CATplus

കൃപാദായകമായ സഹനവഴികൾ

Sathyadeepam

സഹനം വരുമ്പോള്‍ നാം പലപ്പോഴും പറയുന്നു: "ഈ കുരിശ് വിഷമകരം, താങ്ങാന്‍ പറ്റുന്നില്ല, മറ്റൊന്നായിരുന്നെങ്കില്‍ വഹിക്കാമായിരുന്നു." എന്നാല്‍ അതു വരുമ്പോഴും അസഹനീയമായി തോന്നും. കുരിശ് എന്തുതന്നെയായിരുന്നാലും സ്വീകരിക്കാന്‍ പഠിക്കുക. ദൈവം അയയ്ക്കുന്ന കുരിശ് ഏതാണോ അതായിരിക്കും അപ്പോള്‍ ഏറ്റവും പ്രയോജനകരം.

ഹംഗറിയിലെ രാജ്ഞിയായിരുന്നു വിശുദ്ധ എലിസബത്ത്. സഹനത്തിന്‍റെ ആഴങ്ങള്‍ അവളെ കാത്തിരുന്നു. ഭര്‍ത്താവ് ലൂയിസ് രാജാവ് കുരിശുയുദ്ധത്തില്‍ മരിച്ചു. കൊട്ടാരത്തില്‍ എല്ലാവരും എലിസബത്തിനെതിരായി. യാതൊന്നും കയ്യിലെടുക്കാന്‍ അനുവദിക്കാതെ അവളെ പുറത്താക്കി. രണ്ടു സഖിമാരോടും കുട്ടികളോടും കൂടെ അവള്‍ കൊട്ടാരം വിട്ട് ഭിക്ഷയാചിച്ചു കഴിയാന്‍ ഇറങ്ങി. ആരും അവരെ സ്വീകരിച്ചില്ല. എലിസബത്തിനെ സഹായിക്കരുതെന്ന് രാജകല്‍പ്പന വന്നു. പന്നികളെ സൂക്ഷിച്ചിരുന്ന ഒരു സ്ഥലമായിരുന്നു എലിസബത്തിനും കുട്ടികള്‍ക്കും സഖികള്‍ക്കും താമസിക്കാന്‍ കിട്ടിയത്. അവിടെ നിന്നും ഈ കഷ്ടതകളെയോര്‍ത്ത് അവള്‍ സ്തോത്ര ഗീതം പാടി. മക്കളെ വൈക്കോല്‍ കൊണ്ട് ഉണ്ടാക്കിയ മേലാപ്പില്‍ കിടത്തി. രാതിയില്‍ എലിസബത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "ഓ ദൈവമേ ദാരിദ്ര്യം എന്ന മഹാഭാഗ്യം അനുഭവിക്കുന്നതിന് അങ്ങ് എന്നെ തെരഞ്ഞെടുക്കാന്‍ എനിക്കെന്തു യോഗ്യതയാണുള്ളത്. ഞാന്‍ തികച്ചും അയോഗ്യയാണെന്ന് അങ്ങേയ്ക്കറിയാമല്ലോ." ഈശോയോട് ഐക്യപ്പെടുത്തുന്ന സഹനം സ്വീകരിക്കാന്‍ താന്‍ യോഗ്യയല്ല എന്ന് ഒരാത്മാവ് കരുതത്തക്കവിധം വളര്‍ന്നിരിക്കുന്നു! ഏറ്റവും മോശമായ അവസ്ഥ എന്നു നാം കരു തുന്ന കഠോരവേദനയുടെ നിമിഷം തന്നെയായിരിക്കും ഏറ്റം വലിയ അനുഗ്രഹത്തിന്‍റെയും കൃപയുടെയും നിമിഷം. ഈശോ കുരിശില്‍ ആയിരുന്ന സഹനനിമിഷം തന്നെയായിരുന്നു ഏറ്റം വലിയ അനുഗ്രഹമായ ലോകരക്ഷയുടെ നിമിഷവും. നാം പലപ്പോഴും വിചാരിക്കുന്നു, സഹനത്തിനു ശേഷം കൃപ കിട്ടുന്നു എന്ന്. എന്നാല്‍ സഹനനിമിഷം തന്നെയാണ് കൃപയുടെ നിമിഷമെന്ന് തിരിച്ചറിഞ്ഞവരാണ് വിശുദ്ധര്‍. അതുകൊണ്ട് അവര്‍ സഹനത്തെ ത്തന്നെ കൃപയായി കണ്ട് സ്വീകരിച്ചു. ദാനിയേലിന് സിംഹക്കുഴിയും, ജോസഫിന് തടവറയും, മൂന്നു ബാലന്മാര്‍ക്ക് അഗ്നികുണ്ഡവും കൃപയുടെ നിമിഷം തന്നെയായിരുന്നു. സഹനത്തിനു ശേഷം കൈവരുന്ന ആത്മീയ ആനന്ദത്തില്‍ മാത്രം കൃപ കാണാന്‍ ശ്രമിച്ചാല്‍ സഹനം എപ്പോഴും കയ്പു മാത്രമായി അനുഭവപ്പെട്ടുകൊണ്ടിരിക്കും. സഹനനിമിഷങ്ങള്‍ അനുഗ്രഹ നിമിഷങ്ങളായി കണ്ടാല്‍ മാത്രമേ വിശുദ്ധരുടെ മനോഭാവത്തോടെ സഹനത്തെ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. സഹനം വിട്ടുമാറാനുള്ള സ്തുതിപ്പില്‍ നിന്നും സഹനത്തിലായിരുന്നുകൊണ്ടു സ്തുതിക്കാനുള്ള കൃപയിലേക്ക് വളരാതെ ആത്മീയ പുരോഗതി കൈവരിക്കുക സാധ്യമല്ല.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം