വിശുദ്ധ സിറിലും (827-869), വിശുദ്ധ മെത്തോഡിയസും (815-885) : ഫെബ്രുവരി 14

വിശുദ്ധ സിറിലും (827-869), വിശുദ്ധ മെത്തോഡിയസും (815-885) : ഫെബ്രുവരി 14
കാലംതെറ്റി പിറന്ന വിശുദ്ധന്മാരായിരുന്നു സിറിലും മെത്തോഡിയസും. മാതൃഭാഷയില്‍ത്തന്നെ ആരാധനക്രമങ്ങള്‍ രൂപപ്പെടുവാന്‍ പിന്നീട് നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നു. ഇതിന്റെ ഗുണഗണങ്ങള്‍ മുന്‍കൂട്ടി ദര്‍ശിച്ച വിശുദ്ധന്മാര്‍ക്കു പീഡനമേല്‍ക്കേണ്ടിവന്നെങ്കിലും ലോകം അവരെ മറക്കില്ല.
വി. സിറിലും വി. മെത്തോഡിയസും സഹോദരങ്ങളായിരുന്നു. തെസ്സലോനിക്ക(ഗ്രീസ്)യിലെ ഒരു ഉന്നതകുടുംബത്തില്‍ ജനിച്ചു. സിറില്‍, കോണ്‍സ്റ്റാന്റിനോപ്പിളില്‍, യുവരാജാവായ മൈക്കിളിന്റെ സഹപാഠിയായിരുന്നു. സാധാരണ വൈദികനായ അദ്ദേഹം പിന്നീട് ഒരു ആശ്രമത്തിലെ അന്തേവാസിയായി. സിറിലിന്റെ സഹോദരന്‍ മെത്തോഡിയസ് വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായിരുന്നെങ്കിലും പിന്നീട് സന്ന്യാസിയായി. രണ്ടു സഹോദരിമാരുംകൂടി പിന്നീട് ബിത്തിനിയ എന്ന സ്ഥലത്തെ ആശ്രമത്തിലേക്കു പോയി.

ഏഴുവര്‍ഷത്തിനുശേഷം ഖസാര്‍സിലേക്ക്, കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്ന് ഒരു നല്ല അദ്ധ്യാപകനെ ആവശ്യപ്പെട്ടപ്പോള്‍ സിറിലിനാണ് നറുക്കു വീണത്. സഹോദരന്‍ മെത്തോഡിയസും സിറിലിനെ അനുഗമിച്ചു. ഇരുവരും അന്നാട്ടിലെ ഖസ്സാര്‍ ഭാഷ പഠിച്ചു. മിഷന്‍പ്രവര്‍ത്തനം തുടരുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു.
863-ല്‍ മൊറാവിയായിലേക്ക് സ്ലാവിക് ഭാഷ അറിയാവുന്ന വൈദികരെ ആവശ്യപ്പെട്ടു ജനങ്ങളെ അവരുടെ മാതൃഭാഷയില്‍ത്തന്നെ പഠിപ്പിക്കാന്‍. ഈ സഹോദരന്മാര്‍ക്കാണ് വീണ്ടും കുറി വീണത്. ജോലി ആരംഭിക്കുന്നതിനു മുമ്പേ സിറില്‍ സ്ലാവ് ഭാഷയുടെ അക്ഷരമാലതന്നെ പരിഷ്‌കരിക്കുകയും ബൈബിളിന്റെ പ്രധാന ഭാഗങ്ങളും ആരാധനക്രമവും സ്ലാവ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയും ചെയ്തു. അങ്ങനെ സിറില്‍ സ്ലാവ് സാഹിത്യത്തിന്റെ പിതാവായി.
വിശുദ്ധരായ ഈ സഹോദരന്മാര്‍ മൊറാവിയയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചശേഷം റോമിലെത്തി. അവിടെവച്ച് 869-ല്‍ സിറില്‍ ചരമംപ്രാപിച്ചു. മൊറാവിയയുടെ ബിഷപ്പായിത്തീര്‍ന്ന മെത്തോഡിയസ് തനിയെ മൊറാവിയയില്‍ മിഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു.
മൊറാവിയയില്‍ മിഷന്‍പ്രവര്‍ത്തനം നടത്തിയിരുന്ന ജര്‍മ്മന്‍ മിഷനറിമാര്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കാഞ്ഞതിനാല്‍ അവര്‍ മെത്തോഡിയസിനുനേരെ തിരിഞ്ഞു. പ്രാദേശികഭാഷ ആരാധനക്രമത്തിനും പള്ളിപ്രസംഗത്തിനും ഉപയോഗിക്കുന്നതിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ഈ പ്രശ്‌നം സിനഡില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും മെത്തോഡിയസിനെ അറസ്റ്റുചെയ്ത് മൂന്നുവര്‍ഷക്കാലം തടവിലിടുകയും ചെയ്തു. പോപ്പ് ജോണ്‍ VIII ഇടപെട്ടാണ് പിന്നീട് അദ്ദേഹത്തെ ജയില്‍മോചിതനാക്കിയത്. പക്ഷേ, ജര്‍മ്മന്‍-സ്ലാവ് പുരോഹിത സംഘര്‍ഷം തുടര്‍ന്നു. ക്രമേണ, സ്ലാവിക് ഭാഷ ഉപേക്ഷിക്കുകയും കുര്‍ബാനയും മറ്റും ലത്തീന്‍ഭാഷയിലാക്കുകയും ചെയ്തു.
വി. മെത്തോഡിയസ് 885 ഏപ്രില്‍ 6-ന് ഇഹലോകവാസം വെടിഞ്ഞു.

കാലംതെറ്റി പിറന്ന വിശുദ്ധന്മാരായിരുന്നു സിറിലും മെത്തോഡിയസും. മാതൃഭാഷയില്‍ത്തന്നെ ആരാധനക്രമങ്ങള്‍ രൂപപ്പെടുവാന്‍ പിന്നീട് നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നു. ഇതിന്റെ ഗുണഗണങ്ങള്‍ മുന്‍കൂട്ടി ദര്‍ശിച്ച വിശുദ്ധന്മാര്‍ക്കു പീഡനമേല്‍ക്കേണ്ടിവന്നെങ്കിലും ലോകം അവരെ മറക്കില്ല. അവരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് സഭ പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. പ്രായശ്ചിത്തം ചെയ്ത് കുറ്റവിമുക്തരാകാനുള്ള അവസരമുള്ളതുകൊണ്ടാണല്ലൊ പലരും വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org