വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4
ഒരു ക്രൂശിതരൂപം കൈയിലെടുത്ത്, സ്‌നേഹത്തോടെ അതിലെ മുറിവുകള്‍ ചുംബിച്ചുകൊണ്ട്, അവിടുത്തോട് ഒരു ധര്‍മ്മോപദേശം നല്‍കാന്‍ ആവശ്യപ്പെടുക. മുത്തുകളും ആണികളും ദിവ്യരക്തവും എന്താണു നിങ്ങളോടു പറയുന്നതെന്നു ശ്രദ്ധിക്കുക. ഓ! അതെന്തൊരു ശക്തമായ വാക്കുകളായിരിക്കും!
സെ. പോള്‍ ഓഫ് ദ ക്രോസ്‌

റോമന്‍ സൈന്യത്തില്‍ ഓഫീസറായിരുന്ന ഫ്‌ളോറിയന്‍, ഇന്ന് ഓസ്ട്രിയയുടെ ഭാഗമായ നോറികം എന്ന സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്, ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതിന് അദ്ദേഹത്തിനു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു.

ലോര്‍ച്ചിലെ ഗവര്‍ണറായിരുന്ന അക്വിലീനസിന്റെ സൈന്യം അന്ന് ക്രിസ്ത്യാനികളെയെല്ലാം വേട്ടയാടിപ്പിടിക്കുകയായിരുന്നു. അവരുടെ കൈക ളിലേക്ക് ഫ്‌ളോറിയന്‍ സ്വയം ഏല്പിച്ചുകൊടുത്തു. വിശ്വാസം ത്യജിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. രണ്ടുപ്രാവശ്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും വഴങ്ങുന്നില്ലെന്നുകണ്ട്, കഴുത്തില്‍ ഒരു വലിയ കല്ലുകെട്ടി, പട്ടാളക്കാര്‍ അദ്ദേഹത്തെ എന്‍സ് നദിയിലേക്ക് എറിയുകയായിരുന്നു.

ഒരു ഭക്തയായ സ്ത്രീ അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുപോയി ക്രിസ്ത്യന്‍ രീതിയില്‍ സംസ്‌കരിച്ചു. പിന്നീട്, ലിന്‍സിനു സമീപത്ത് വി. ഫ്‌ളോറിയന്റെ നാമത്തില്‍ അറിയപ്പെടുന്ന അഗസ്തീനിയന്‍ ആശ്രമ ത്തിലേക്ക് ഭൗതികാവശിഷ്ടം മാറ്റപ്പെട്ടു. 1138-ല്‍ പോപ്പ് ലൂസിയസ് രണ്ടാമന്‍ പോളണ്ടിലെ കാസിമിര്‍ രാജാവിനും ക്രാക്കോയിലെ ബിഷപ്പിനും വി. ഫ്‌ളോറിയന്റെ തിരുശ്ശേഷിപ്പുകള്‍ കൊടുത്തുവിട്ടതായി പറയപ്പെടുന്നു. അതിനുശേഷം, പോളണ്ടിന്റെയും ലിന്‍സിന്റെയും അപ്പര്‍ ഏഷ്യായുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായിട്ടാണ് വി. ഫ്‌ളോറിയന്‍ അറിയപ്പെടുന്നത്.

മദ്ധ്യയൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വി. ഫ്‌ളോറിയന്റെ ധാരാളം ഭക്തരുണ്ടായിരുന്നു. അത്ഭുതകരമായ ധാരാളം രോഗശാന്തികള്‍ വി. ഫ്‌ളോറിയന്റെ മദ്ധ്യസ്ഥതയില്‍ നടന്നതായി രേഖകളുണ്ട്. തീയും വെള്ളവും വഴിയുണ്ടാകുന്ന അപകടങ്ങളില്‍ നിന്നു രക്ഷിക്കുന്ന സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനാണ് വി. ഫ്‌ളോറിയന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org