പൂര്‍വകാല ചരിത്രം
കേരളത്തില്‍ നസ്രാണി കത്തോലിക്കരുടെ ഇടയില്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും രൂപപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാത്രമാണ്. പുരാതന കാലഘട്ടം മുതല്‍ ആധുനിക സ്‌കൂള്‍ വിദ്യാഭ്യാസം നിലവില്‍ വരുന്നതുവരെ ഉണ്ടായിരുന്നത് 'ആശാന്‍ കളരി'കളും 'കളരി വിദ്യാഭ്യാസ' സമ്പ്രദായവുമായിരുന്നു. ആയുധ പരിശീലനം നല്കിയിരുന്ന കളരികളില്‍ ശാരീരികമായ പരിശീലനം (Physical formation) നല്കിയതോടൊപ്പം എഴുത്തും വായനയും കണക്കും പരിശീലിപ്പിച്ചിരുന്നു. എഴുത്തും വായനയും കണക്കും മാത്രമാണ് ചില ആശാന്‍ കളരികളില്‍ പ്രധാനമായും പഠിപ്പിച്ചിരുന്നതെങ്കില്‍ മറ്റു ചില കളരികളില്‍ ആയുധാഭ്യാസം മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ.
പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ നേതൃത്വ ത്തില്‍ ഇംഗ്ലീഷ് സ്‌കൂളുകളും അവരുടെ പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടതോടെ സമൂഹത്തില്‍ വന്നു കൊണ്ടിരുന്ന മാറ്റങ്ങള്‍ കത്തോലിക്ക മിഷ നറിമാരും മെത്രാന്മാരും വീക്ഷിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കരും അവരുടെ പള്ളികളോടു ചേര്‍ന്നു പള്ളിക്കൂട ങ്ങള്‍ തുടങ്ങേണ്ടത് സമൂഹത്തില്‍ അവരു ടെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്ന ചിന്ത ശക്തിപ്പെട്ടു.
മിഷനറിമാരും വിദ്യാഭ്യാസവും
പോര്‍ട്ടുഗീസ് മിഷനറിമാര്‍ പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയതോടെ പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനു തുടക്കംക്കുറിച്ചു. പതിനാറാം നൂറ്റാണ്ടില്‍തന്നെ കൊടുങ്ങല്ലൂരിലും പള്ളിപ്പുറത്തും കൊച്ചിയിലും ചേന്ദമംഗലത്തുമെല്ലാം മിഷനറിമാര്‍ തങ്ങളുടെ കോളജുകള്‍/സെമിനാരികള്‍ സ്ഥാപിച്ചു വിദ്യാഭ്യാസം തുടങ്ങി. എന്നാല്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇന്നത്തെ സങ്കല്പത്തിലുള്ള കോളജുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ കര്‍മ്മലീത്ത മിഷനറിമാരും മേല്പറഞ്ഞ രീതിയിലുള്ള സെമിനാരികള്‍ സ്ഥാപിച്ചു വിദ്യാഭ്യാസം നല്കിയെങ്കിലും അതെല്ലാം സാധാരണക്കാരായ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു.
എന്നാല്‍ കേരളത്തില്‍ ആധുനിക സങ്കല്പത്തിലുള്ള സ്‌കൂളുകളും കോളജുകളും രൂപംകൊള്ളുന്നതു പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. അതിനു തുടക്കംകുറിച്ചതാകട്ടെ വിദേശീയ പ്രൊട്ടസ്റ്റന്റ് മിഷനറിമാരും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ആധുനിക സങ്കല്പത്തിലുള്ള വിദ്യാലയങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇവര്‍ പ്രധാനമായും സ്ഥാപിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായിരുന്നു. ഈ മിഷനറിമാരുടെ വിദ്യാലയങ്ങളില്‍ ക്രൈസ്തവരും അക്രൈസ്തവരും വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ സ്ഥാപിച്ച പള്ളികളോടു ചേര്‍ന്നു വിദ്യാലയങ്ങളും സ്ഥാപിച്ചതോടെ സാധാരണക്കാര്‍ക്കും വിദ്യാഭ്യാസം നേടാമെന്ന അവസ്ഥയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഇവിടെയെത്തിയ ആംഗ്ലിക്കന്‍ മിഷനറിമാരും (CMS & LMS) ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനറിമാരുമാണ് ഇംഗ്ലീഷ് സ്‌കൂളുകള്‍ സ്ഥാപിച്ചു ആധുനിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചത്. 1817-നും 1866-നും ഇടയില്‍ മേല്പറഞ്ഞ മൂന്നു മിഷനറി ഗ്രൂപ്പുകളും കേരളത്തില്‍ അങ്ങോളമിങ്ങോളം സ്‌കൂളുകള്‍ സ്ഥാപിച്ചു. LMS മിഷനറിമാര്‍ തിരുവിതാംകൂറിലും തിരുവിതാംകൂറിന്റെ തെക്കുഭാഗത്തും CMS മിഷനറിമാര്‍ സെന്‍ട്രല്‍ തിരുവിതാംകൂറിലും കൊച്ചിയിലും ബാസല്‍ മിഷനറിമാര്‍ മലബാറിലും വടക്കന്‍ കേരളത്തിലും സ്‌കൂളുകളും കോള ജുകളും സ്ഥാപിച്ചു. ഇവര്‍ സ്ഥാപിച്ച കോളജുകളില്‍ പലതും പില്ക്കാലത്തു സര്‍ക്കാര്‍ കോളജുകളും യൂണിവേഴ്‌സിറ്റി കോളജുകളുമായി രൂപാന്തരപ്പെട്ടു.
പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ സ്ഥാപിച്ച സ്‌കൂളുകളിലും കോളജുകളിലും പോയി പഠിപ്പിക്കുന്നതിനു കത്തോലിക്കര്‍ക്കു വിലക്കുണ്ടായിരുന്നു. ഇക്കാലത്തു നസ്രാണികത്തോലിക്കരെ ഭരിച്ചിരുന്ന വിദേശീയ കര്‍മ്മലീത്ത മിഷനറിമാര്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂളുകളിലും മറ്റും പോയി പഠിക്കുന്നതിനെ കര്‍ശനമായി വിലക്കിയതിനു കാരണം പ്രൊട്ടസ്റ്റന്റുകാരുടെ ഭാഷയായ ഇംഗ്ലീഷ് ഭാഷാപഠനത്തിലൂടെ പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ (Protestant Ideas) കത്തോലിക്കരുടെ ഇടയില്‍ പ്രവേശിക്കാനും - കത്തോലിക്ക വിശ്വാസത്തിനും പഠനങ്ങള്‍ക്കും വിരുദ്ധമായത് - അവരെ സ്വാധീനിക്കാനും ഇടയാകും എന്ന ചിന്തയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളില്‍ സ്ഥാപിതമായ മേല്പറഞ്ഞ ഇംഗ്ലീഷ് സ്‌കൂളുകളില്‍ പ്രവേശനം നേടാനും ഇംഗ്ലീഷ് ഭാഷാപഠനം നടത്താനും നസ്രാണികത്തോലിക്കര്‍ക്ക് അനുവാദം ലഭിച്ചത് 1880-കളില്‍ മാത്രമാണ് (A.M. Mundadan, Blessed Kuriakose Elias Chavara, p.253). എന്നാല്‍ ഇക്കാലത്ത് കോട്ടയം പഴയ സെമിനാരി ഒരു കോളജായി പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നുവെന്നും 1866-ല്‍ പുത്തന്‍കൂറുകാര്‍ക്കു രണ്ടു കോളജുകള്‍ (തിരുവനന്തപുരം, കോട്ടയം) ഉണ്ടായിരുന്നുവെന്നും നൂറുകണക്കിനുപേര്‍ ഇവിടെനിന്നും ഡിഗ്രികള്‍ സമ്പാദിച്ചിരുന്നുവെന്നും ഓര്‍മ്മിക്കണം (Mundadan, p. 258). ഈ പശ്ചാത്തലത്തിലാണ് നസ്രാണി കത്തോലിക്കര്‍ കോളജുകളോ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോ, എന്തിനേറെ മലയാളം മീഡിയം പ്രൈമറി സ്‌കൂളുകളോ പോലും ഇല്ലാത്ത അവസ്ഥയിലാണ് കഴിഞ്ഞിരുന്നതെന്നു വിസ്മരിക്കരുത്.
പള്ളിക്കൊപ്പം പള്ളിക്കൂടം
പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സ്‌കൂളുകളും അവരുടെ പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടതോടെ സമൂഹത്തില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങള്‍ കത്തോലിക്ക മിഷനറിമാരും മെത്രാന്മാരും വീക്ഷിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കരും അവരുടെ പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ തുടങ്ങേണ്ടത് സമൂഹത്തില്‍ അവരുടെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്ന ചിന്ത ശക്തിപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അന്നത്തെ നസ്രാണി കത്തോലിക്കരുടെ സഭാനേതൃത്വവും പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കല്പനകളും പള്ളിയധികാരികള്‍ക്കു നല്കുന്നതിനു തീരുമാനിച്ചു. സഭാനേതൃത്വം ഔദ്യോഗികമായി കല്പന കൊടുക്കുന്നതിനു മുമ്പേ മാന്നാനം കൊവേന്തയോടനുബന്ധിച്ചു ഒരു സംസ്‌കൃത സ്‌ക്കൂള്‍ അന്നത്തെ ആശ്രമ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ചു പ്രവര്‍ത്തം തുടങ്ങിയിരുന്നു. കൊവേന്തയിലെ രേഖാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെ അടിസ്ഥാനപ്പെടുത്തി 1846 ആണ് ഇതിന്റെ സ്ഥാപനവര്‍ഷമായി കണക്കാക്കപ്പെടുന്നത് (Mundadan, p. 256). എന്നാല്‍ ഇതൊരു വെര്‍ണാകുലര്‍ (മാതൃഭാഷ, മലയാളം) സ്‌ക്കൂളായിട്ടോ ഇംഗ്ലീഷ് സ്‌ക്കൂളായിട്ടോ അല്ല സ്ഥാപിക്കപ്പെട്ടത് എന്നതും സവര്‍ണ്ണരുടെ ഭാഷയായി അറിയപ്പെട്ടിരുന്ന സംസ്‌കൃത സ്‌ക്കൂളായിട്ടാണ് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.
എന്നാല്‍ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധമായപ്പോഴേക്കും കത്തോലിക്കര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും അച്ചടക്കവും നല്‌കേണ്ടത് അത്യാവശ്യമാണെന്ന ചിന്ത മെത്രാന്മാരിലും വൈദികരിലും ശക്തമായി. ഇക്കാലത്ത് കേരളത്തിലെ സുറിയാനി നസ്രാണികളെ ഭരിച്ചിരുന്ന വരാപ്പുഴ വികാരി അപ്പസ്‌തോലിക്കമാരും വി. ചാവറയച്ചനെപ്പോലെയുള്ള ധിഷണശാലികളായ പുരോഹിതന്മാരും ക്രൈസ്തവര്‍ക്കു, പ്രത്യേകിച്ചും കത്തോലിക്കര്‍ക്കു, മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും നല്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പരിചിന്തനം ചെയ്യാന്‍ തുടങ്ങി. വിദേശ മിഷനറിമാരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന സങ്കല്പം കര്‍മ്മലീത്താ മിഷനറിമാരും (പ്രത്യേകിച്ചു ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്താ) വിശുദ്ധ ചാവറയച്ചനും മറ്റു വൈദിക ശ്രേഷ്ഠരും ജനങ്ങളുടെ മനസ്സുകളിലേക്കു നിവേശിപ്പിച്ചു. അതിനു ആരംഭത്തില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഏതാനും ദശവത്സരങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഈ സങ്കല്പത്തിനു വേരുപിടിച്ചു.
പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന കല്പന വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്ത പുറപ്പെടുവിക്കുകയുണ്ടായി (1856?). ഇതിനെക്കുറിച്ചു ക.നി.മൂ.സ ഫാ. ബര്‍ണ്ണാര്‍ദ് തോമ്മാ അദ്ദേഹത്തിന്റെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ''ഇങ്ങനെ തന്റെ (ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്തായുടെ) അധികാരാതിര്‍ത്തിയില്‍പ്പെട്ട സ്ഥലത്തിന്റെ പലഭാഗങ്ങളില്‍ സന്യാസാശ്രമങ്ങളെ സ്ഥാപിച്ചശേഷം ആ സന്യാസി വൈദികന്മാരെ പള്ളികളില്‍ അയച്ചു ആദ്ധ്യാത്മിക ധ്യാനം നടത്തുകയും അതൊരു പതിവാക്കിത്തീര്‍ക്കുകയും ചെയ്തു..... പള്ളികളുടെ അടുക്കല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു കുട്ടികളെ വേദകാര്യങ്ങള്‍ പഠിപ്പിക്കണമെന്നും വികാരിമാര്‍ ഞായറാഴ്ചതോറും അവിടെച്ചെന്ന് അവരുടെ പാഠം കേള്‍ക്കണമെന്നും കല്പനവച്ചു.... പള്ളികളില്‍ ചുറ്റിസഞ്ചരിച്ചു വിദ്യാലയങ്ങളുടെ നടത്തിപ്പ്, കുട്ടികളുടെ വേദപഠനം, ജനങ്ങളുടെ നല്ല വ്യാപാരം ഇത്യാദി കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി കുറിയാക്കോസ് ഏലീശാച്ചന്‍, കാപ്പില്‍ മത്തായി മറിയം അച്ചന്‍, കാനാട്ടു യാക്കോബ് മറിയം അച്ചന്‍, കട്ടക്കയത്തു ചാണ്ടിയച്ചന്‍, തട്ടാശേരില്‍ സ്‌കറിയാച്ചന്‍ മുതലായ കര്‍മ്മലീത്താ മൂന്നാംസഭയില്‍നിന്നു ചിലരെയെല്ലാം പത്തും പന്ത്രണ്ടും വീതം പള്ളികളുടെ മേലാളുകളായി 'ദപ്പുത്താദുമാര്‍' എന്ന സ്ഥാനത്തില്‍ 1856 മുതല്‍ നിയമിച്ചു'' (മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍,p. 716). ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്ത പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്നു കല്പിച്ചതിന്റെ പ്രധാന ഉദ്ദേശ്യം വേദപഠനം ആയിരുന്നുവെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ലെയൊനാര്‍ദ് മെലാനൊ മെത്രാപ്പോലീത്തായുടെ ഇടയലേഖനത്തില്‍ ''പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു കുട്ടികളുടെ വേദപഠനം നടത്തണ'' മെന്ന തന്റെ മുന്‍ഗാമിയുടെ കല്പനയെക്കുറിച്ചു പറയുന്നുണ്ട്.
മാന്നാനം കൊവേന്തയിലെ നാളാഗമം അടിസ്ഥാനപ്പെടുത്തി പ്രസിദ്ധ ചരിത്രകാരനായ ഫാ. മത്തിയാസ് മുണ്ടാടന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ''പ്രിയോരച്ചന്‍ ഇവിടെ (മാന്നാനം) ഉണ്ടായിരുന്ന സമയത്ത് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി എല്ലാ ഇടവകകളിലും സ്‌ക്കൂളുകള്‍ സ്ഥാപിക്കണമെന്നു കല്പിച്ചുകൊണ്ടുള്ള ഒരു ഡിക്രി (കല്പന) ഞങ്ങള്‍ക്കു കിട്ടി. മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം ചെയ്യാതെ അത് അവഗണിക്കുന്നവര്‍ക്കു ശിക്ഷ ലഭിക്കുമെന്നും എഴുതിയിരുന്നു. ഉടനെതന്നെ മാന്നാനം ആശ്രമം സ്‌ക്കൂളിന്റെ പണികള്‍ ആരംഭിച്ചു. കൂടാതെ ഒരു കപ്പേളയും (ചാപ്പല്‍) അതിനോടു ചേര്‍ന്ന് ഒരു സ്‌ക്കൂളും പുലയരില്‍നിന്നുള്ള പുതുക്രിസ്ത്യാനികള്‍ക്കുവേണ്ടികൂടി പണിയാനും തീരുമാനിച്ചു'' (A.M. Mundadan, Blessed Kuriakose Elias Chavara, p. 257). ഈ കത്തിനെ സംബന്ധിച്ച് ഒരു പാരമ്പര്യവൃത്താന്തം നിലവിലുണ്ടെന്നു ബഹു. മുണ്ടാടനച്ചന്‍ പറയുന്നു. അതിപ്രകാരമാണ്: ''മെത്രാപ്പോലീത്തായുടെ മേല്പറഞ്ഞ സര്‍ക്കുലര്‍ വികാരി ജനറാളായിരുന്ന വിശുദ്ധ ചാവറയച്ചന്റേതാണ് എന്നാണ് പാരമ്പര്യം. മാന്നാനം രേഖാലയത്തിലുള്ള സര്‍ക്കുലറിന്റെ കയ്യെഴുത്തുപ്രതി ചാവറയച്ചന്റെ കൈപ്പടയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിശുദ്ധന്റെ ജീവചരിത്രകാരന്മാരും ഈ ആശയം വിശുദ്ധന്റേതായി അഭിപ്രായപ്പെടുന്നുണ്ട്. വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയാണ് ഡിക്രി (കല്പന) പുറപ്പെടുവിച്ചതെങ്കിലും കല്പന തയ്യാറാക്കിയതും പള്ളികളിലേക്കു കല്പന അയയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ചാവറയച്ചനാണ് എന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ എപ്രകാരമുള്ള സ്‌ക്കൂളുകള്‍ (പള്ളിക്കൂടങ്ങള്‍) തുടങ്ങാനാണു ചാവറയച്ചനും മെത്രാപ്പോലീത്തായും ആവശ്യപ്പെട്ടത് എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ എന്നും ഇവര്‍ പറയുന്നു'' (Mundadan, p. 257).
എന്നാല്‍ പ്രേരണ നല്കിയതും ഡിക്രി തയ്യാറാക്കിയതും ഒരുപക്ഷെ ചാവറയച്ചന്‍ തന്നെയാണ് എന്നു പറയുമ്പോഴും പള്ളികള്‍ പള്ളിക്കൂടം സ്ഥാപിക്കണമെന്ന കല്പന ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്തായുടെതാണെന്നും കല്പനയുടെ പശ്ചാത്തലത്തില്‍ ''പള്ളിക്കൊപ്പം പള്ളിക്കൂടം'' എന്ന ആശയം മെത്രാപ്പോലീത്തായുടെ തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ലത്തീന്‍ കത്തോലിക്കരും അവകാശപ്പെടുന്നു. ആശയം ആരുടേതുമാകട്ടെ, കല്പനയുടെ പശ്ചാത്തലത്തില്‍ പല ഇടവകകളിലും പള്ളിക്കൂടങ്ങള്‍ക്കു തുടക്കം കുറിച്ചുവെന്നതു വാസ്തവം. എന്നാല്‍ ഈ പള്ളിക്കൂടങ്ങള്‍ക്കു അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പില്ക്കാല രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. മേല്പറഞ്ഞപ്രകാരം നടത്തിയിരുന്ന കുടിപ്പള്ളിക്കൂടങ്ങളില്‍ എഴുത്തും വായനയും കണക്കും പഠിപ്പിച്ചതോടൊപ്പം വേദപാഠവും പഠിപ്പിച്ചിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കുട്ടികളെ വേദപാഠം പഠിപ്പിക്കുക എന്നതായിരുന്നു കുടിപ്പള്ളിക്കൂടങ്ങളുടെ സ്ഥാപനലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടു മെത്രാന്മാര്‍ വികാരിമാര്‍ക്കു കല്പനകള്‍ നല്കിയിരുന്നു. പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു വേദപാഠങ്ങളും മറ്റും പഠിപ്പിക്കണമെന്ന ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്തായുടെ കല്പന പള്ളിക്കാരെല്ലാവരും നടപ്പിലാക്കാന്‍ പരിശ്രമിക്കണമെന്നു മെത്രാപ്പോലീത്തായുടെ ദപ്പുത്താളന്മാരില്‍ ഒരുവനും വരാപ്പുഴ വികാരിയാത്തിലെ സുറിയാനിക്കാരുടെ വികാരി ജനറാളുമായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസച്ചന്‍ നസ്രാണിപള്ളി വികാരിമാരോടു പ്രത്യേകം അഭ്യര്‍ത്ഥിച്ചിരുന്നു.
(തുടരും)