണം സത്യത്തില്‍ വ്യക്തിയുടെ അധികാരത്തെ ഭരണകൂടം അപഹരിക്കുന്നതിന്റെ വഴികളെ വെളിവാക്കുന്നുണ്ട്.

എന്റെ വോട്ട് എന്റെ രാജ്യത്ത് എന്റെ ഐഡന്റിറ്റിയാണ്; എനിക്കു മാത്രമുള്ള അവകാശം. രാജ്യത്ത് അത് എന്റെ സ്വരമാണ്, എന്റെ പ്രതിഷേധമാണ്, എന്റെ നിലപാടാണ്. എനിക്കുള്ള സമ്പത്തോ തൊഴിലോ ജാതിയോ ലിംഗമോ ഭാഷയോ ഇടമോ വകവയ്ക്കാതെ തുല്യതയോടെ ഈ രാജ്യത്ത് ചെയ്യാനാവുന്ന ഏക കാര്യം എന്റെ വോട്ട് ആണ്. എന്റെ പൂര്‍വികര്‍ സമരങ്ങളുടെ തീച്ചൂളകളിലൂടെ നടന്നു ജീവന്‍ കൊടുത്ത് കൈപ്പറ്റിയ സ്വാതന്ത്ര്യത്തിന്റെ ആത്മാവാണത്.

എന്റെ വോട്ട് എന്റെ രാജ്യത്ത് എന്റെ ഐഡന്റിറ്റിയാണ്; എനിക്കു മാത്രമുള്ള അവകാശം. രാജ്യത്ത് അത് എന്റെ സ്വരമാണ്, എന്റെ പ്രതിഷേധമാണ്, എന്റെ നിലപാടാണ്.

ഇത് എന്നില്‍ നിന്നും മോഷ്ടിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്ന്, എന്റെ പേരില്‍, എന്റെ വീട്ടുനമ്പരില്‍, എന്റെ അഡ്രസ്സില്‍, മറ്റൊരാളോ ചിലപ്പോള്‍ ഒന്നിലധികം ആളുകളോ എനിക്ക് പകരം എന്റെ അവകാശം ഉപയോഗിക്കുന്നു എന്ന്, ഇല്ലാത്ത പേരിലും വീട്ടു നമ്പരുകളിലും വോട്ടുകള്‍ ജനിക്കുന്നു എന്ന്, വില്‍ക്കപ്പെടുന്നു എന്ന്, അതുവഴി അധികാരികള്‍ അവരോധിക്കപ്പെടുന്നു എന്ന്, ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും ഇതിന് കൂട്ടു ചേരുന്നു എന്ന് ആരോപണം വന്നാലോ? അഗ്‌നിശുദ്ധി വരുത്തി ജനാധിപത്യത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ആരുടേതാണ്?

2023 ല്‍ സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരു വിധിപ്രസ്താവം നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്ന സമിതിയില്‍ മൂന്നുപേര്‍ വേണമെന്നായിരുന്നു നിര്‍ദ്ദേശം. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ സമിതിയില്‍ ഉണ്ടാവണം. ഈ നിര്‍ദ്ദേശത്തെ അട്ടിമറിച്ച് നിയമനിര്‍മ്മാണം നടത്തി സമിതിയില്‍ പ്രധാനമന്ത്രിയെയും (നരേന്ദ്ര മോദി) പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയെയും (അമിത് ഷാ) പ്രതിപക്ഷ നേതാവിനെയും (രാഹുല്‍ ഗാന്ധി) ഉള്‍പ്പെടുത്തി അതിന്റെ നിഷ്പക്ഷ പ്രവര്‍ത്തന സാധ്യതകളുടെ വാതിലടച്ച സമീപകാല ചരിത്രം ഇവിടെയുണ്ട്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ തങ്ങള്‍ക്ക് 'മുന്‍തൂക്കം' ഉണ്ടാകണമെന്ന് ഒരു സര്‍ക്കാര്‍ വാദിക്കുമ്പോള്‍, അതിനായി 'നിയമനിര്‍മ്മാണം' നടത്തുമ്പോള്‍ സുതാര്യത കളമൊഴിയും. ആ പരമോന്നത സമിതിയിലെ ഒരു അംഗം തന്നെയാണ് കര്‍ണ്ണാടകയിലെ മഹാദേവപുരയില്‍ പോള്‍ ചെയ്ത ഒരു ലക്ഷത്തി ഇരുന്നൂറ്റി അന്‍പത് വ്യാജ വോട്ടുകള്‍ മുന്‍നിര്‍ത്തി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്; ഇത് ഇന്ത്യയില്‍ പലയിടത്തും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

2024 ല്‍ ലോക് നീതി CSDS നടത്തിയ ദേശീയ തിരഞ്ഞെടുപ്പ് പഠനങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ വിശ്വാസ്യത ഇടിഞ്ഞു എന്ന് നിരീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്ര നിയമസഭാ ഇലക്ഷനില്‍ അധികമായി വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു എന്ന ആക്ഷേപം, ബീഹാറിലേ ധൃതിപിടിച്ച വോട്ടേഴ്‌സ് ലിസ്റ്റിന്റെ പരിഷ്‌കരണം, ഇ വി എം വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തപ്പെടുന്ന കണക്കും വോട്ടുചെയ്തവരുടെ ലിസ്റ്റും തമ്മില്‍ ടാലി ആകാത്ത സാഹചര്യം, അവസാന മണിക്കൂറുകളിലെ അസ്വാഭാവികമായ പോളിംഗ് വര്‍ധന കണക്കുകള്‍ തുടങ്ങി സമകാലിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉയരുന്ന ആരോപണങ്ങളില്‍ പലതും തിരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യതാനഷ്ടം വരുത്തി വച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ ഫിലോസഫിയുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'റിപ്പബ്ലിക്കി'ല്‍ പ്ലേറ്റോ പറഞ്ഞു വയ്ക്കുന്ന സത്യം സമകാലിക ഇന്ത്യന്‍ പൗരന്മാരുടെ അരാഷ്ട്രീയ നിസ്സംഗതയെ സൂചിപ്പിക്കുന്നത് കൂടിയാണ്. പൊതുകാര്യങ്ങളോടുള്ള നിസ്സംഗതയ്ക്ക് പൗരന്‍ നല്‍കുന്ന വില തങ്ങളെക്കാള്‍ വിലകെട്ട മനുഷ്യര്‍ തങ്ങളെ ഭരിക്കും എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്.

ഞാന്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്? രാഷ്ട്രീയം സമയം കളയല്‍ ആണെന്നും ആ സമയം അവനവന്‍ ജോലി ചെയ്ത് സമ്പാദിച്ചാല്‍ അവനവനു മെച്ചം എന്നുമുള്ള അരാഷ്ട്രീയ വാദത്തിന്റെ ക്ലാവ് പൊതുജനത്തിന്റെ ബുദ്ധിയിലും മനസ്സിലും വേഗത്തില്‍ പടരുന്ന കാലമാണ്. 'ഓരോ ജനത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും' എന്ന പ്ലേറ്റോയുടെ പ്രവചനം നെറികെട്ട വര്‍ത്തമാന കാലത്തെ വല്ലാതെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ഞാന്‍ സമ്പാദിക്കുന്നത് ആരും കൊള്ളയടിച്ചു കൊണ്ടു പോകാത്തത് ഇവിടെയൊരു ജനാധിപത്യ വ്യവസ്ഥയും ഭരണകൂടവും ഉള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കാത്ത ആളാണോ ഞാന്‍? ഒരു പൊതുസ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ സര്‍വീസ് ലഭിക്കുന്നത്, ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നത്, ഇഷ്ടമുള്ളത് എഴുതാനും പറയാനും വിശ്വസിക്കാനും ഇട വരുന്നത്, ജനാധിപത്യ വ്യവസ്ഥയുടെ പവിത്രമായ നിലനില്‍പ്പിന്റെ ബാക്കിപത്രമാണ്. ജനവിധികള്‍ മോഷ്ടിക്കപ്പെടുമ്പോള്‍, വോട്ട് വാങ്ങപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇത് എന്നെ ബാധിക്കും.

രാഹുല്‍ ഗാന്ധി പറയുന്ന എല്ലാ രാഷ്ട്രീയ ആദര്‍ശങ്ങളെയും എല്ലാവരും പിന്തുണക്കണമെന്നില്ല. പക്ഷേ, ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടുന്നതുവരെ ആ ശബ്ദത്തിനു ബലം കിട്ടേണ്ടതുണ്ട്. അതില്‍ അഭിപ്രായം പറയേണ്ടതുണ്ട്; പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്; ഇല്ലെങ്കില്‍ 79 കടന്ന ജനാധിപത്യം ഇന്ത്യയില്‍ ഊര്‍ദ്ധശ്വാസം വലിക്കും!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org