Todays_saint

വിശുദ്ധ ഗാള്‍ (486-553) : ജൂലൈ 1

Sathyadeepam
ഫ്രാന്‍സില്‍ ഔവേണില്‍ 486-ല്‍ ഗാള്‍ ജനിച്ചു. അച്ഛന്‍ സമ്പന്നനായിരുന്നു. വിശ്വാസം സംരക്ഷിക്കാനായി പീഡനങ്ങള്‍ സഹിച്ചവരുടെ കുടുംബത്തിലെ അംഗമായിരുന്നു, ഗാളിന്റെ അമ്മ. മകനെ വളര്‍ത്തി വലുതാക്കുന്നതില്‍ അവരിരുവരും പ്രത്യേകം ശ്രദ്ധ ചെലുത്തി. വിവാഹ പ്രായമായപ്പോള്‍ മകനുവേണ്ടി ഒരു സെനറ്ററുടെ മകളെ അവര്‍ കണ്ടുവെക്കുകയും ചെയ്തു. പക്ഷേ, മകന്റെ താല്പര്യം വേറെയായിരുന്നു. ആത്മീയതയായിരുന്നു അവനിഷ്ടം. ദൈവത്തിനു സ്വയം സമര്‍പ്പിച്ച് കുര്‍നന്‍ എന്ന സ്ഥലത്തെ ആശ്രമത്തില്‍ ചേരുവാനുള്ള അവന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ആബട്ട് സമ്മതിച്ചില്ല. മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെ അവരുടെ സമ്മതത്തോടെ ഗാള്‍ ദാരിദ്ര്യവ്രതം അനുഷ്ഠിച്ച് സന്ന്യാസിയായി.

അദ്ദേഹത്തിന്റെ വിവിധ ഗുണങ്ങള്‍ പെട്ടെന്ന് സംസാരവിഷയമായി. ഗാളിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞ ബിഷപ്പ് ക്വിങ്‌റ്റൈന് അതു വലിയ സന്തോഷമായി. അദ്ദേഹത്തിന്റെ മരണശേഷം, 527-ല്‍ ഗാള്‍ ബിഷപ്പായി അഭിഷിക്തനായി.

ബിഷപ്പായശേഷവും വിനയം, കരുണ, ഉത്സാഹം എന്നിവയ്‌ക്കെല്ലാം. പുറമെ എന്തും സഹിക്കുന്നതിനുള്ള ക്ഷമയും ദൈവം അദ്ദേഹത്തിനു നല്കിയിരുന്നു. ഒരിക്കല്‍ ഗാളിന്റെ തല ഒരുവന്‍ ഇടിച്ചുപൊളിച്ചു. അതു ക്ഷമയോടെ സഹിക്കുകയാണ് അദ്ദേഹം ചെയ്തത്.

മറ്റൊരിക്കല്‍ എവോഡിയസ് എന്ന വൈദികന്‍ ഗാളിനെ പരിഹസിച്ചു സംസാരിച്ചു. എന്നാല്‍, അതു വകവയ്ക്കാതെ ഗാള്‍ ചെയ്തത് അടുത്തുള്ള ദൈവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ പ്രവൃത്തി എവോഡിയസിനെ തളര്‍ത്തിക്കളഞ്ഞു.

ഒരിക്കല്‍ വഴിയില്‍വച്ച് ഗാളിന്റെ മുമ്പില്‍ മുട്ടുകുത്തി അദ്ദേഹം ക്ഷമ ചോദിച്ചു. അതിനുശേഷം അവരിരുവരും അസാധാരണ സുഹൃത്തുക്കളായി. അവസാന നാളുകളില്‍, ഗാള്‍ ഒരു ബന്ധുവിനെ വളരാന്‍ സഹായിക്കുകയായിരുന്നു. ആ ബന്ധുവാണ് പിന്നീട് ടൂര്‍സിലെ വി. ഗ്രിഗരിയായത്.

വിനയമാണ് ബ്രഹ്മചര്യത്തെക്കാളും, മറ്റെല്ലാ ആദ്ധ്യാത്മിക ഗുണങ്ങളെക്കാളും ഉത്കൃഷ്ടം. കാരണം, വിനയമാണ് കരുണയുടെ അടിസ്ഥാനം. കരുണയാണ് ഏറ്റവും ഉന്നതമായ ധാര്‍മ്മികഗുണം.
വി. തോമസ് അക്വീനാസ്‌

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ടായിരുന്ന ഗാള്‍ 553-ല്‍ ഇഹലോകവാസം വെടിഞ്ഞു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു