

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
ആറ് ഏഴ് നൂറ്റാണ്ടുകളില്‍ സീനായ് മലയില്‍ ജീവിച്ചിരുന്ന ക്രൈസ്തവ സന്യാസിയായ വി. ജോണ്‍ ക്ലിമാക്കൂസ് ആത്മീയ പിതാക്കന്മാരുടെ ആവശ്യത്തെക്കുറിച്ച് പറയുന്നത് അര്‍ത്ഥവത്താണ്: 'ഈജിപ്തില്‍ നിന്ന് പുറത്തുകടക്കാന്‍ കൈ പിടിക്കാനൊരു മോശവേണം; സോദോമില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു മാലാഖയും.' ('We need a Moses to get out of Egypt and an angel to come out of Sodom.')
ആത്മാവിനെ ഭാരപ്പെടുത്തുന്ന കൊഴുപ്പും കൊളസ്‌ട്രോളും അകറ്റി സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ വീണ്ടെടുക്കാന്‍ നോമ്പുകാല മെഡിക്കല്‍ ചെക്കപ്പുകള്‍ സഹായിക്കട്ടെ!
അറിഞ്ഞോ അറിയാതെയോ അകപ്പെട്ടു പോയ ഫറവോനാടുകളില്‍ നിന്ന് പുറത്ത് വരാന്‍ ആര്‍ക്കാണ് ഒരു മോശയെ ആവശ്യമില്ലാത്തത്? ഞാന്‍ അശുദ്ധനും അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണെന്ന് നിലവിളിക്കുന്ന ഏശയ്യാമാര്‍ക്ക് വിശുദ്ധീകരണത്തിന്റെ തീക്കനല്‍ നല്‍കാന്‍ ഒരു മാലാഖയെ ആവശ്യമുണ്ട്. വീണുപോയ പന്നിക്കുഴികളില്‍ നിന്ന് സുബോധത്തിലേക്കുണരാന്‍ എല്ലാ ധൂര്‍ത്തപുത്രന്മാര്‍ക്കും ഒരു പിതൃസ്മരണ ആവശ്യമാണ്. അതേ, ദൈവവിചാരത്തിലേക്ക് ഉണരാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരു മോശയെയോ ഒരു മാലാഖയെയോ ആവശ്യമുണ്ട്! നോമ്പ് കാലം ഈ ഉണര്‍ത്തു ഗാഥകള്‍ കേള്‍ക്കാനുള്ള സമയമാണ്.
ആദ്യത്തെ ഉണര്‍ത്തു പാട്ട് പാടുന്നത് ഡാനിഷ് തത്ത്വചിന്തകനായ സോറന്‍ കീര്‍ക്കഗോര്‍ ആണ്. കീര്‍ക്കഗോറിന്റെ ചിറക് മറന്ന താറാവുകളെക്കുറിച്ചുള്ള കഥ ചിന്തോദ്ദീപകമാണ്. ഒരു പ്രദേശത്ത് ഒരുകൂട്ടം താറാവുകള്‍ വസിച്ചിരുന്നു. താറാവുകള്‍ വിശ്വാസികളാണ്. എല്ലാ ഞായറാഴ്ചയും അവര്‍ ഉപദേശിയുടെ അടുത്ത് പോകും. ഉപദേശി എന്നും അവരോട് പറയുന്നത് ഒരേ കാര്യമാണ്. 'താറാവ് സഖാക്കളെ, നമ്മള്‍ പക്ഷികളാണ്; നിലത്ത് നീന്തിയോ ഇഴഞ്ഞോ നടക്കേണ്ട ഉഭയ ജീവികളോ ഉരഗ ജീവികളോ അല്ലാ. നമുക്ക് ചിറകുകളുണ്ട്. നമ്മള്‍ ഉയര്‍ന്ന് പറക്കേണ്ടവരാണ്. അതിനാല്‍ അമിതമായി ഭക്ഷിച്ച് ശരീരഭാരം കൂട്ടരുത്. മേദസ്സ് വര്‍ദ്ധിച്ച് വിശാലമായ ആകാശം നിങ്ങള്‍ അന്യമാക്കരുത്. ഇത് കേട്ട് എല്ലാ താറാവുകളും സമ്മതത്തോടെ തലയാട്ടും; ചിറകടിച്ച് ഉപദേശിയെ അഭിനന്ദിക്കും. എന്നിട്ട് വീട്ടിലേക്ക് മടങ്ങിച്ചെന്ന് മൂക്കു മുട്ടെ ഭക്ഷിക്കും. കൊഴുപ്പും ദുര്‍മേദസ്സും വര്‍ദ്ധിച്ച് അവരുടെ ശരീരഭാരം കൂടി. അങ്ങനെ ചിറകുകള്‍ അവര്‍ക്ക് കാഴ്ച വസ്തുക്കളായി; ആകാശത്തിന്റെ തുറസ്സിടങ്ങള്‍ അന്യമായി!
ഈ കഥ വിവരിച്ചിട്ട് സോറന്‍ കീര്‍ക്കഗോര്‍ ഇപ്രകാരം എഴുതി: ദുര്‍മേദസ് വര്‍ദ്ധിച്ച മധ്യകാല ക്രൈസ്തവികതയ്ക്കും ഇതു തന്നെയാണ് സംഭവിച്ചത്. അവര്‍ക്ക് ആകാശത്തിന്റെ തുറസ്സുകള്‍ അന്യമായി; പകരം ആദവും ഹവ്വയും ചെയ്തതു പോലെ സ്വത്വ നഷ്ടത്തിന്റെ കുടുസ്സുകളില്‍ ഒളിച്ചു. ദൈവത്തിന്റെ ആകാശങ്ങളെ അന്യമാക്കുന്ന ദുര്‍മേദസ്സുകളെ ഉരുക്കിക്കളയാനുള്ള തപസ് കാലമല്ലേ നോമ്പുകാലം? ആത്മാവിനെ ഭാരപ്പെടുത്തുന്ന കൊഴുപ്പും കൊളസ്‌ട്രോളും അകറ്റി സ്വതന്ത്ര്യത്തിന്റെ ചിറകുകളെ വീണ്ടെടുക്കാന്‍ നോമ്പുകാല മെഡിക്കല്‍ ചെക്കപ്പുകള്‍ സഹായിക്കട്ടെ!
രണ്ടാമത്തെ ഉണര്‍ത്തു പാട്ട് പാടുന്നത് ഐക്യത്തിന്റെ വേദപാരംഗതനായി (Doctor of Untiy) ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സഭാപിതാവ് ലിയോണ്‍സിലെ വി. ഇരണേവൂസ് ആണ്. വിശുദ്ധ ഇരണേവൂസ് ഒരു കാക്കയുടെ കഥ പറയുന്നുണ്ട്. 'ഒരു കാക്കയ്ക്ക് ഒരു ഇറച്ചിക്കഷണം കിട്ടി. ഇറച്ചിക്കഷണം സ്വസ്ഥമായി ഇരുന്ന് കഴിക്കാന്‍ പറ്റിയ ഒരു മരക്കൊമ്പ് അന്വേഷിച്ച് കാക്ക പറക്കുകയാണ്. ഈ സമയം മറ്റു കാക്കകള്‍ ഇറച്ചിക്കഷണത്തിനായി ആദ്യത്തെ കാക്കയെ ആക്രമിക്കുകയാണ്.
വീണുപോയ പന്നിക്കുഴികളില്‍ നിന്ന് സുബോധത്തിലേക്കുണരാന്‍ എല്ലാ ധൂര്‍ത്ത പുത്രന്മാര്‍ക്കും ഒരു പിതൃസ്മരണ ആവശ്യമാണ്.
ആദ്യത്തെ കാക്ക ചാഞ്ഞുപറന്നും ചെരിഞ്ഞു പറന്നും ഒക്കെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു കാക്കകള്‍ ഇറച്ചിക്കഷണത്തിനായി ആദ്യത്തെ കഥാനായകനായ കാക്കയെ ആക്രമിക്കുകയാണ്. അവസാനം സഹികെട്ടപ്പോള്‍, ഗത്യന്തരമില്ലാതെ ആയപ്പോള്‍ ആദ്യത്തെ കാക്ക ഇറച്ചിക്കഷണം താഴേക്കിട്ടു. മറ്റു കാക്കകള്‍ ഇറച്ചിക്കഷണത്തിന് പുറകെ പോയി. അപ്പോള്‍ ആദ്യത്തെ കാക്ക പറയുന്നത് ഇങ്ങനെയാണ്: ഇറച്ചിക്കഷണം പോയെങ്കില്‍ എന്ത്? എന്റെ ചിറകുകള്‍ സ്വതന്ത്രമാണല്ലോ, എനിക്ക് പറന്നുയരാന്‍ വിശാലമായ ആകാശങ്ങള്‍ ഉണ്ടല്ലോ.'
ചില ഇറച്ചി കഷണങ്ങള്‍ താഴെക്കിടുമ്പോഴല്ലേ ദൈവത്തിന്റെ ആകാശങ്ങള്‍ നമുക്ക് സ്വന്തമാകുന്നത്? ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി ചിലതൊക്കെ വേണ്ടെന്നു വയ്ക്കുമ്പോഴല്ലേ ചിറകുകളുടെ സ്വാതന്ത്ര്യം നമ്മള്‍ തിരിച്ചറിയുന്നത്? നോമ്പുകാലം ഉപേക്ഷയുടെ മൂല്യം നമ്മെ പഠിപ്പിക്കുന്ന തപസുകാലമാണ്. ഉള്ളിലേക്ക് നോക്കുമ്പോള്‍ ഓരോരുത്തരും താഴേക്കിടേണ്ട ഇറച്ചിക്കഷണങ്ങള്‍ ആത്മാവിന്റെ കണ്ണാടിയില്‍ തെളിഞ്ഞ് വരും. ദൈവത്തിന്റെ ആകാശങ്ങളെ തേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത് ചിറകുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഉപേക്ഷയുടെ താഴേക്കിടലുകളാണ്.
വീണുപോയ പന്നിക്കുഴികളില്‍ നിന്ന് സുബോധത്തിലേക്കുണരാന്‍ എല്ലാ ധൂര്‍ത്തപുത്രന്മാര്‍ക്കും ഒരു പിതൃസ്മരണ ആവശ്യമാണ്. അതേ, ദൈവവിചാരത്തിലേക്ക് ഉണരാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരു മോശയെയോ ഒരു മാലാഖയെയോ ആവശ്യമുണ്ട്! അതിനാല്‍ ഇനി എല്ലാവരും എല്ലാ ദിവസവും പാടണം: 'കാവല്‍ മാലാഖമാരേ, കണ്ണടക്കരുതേ.'