ഫാ. ആന്റു സേവ്യര്‍ എസ് ജെ
അസിസ്റ്റന്റ് ഡയറക്ടര്‍,
അര്‍ണോസ് പാതിരി അക്കാഡമി,
വേലൂര്‍, തൃശ്ശൂര്‍
അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വര്‍ഷം ആഘോഷിക്കുകയാണ്. അര്‍ണോസ് പാതിരി എന്ന അപരനാമത്തില്‍ വിഖ്യാതനായ ജോ ഏണസ്റ്റ് ഹാങ്‌സ്‌ലേഡന്‍ ജര്‍മ്മനിയില്‍ ഓസ്‌നാംബൂര്‍ക്കിനടുത്ത്, ഓസ്റ്റര്‍ കാപ്ലേന്‍ എന്ന ദേശത്ത് 1681-ല്‍ ജനിച്ചു. ജര്‍മ്മനിയില്‍ നിന്നും തന്റെ 18-ാമത്തെ വയസ്സില്‍ ദീര്‍ഘവും ക്ലേശനിര്‍ഭരവുമായ ഒരു വര്‍ഷവും രണ്ടു മാസവും പത്തു ദിവസവും എടുത്ത കടല്‍-കര യാത്രയ്ക്കു ശേഷം സൂറത്തില്‍ എത്തിച്ചേര്‍ന്നത് 1700 ഡിസംബര്‍ 13-ാം തീയതിയാണ്. ഒരു ഈശോസഭ വൈദികനാകുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
അക്കാലത്ത് ഈശോസഭ വൈദികര്‍ കേരളത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഈശോസഭയുടെ മലബാര്‍ പ്രവിശ്യയില്‍ അംഗമായി മിഷണറി പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച അര്‍ണോസ് 1701 ന്റെ അവസാനത്തിലോ 1702 ന്റെ ആരംഭത്തിലോ തൃശ്ശൂര്‍ അടുത്തുള്ള അമ്പഴക്കാട് (സമ്പാളൂര്‍) എത്തി. ഈശോസഭയ്ക്ക് അന്ന് അവിടെ വൈദിക വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി കോളേജും, നസ്രാണി വൈദിക വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി ഒരു സെമിനാരിയും ഉണ്ടായിരുന്നു.
ഇന്ത്യയുടെ മഹിമ ലോകത്തെ അറിയിച്ച അര്‍ണോസ് പാതിരി, 'ഇന്‍ഡ്യാ വിജ്ഞാനീയം' അഥവാ ഇന്‍ഡോളജി എന്ന പഠനശാഖയ്ക്കു തുടക്കം കുറിച്ച പാശ്ചാത്യരില്‍ പ്രമുഖനാണ്.
അര്‍ണോസ് പാതിരി അടിസ്ഥാനപരമായി ഒരു മിഷണറി ആയിരുന്നു. യേശുവിന്റെ സുവിശേഷം മറ്റുള്ളവരെ അറിയിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍. തന്റെ ജീവിതത്തിന്റെ ഈ മിഷനറി മാനം അദ്ദേഹം ഒരിക്കലും മറന്നുകളഞ്ഞിട്ടില്ല. അതേസമയം എല്ലാവരെയും സ്‌നേഹിക്കുന്ന ജാതിമത വര്‍ഗ ഭേദമന്യേ എല്ലാവരുടെയും നേര്‍ക്ക് തുറന്നു വച്ചിട്ടുള്ള ഹൃദയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
സവര്‍ണ്ണ ഹിന്ദുക്കള്‍ സംസ്‌കൃതത്തെ തങ്ങളുടെ കുത്തകയാക്കി വച്ചുകൊണ്ടിരുന്ന കാലത്താണ് പാതിരി ഇവിടെ വന്നത്. പാശ്ചാത്യര്‍ക്ക് ഉപയോഗിക്കാവുന്ന പഠന സഹായ ഗ്രന്ഥങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പണ്ഡിതനായ ഒരു ഗുരുവിന് ശിഷ്യപ്പെടുക മാത്രമായിരുന്നു പോംവഴി. ഈ പ്രതിബന്ധങ്ങള്‍ എല്ലാം തന്ത്രപൂര്‍വം തരണം ചെയ്ത് ഫാദര്‍ ഹാങ്‌സ്‌ലേഡന്‍ മലയാളത്തിലും സംസ്‌കൃതത്തിലും നിഘണ്ടുകളും വ്യാകരണങ്ങളും രചിച്ചു.
പിന്‍കാലത്ത് രചിക്കപ്പെട്ട മലയാള വ്യാകരണങ്ങള്‍ക്കും നിഘണ്ടുകള്‍ക്കും പാതിരികൃതികള്‍ വഴികാട്ടികളായിരുന്നു. അര്‍ണോസ് പാതിരിയുടെ മലയാള വ്യാകരണം പല കാരണങ്ങള്‍ കൊണ്ടും ശ്രേഷ്ഠമാണ്. മലയാളഭാഷയില്‍ പിന്നീടുണ്ടായ വ്യാകരണ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗത്തെയാണ് പിന്തുടര്‍ന്നത്. അദ്ദേഹം രചിച്ച രണ്ട് നിഘണ്ടുകളില്‍ ഒന്ന് ദ്വിഭാഷ നിഘണ്ടുവും മറ്റേത് ബഹുഭാഷാ നിഘണ്ടുവുമാണ്. സംസ്‌കൃതം മലയാളവും, മലയാള സംസ്‌കൃത പോര്‍ച്ചുഗീസും.
മലയാള സാഹിത്യത്തില്‍ ക്രൈസ്തവ സാന്നിധ്യം തെല്ലുമെ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ഇവിടെ എത്തിച്ചേര്‍ന്നത്. ആ കുറവ് പരിഹരിക്കുക മാത്രമല്ല കേരള ക്രൈസ്തവ സമൂഹത്തിന് ഒരു സാഹിത്യ സാംസ്‌കാരിക പൈതൃകം സമ്മാനിക്കുവാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തില്‍ ബൈബിള്‍ ഏറെ പരിചിതമല്ലാതിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ 'പുത്തന്‍പാന' എന്ന മഹാകാവ്യത്തിലൂടെയാണ് കേരള ക്രൈസ്തവര്‍ ആ വിശുദ്ധ ഗ്രന്ഥം ആദ്യമായി പരിചയപ്പെടുന്നത്.
അതോടൊപ്പം മലയാളത്തില്‍ പുതിയ കാവ്യരൂപങ്ങള്‍ സമ്മാനിച്ചുകൊണ്ട് പല സാഹിത്യ ശാഖകളുടെയും പ്രാരംഭകനായിത്തീരാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ 'ഉമ്മാടെ ദുഃഖം' മലയാളത്തിലെ ആദ്യ വിലാപകാവ്യമാണ് 'ഉമാപര്‍വം' ദൈവമാതാവിന്റെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ജീവചരിത്ര കാവ്യമാണ്. 'ജനോവ പര്‍വ'മാകട്ടെ മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യവും.
ഈ കാവ്യങ്ങളെല്ലാം അദ്ദേഹം പണിക്കുറവ് തീര്‍ത്തെടുത്തിരിക്കുന്നത് മനോഹരമായ ഭാഷാവൃത്തങ്ങളിലാണ്. അക്കാലത്ത് മലയാളത്തിലെ ഭാഷാവൃത്തങ്ങളുടെ ലക്ഷണനിര്‍ണ്ണയം ചെയ്യുന്ന ശാസ്ത്രഗ്രന്ഥങ്ങള്‍ ഒന്നുമേ ഉണ്ടായിരുന്നില്ല. എന്നിട്ടും അവയുടെ നിയമവ്യവസ്ഥകള്‍ വളരെ കൃത്യമായി പാലിച്ചുകൊണ്ട്, അതേസമയം കാവ്യാത്മകത അതിന്റെ ഉന്നത നിലയില്‍ തന്നെ പുലര്‍ത്തിക്കൊണ്ട്, സംഗീതാത്മകമായി, ഗാനാത്മകമായി ആ കാവ്യങ്ങള്‍ക്കെല്ലാം രൂപം നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് പാതിരിയുടെ മഹത്വം.
ഭാരതീയ ഭാഷയായ സംസ്‌കൃതവും കേരളത്തിന്റെ ഭാഷയായ മലയാളവും ആഴത്തില്‍ പഠിച്ച് മഹത്ഗ്രന്ഥങ്ങള്‍ രചിച്ച് ഇന്ത്യയുടെ മഹിമ ലോകത്തെ അറിയിച്ച പാതിരി. 'ഇന്‍ഡ്യാ വിജ്ഞാനീയം' അഥവാ ഇന്‍ഡോളജി എന്ന പഠനശാഖയ്ക്കു തുടക്കം കുറിച്ച പാശ്ചാത്യരില്‍ പ്രമുഖനാണ്. ഭാരതീയ മത തത്വശാസ്ത്രങ്ങളുടെ ഭണ്ഡാരമായിരുന്ന സംസ്‌കൃത ഭാഷ മൂന്ന് സഹസ്രാബ്ദങ്ങളായി ബ്രാഹ്മണരുടെ കുത്തകയായിരുന്നു. വേദഭാഷയായ സംസ്‌കൃതം ആര്‍ക്കും കയ്യെത്താവുന്ന വിധത്തില്‍ സര്‍വജന സമൂഹത്തിനുമായി തുറന്നു കൊടുക്കുന്നതിന് അര്‍ണോസ് പാതിരിക്ക് സാധിച്ചു (ഗ്രമാറ്റിക ഗ്രന്ഥോണിക്ക).
ജന്മംകൊണ്ട് ജര്‍മ്മന്‍കാരനെങ്കിലും കര്‍മ്മം കൊണ്ട് മലയാളിയായിത്തീര്‍ന്ന ജോ ഏണസ്റ്റ് ഹാങ്‌സ്‌ലേഡന്‍ എന്ന അര്‍ണോസ് പാതിരി മലയാള നാടിനും ഭാരത സംസ്‌കാരത്തിനും പാശ്ചാത്യ ലോകത്തിനും നല്‍കിയ സംഭാവനകള്‍ അനര്‍ഘമാണ്.
ഇന്ത്യന്‍ സംസ്‌കാരത്തെ ആദ്യമായി യൂറോപ്പില്‍ പരിചയപ്പെടുത്തിയത് അര്‍ണോസ് പാതിരിയാണ്. അന്നേവരെയുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ അവലംബിച്ചു പോന്ന പ്രവര്‍ത്തന രീതിശാസ്ത്രങ്ങളെ ഉപേക്ഷിച്ചാണ് അദ്ദേഹം മുന്നേറിയത്. നിശ്ശബ്ദനായി അദ്ദേഹം തന്റെതായ വേറിട്ട വഴി വെട്ടി.
ഭാരതീയ സംസ്‌കാരത്തെ ചോദ്യം ചെയ്യാനോ വിദേശീയ സംസ്‌കാരത്തെ അടിച്ചേല്‍പ്പിക്കാനോ, അര്‍ണോസ് പാതിരി ശ്രമിച്ചിട്ടില്ല. ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടതുപോലെ 'പാശ്ചാത്യ സംസ്‌കാരവും ഭാരതീയ സംസ്‌കാരവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി സ്വയം മാറാനാണ് അദ്ദേഹം യത്‌നിച്ചത്.'
ജന്മംകൊണ്ട് ജര്‍മ്മന്‍കാരനെങ്കിലും കര്‍മ്മം കൊണ്ട് മലയാളിയായിത്തീര്‍ന്ന ജോ ഏണസ്റ്റ് ഹാങ്‌സ്‌ലേഡന്‍ എന്ന അര്‍ണോസ് പാതിരി മലയാള നാടിനും ഭാരത സംസ്‌കാരത്തിനും പാശ്ചാത്യ ലോകത്തിനും നല്‍കിയ സംഭാവനകള്‍ അനര്‍ഘമാണ്.
കേരള നവോഥാനം മുന്നോട്ടുവച്ച ഉല്‍കൃഷ്ടാശയങ്ങളില്‍ ഒന്നായിരുന്നു സ്ത്രീയുടെ അന്തസുയര്‍ത്തല്‍. തന്റെ കൃതികളായ ഉമ്മാടെ ദുഃഖം, വ്യാകുല പ്രബന്ധം, ജനോവപര്‍വം എന്നിവയിലൂടെ സ്ത്രീയെ നായിക പദവിയിലേക്ക് ഉയര്‍ത്താനും അവരുടെ ആത്മസംഘര്‍ഷങ്ങള്‍ ഹൃദയസ്പൃക്കായി അവതരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.
അര്‍ണോസ് പാതിരി ഒരു വിദേശ മിഷനറി ആയിരുന്നതുകൊണ്ട്, താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ പ്രബലമായ ഹിന്ദുത്വത്തെപ്പറ്റി പഠിക്കുവാനും അതില്‍നിന്നും ആവശ്യമായ ആശയങ്ങളും പ്രതീകങ്ങളും സ്വീകരിക്കുവാനും തയ്യാറായി എന്നത് വിശാല വീക്ഷണത്തിന്റെ അടയാളമാണ്. തികച്ചും യാഥാസ്ഥിതികനായ ഒരു മതപ്രചാരകന്‍ മാത്രമായി അദ്ദേഹം നിലകൊണ്ടിരുന്നുവെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും സാഹിത്യകൃതികളും വായിക്കുവാനും പഠിക്കുവാനും ആവശ്യമായവ സ്വീകരിക്കുവാനും അദ്ദേഹം തയ്യാറാവുമായിരുന്നില്ല. ഹൈന്ദവ ചിന്താധാരകളില്‍ നിന്നും ഭാരതീയ സാഹിത്യകൃതികളില്‍ നിന്നും ആവുംവിധം ആശയങ്ങളും പദങ്ങളും ബിംബങ്ങളും സ്വീകരിക്കുവാനും അവയെല്ലാം മനോഹരമായി തന്റെ കൃതികളില്‍ ഉചിത സ്ഥാനങ്ങളില്‍ പ്രയോഗിക്കാനും അദ്ദേഹം സന്നദ്ധനായി.
കേരളത്തിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്നു മലയാളം മാതൃഭാഷയായി കൈകാര്യം ചെയ്യുന്നവരില്‍ നിന്നും കാതങ്ങളുടെ അന്തരം അവകാശപ്പെടാന്‍ കഴിയുന്ന മഹാപണ്ഡിതനാണ് അദ്ദേഹം. എന്നാല്‍ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രം ചമച്ചവര്‍ ഓരോ കാലഘട്ടത്തിലും ബോധപൂര്‍വ്വം തമസ്‌കരിക്കാന്‍ ശ്രമിച്ച മനീഷിയാണ് അര്‍ണോസ് പാതിരി.
മലയാള ഭാഷയും സാഹിത്യവും വരേണ്യ ജനവിഭാഗത്തിന്റെ കുത്തകയായി വ്യാപരിച്ചിരുന്ന കാലത്ത് വൈദേശികനായ ഒരു ക്രൈസ്തവ പാതിരിയെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും തിലകക്കുറിയായി അംഗീകരിച്ചു കൊടുക്കുന്നതില്‍ അസഹിഷ്ണുത ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വരേണ്യ വിഭാഗത്തില്‍ നിന്നും ഭാഷയും സാഹിത്യവും സാമാന്യ ജന വിഭാഗത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയ കാലമായിട്ടും അര്‍ണോസ് പാതിരിയോടുള്ള അവഗണനയും അവജ്ഞയും ബോധപൂര്‍വം വച്ചുപുലര്‍ത്തുന്നു എന്നതാണ് യാഥാര്‍ഥ്യം.
വേലൂരില്‍ തന്റെ ക്രൈസ്തവ സമൂഹത്തിലെ തന്നെ ചിലരില്‍ നിന്നുണ്ടായ ശത്രുത കാരണം 40 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള പഴുവില്‍ പള്ളിയിലേക്ക് താമസം മാറ്റേണ്ടിവന്നു അര്‍ണോസ് പാതിരിക്ക്. അവിടെവച്ച് 1732-ല്‍ മാര്‍ച്ച് 20-ന് അര്‍ണോസ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും ലഭ്യമല്ല. പാമ്പുകടിയേറ്റ് മരിച്ചു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം പഴുവില്‍ അടക്കം ചെയ്തിരിക്കുന്നു.